Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / വി. വസന്തകുമാരി
വി. വസന്തകുമാരി

വി. വസന്തകുമാരി

ലഘു ജീവചരിത്രം (Biography)

“ഇടത്തരം കർഷകകുടുംബത്തിൽ, ആരോടും അധികം സംസാരിക്കാതെ, മറ്റുള്ളവർ ഉപദേശിച്ചുതന്ന ചില ആദർശങ്ങളെ മാത്രം പിന്തുടർന്നുവന്ന ഞാൻ, എന്റെ സഹോദരികളായ സ്ത്രീസമൂഹത്തെ അടുത്ത് അറിയാൻ കഴിയുന്ന ഒരാളായി മാറി. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാൻ കഴിയാത്ത എനിക്ക് ഇന്നു മണിക്കൂറുകളോളം ക്ലാസ്സെടുക്കാനും ചർച്ചകൾ സംഘടിപ്പിക്കാനും അതിനു നേതൃത്വം നല്കാനും സാധിക്കുന്നു. നീയെങ്ങനെ ഇത്രയധികം മാറി എന്നു പലരും അത്ഭുതത്തോടെ ചോദിച്ചുപോകുന്നു. പ്രസിഡന്റുസ്ഥാനത്ത് ഇരിക്കുമ്പോഴും അല്ലാത്ത സമയത്തും ഒരുപാടു വ്യക്തിപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവ തികച്ചും വ്യക്തിപരമായിമാത്രം കണ്ട് എന്റെ സാമൂഹികപ്രതിബദ്ധതയ്ക്കു കോട്ടംതട്ടാതെ പ്രവർത്തനങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞു.”

മറ്റത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി. വസന്തകുമാരി ജനകീയാസൂത്രണത്തിന്റെ അഞ്ചു വർഷങ്ങൾ തന്നിൽ വരുത്തിയ പരിവർത്തനത്തെ ഇങ്ങനെയാണ് അന്താരാഷ്ട്ര ജനകീയാസൂത്രണസെമിനാറിൽ വിശദീകരിച്ചത്. ഈ തിരക്കുകൾക്കിടയിൽ പ്രൈവറ്റായി പഠിച്ചു ഡിഗ്രിയെടുക്കാനും വസന്തകുമാരിക്കു കഴിഞ്ഞു. സംസ്ഥാന വനിതാഫാക്കൽറ്റി അംഗമായും പ്രവർത്തിച്ചു.

കേവലം മെമ്പർ എന്ന നിലയിലുള്ള ചെറിയ ഉത്തരവാദിത്വം മാത്രമേ ഏറ്റെടുക്കേണ്ടിവരൂ എന്ന വിശ്വാസത്തിൽ മത്സരിച്ച വി. വസന്തകുമാരിക്കു തികച്ചും അവിചാരിതമായ സാഹചര്യത്തിലാണു പ്രസിഡന്റുസ്ഥാനം ഏറ്റെടുക്കേണ്ടിവന്നത്. പഞ്ചായത്തിലെ പ്രവർത്തനങ്ങൾ എന്തൊക്കെയെന്നോ പഞ്ചായത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഏതൊക്കെ സ്ഥാപനങ്ങളിൽ, ആരൊക്കെയായി ബന്ധപ്പെട്ടു കാര്യങ്ങൾ നടത്തണമെന്നോ വസന്തകുമാരിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ പിന്തുണയായിരുന്നു ഒരു ധൈര്യം.

ആദ്യയോഗത്തിൽത്തന്നെ പഞ്ചായത്തിലെ ഭൂരിഭാഗംവരുന്ന കൃഷിക്കാരുടെയും കൃഷിയാവശ്യത്തിനു വെള്ളം ലഭിക്കാത്ത പ്രശ്നം പരിഹരിക്കാൻ 18.5 കിലോമീറ്ററോളം നീളം വരുന്ന മറ്റത്തൂർ ബ്രാഞ്ച് കനാലിലെ മണ്ണു കോരിക്കളഞ്ഞു വെള്ളം എത്തിക്കാനുള്ള തീരുമാനം എടുത്തു. ഇതു സന്നദ്ധപ്രവർത്തനമായാണു ചെയ്യാൻ തീരുമാനിച്ചത്. ജനകീയാസൂത്രണപ്രസ്ഥാനം നിലവിൽ വരുന്നതിനുമുമ്പുതന്നെ 2,800-ഓളം ജനങ്ങളെ സംഘടിപ്പിച്ചു ഈ സന്നദ്ധപ്രവർത്തനം വലിയ വിജയമായി നടത്താൻ സാധിച്ചു. ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ ഇടയിൽ ഈ സന്നദ്ധപ്രവർത്തനം വളരെ അസ്വസ്ഥത ഉണ്ടാക്കി. അവരുടെ നിസ്സഹരണംമൂലം ആ വർഷം ഒറ്റ പ്രാവശ്യം മാത്രമേ കനാലിന്റെ അറ്റംവരെ വെള്ളമെത്തിക്കാൻ കഴിഞ്ഞുള്ളൂ. പഞ്ചായത്തംഗങ്ങൾ ഒന്നടങ്കം ഇറിഗേഷൻ ഓഫീസിൽ സമരം ചെയ്തതിന്റെ ഫലമായി തുടർന്നുള്ള വർഷങ്ങളിൽ വെള്ളം കിട്ടി.

വികസനരേഖ തയ്യാറാക്കുന്ന അവസരത്തിൽ പുരുഷമെമ്പർമാരോടും സന്നദ്ധപ്രവർത്തകരോടും ഒപ്പംതന്നെ രാത്രികാലങ്ങളിൽ പഞ്ചായത്തിലിരുന്നു പ്രവർത്തിച്ചു. മറ്റു പഞ്ചായത്തുകൾക്കു മുമ്പായിത്തന്നെ വികസനരേഖ അംഗീകരിക്കാനായി വികസനസെമിനാർ സംഘടിപ്പിക്കാനും സാധിച്ചു. എങ്കിലും വികസനസെമിനാറിനു പോകുന്ന വഴി വസന്തകുമാരിക്ക് ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടാവുകയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തതുകൊണ്ടു വികസനസെമിനാറിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാലും, കേരളത്തിൽ ആദ്യമായി പദ്ധതിവിഹിതം കൈപ്പറ്റുന്ന പഞ്ചായത്ത് എന്ന പരിഗണന ലഭിച്ചു.

സമ്പൂർണ്ണശുചിത്വത്തിനുള്ള പ്രത്യേക പ്രൊജക്റ്റ് മറ്റത്തൂരിന് അംഗീകരിച്ചുകിട്ടി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇതിനായി 207 അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിച്ചു. കക്കൂസില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ ശുചിത്വമുള്ള 3458 കക്കൂസ് നിർമ്മിച്ചുകൊടുക്കാൻ സാധിച്ചു. ആകെ ചെലവ് 1.64 കോടി രൂപ ആയിരുന്നു. ഇതിന്റെ പകുതിയിലേറെ ഗുണഭോക്തൃവിഹിതമായും സന്നദ്ധസേവനമായും സമാഹരിച്ചു.

ഈ അനുഭവം അയൽക്കൂട്ടങ്ങളെ സന്നദ്ധസേവനത്തിന്റെ പാതയിലേക്കു നയിച്ചു. മുപി - ഓടക്കാട് പാലം പണിയാൻ പഞ്ചായത്ത് 5,000 രൂപ നല്കിയപ്പോൾ ഒരുലക്ഷത്തിലേറെ രൂപയുടെ പാലമാണു തീർന്നത്. 11-ാം വാർഡിലെ ഒന്നാം നമ്പർ അയൽക്കൂട്ടം എല്ലാ കുടുംബങ്ങളിലും വൈദ്യുതി എത്തിക്കാൻ നേതൃത്വം നല്കി. പഞ്ചായത്തിൽനിന്ന് 500 രൂപ ചെലവഴിച്ച് അയൽക്കൂട്ടങ്ങൾ വിവിധ വാർഡുകളിൽ നിർമ്മിച്ച റോഡുകളുടെ ദൈർഘ്യം 18 കിലോമീറ്റർ വരും.

സാനിറ്റേഷൻ പ്രവർത്തനങ്ങൾക്കുവേണ്ടി രൂപവത്ക്കരിച്ച അയൽക്കൂട്ടങ്ങളെ പിന്നീടു പൊതു അയൽക്കൂട്ടങ്ങളാക്കി മാറ്റി ജനകീയാസൂത്രണവുമായി ബന്ധപ്പെടുത്തി പ്രവർത്തിപ്പിക്കാനും സാധിച്ചു. ഗുണഭോക്താക്കളെ നിശ്ചയിക്കുക തുടങ്ങി പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനത്തിലും അയൽക്കൂട്ടങ്ങൾ സഹകരിച്ചു പ്രവർത്തിച്ചുവരുന്നു. അയൽക്കൂട്ടങ്ങളുടെ ഉപഘടകങ്ങളായി വനിതാസ്വയംസഹായസംഘങ്ങളും രൂപവത്ക്കരിക്കുകയുണ്ടായി.

ജില്ലാപ്പഞ്ചായത്ത് മാതൃകാപച്ചക്കറിഗ്രാമമായി മറ്റത്തൂരിനെയാണു തെരഞ്ഞെടുത്തത്. ‘മാസോ’ എന്ന പേരിൽ സൊസൈറ്റി രൂപവത്ക്കരിച്ചു കൃഷിക്കാരെ ഉൾപ്പെടുത്തി വളരെ നല്ലരീതിയിൽ ഉത്പാദനം നടത്താനും ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി വിതരണം ചെയ്യാൻ സ്ഥരം സ്റ്റാൾ ഏർപ്പെടുത്താനും കഴിഞ്ഞു. എന്നാൽ ചില പച്ചക്കറിവിൽപ്പനക്കാരുടെയും ചില പഞ്ചായത്തംഗങ്ങളുടെയും കുതന്ത്രങ്ങൾമൂലം ഈ സ്റ്റോളിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.

ഭരണകാര്യങ്ങളിലും വികസനപ്രവർത്തനങ്ങളിലും പ്രതിപക്ഷം എന്ന രീതിയിലുള്ള ചില ചെറിയ എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതലായ സഹകരണം കമ്മിറ്റികളിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും, ആനുകൂല്യങ്ങൾ ലഭിക്കാത്തവരെ (അർഹതയില്ലാത്തവരും ഒരിക്കൽ ലഭിച്ചവരും) പ്രതിപക്ഷം വസന്തകുമാരിയുടെ വീട് ആക്രമിക്കാനും അസഭ്യം പറയാനുമൊക്കെ പറഞ്ഞുവിടുകയുണ്ടായി. പത്തുപേരടങ്ങുന്ന ഒരു സംഘം രാത്രിയിൽ മാരകായുധങ്ങളും നാടൻബോംബുകളുമായി വസന്തകുമാരിയുടെ വീട്ടുപടിക്കൽ വന്നു വെല്ലുവിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതൊരു തിക്താനുഭവം.

ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തായി മറ്റത്തൂരിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണപ്രവർത്തനങ്ങളുംമറ്റും പഠിക്കാൻ ആന്ധ്രാപ്രദേശ്, മാഹാരാഷ്ട്ര, ഹോങ്കോങ്, അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽനിന്നു സംഘങ്ങളെത്തിയതും പഞ്ചായത്തിനുള്ള അംഗീകാരമായി. കപ്പാർട്ട് ഗവേണിങ് ബോഡി ചെയർമാനും ഗാന്ധിയനുമായ അന്നാ ഹസാരെ പഞ്ചായത്ത് സന്ദർശിച്ചതും ഏറെ സന്തോഷം നല്കിയ അവസരമായി വസന്തകുമാരി ഓർക്കുന്നു.