Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ടി. എസ്. വിശ്വൻ
ടി. എസ്. വിശ്വൻ

ടി. എസ്. വിശ്വൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണം ആരംഭിക്കുമ്പോഴേക്കും ടി. എസ്. വിശ്വൻ സംസ്ഥാനത്തെ ഏറ്റവും നല്ല കൃഷിയോഫീസർ എന്നനിലയിൽ അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. 1994-ൽ കർഷകമിത്രം അവാർഡ് പി. പി. തങ്കച്ചനിൽനിന്ന് ഏറ്റുവാങ്ങി. കൃഷി അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചിട്ട് അപ്പോൾ ഒരു ദശാബ്ദം പിന്നിട്ടിരുന്നില്ല. അതിനിടയിൽ ഇങ്ങനെയൊരു അംഗീകാരം നേടിക്കൊടുത്തത് രണ്ടു നൂതന കാർഷികസംരംഭങ്ങളിലെ സാങ്കേതികനേതൃത്വമാണ്.

ആദ്യത്തേത്, 1987-ൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ കേരസംരക്ഷണസമിതിയായ പൊന്നിട്ടശ്ശേരി ഫാർമേഴ്സ് ക്ലബ്ബ് ആണ്. മന്ത്രി വി. വി. രാഘവൻ ആവിഷ്കരിച്ച ഗ്രൂപ്പ് ഫാമിങ്ങിനെ നാളികേരകൃഷിയിലേക്കു കൊണ്ടുവരാനുള്ള പരീക്ഷണമായിരുന്നു ഇത്. കഞ്ഞിക്കുഴിയിൽ അന്ന് എട്ടു നെല്ലുൽപ്പാദകസമിതികൾ രൂപംകൊണ്ടിരുന്നു. ഇതുപോലെ നാളികേരകൃഷിക്കാരുടെ കൂട്ടായ്മകൾ പൊന്നിട്ടശ്ശേരിയിൽ ആരംഭിച്ചു. മരുന്നുതളിക്കൽ, വളമിടൽ, ഇടവിളകൾ വളർത്തൽ, ജലസേചനം എന്നിവയെല്ലാം കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ ചെയ്യുക. മന്ത്രിയും കൃഷി ഡയറക്റ്റർ ആർ. ഹേലിയും രണ്ടു തവണ പൊന്നിട്ടശ്ശേരി സന്ദർശിച്ചു.

രണ്ടാമത്തേത്, 1996-ൽ ആരംഭിച്ച കഞ്ഞിക്കുഴി ജനകീയപച്ചക്കറിയാണ്. പി. പി. സ്വാതന്ത്ര്യം രണ്ടാമതു പഞ്ചായത്തുപ്രസിഡന്റ് ആയശേഷം രണ്ടാമത്തെ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് അയൽക്കൂട്ടങ്ങളുടെയും വാർഡുതലസമിതികളുടെയും ആഭിമുഖ്യത്തിലുള്ള ജനകീയപച്ചക്കറി കാമ്പയിൻ കഞ്ഞിക്കുഴിയിൽ ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നുവരെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പച്ചക്കറിക്കൃഷിയുടെ അവിഭാജ്യഘടകമാണു ടി. എസ്. വിശ്വൻ. 2003-ൽ റിട്ടയർ ചെയ്തെങ്കിലും കഞ്ഞിക്കുഴിയുടെ ആസ്ഥാനകൃഷിവിദ്വാൻ ഇന്നും ടി. എസ്. വിശ്വൻ തന്നെയാണ്. 1996-ലെ കർഷകദിനത്തിൽ കൃഷിക്കാരെ ആദരിച്ച പരിപാടി ആവേശമായി. കഞ്ഞിക്കുഴി ജനകീയപച്ചക്കറി കാമ്പയിനു നേതൃത്വം നല്കാൻ നല്ലൊരു ടീം ഉണ്ടായിരുന്നു.

റിട്ടയർമെന്റിനുശേഷമാണ് 2006-ൽ ദേശീയ കാർഷിക അവാർഡ് വിശ്വനെ തേടി എത്തിയത്. ദില്ലിയിലെ ഗംഭീരചടങ്ങിൽ കേന്ദ്രകൃഷിമന്ത്രി ശരത് പവാറിൽനിന്ന് ഏറ്റുവാങ്ങി.

ഏതാനും സംരംഭങ്ങൾ വിശ്വന്റെ തുടർസാന്നിദ്ധ്യംകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാണ്. ആദ്യത്തേത് പഞ്ചായത്തുതല കാർഷികവികസനപരിപാടികളാണ്. ജനകീയാസൂത്രണത്തിൽ നാലാംഘട്ടപരിശീലനത്തിൽ അദ്ധ്യാപകനായിരുന്നു. കഞ്ഞിക്കുഴിയിൽ പങ്കാളിത്തപഠനപരമ്പരയുടെ ഭാഗമായി രണ്ടുദിവസശില്പശാല സംഘടിപ്പിച്ചു. ഇതിനൊരു കൈപ്പുസ്തകവും തയ്യാറാക്കി. പിന്നീട്, സിപിഐ(എം) ജൈവപച്ചക്കറികാമ്പയിനു സജ്ജമായപ്പോൾ പരിശീലനത്തിനു തെരഞ്ഞെടുത്ത ഒരു വേദി കഞ്ഞിക്കുഴി – മാരാരിക്കുളം ആയിരുന്നു. അന്തർദേശീയ പഠനകോൺഗ്രസിലും വിശ്വൻ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. കാർഷികപ്രശ്നത്തിനു കേരളത്തിലെ ഏതു പഞ്ചായത്തു ബന്ധപ്പെട്ടാലും അങ്ങോട്ടുചെന്നു പറഞ്ഞുകൊടുക്കാനും സഹായിക്കാനും വിശ്വൻ ഇന്നും തയ്യാറാണ്.

മറ്റൊരു സംരംഭം വർഷംതോറും ആലപ്പുഴ എസ്ഡിവി സ്കൂളിൽ വർഷംതോറും നടക്കുന്ന ജില്ലാ കാർഷിക എക്സിബിഷനാണ്. യഥാർത്ഥത്തിൽ ഇതു കരപ്പുറം കാർഷികോത്സവമാണ്. പൊന്നിട്ടശ്ശേരി കാർഷികപരീക്ഷണത്തിന്റെ മുന്നിൽനിന്നിരുന്ന രവി പാലത്തിങ്കൽ അടക്കമുള്ളവർ നേതൃത്വം നല്കുന്ന ഒരു ജില്ലാ അഗ്രിഹോർട്ടി സൊസൈറ്റിയാണ് ഈ വാർഷികപ്രദർശനം സംഘടിപ്പിക്കുന്നത്. കാർഷികനടീൽവസ്തുക്കളും ജൈവവളവും കീടനാശിനിയുമെല്ലാം വാങ്ങാനും കരപ്പുറത്തെ മികച്ച കൃഷിക്കാരെ പരിചയപ്പെടാനും വലിയ ജനക്കൂട്ടം ഈ പ്രദർശനം കാണാൻ എത്താറുണ്ട്.

സ്ഥായിയായ മറ്റൊരു ഇടപെടൽ നാളികേരകൃഷിയിലാണ്. നാളികേരവികസനബോർഡ് പ്രോത്സാഹിപ്പിച്ച കോക്കനട്ട് പ്രൊഡ്യൂസർ കമ്പനികളിലൊന്ന് മാരാരിക്കുളത്തു സ്ഥാപിക്കാൻ മുൻകൈയെടുത്തു. നീര, വെളിച്ചെണ്ണ തുടങ്ങിയവയുടെ ഉത്പാദനം വലിയതോതിൽ ആരംഭിച്ചെങ്കിലും ഈ പ്രൊഡ്യൂസർ കമ്പനികൾക്കെല്ലാമുണ്ടായ ശനിദശ മാരാരിക്കുളത്തെയും ബാധിച്ചു. സംസ്ഥാനകൃഷിവകുപ്പിൽനിന്നുള്ള നിസ്സഹകരണമായിരുന്നു ഒരു കാരണം. നീരയുടെ വിപണനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വേണ്ടത്ര അവധാനതയോടെയല്ല മാതൃകാപ്രൊജക്ടിൽ വിലയിരുത്തപ്പെട്ടത് എന്നതാണു മറ്റൊരു കാരണം. ഈ തിരിച്ചടി ഉണ്ടായെങ്കിലും നാളികേരകൃഷിയുടെ അഭിവൃദ്ധി ഉറപ്പുവരുത്തിയിട്ടല്ലാതെ കേരളത്തിലെ കാർഷികപ്രതിസന്ധിക്കു പരിഹാരം കാണാനാവില്ലെന്നു വിശ്വൻ ഉറച്ചുവിശ്വസിക്കുന്നു.

കഞ്ഞിക്കുഴി സഹകരണബാങ്കുമായി ബന്ധപ്പെട്ട് ഒട്ടേറെ കാർഷികസംരംഭങ്ങൾക്കു വിശ്വൻ പിന്തുണ നല്കുന്നുണ്ട്. അവിടുത്തെ ആഗ്രോ ക്ലിനിക്കിലെ പ്രധാന വൈദ്യൻ വിശ്വനാണ്. ഏതു കർഷകർക്കും കൃഷിയുമായി ബന്ധപ്പെട്ട ഏതു സംശയവുമായും വരാം. വിശ്വൻ പരിഹാരം കാണും. അല്ലെങ്കിൽ അന്വേഷിച്ചു പറഞ്ഞുകൊടുക്കും. ഇപ്പോൾ കരപ്പുറത്തെ മാതൃകാകൃഷിക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റാണ്. പാരമ്പര്യരീതികൾ ഉപയോഗിച്ചു സ്വന്തം ആവശ്യത്തിനു വീടുതോറും ആരംഭിച്ച കൃഷി ഇന്നു വാണിജ്യാടിസ്ഥാനത്തിലുള്ള നൂതനകൃഷിസമ്പ്രദായങ്ങളിലേക്കു വളർന്നിരിക്കുന്നു. പരാമ്പര്യകൃഷിക്കാർ മാത്രമല്ല, ഒട്ടേറെ കാർഷികസംരംഭകരും ഉയർന്നുവന്നിരിക്കുന്നു. അവർക്കൊക്കെ പ്രോത്സാഹനവും ഉപദേശങ്ങളും നല്കുന്ന നിഷ്കാമകർമ്മിയാണ് ഈ കൃഷിവിദഗ്ദ്ധൻ.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കേരളത്തിലെ കാർഷികമേഖലയെ ഗാഢമായി സ്വാധീനിച്ച ഒരുഡസൻ കാർഷികോദ്യോഗസ്ഥരുടെ പേരു പറഞ്ഞാൽ ആദ്യത്തേതു വിശ്വന്റെ ഗുരു ആർ. ഹേലി ആയിരിക്കും. പിന്നെ, നിശ്ചമായും ശിഷ്യൻ ടി. എസ്. വിശ്വനും ആ ലിസ്റ്റിൽ സ്ഥാനമുണ്ടാകും.