Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ.വി. അനിൽകുമാർ
കെ.വി. അനിൽകുമാർ

കെ.വി. അനിൽകുമാർ

ലഘു ജീവചരിത്രം (Biography)

1980-കളിൽ ആഗോളതലസാങ്കേതികസഹകരണത്തിലൂടെ, ഇൻസ്ട്രൂമെന്റേഷൻ ആൻഡ് കൺട്രോൾസ് വ്യവസായരംഗത്ത്, അരൂരിലെ കൊൽട്രോൺ കൺട്രോൾസ് എന്ന സ്ഥാപനം നല്ല മികവു നേടിയിരുന്നു. ഈ രംഗത്തെ പ്രമുഖകമ്പിനികൾക്ക്, അവർ ഇന്ത്യയിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പരിപാലനത്തിന്, സാങ്കേതികസേവനവും പിന്തുണയും നൽകാൻ കെൽട്രോണിനെപ്പോലുള്ള സ്ഥാപനങ്ങളുമായുള്ള സഹകരണം ആവശ്യമായിരുന്നു.

എന്നാൽ, 1990-കളിൽ നവലിബറൽ നയത്തിന്റെ ഫലമായി, ദേശീയവിപണി വിദേശകമ്പനികൾക്കു വ്യാപകമായി തുറന്നുകൊടുക്കാൻ തുടങ്ങിയതോടെ, കെൽട്രോണിനെപ്പോലുള്ള ദേശീയസ്ഥാപനങ്ങൾക്കു സാങ്കേതികവിദ്യ കൈമാറാതെതന്നെ പദ്ധതികൾ നടപ്പിലാക്കാൻ വിദേശകമ്പിനികൾക്കു സാധിച്ചു. ആഗോളമൂലധനത്തിന്റെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ബഹുരാഷ്ട്രസ്ഥാപനങ്ങളെ വെല്ലാവുന്ന സാമ്പത്തികശേഷി കെൽട്രോണിനുണ്ടായിരുന്നില്ല. നാം സ്വായത്തമാക്കിയ സാങ്കേതികവിദ്യ കാലഹരണപ്പെട്ടു. പുതിയവ ലഭിച്ചുമില്ല. കെൽട്രോണിൽ ജോലി ചെയ്തിരുന്ന സാമൂഹികബദ്ധതയുള്ള യുവതലമുറയെ ഇതു വളരെ നിരാശയിലാഴ്ത്തി.

സാങ്കേതികരംഗത്തു പ്രവർത്തിക്കുന്ന യുവതലമുറ ജനകീയാസൂത്രണപ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്ന രാജേന്ദ്രമൈതാനത്തെ ഇഎംഎസ്സിന്റെ ആഹ്വാനത്തിൽ ഒട്ടേറെ സാങ്കേതികവിദഗ്ദ്ധർ ആകൃഷ്ടരായി. കെൽട്രോൺ കൺട്രോൾസിൽ ജോലി ചെയ്തിരുന്ന എൻ‌ജിനീയർമാരായ അശോകൻ ഞാറയ്ക്കൽ, കെ. വി. അനിൽകുമാർ എന്നിവർ എറണാകുളം ജില്ലാപ്പഞ്ചായത്തിന്റെ ഇലക്ട്രോണിക്സ് വ്യവസായവത്ക്കരണ അടിസ്ഥാനസൗകര്യവികസന ഏജൻസി (Electronics Industrialisation Infrastructure Development Society (EIID) പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ മുന്നോട്ടു വന്നത്. ജോസഫ് തോമസ്, ജോബി ജോൺ, കൃഷ്ണദാസ് എന്നിവരെ കൂടാതെ, ബാബു ഡൊമിനികിനെ പോലെയുള്ള ബിഎസ്എൻഎൽ ജീവനക്കാരും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാരപരിപാടികളെക്കുറിച്ചൊക്കെ സ്ഥിരം ചർച്ച നടത്തിയിരുന്നു.

ഈ ചർച്ചകളിലൂടെ രൂപപ്പെട്ട പദ്ധതിയായിരുന്നു, നാലു പഞ്ചായത്തുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ ‘പഞ്ചായത്ത് വിവരസംഭരണി’ പദ്ധതി. കേരളത്തിൽ സർക്കാർതലത്തിൽ ആദ്യമായി പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്. ഗ്നൂ/ലിനക്സ് ഓപറേറ്റിങ് സിസ്റ്റം, പോസ്റ്റഗ്രേ എസ്‌ക്യൂ‌എൽ എന്ന ഡാറ്റാബേസ് സംവിധാനം, ഗ്രാസ് എന്ന ഭൂതലവിവരസംവിധാനം എന്നിവ ഉപയോഗിച്ചാണ് ഈ പദ്ധതിയുടെ ഐടി സംവിധാനം രൂപപ്പെടുത്തിയത്. അന്ന് കമ്പ്യൂട്ടറിൽ മലയാളത്തിന്റെ ഉപയോഗം വളരെ കുറവായിരുന്നു. എന്നാൽ ഈ പദ്ധതിക്കായി വികസിപ്പിച്ച മലയാളം ഇന്റർഫേസ് ഏറെ വിദഗ്ദ്ധശ്രദ്ധ ആകർഷിച്ചു. ഒരോ മനുഷ്യർക്കും പ്രാദേശിക വിഭവങ്ങൾക്കും തിരിച്ചറിയൽ ഐഡി ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യപ്പെട്ടു. അയൽക്കൂട്ടതലത്തിൽ ആധികാരികത ഉറപ്പുവരുത്തുന്ന, തദ്ദേശസ്ഥാപനങ്ങളിൽ വികേന്ദ്രീകൃതമായി സംഭരിക്കുന്ന, ഈ തിരിച്ചറിയൽ സംവിധാനം വർഷങ്ങൾക്കുശേഷം വന്ന, കേന്ദ്രീകൃതമായി വിവരം സംഭരിക്കുന്ന, ആധാറിനെക്കാൾ മികച്ച മാതൃകയായിരുന്നു.

ഈ പദ്ധതിയുടെ വികസനത്തിനായി അനിൽകുമാറിന്റെ നേത്യത്വത്തിൽ ഒരു ഐടി ടീം പ്രവർത്തിച്ചു. അവർ ഈ പദ്ധതിയിലൂടെ സ്വതന്ത്രസോഫ്റ്റ്‌വെയർരംഗത്തു വലിയ പ്രാവീണ്യം നേടി. ജില്ലാപ്പഞ്ചായത്തിൽ ഭരണമാറ്റമുണ്ടായപ്പോൾ ഈ പദ്ധതി തുടർന്നു മുന്നോട്ടു പോയില്ലെങ്കിലും അതിൽ പ്രവർത്തിച്ച സ്വതന്ത്രസോഫ്റ്റ്‌വെയർപ്രവർത്തകർ ‘ഓപ്പൺ സോഫ്റ്റ്‌വെയർ സൊലൂഷ്യൻസ് വ്യവസായസഹകരണസംഘം’ (OSSICS) രൂപവത്ക്കരിച്ച് സമൂഹത്തിന് ആവശ്യമായ പല സ്വതന്ത്രസോഫ്റ്റ്‌വെയർ സംവിധാനങ്ങളും വികസിപ്പിച്ചു നല്കി. കേരളത്തിലെ സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ആദ്യപഥികരായിരുന്ന ഇവർ, കേരളത്തിലെ സ്വതന്ത്രവിജ്ഞാനപ്രസ്ഥാനങ്ങൾക്കും നേതൃത്വം നല്കി. കൊച്ചിയിലെ അനുയോജ്യസാങ്കേതികവിദ്യാ പ്രോത്സാഹകസംഘ(ATPS)ത്തിന്റെയും സ്വതന്ത്രവിജ്ഞാന ജനാധിപത്യസഖ്യ(DAKF)ത്തിന്റെയും ഇന്ത്യൻ സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാന(FSMI)ത്തിന്റെയുമൊക്കെ രൂപവത്ക്കരണത്തിന് എറണാകുളം ജില്ലാപ്പഞ്ചായത്ത് ആരംഭിച്ച ഈ ജനകീയാസൂത്രണപദ്ധതി സംഭാവന ചെയ്തിട്ടുണ്ട്.

ഈ പദ്ധതിയിൽ പ്രവർത്തിക്കാനായി, അർഹതപ്പെട്ട അവധിക്ക് അപേക്ഷിച്ച, കെൽട്രോൺ ജീവനക്കാരനായിരുന്ന അനിൽകുമാറിന് അകാരണമായി അവധി നിഷേധിക്കുകയും അദ്ദേഹത്തെ കെൽട്രോണിൽനിന്നു പുറത്താക്കുകയും ചെയ്തു. എന്നാൽ ഏഴുവർഷത്തിനുശേഷം കോടതിവിധിയിലൂടെ, പുറത്താക്കാനുപയോഗിച്ച ചട്ടമടക്കം റദ്ദു ചെയ്തുകൊണ്ട്, അദ്ദേഹത്തിന്റെ കെൽട്രോണിലെ ജോലി തിരിച്ചു ലഭിച്ചു.