Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

എം. കെ. വാസു

എം. കെ. വാസു

ലഘു ജീവചരിത്രം (Biography)

അധികാരവികേന്ദ്രീകരണവും വികേന്ദ്രീകൃതാസൂത്രണവും തങ്ങളുടെ പ്രസക്തി കുറയ്ക്കാൻ ഇടയാക്കുമെന്ന ആശങ്ക സിവിൽ സർവ്വീസിന്റെ ഭാഗമായി ജീവനക്കാരിൽ രൂഢമൂലം ആയിരുന്നു. ഒരു വിഭാഗം ഗസറ്റഡ് ജീവനക്കാരെങ്കിലും സുപ്രിംകോടതിയെവരെ സമീപിച്ചത് ഇതിനാണല്ലോ. ഇവരുടെ ആശങ്ക അകറ്റാനും മനോഭാവത്തിലും നിലപാടുകളിലും മാറ്റം വരുത്താനും ഊന്നൽ നല്കിയുള്ള പ്രവർത്തനങ്ങളാണ് കെജിഒഎ 1996-കളിൽ നടത്തിയത്. ഇതിനായി ഒട്ടനവധി ശില്പശാലകളും സെമിനാറുകളും ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ നേതാക്കളെയും വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചു നടത്തുകയുണ്ടായി. സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും നടത്തിയ ബോധവൽക്കണ പ്രവർത്തനങ്ങളുടെ ഫലമായി ഈ വിഭാഗം ജീവനക്കാരുടെ മനോഭാവത്തിലും നിലപാടുകളിലും പ്രകടമായ മാറ്റം വന്നു. പലരും ഈ പ്രസ്ഥാനത്തിന്റെ മുൻനിരപ്രവർത്തകരുമായി മാറി. “ജനകീയാസൂത്രണം പ്രശ്നങ്ങളും സാദ്ധ്യതകളും” എന്ന ഒരു കൈപ്പുസ്തകം സംഘടന പ്രസിദ്ധീകരിച്ചു, നിരവധി ലഘുലേഖകളും കുറിപ്പുകളും തയ്യാറാക്കി, ഓരോ വകുപ്പുകളിലെയും പ്രശ്നങ്ങൾ അവലോകനത്തിനു വിധേയമാക്കി, നിർദ്ദേശങ്ങൾ സമർപ്പിച്ചു.

1996 - 2000 വരെയുള്ള ഈ നിർണ്ണായകഘട്ടത്തിൽ കെജിഒഎയുടെ ജനറൽ സെക്രട്ടറി എം. കെ. വാസു ആയിരുന്നു. ജീവനക്കാരുടെ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി പ്രവർത്തിച്ചിരുന്നതും എം. കെ. വാസു ആണ്. സംഘടനയുടെ സംസ്ഥാന-ജില്ലാക്കമ്മിറ്റികളിലെ അജൻഡയിൽ മുഖ്യയിനംതന്നെ ജനകീയാസൂത്രണം ആയിരുന്നെന്ന് അദ്ദേഹം സ്മരിക്കുന്നു.

ജനകീയാസൂത്രണം നടപ്പിലാക്കിയപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടന യഥാവസരം ഇടപെട്ടിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങൾ, കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളെ ഏല്പിച്ച ഡെപ്പോസിറ്റ് വർക്കുകളുടെ നിർവ്വഹണത്തിൽ കാര്യമായ കാലതാമസം ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉയർന്നുവന്നപ്പോൾ, ഈ മേഖലകളിലെ സംഘടനകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപവത്ക്കരിക്കുകയും കമ്മിറ്റി ഓരോ ജില്ലയിലെയും ഡെപ്പോസിറ്റ് വർക്കുകൾ അവലോകനം ചെയ്തു നിർവ്വഹണപദ്ധതി തയ്യാറാക്കി പരാതി പരിഹരിക്കുകയും ചെയ്തു.

സർവ്വീസിൽനിന്നു വിരമിച്ചശേഷം 2000-2005-കാലയളവിൽ ഓമല്ലൂർ ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റായി. തുടർന്നും ജനകീയാസൂത്രണത്തിന്റെ ഭാഗമായി. പഞ്ചായത്തിന്റെ തനതുവരുമാനം വർദ്ധിപ്പിക്കാനും നികുതിപിരിവു 100 ശതമാനം ആക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

2005 മുതൽ കിലയുടെ പരിശീലകനായും റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചുവരുന്നു. 2006-11 വർഷങ്ങളിൽ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമായും 2006-വർഷങ്ങളിൽ ജനകീയാസൂത്രണം പത്തനംതിട്ട ജില്ലാഫെസിലിറ്റേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സമ്പൂർണ്ണസാക്ഷരതായജ്ഞത്തിന്റെ പത്തനംതിട്ട ജില്ലാകോർഡിനേറ്റർമാരിൽ ഒരാളായിരുന്നു.

കേരള എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും സംസ്ഥാനഭാരവാഹിത്വത്തിൽ ദീർഘകാലം ഇ. പത്മനാഭനോടും ഡോ. എൻ. എം. മുഹമ്മദാലിയോടും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു നേട്ടമായി കരുതുന്നു. കിലയുടെ റിസോഴ്സ് പേഴ്സണായും മറ്റും ഇന്നും ജനകീയാസൂത്രണത്തിനോടൊപ്പം സഞ്ചരിക്കുന്നു.