Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ജോസഫ് തോമസ്
ജോസഫ് തോമസ്

ജോസഫ് തോമസ്

ലഘു ജീവചരിത്രം (Biography)

ജോസഫ് തോമസ് എന്ന കമ്പി-തപാൽ ജീവനക്കാരൻ ജനകീയാസൂത്രണത്തിന്റെ ചോറ്റാനിക്കര പഞ്ചായത്ത് പദ്ധതിചുമതലക്കാരനും സംസ്ഥാനതല കീ റിസോഴ്സ് പേഴ്സണുമായി മാറിയതു് തൊഴിലിനോടും സ്ഥാപനത്തോടുമുള്ള അദ്ദേഹത്തിന്റെ കൂറുമൂലമായിരുന്നു; പൊതുരംഗത്തു പ്രവർത്തിക്കാനുള്ള താല്പര്യംകൊണ്ട് ആയിരുന്നില്ല.

1985-ൽ കമ്പി-തപാൽ‌വകുപ്പു വിഭജിച്ചു തപാൽ, ടെലികോം എന്നീ രണ്ടു വകുപ്പുകളാക്കി. 1984 മുതൽ നടപ്പാക്കപ്പെട്ട നിയമനനിരോധത്തിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ടെലികോമിന്റെ പുനസംഘാടനം. ടെലിഗ്രാമിന്റെ പ്രസക്തി നഷ്ടപ്പെട്ടതുമൂലം പൂട്ടപ്പെട്ടുകൊണ്ടിരുന്ന വ്യവസായത്തിലെ ജീവനക്കാരുടെ സംസ്ഥാനപ്രസിഡന്റ് എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിലനിൽക്കുമ്പോഴാണ് പഞ്ചായത്തുപ്രസിഡന്റിന്റെയുംമറ്റും നിർബന്ധത്തിനു വഴങ്ങി പാടിവട്ടത്ത് മര്യാ കോംപ്ലക്സിൽ ജില്ലാ റിസോഴ്സ് പേഴ്സണായുള്ള പരിശീലനത്തിനു പോയത്. പ്രാദേശികമായി ബദൽ പരീക്ഷണങ്ങൾ നടത്തിയും ജനങ്ങളെ അണിനിരത്തിയും മാത്രമേ പൊതുമേഖലയെ സംരക്ഷിക്കാനാവൂ എന്നൊരു കാഴ്ചപ്പാടാണ് ജോസഫ് തോമസിന് ഉണ്ടായിരുന്നത്. ഇതിനുള്ള അവസരമായി ജനകീയാസൂത്രണത്തെ ജോസഫ് തോമസ് നോക്കിക്കണ്ടു.

1996 ഒക്ടോബറിൽ പാടിവട്ടത്തു നടന്ന ജില്ലാതലപരിശീലനത്തിൽ ചോറ്റാനിക്കരയിൽനിന്നുള്ള ജില്ലാ റിസോഴ്സ് പേഴ്സണായി ഒന്നാംഘട്ടപ്രവർത്തനങ്ങളിലും തുടർന്ന് സംസ്ഥാനതല കീ റിസോഴ്സ് പേഴ്സണായി തുടർന്നുള്ള പ്രവർത്തനങ്ങളിലും പങ്കാളിയായി. 1997-1998-ൽ ചോറ്റാനിക്കരയിൽ പൊതു അയൽക്കൂട്ടസംവിധാനവും അതിന്റെ കേന്ദ്രീകൃതസമിതികളായി വാർഡുതലസമിതികളും പഞ്ചായത്തുവികസനസമിതിയും രൂപവത്ക്കരിക്കപ്പെട്ടു. അയല്കൂട്ടസമിതികളിലും വികസനസമിതിയിലും സ്ത്രീകൾക്കു തുല്യപങ്കാളിത്തം ആയിരുന്നു. ഇതു സ്ത്രീകളുടെ വർദ്ധിച്ച താൽപ്പര്യത്തിനും സ്ത്രീകളുടെ സ്വയംസഹായസംഘ രൂപവത്ക്കരണത്തിനും വഴിയൊരുക്കി. അവ 2000-ൽ കുടുംബശ്രീ സംവിധാനത്തോടു സംയോജിപ്പിക്കപ്പെട്ടു.

ജില്ലാതലത്തിൽ രൂപപ്പെട്ട ഇഐഐഡി പ്രോജക്ടിന്റെ ഭാഗമായി 1999-2000 വർഷം സമഗ്രമായ വിവരാധിഷ്ഠിത ആസൂത്രണസംവിധാനം സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ചു നടപ്പിലാക്കാനുള്ള പ്രോജക്ടു് ആരംഭിച്ചതിനെക്കുറിച്ച് മറ്റൊരു കുറിപ്പിൽ വിശദമായി പ്രതിപാദിച്ചിരുന്നല്ലോ. അന്നേവരെ സ്വന്തം പ്രവർത്തനമേഖലയായ എസ്എഫ്എംഎസ്എസ് എന്ന ടെലിഗ്രാഫ് ശൃംഖലയിൽ യുണിക്സ് ഉപയോഗിച്ചിരുന്ന ജോസഫ് തോമസിനു ഗ്നൂ/ലിനക്സിന്റെ ശേഷികളും സാദ്ധ്യതകളും എളുപ്പത്തിൽ ബോദ്ധ്യപ്പെട്ടു.

ചോറ്റാനിക്കരയിലെ ഭരണമാറ്റത്തെ തുടർന്നു തിരിച്ചടി നേരിട്ടപ്പോഴും സ്വതന്ത്രസോഫ്റ്റ്‌വെയർ വ്യാപനപ്രവർത്തനങ്ങളിൽ ജോസഫ് തോമസ് ഉറച്ചുനിന്നു. അതിന്റെ ഫലമായി ഒഎസ്എസ് എന്ന വ്യവസായസഹകരണസംഘവും അതിന്റെ വിഭവസമാഹരണത്തിനായി എടിപിഎസും രൂപവത്ക്കരിച്ചു പ്രവർത്തിച്ചുപോന്നു. തുടർന്ന്, എറണാകുളത്ത് 2003-ൽ മഹാരാജാസിൽ ‘വിവരസംഗമ’വും 2008-ൽ കൊച്ചി സർവ്വകലാശാലയിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ ദേശീയസമ്മേളനവും നടത്തപ്പെട്ടു. കേരളത്തിൽ ഡിഎകെഎഫും ദേശീയമായി എഫ്എസ്എംഐയും രൂപവത്ക്കരിക്കാൻ പ്രവർത്തിക്കാനായതിലും ചോറ്റാനിക്കരയിലെയും എറണാകുളത്തെയും ജനകീയാസൂത്രണപ്രവർത്തനങ്ങളിൽനിന്നു കിട്ടിയ മാർഗ്ഗദർശനത്തിനും അറിവിനും സുപ്രധാന പങ്കുണ്ട്.

ജനകീയാസൂത്രണത്തിലെ ജോസഫ് തോമസിന്റെ പങ്ക് ഐറ്റിമേഖലയ്ക്കപ്പുറം ചോറ്റാനിക്കരയിലെ നാനാവിധവികസനപ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു. എകെജിസിടിയുടെ സംസ്ഥാനസെക്രട്ടറി ആയിരുന്ന കെ. വി. ജോർജ്ജ് ആയിരുന്നു മറ്റൊരു കീ റിസോഴ്സ് പേഴ്സൺ. മഹാരാജാസിലെ മറ്റൊരു പ്രൊഫസറായ ജോർജ്ജ് മണ്ടാനവും പരിഷത്ത് പ്രവർത്തകരുമൊക്കെ ചേർന്ന നല്ലൊരു ടീം പഞ്ചായത്തുപ്രസിഡന്റ് വി. രവീന്ദ്രനോടൊപ്പം പ്രവർത്തിച്ചിരുന്നു.

റോഡും മറ്റു നിർമ്മാണപ്രവൃത്തികളും ഗുണഭോക്തൃസമിതികൾ വഴി ഏറ്റെടുപ്പിക്കാൻ വലിയ പരിശ്രമം വേണ്ടിവന്നു. കാരണം, ഒരു ചെറുസംഘം ഉദ്യോഗസ്ഥർ ഗുണഭോക്തൃസമിതികൾക്ക് എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടാക്കാമോ അതിനെല്ലാം ഗൂഢമായി ശ്രമിച്ചിരുന്നു. അതുകൊണ്ട്, ജോസഫ് തോമസ് ഇതൊരു മുഖ്യവെല്ലുവിളിയായി ഏറ്റെടുത്തു. 1996-97 വർഷം ഒൻപതാം പഞ്ചവത്സരപദ്ധതി ഔപചാരികമായി ആരംഭിക്കുന്നതിനു മുമ്പുതന്നെ ആ രീതി പരീക്ഷണാടിസ്ഥാനത്തിൽ കമ്പിയാപ്പീസിലെ യൂണിയൻ സഹപ്രവർത്തകനായ എ. വി. കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടപ്പാക്കി. 908 മീറ്റർ ദൂരത്തിൽ നാലു മീറ്റർ വീതിയിൽ റോഡും മൂന്നു മീറ്റർ മീറ്റർ വീതിയിൽ ടാറിങ്ങും പൂർത്തീകരിക്കാൻ വെറും 2.17 ലക്ഷം രൂപയാണ് പഞ്ചായത്തു ചെലവഴിച്ചത്.

ചെളിപ്രദേശത്തു റോഡു നിർമ്മിക്കാൻ നൂതനമായ രീതികൾ അവലംബിക്കേണ്ടിവന്നു. വെള്ളം ഒഴിഞ്ഞുപോകാനുള്ള ചാലോ ഓടയോ നിർമ്മിക്കാനുള്ള വീതിയുണ്ടായിരുന്നില്ല. അതുകൊണ്ട് റോഡിന്റെ ചരിവു ക്രമപ്പെടുത്തി വെള്ളം റോഡിലൂടെത്തന്നെ ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. വെള്ളച്ചാലുകൾക്ക് റോഡു മുറിച്ചുകടക്കാൻ ചപ്പാത്തുകളും ഉറവകൾ തിരിച്ചുവിടാൻ കരിങ്കല്ലുപാകിയ ഓരങ്ങളും നിർമ്മിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ടാറിങ്ങിന്റെ ദിവസം എൻ‌ജിനീയർ ഹാജരായില്ല. ഇതിന്റെ പേരിൽ ബില്ലു പാസ്സാക്കാൻ തയ്യാറാകാതെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇങ്ങനെ ഓരോ പ്രവൃത്തിയിലും സംഘർഷങ്ങൾ ഉണ്ടായി. വളരെ നൂതനമായ റോഡ് മെയിന്റനൻസിനുള്ള ഒരു പ്രൊജക്ട് അംഗീകരിക്കാൻ ബിഎൽഇസി തയ്യാറായില്ല.

ഗുണഭോക്തൃസമിതികളെ വിജയിപ്പിക്കുക എന്നുള്ളത് വലിയൊരു വാശിയായിരുന്നു. ഇതിനു വലിയ വില കൊടുക്കേണ്ടി വന്നു. അതു പഞ്ചായത്തുപ്രസിഡന്റ് വി. രവീന്ദ്രനെക്കുറിച്ച് എഴുതുമ്പോൾ വിശദീകരിക്കുന്നുണ്ട്. ജോസഫ് തോമസും ഇതിന് ഇരയായി. ഒരു പതിറ്റാണ്ടിലേറെക്കാലം നീണ്ട നിയമയുദ്ധത്തിനുശേഷമാണ് കുരുക്കിൽനിന്നു രക്ഷപ്പെട്ടത്.

വി. രവീന്ദ്രൻ, പ്രസിഡന്റ്

ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ജോസഫ് തോമസ്, കെ. വി. ജോർജ്ജ്, ജോബി ജോൺ, എം. കൃഷ്ണദാസ്, കെ. വി. അനിൽകുമാർ തുടങ്ങിയവരെയൊക്കെ പരിചയപ്പെടുത്തിക്കഴിഞ്ഞു. ഒരാൾ ബാക്കിയുണ്ട്. നൂതനമായ വിരവവിനിമയപരീക്ഷണങ്ങൾക്കും പങ്കാളിത്തവികസനപരിപാടികൾക്കും വേദിയൊരുക്കാൻ മുന്നിട്ടുനിന്ന പഞ്ചായത്തുപ്രസിഡന്റ് വി. രവീന്ദ്രൻ. ഇതിന് അദ്ദേഹത്തിനു വലിയ വിലയും നൽകേണ്ടിവന്നു. സാധാരണ ഈ പംക്തിയിൽ ഇത്തരം തിരിച്ചടികളെക്കുറിച്ചു വിശദീകരിക്കാറില്ല. വി. രവീന്ദ്രൻ നേരിട്ട ദുരന്തം മറ്റൊരു ജനപ്രതിനിധിക്കും ഉണ്ടായതായി എനിക്ക് അറിവില്ല.

ചോറ്റാനിക്കര പഞ്ചായത്തിന്റെ പ്രസിദ്ധി കാർഷികമേഖലയിലെ ഇടപെടലുകളിൽ ആയിരുന്നു. ഇതു സംബന്ധിച്ച് ആസൂത്രണബോർഡ് രണ്ടുദിവസത്തെ പഠനശിൽപ്പശാല ഈ പഞ്ചായത്തിൽവച്ചു നടത്തുകയുണ്ടായി. വി. രവീന്ദ്രന് ഏറ്റവും പ്രിയപ്പെട്ട പരിപാടിയായിരുന്നു കാർഷികവികസനപരിപാടി. അതിൽ നടീൽ യന്ത്രം ഓടിച്ചൊക്കെ അദ്ദേഹം കൂടെച്ചേരുമായിരുന്നു. രണ്ടാമത്തെ പ്രത്യേകത, ജില്ലാപ്പഞ്ചായത്തിന്റെ ഇലക്ട്രോണിക്സ് വ്യവസായവത്ക്കരണ അടിസ്ഥാനസൗകര്യവികസന ഏജൻസി (Electronics Industrialisation Infrastructure Development Society (EIID) എന്ന സൊസൈറ്റിയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളാണ്. മൂന്നാമത്തേത്, പടിപടിയായി പഞ്ചായത്തിലെ മുഴുവൻ മരാമത്തുപണികളും ഗുണഭോക്തൃസമിതികളിലൂടെയാക്കി മാറ്റിയതാണ്. ഇതു വലിയ എതിർപ്പു പല കോണുകളിൽനിന്നും സൃഷ്ടിച്ചു. എന്നാൽ പഞ്ചായത്തുപ്രസിഡന്റും ജനകീയാസൂത്രണപ്രവർത്തകരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.

പഞ്ചായത്തുവികസനസമിതിയാണ് പഞ്ചായത്തിന്റെ പദ്ധതിനിർവ്വഹണയേജൻസി എന്ന നിലയിൽ മരാമത്തുപണികൾ ഏറ്റെടുത്തു നടപ്പാക്കിയത്. (കുന്നത്തുകാലിൽ പ്രവൃത്തികൾ ലേബർ ബാങ്ക് ഏറ്റെടുത്തതുപോലെ). പഞ്ചായത്തുവികസനസമിതിയുടെ ഘടകമായ വാർഡ് വികസനസമിതിയോ അയൽക്കൂട്ടമോ ആണ് ഗുണഭോക്തൃസമിതിയായി പ്രവർത്തിച്ചത്. അവയ്ക്ക് ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുക എന്നതാണ് പഞ്ചായത്തുവികസനസമിതി നിർവ്വഹിച്ച ധർമ്മം.

മിക്ക റോഡുനിർമ്മാണപ്രൊജക്ടുകളും പൂർത്തിയാക്കപ്പെട്ടു. എന്നാൽ ഫണ്ടിന്റെ കുറവുമൂലം ചെലവു ബാക്കിയായി. പൂർത്തിയാക്കപ്പെട്ട ചിലവയുടെ അവസാനബില്ലുകൾ മാറിക്കിട്ടാനുമുണ്ടായിരുന്നു. പൂർത്തിയാക്കാത്തവയുടെ ചിലവാകാത്ത ഭാഗം പഞ്ചായത്തിനു തിരികെ നൽകാനുമുണ്ടായിരുന്നു. ഈയൊരു ഘട്ടത്തിലാണ് തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ പഞ്ചായത്തുഭരണസമിതി അധികാരമേറ്റത്.

പഞ്ചായത്തുവികസനസമിതിയെ പിരിച്ചുവിടാനോ പ്രവർത്തിപ്പിക്കാനോ അവർ തയ്യാറായില്ല. ലോക്കൽ ഫണ്ട് ഓഡിറ്ററെക്കൊണ്ട് വികസനസമിതിക്കെതിരെ അപ്രസക്തവും അടിസ്ഥാനരഹിതവുമായ ദുരാരോപണങ്ങളും ഉന്നയിപ്പിച്ചു. ഒരു വിശദീകരണവും വികസനസമിതിയോടു ചോദിക്കാതെയാണ് ഇത്തരമൊരു റിപ്പോർട്ട് ഉണ്ടാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ ജപ്തിനോട്ടീസുകളും മറ്റും അയയ്ക്കാൻ തുടങ്ങി. പ്രസിഡന്റും സഹായികളുംകൂടി സൃഷ്ടിച്ചെടുത്ത തട്ടിപ്പുസംഘമാണു പഞ്ചായത്തുവികസനസമിതി എന്നായിരുന്നു ആരോപണം (വികസനസമിതിക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള 04-12-1999-ലെ ഉത്തരവിനൊന്നും ഒരു വിലയും കൽപ്പിച്ചില്ല).

പിഡബ്ല്യുഡി നിരക്കിനേക്കാൾ താഴ്ന്ന വിലയ്ക്കു ചിപ്സും മറ്റും വാങ്ങിയെന്നും എന്നാൽ പഞ്ചായത്തിൽനിന്നു പിഡബ്ല്യുഡി എസ്റ്റിമേറ്റ് നിരക്കിൽ പണം വാങ്ങിയെന്നും ആയിരുന്നു ആരോപണം. ഈ വ്യത്യാസമെല്ലാം സമിതിയുടെ നാൾവഴിയിലെ കണക്കു പുസ്തകത്തിൽനിന്നു കണ്ടെത്തിയെന്നതാണു കൗതുകകരം. ഗുണഭോക്തൃസമിതി താഴ്ന്നവിലയ്ക്കു സാധനസാമഗ്രികൾ (സംഭാവനയായിപ്പോലും) ശേഖരിക്കുന്നതു സാധാരണയാണ്. എന്നാൽ എസ്റ്റിമേറ്റിലെ കൂലിനിരക്കിനെക്കാൾ എത്രയോ ഉയർന്ന കൂലിയാണു നൽകേണ്ടിവരുന്നത്. ഈ വ്യത്യാസം പരിഹരിക്കുന്നത് മെറ്റീരിയലിനു നൽകിയിരുന്ന ഉയർന്ന വിലകൊണ്ടാണ്. പക്ഷേ വികസനസമിതിയോട് ഇതേപ്പറ്റിയൊന്നും വിശദീകരണം ചോദിക്കാതെ അഴിമതിയായി റിപ്പോർട്ട് എഴുതി.

പഞ്ചായത്തുവികസനസമിതിക്കൺവീനർ 9.66 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉത്തരവായി. ചെയ്ത പണിക്കു പഞ്ചായത്തുവികസനസമിതിക്കു നൽകാനുള്ള എല്ലാ ബില്ലുകളും ഇതിന്റെ പേരിൽ മരവിപ്പിച്ചു. കേസ് വിജിലൻസിനു കൈമാറി. രേഖകളൊക്കെ പരിശോധിച്ച് 5.67 ലക്ഷം രൂപ ഈടാക്കണമെന്നു വിജിലൻസ് വിധിച്ചു. ഇതിനെത്തുടർന്ന് റവന്യു റിക്കവറി നോട്ടീസായി. ജോസഫ് തോമസിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ സ്ഥിരം സന്ദർശകരായി. പഞ്ചായത്തുപ്രസിഡന്റ് വി. രവീന്ദ്രൻ അഴിമതിക്കാരനായി പ്രചരിപ്പിക്കപ്പെട്ടു.

2008-ൽ സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റർ ആക്ഷേപങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ ഉത്തരവായി. ഗുണഭോക്തൃസമിതിക്കു നൽകാനുള്ള തുക പഞ്ചായത്ത് നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതിനു പഞ്ചായത്തുഭരണസമിതി തയ്യാറായില്ല. ഭരണം മാറി. വീണ്ടും വിജിലൻസ് അന്വേഷണമായി. അപ്പോൾ 2.4 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു പുതിയ വിജിലൻസ് റിപ്പോർട്ട്. ജപ്തിയിൽനിന്നും രക്ഷനേടാൻ ഹൈക്കോടതിയെ സമീപിച്ചു. കാര്യങ്ങൾ പുനഃപരിശോധിച്ചു സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്ററുടെ റിപ്പോർട്ടുകൂടി പരിഗണിച്ചുവേണം നടപടിയെടുക്കാനെന്ന് കോടതി ഉത്തരവിട്ടു. അങ്ങനെ റിക്കവറി ഒഴിവായി. കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിശദമായ പരിശോധന നടത്തി വികസനസമിതിയുടെയും കൺവീനറുടെയും പേരിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിഗമനത്തിലെത്തി. അങ്ങനെ 2020-ലാണ് വിവാദത്തിനു വിരാമമായത്. ഇതിനു സാക്ഷ്യംവഹിക്കാനുള്ള ഭാഗ്യം വി. രവീന്ദ്രന് ഉണ്ടായില്ല. 2019-ൽ അദ്ദേഹം വിടവാങ്ങി.

ജനകീയാസൂത്രണത്തിലെ ഏറ്റവും മാതൃകാപ്രവർത്തനത്തിനു മുൻകൈയെടുത്തു പ്രവർത്തിച്ച ഭരണസമിതിയും പ്രസിഡന്റും പഞ്ചായത്തു രൂപം നൽകിയ വികസനസമിതിഭാരവാഹികളും രണ്ടുപതിറ്റാണ്ടുകാലം വേട്ടയാടപ്പെട്ടു. തന്റെ പേരിലും സഖാക്കളുടെയും സുഹൃത്തുക്കളുടെയും നേരെയുമുണ്ടായ ആരോപണങ്ങൾകൊണ്ട് അവഹേളനപാത്രമായത് രവീന്ദ്രനു വലിയ ഹൃദയവ്യഥയ്ക്കും മാനസികപിരിമുറുക്കത്തിനും ഇടയാക്കി. അദ്ദേഹത്തിന്റെ അകാലചരമത്തിന് ഇതുമൊരു കാരണമാണ്.

ഇപ്പോൾ ഈ കഥ മുഴുവൻ വായിച്ചുമനസ്സിലാക്കിയപ്പോൾ എന്റെ അത്ഭുതം, രണ്ട് ഇടതുപക്ഷസർക്കാരുകളുടെ കാലത്തും ഇവരാരും എന്നെ സമീപിച്ചില്ലായെന്നതാണ്. ഇത്തരത്തിലുള്ള ഒരു അനധികൃതയിടപെടലും ഇല്ലാതെതന്നെ തങ്ങളുടെ സത്യസന്ധത തെളിയിക്കണമെന്നുള്ള വാശിയായിരുന്നു ഇതിനു പിന്നിലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

മരിക്കുമ്പോൾ സിപിഐ(എം) മുളന്തുരുത്തി ഏരിയാ കമ്മിറ്റിയംഗം ആയിരുന്നു. കർഷകസംഘം ഏരിയാ പ്രസിഡന്റ്, ഗ്രന്ഥശാലസംഘം കണയന്നൂർ താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.