സൂസൻ കോടി
ലഘു ജീവചരിത്രം (Biography)
കരുനാഗപ്പള്ളി പഞ്ചായത്തുപ്രസിഡന്റ് സൂസൻ കോടി 1996-ൽ ഒരു ദിവസം അമ്പലപ്പുഴയിൽ എന്റെ വീട്ടിൽ എത്തി. എനിക്ക് അവരെ അറിയില്ലെങ്കിലും ഞങ്ങൾ ബന്ധുക്കളാണ്. “ഇവിടുത്തെ ഒരു വല്യപ്പനാണ് പഞ്ചായത്തുകാർക്കു ക്ലാസൊക്കെ എടുക്കുന്നതെന്നു കേട്ടു.” “വല്യപ്പനൊന്നുമല്ല, എന്റെ മകനാണ്” എന്ന് എന്റെ അമ്മ മറുപടിയും പറഞ്ഞു. എന്തായാലും അടുത്തൊരു ദിവസം വീട്ടിൽചെന്നപ്പോൾ അമ്മയിൽനിന്ന് ഒട്ടേറെ ഉപദേശവും കേട്ടു. അന്നു തീരുമാനിച്ചതാണ് ഈ കക്ഷിയെ ഒന്നു കാണണമെന്ന്. അങ്ങനെ ജനകീയാസൂത്രണത്തിന്റെ മൂന്നാംഘട്ടപരിശീലനത്തിൽ കരുനാഗപ്പള്ളി പഞ്ചായത്തുപ്രസിഡന്റിനെ തേടിപ്പിടിച്ചു. ചിരിക്കാൻ കുറച്ചു വകയുണ്ടായിരുന്നല്ലോ.
1995-ലെ തെരഞ്ഞെടുപ്പിലാണു സൂസൻ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ത്രീസംവരണപഞ്ചായത്ത് അല്ലാതിരുന്നിട്ടും പ്രസിഡന്റായി. പത്തും ഇരുപതും വർഷങ്ങൾ തുടർച്ചയായി പഞ്ചായത്തുമെമ്പർമാരും ഭാരവാഹികളുമായി ഇരുന്നവരായിരുന്നു പുരുഷന്മാരിൽ ഏറെയും. അവരുടെ ഇടയിലാണു നവാഗതയായ സൂസനു പ്രവർത്തിക്കേണ്ടിയിരുന്നത്. ആദ്യവർഷം വലിയ പ്രയാസമായിരുന്നു. എന്നാൽ ജനകീയാസൂത്രണം തുടങ്ങിയതോടെ സ്ഥിതിവിശേഷം മാറി. രണ്ടു ഘടകങ്ങളാണ് ഈ മാറ്റം സൃഷ്ടിച്ചത്: ഒന്ന്, പരിശീലനങ്ങൾ. രണ്ട്, സന്നദ്ധപ്രവർത്തകർ.
കേരളം കണ്ടിട്ടുള്ള ഏറ്റവും വിപുലമായ അനൗപചാരികവിദ്യാഭ്യാസപദ്ധതി ആയിരുന്നു ജനകീയാസൂത്രണപരിശീലനങ്ങൾ. ജനപ്രതിനിധികൾ എല്ലാ ഘട്ടങ്ങളിലും ഏതെങ്കിലും തലത്തിലെ പരിശീലനത്തിൽ പങ്കാളികളായിരുന്നു. മൂന്നാംഘട്ടം മുതൽ പഞ്ചായത്തുപ്രസിഡന്റുമാർ നിർബ്ബന്ധപൂർവ്വം സംസ്ഥാനതലപരിശീലനത്തിൽ പങ്കെടുക്കേണ്ടിയിരുന്നു. വിശദമായ കൈപ്പുസ്തകങ്ങളും ബ്ലോക്കുതല അവലോകനശിൽപ്പശാലകളും പുതിയ ജനപ്രതിനിധികൾക്കു വലിയ പ്രാപ്തിയും ആത്മവിശ്വാസവും നല്കി. ജനകീയാസൂത്രണപ്രവർത്തനപരമ്പരയ്ക്കാവട്ടെ കൃത്യമായ ദിശയും ചിട്ടയും ഉണ്ടായിരുന്നു.
രണ്ടാമത്തേത് പഞ്ചായത്തിലെ സന്നദ്ധപ്രവർത്തകർ നല്കിയ പിന്തുണയാണ്. ഇവരിൽ സുഗതൻ സാറിനെക്കുറിച്ചു ഞാൻ പ്രത്യേകം എഴുതിയിട്ടുണ്ട്. കോർഡിനേറ്ററായിരുന്ന രവീന്ദ്രൻപിള്ള, സത്യനേശൻ, വിജയമ്മ, ലാലിട്ടീച്ചർ, എൻ. ശ്രീധരൻ, രാമചന്ദ്രൻപിള്ള, സുഭാഷ്, പ്രിൻസ് എന്നിങ്ങനെ ഈ നിര നീളുന്നു. ഗ്രാമസഭകൾ സംഘടിപ്പിക്കാൻ, വികസനറിപ്പോർട്ട് എഴുതാൻ, പ്രൊജക്ടുകൾ തയ്യാറാക്കാൻ, പിന്നീട് നിർവ്വഹണത്തിനും വലിയൊരു സംഘം കൂടെ പ്രവർത്തിക്കാൻ ഉണ്ടായിരുന്നു. ഒരു പ്രതിഫലവും നല്കിയിരുന്നില്ല. എന്നാലും അവർ പലപ്പോഴും ഏതാണ്ടു മുഴുവൻസമയപ്രവർത്തകർ ആയിരുന്നു.
ഏറ്റവും അവിസ്മരണായ അനുഭവം സൂസൻ വിജയിച്ച 4-ാം വാർഡിൽവച്ചു ജില്ലയിലെ മോഡൽ ഗ്രാമസഭ നടത്തിയതാണ്. ഈ മോഡൽ ഗ്രാമസഭ കാണാനും മനസിലാക്കാനുമായി ഒട്ടേറെ ആളുകൾ പുറത്തുനിന്നു വന്നിരുന്നു. ഗ്രാമസഭ ഉദ്ഘാടനം ചെയ്തത് മന്ത്രി സുശീല ഗോപാലൻ ആയിരുന്നു. കളക്ടർ ഡബ്ല്യു. ആർ. റെഡ്ഡി സജീവമായി സംഘാടനത്തിന് ഉണ്ടായിരുന്നു.
ആദ്യവർഷംതന്നെ ‘തലചായ്ക്കാനൊരിടം’ എന്ന പേരിൽ പാർപ്പിടപദ്ധതിക്കു രൂപം നല്കി. പട്ടികജാതിവിഭാഗത്തിനു 45 വീടും ജനറൽ വിഭാഗത്തിനു 15 വീടും അടക്കം 60 വീടുകളാണ് ആദ്യവർഷം നല്കിയത്. താക്കോൽദാനം നിർവ്വഹിച്ചതു മന്ത്രി പാലോളി മുഹമ്മദുകുട്ടി ആയിരുന്നു. ഗുണഭോക്താക്കളുടെ സുതാര്യമായ തെരഞ്ഞെടുപ്പ്, നിർവ്വഹണത്തിലെ ജനപങ്കാളിത്തം എന്നിവകൊണ്ട് ഈ പ്രൊജക്റ്റ് വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി.
കരുനാഗപ്പള്ളി ടൗൺ പഞ്ചായത്താണ്. അതുകൊണ്ട് നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ട്. അദ്ധ്യാപകരുടെ പരിശീലനങ്ങൾ, ഭൗതികസൗകര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പിടിഎ സജീവമാക്കൽ തുടങ്ങിയവയായിരുന്നു വിദ്യാഭ്യാസപ്രൊജക്ടുകൾ. 32 ആദിവാസികുടുംബങ്ങളുടെ പ്രത്യേക ഊരുകൂട്ടം വിളിച്ചുചേർത്തു. സിഎഫ്എൽ വിളക്കുകൾക്കു പ്രോത്സാഹനം നല്കി. ശുചിത്വത്തിനും ശ്രദ്ധ നല്കി.
ഒരു വർഷം പിന്നിട്ടപ്പോൾ കിലയിൽ നടന്ന വനിതാപ്രസിഡന്റുമാരുടെ അനുഭവംപങ്കുവയ്ക്കൽയോഗത്തിൽ സൂസനും പങ്കെടുത്തിരുന്നു. എല്ലാ വനിതാപ്രസിഡന്റുമാർക്കും അഭിമാനകരമായ പലതും പറയാനുണ്ടായിരുന്നു. വനിതാജനപ്രതിനിധികളുടെ ശാക്തീകരണത്തിന്റെ കഥ പറയുന്ന ഒരു ലഘുനാടകം തയ്യാറാക്കുകയായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. ‘സുഭദ്രാ മാധവൻ’ നാടകത്തിൽ തന്റെ ചില അനുഭവങ്ങൾ ഉൾക്കൊള്ളിച്ചിരുന്നുവെന്നാണു സൂസന്റെ അവകാശവാദം.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാനപ്രസിഡന്റ് ആണ് സൂസൻ കോടി ഇപ്പോൾ.