Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കുളങ്ങരകത്ത് കുമാരൻ
കുളങ്ങരകത്ത് കുമാരൻ

കുളങ്ങരകത്ത് കുമാരൻ

ലഘു ജീവചരിത്രം (Biography)

സംസ്ഥാന ആസൂത്രണബോർഡിലെ എന്റെ ഓഫീസിൽ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ - ചപ്പാരപ്പടവിലെ ജനകീയപാലം നിർമ്മാണത്തിന്റെത്. ചന്ദ്രാനന്ദൻ ഈ പാലംനിർമ്മാണത്തിന്റെ ഒരു പരമ്പരച്ചിത്രങ്ങൾ എടുത്തിരുന്നു. അതിലൊന്നു പലമടങ്ങു വലുതാക്കി ചുവരിൽ തൂക്കി. അദ്ധ്വാനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ആ മനോഹരചിത്രത്തിൽനിന്നു സന്ദേശങ്ങൾ പലതും വായിച്ചെടുക്കാം - സന്നദ്ധസേവനത്തിന്റെയും സംഭാവനയുടെയും ഉത്തമമാതൃകയായിരുന്നു; പഞ്ചായത്തുഫണ്ടിൽനിന്ന് ഒരു പൈസപോലും ചെലവായില്ല; കക്ഷിഭേദമെന്യേ നാടുമുഴുവൻ ഒന്നിച്ചതിന്റെ ഫലം; നാട്ടറിവിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കണ്ടെത്തിയ പരിഹാരം.

ഒരാൾപ്പൊക്കത്തിൽ വെള്ളമുള്ള നദിയിൽ എങ്ങനെ പാലത്തിന്റെ കാലുകൾ നാട്ടും? തികച്ചും നാടൻ സാങ്കേതികവിദ്യയിലൂടെ ഇതു സാധിക്കാമെന്ന് ഉറപ്പുനല്കിയത് കുളങ്ങരകത്ത് കുമാരൻ ആയിരുന്നു. ഈ പോസ്റ്റ് അദ്ദേഹത്തിനുള്ള ആദരവാണ്.

നീളമുള്ള വലിയ ചൂടിക്കയർ രണ്ടു കരയിലുമായി വച്ചുകെട്ടി അളന്നു തിട്ടപ്പെടുത്തി - 82.5 മീറ്റർ നീളം. കയറിൽ ഓരോ അഞ്ചു മീറ്റർ അളന്നു കെട്ടിട്ട് അടയാളപ്പെടുത്തി. കെട്ടുകൾക്കു കീഴിൽ നദിയുടെ ആഴം അളന്നു. ശരാശരി 2.5 മീറ്റർ.

തെങ്ങിന്റെ മൂപ്പുള്ള ചുവടറ്റം ആറു മീറ്റർ നീളത്തിൽ മുറിച്ചെടുത്തു ചെത്തി മുനയാക്കി വെള്ളത്തിനടിയിൽ മണലിൽ ഇറക്കിയായിരുന്നു പൈലിങ്. ഇങ്ങനെ 32 തൂണുകൾ ഉറപ്പിച്ചു. സമാന്തരമായ ഓരോ ജോഡി തൂണുകൾക്കും 30 സെന്റീമീറ്റർ കനമുള്ള റണ്ണറുകൾ പിടിപ്പിച്ചു. റണ്ണറിനുമീതെ 10 മീറ്റർ നീളമുള്ള ആറു കവുങ്ങുവീതം നിരത്തി. ആകെ 60 കവുങ്ങുകൾ. അതിനുമീതെ ഒരു മീറ്റർ നീളമുള്ള 545 പലകകൾ ഉറപ്പിച്ചു. തുടർന്ന് അറുപതോളം കവുങ്ങിൻ‌കുറ്റികൾ കൈത്താങ്ങായിക്കൂടി പിടിപ്പിച്ചതോടെ പാലം റെഡി.

ഈ നിർമ്മാണരീതി ഒട്ടേറെ കൗതുകമുണർത്തി. അതുകൊണ്ട് ചപ്പാരപ്പടവുപഞ്ചായത്ത് പാലത്തിന്റെ ഒരു മാതൃകയും നിർമ്മാണം സംബന്ധിച്ച ചാർട്ടുകളും തയ്യാറാക്കി. പല പലിശീലനവേദികളിലും ഇത് അവതരിപ്പിക്കപ്പെട്ടു. ക്ലാസുമുറിയിലെ മൂന്നു ചിത്രങ്ങൾ കോഴിക്കോട് സാമൂതിരീസ് സ്കൂളിൽ നടന്ന നാലാംഘട്ടപരിശീലനത്തിന്റെ വേദിയിൽ നടത്തിയ അവതരണങ്ങളുടേതാണ്. ജനകീയപാലത്തിന്റെ രണ്ടു ചിത്രങ്ങളും പാലത്തിന്റെ മോഡൽ പ്രദർശനചിത്രങ്ങളും റിച്ചാർഡ് ഫ്രാങ്കിയുടെ ശേഖരത്തിലുമുണ്ട്.