Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എൻ. കെ. പ്രകാശൻ
എൻ. കെ. പ്രകാശൻ

എൻ. കെ. പ്രകാശൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണകാലത്തു സ്ഥിരമായി യൂണിഫോമിൽ വരുന്ന ഒരു കോർഡിനേറ്റർ ഉണ്ടായിരുന്നു. നീല ഷർട്ട്, കറുത്ത പാൻസ്, താടി - ഈ രൂപത്തിൽ മാത്രമേ എൻ. കെ. പ്രകാശനെ കാണാൻ കഴിയുമായിരുന്നുള്ളൂ. സ്ഥിരമായി ഈ വേഷത്തിൽ ഒരാളെ കണ്ടപ്പോൾ ഞാൻ കാരണം അന്വേഷിച്ചു. പ്രകാശന്റെ സ്ഥിരം വേഷം ഇതുതന്നെയാണ്. ഈ വേഷത്തിലല്ലാതെ നാട്ടുകാർ പ്രകാശനെ കണ്ടിട്ടില്ല.

മാരാരിക്കുളം പ്രൊജക്ടിലെ പ്രധാനപ്രവർത്തകരിൽ ഒരാളായിരുന്നു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിക്കാനായി മണ്ഡലത്തിന്റെ ഓരോ പ്രദേശത്തു ചെല്ലുമ്പോഴും പ്രകാശൻ പഠിപ്പിച്ചിട്ടുള്ളവരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. പഠിപ്പിക്കാനുള്ള പ്രകാശന്റെ കഴിവു സോഷ്യൽ ആക്ടിവിസ്റ്റുകളുടെ പരിശീലനത്തിൽ ഞങ്ങൾക്കു നന്നായി ബോധ്യപ്പെട്ടിരുന്നു. പരിഷത്തിന്റെ ജില്ലാസെക്രട്ടറികൂടി ആയിരുന്ന പ്രകാശന് ആ പ്രദേശത്തെ ഓരോ ഊടുവഴിയും നല്ല നിശ്ചയമായിരുന്നു.

കോടതിജീവനക്കാരൻ ആയിരിക്കുമ്പോഴാണ് കെആർപി ആയി ജനകീയാസൂത്രണപ്രസ്ഥാനത്തിൽ എത്തുന്നത്. കെആർപിമാരുടെ ആദ്യത്തെ പരിശീലനം കഴിഞ്ഞ് ജില്ലാതലത്തിൽ ഡിപിസിയുടെ നേതൃത്വത്തിൽ നടക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഓരോ ജില്ലയിലും ഒരു കെആർപിയെ ചുമതലപ്പെടുത്തി. ആലപ്പുഴയിൽ നിയോഗിച്ചതു പ്രകാശനെ ആയിരുന്നു. തുടർന്നു നടത്തേണ്ട കാര്യങ്ങൾ സി. എസ്. സുജാത ചെയർപേഴ്സണായ ഡിപിസിക്കു മുന്നിൽ കൃത്യമായി പ്രകാശൻ അവതരിപ്പിച്ചു. ഡിവൈഎഫ്ഐക്കാരന്റെ അവതരണം കേട്ടിരിക്കാൻ ഞങ്ങൾ ഇല്ല എന്നു പറഞ്ഞ് ഡിപിസിയിലെ യുഡിഎഫ് അംഗങ്ങൾ ഉച്ചയായപ്പോഴേക്കും പ്രതിഷേധിച്ചു വാക്കൗട്ട് നടത്തിയത് ഓർമ്മവരുന്നു. എന്നാൽ, സൗമ്യനായ, ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും ഇടപെടുന്ന, പ്രകാശനെ കേൾക്കാൻ പിന്നീടുള്ള പല യോഗങ്ങളിലും അന്നു വോക്കൗട്ട് നടത്തിയവർ ഉൾപ്പെടെ ഇരിക്കുന്നതു കണ്ടിട്ടുണ്ട്.

ചേർത്തല നഗരസഭയുടെ കോർഡിനേറ്ററായി പ്രകാശനെ നിശ്ചയിച്ചു. ജില്ലയിലെ പരിശീലനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നതോടൊപ്പംതന്നെ നഗരസഭയുടെ വികസനരേഖ, പ്രൊജക്റ്റ് എന്നിവ തയ്യാറാക്കൽ, പരിശോധന തുടങ്ങിയ പ്രവർത്തനങ്ങളുടെ മേൽനോട്ടവും കുറ്റമറ്റരീതിയിൽ നടത്തിയിരുന്നു. ആ സമയത്തു നടന്ന ചേർത്തല നഗരസഭയിലെ ആയൂർവ്വേദാശുപത്രിയുടെ കെട്ടിടനിർമ്മാണത്തിന്റെയും കോമ്പൗണ്ട് റിക്ലമേഷന്റെയും പ്രൊജക്ടിന്റെ നിർവ്വഹണം ഓർമ്മയിൽ വരുന്നു.

ആർ. ശങ്കറിന്റെ കാലത്ത് ആരോഗ്യമന്ത്രിയായ സി. വേലപ്പനു ചേർത്തല നഗരസഭ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, നഗരസഭ സ്ഥലം കണ്ടെത്തിത്തന്നാൽ നിലവിലുണ്ടായിരുന്ന ആയ്യൂർവ്വേദാശുപത്രിക്കു കെട്ടിടം നിർമ്മിച്ചുനല്കാമെന്നു സർക്കാർ വാക്കു നല്കിയിരുന്നു. 1960-കളിൽ നഗരസഭയുടെ നേതൃത്വത്തിൽ ഇതിനായി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തെ സംബന്ധിച്ചു നിലനിന്ന തർക്കംമൂലം കെട്ടിടംപണി നടന്നില്ല. പിന്നീട് 90-കളുടെ ആദ്യപകുതിയിൽ എംപിമാരുടെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടം നിർമ്മിച്ചു. പക്ഷെ, ഇവിടെ ഒപി വിഭാഗം മാത്രം പ്രവർത്തിപ്പിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുളളൂ. രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യംകൂടി ഉണ്ടായാലേ നിലവിലുള്ള സ്ഥലത്തുനിന്ന് ആശുപത്രി പുതിയ കെട്ടിടത്തിലേക്കു മാറ്റിസ്ഥാപിക്കാൻ കഴിയുമായിരുന്നുള്ളൂ.

ഈ അവസരത്തിലാണു ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിക്കുന്നത്. റിക്ലമേഷനും കെട്ടിടനിർമ്മാണത്തിനുമായി 11 ലക്ഷം രൂപയുടെ പ്രൊജക്ടാണു തയ്യാറാക്കിയത്. ആറുമാസംകൊണ്ടു കെട്ടിടത്തിന്റെ നിർമ്മാണം ഉൾപ്പെടെ പണികളെല്ലാം പൂർത്തീകരിച്ചു. നിർമ്മാണത്തിന്റെ ചുമതല ഗുണഭോക്തൃക്കമ്മിറ്റിക്ക് ആയിരുന്നു. സന്നദ്ധപ്രവർത്തനത്തിനായി പൊലീസ്, മുനിസിപ്പൽ ഉൾപ്പെടെ സർവ്വീസ്‌രംഗത്തു പ്രവർത്തിക്കുന്ന സംഘടനകളും ട്രേഡ് യൂണിയൻ പ്രവർത്തകരും വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളും വ്യാപാരിവ്യവസായികളും അടക്കമുള്ളവരുടെ നല്ല സഹകരണം ഉണ്ടായിരുന്നു.

മണൽ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വിലപേശി വാങ്ങുന്ന സമീപനമാണു സ്വീകരിച്ചത്. അതിന്റെ ഫലമായി, റിക്ലമേഷനും കെട്ടിടനിർമ്മാണവും പൂർത്തീകരിച്ചപ്പോൾ നിശ്ചയിച്ച അടങ്കലിനേക്കാൾ 1.63 ലക്ഷം രൂപ കുറവേ ചെലവുവന്നുള്ളൂ. എസ്റ്റിമേറ്റിന് ഉപരിയായി രണ്ടുനില നിർമ്മിക്കാൻ കഴിയുന്നതരത്തിലുള്ള അടിത്തറയിട്ട് ഏസി ഷീറ്റായിരുന്ന മേൽക്കൂര കോൺക്രീറ്റ് ചെയ്തു. ടൈൽ പതിപ്പിച്ച കക്കൂസും കുളിമുറിയും ഉൾപ്പെട്ട കെട്ടിടമാണു നിർമ്മിച്ചത്. ജനകീയനിർവ്വഹണകമ്മിറ്റിയുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും നിർലോഭമായ സഹകരണമാണ് ഇതിനു വഴിതെളിച്ചത്. ഇതിൽ പ്രകാശൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

പഠനകാലത്ത് എസ്എഫ്ഐയുടെ പ്രവർത്തകനായിരുന്നു. 1985-ൽ കോടതിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. സർവ്വീസിന്റെ ഭൂരിഭാഗംസമയവും ആലപ്പുഴ ജില്ലാക്കോടതിയിൽ ആയിരുന്നു. 1992-ൽ എംജി യൂണിവേഴ്സിറ്റിയുടെ ഈവനിങ് കോഴ്സിനു ചേർന്ന് എൽഎൽബി പാസായി. 2006-ൽ മജിസ്ട്രേട്ട് ആയി. 2009-ൽ വിരമിച്ചപ്പോൾ അന്നു ധനമന്ത്രിയായിരുന്ന എന്റെ ഓഫീസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയി. 2011-ൽ ‘മാരി’ കമ്പനിയുടെ എംഡിയായി ചുമതലയേറ്റു. തൊഴിൽ സൃഷ്ടിച്ചു ദാരിദ്ര്യനിർമ്മാർജ്ജനം എന്ന സമീപനത്തിൽ മാരാരിക്കുളം മണ്ഡലത്തിൽ കഞ്ഞിക്കുഴി - ആര്യാട് ബ്ലോക്കുകളെ ബന്ധിപ്പിച്ച് കുടുംബശ്രീഅയൽക്കൂട്ടങ്ങൾവഴി കൂടുതൽ സംരംഭങ്ങളും വിപണനസൗകര്യവും സൃഷ്ടിക്കാൻ എസ്‌ജി‌എസ്‌വൈ യുടെ ഒരു പ്രത്യേകപ്രോജക്ട് കേന്ദ്ര ഗ്രാമവികസനവകുപ്പിൽനിന്നു നേടിയിരുന്നു. ഇതിലെ ഒരു പ്രധാന ഘടകമാണ് കുടുംബശ്രീസംരംഭകരുടെ ഉൽ‌പ്പന്നങ്ങൾക്കു വിപണി ഒരുക്കാനുള്ള മാരാരി മാർക്കറ്റിങ് കമ്പനി. പ്രകാശൻ ഏതാണ്ടു 10 വർഷം ആ കമ്പനിയുടെ ചുമതലയിൽത്തന്നെ തുടർന്നു. മാരി കമ്പനിയുടെ കുടനിർമ്മാണത്തിലും പരിശീലനങ്ങളിലും ഉൽപ്പന്നങ്ങളുടെ വിപണനത്തിലും പ്രകാശന്റെ പങ്കു വളരെ വലുതായിരുന്നു. ഇപ്പോൾ വായനയും കൃഷിയുമായി വിശ്രമജീവിതത്തിലാണ്.