വി. വി. പ്രസന്നകുമാരി
ലഘു ജീവചരിത്രം (Biography)
പ്രസന്നയ്ക്ക് 70-ാം പിറന്നാളാശംസ നേർന്ന് 2021 ഒക്റ്റോബർ ഒന്നിന് എഴുതിയ കുറിപ്പാണിത്.
മൂന്നാംപെൺകുഞ്ഞ് എന്ന നിലയിൽ കുട്ടിക്കാലം ‘അനാവശ്യപെൺകുട്ടിസ്ഥാന’ത്തേത് ആയിരുന്നുവെന്നു പ്രസന്ന ഓർക്കാറുണ്ട്. തുടർന്നു ജനിച്ചത് മൂന്ന് അനുജന്മാർകൂടി ആയപ്പോൾ അനാവശ്യപെൺകുട്ടിസ്ഥാനം പൂർണ്ണമായി. ഈ അനുഭവങ്ങളുടെ ഓർമ്മകളായിരിക്കാം പ്രസന്നയുടെ സ്ത്രീപക്ഷചിന്തയ്ക്കും പ്രവർത്തനത്തിനും തുടക്കം. അങ്ങനെയാകാം വായനയും രാഷ്ട്രീയവും ജീവിതത്തിൽനിന്ന് അടർത്തുവാനാകാത്ത അടരുകളായി മാറുന്നതും അടിമുടി രാഷ്ട്രീയജീവിയായി ഇന്നും ജീവിക്കുന്നതും.
25 വർഷംമുമ്പ് ജനകീയാസൂത്രണപ്രസ്ഥാനം കേരളത്തിൽ ആരംഭിച്ചപ്പോൾ അതുമായി ബന്ധപ്പെടേണ്ട ആവശ്യമൊന്നും കേന്ദ്രസർവീസിൽ പണിയെടുക്കുന്ന ആളെന്ന നിലയിൽ വി. വി. പ്രസന്നകുമാരിയ്ക്ക് ഔദ്യോഗികമായി ഉണ്ടായിരുന്നില്ല. NEPTE സംസ്ഥാന മഹിളാകൺവീനർ എന്ന നിലയിൽ സ്ത്രീകൾക്കിടയിൽ സംസ്ഥാനംമുഴുവൻ പോയി പ്രവർത്തിച്ചിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിലും ഉണ്ടായിരുന്നു. സാക്ഷരതായജ്ഞത്തിന്റെ സഹയാത്രിക ആയിരുന്നു. ഇതൊക്കെയാവാം ജനകീയാസൂത്രണത്തിൽ പങ്കെടുക്കാൻ പ്രേരണയായത്.
ജില്ലാതലപരിശീലനത്തിൽ പങ്കെടുത്തായിരുന്നു തുടക്കം. ജനകീയാസൂത്രണപ്രസ്ഥാനം ജെൻഡർ പരിശീലനത്തിനു മുൻഗണന നല്കാൻ തീരുമാനിച്ചതോടെ പരിശീലനാർത്ഥിയിൽനിന്നു പരിശീലകയായി മാറി. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്വത്തിന്റെ വലുപ്പം തുടക്കത്തിൽ മനസ്സിലായിരുന്നില്ല. ജനപ്രതിനിധികളായവരെ ജെന്റർ സെൻസിറ്റൈസ് ചെയ്യുക എന്ന വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത് എന്ന ധാരണയും പിന്നീടാണ് ഉണ്ടായത്. ലീവെടുത്തു തിരുവനന്തപുരത്ത് അഴ്ചകളോളം തങ്ങാൻ പറ്റുമോ എന്ന ചോദ്യത്തിന് ‘യെസ്’ എന്ന മറുപടി നല്കാൻ ഒരു വിഷമവുമുണ്ടായിരുന്നില്ല.
പരിശീലനത്തിന്റെ ഓരോ മൂന്നുദിവസവും കഴിയുമ്പോൾ ആശ്വാസത്തിന്റെ വലിയ നെടുവീർപ്പുകൾ. അടുത്ത ടീമിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ. സമയബന്ധിതമായി നടന്ന പരിശീലനം ജീവിതത്തെയാകെ മാറ്റിമറിച്ചു. ഉള്ളുരിലെ സ്വയംസഹായസംഘങ്ങളെ സന്ദർശിക്കാനുള്ള ഫീൽഡ്‌സ്റ്റഡിയായിരുന്നു ചിട്ടയായി നടത്തേണ്ടുന്ന വലിയ ദൗത്യം. പല സ്ഥലത്തുനിന്നു പല രാഷ്ട്രീയബോധ്യം ഉള്ളവർ - എല്ലാവരെയും ഒരുമിച്ചു ചേർത്തുപിടിക്കുക - നല്ല മെയ് വഴക്കം ആവശ്യമായിരുന്നു.
ലോ അക്കാദമിയിൽനിന്ന് ആരതിയും മാജിദയും സിന്ധുവും ടുട്ടുവും (നിഷ) കോഴിക്കോട്ടുനിന്ന് ആതിരയും ശ്രീകലയും പ്രീതയും എല്ലാംകൂടി എത്തിയപ്പോൾ അന്തരീക്ഷം ആകെ മാറി. എല്ലാ കുട്ടികളും ‘അമ്മ’ എന്നു വിളിച്ചു. യഥാർത്ഥത്തിൽ അമ്മ ആരുടേതെന്നു പലർക്കും അറിയില്ലായിരുന്നു.
ആരതി ഇങ്ങനെയാണ് ഓർക്കുന്നത് “അമ്മയോടൊപ്പം കൈക്കുഞ്ഞുങ്ങളായി സംഘടനാപരിപാടികളിൽ പോയിത്തുടങ്ങിയ ഞങ്ങൾ സ്വയം മുതിരുന്നതും തുല്യരായി പങ്കെടുക്കുന്നതുമായ ആദ്യാവസരം തരുന്നത് ജനകീയാസൂത്രണകാലമാണ്. ജെൻഡർ എന്ന പദം ഞങ്ങളുടെ അതുവരെയുള്ള ജീവിതത്തെ തിരിഞ്ഞുനോക്കാനും തിരുത്തിയെഴുതാനും പാകത്തിലുള്ള ഊർജ്ജമായി മാറിയത് സ്ത്രീപദവിപഠനം വനിതാജനപ്രതിനിധികൾക്കായി സംസ്ഥാനജനകീയാസൂത്രണസെല്ലിന്റെ നേതൃത്വത്തിൽ നടന്ന കാലത്താണ്.”
വനിതാഘടകപദ്ധതികൾ, മാനവീയം, സ്ത്രീപദവിപഠനം, വനിതാജനപ്രതിനിധികളുടെ അനുഭവപഠനങ്ങൾ, വികസനരേഖയിലെ വനിതാ അദ്ധ്യായങ്ങളെ വിലയിരുത്തൽ, മാതൃകാപ്രൊജക്റ്റുകൾ കണ്ടെത്തൽ തുടങ്ങി അനുദിനം മെച്ചപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്ത പഠനപരിപാടികൾ. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടു നീക്കിയ രാപകലുകൾ. എല്ലാം എല്ലാവർക്കും പുതിയ അനുഭവങ്ങൾതന്നെ ആയിരുന്നു. ഈ പരിശീലനപരിപാടികൾ എല്ലാംതന്നെ കേരളത്തിലെ ജനപ്രതിനിധികൾക്കിടയിലും ഉദ്യോഗസ്ഥരുടെ മനസിലുമെല്ലാം നല്ല സ്വാധീനമുണ്ടാക്കി എന്നാണു പ്രസന്നയുടെ വിലയിരുത്തൽ. സാധാരണസ്ത്രീകളെ പുതുചിന്തകളിലേക്ക് ആകർഷിക്കാൻ ആ പരിശീലനങ്ങൾക്കു സാധിച്ചു എന്നത് അഭിമാനകരം. പാലക്കാട് IRTC യിൽ ആരംഭിച്ച് തിരുവനന്തപുരം മാർ ഇവാനിയസ് കോളെജ്, ഐഎംജി ക്യാമ്പസ്, തൃശൂർ കില ഇവിടെയെല്ലാം നടന്ന നിരവധിപരിപാടികൾക്ക് ഇന്നും തുടർച്ചയുണ്ട് എന്ന സന്തോഷം.
കണ്ണൂരിലെ കൃഷ്ണമേനോൻ മെമ്മോറിയൽ കോളെജിൽ നടന്ന മേഖലാതലപരിശീലനം ആണെന്നു തോന്നുന്നു പ്രസന്നയുടെ ഏറ്റവും ഇഷ്ടപ്പെട്ട ക്യാമ്പ്. രാത്രിയിലെ ഇൻസ്റ്റന്റ് കലാപരിപാടികളും കളികളും എല്ലാ വനിതാപരിശീലനക്യാമ്പുകളുടേയും പ്രത്യേകത ആയിരുന്നു. കണ്ണൂർ ക്യാമ്പ് ഫയർ തകർത്തു!
കേരളത്തിന്റെ വടക്കേയറ്റത്തുനിന്നു തിരുവന്തപുരത്തേക്കും ഒരു പരിചയവും മുൻപ് ഇല്ലാത്ത ഇടങ്ങളിലേക്കും നടത്തേണ്ടിവന്ന പലവിധ യാത്രകൾ. പരിചയമില്ലാത്ത സ്ഥലങ്ങളിൽ അസമയത്ത് എത്തിച്ചേരുന്നത്, ഒട്ടും മുൻ പരിചയം ഇല്ലാത്ത മനുഷ്യരുമായുള്ള സംവാദം, സൗഹൃദം… തുടർ ജീവിതത്തെ മികവുള്ളതാക്കി മാറ്റീ ആ കാലവും ആ അനുഭവങ്ങളും.
പ്രസന്നയുടെ വാക്കുകളിൽ, ജനകീയാസൂത്രണകാലം അവശേഷിപ്പിക്കുന്നതു സൗഹൃദങ്ങൾ മാത്രമല്ല, താഴെത്തട്ടിൽനിന്നു സ്ത്രീകൾ നേതൃത്വമായി മാറിയ രാഷ്ട്രീയപ്രക്രിയകൂടി ആണ്. പൊതുരംഗത്തു തെരഞ്ഞെടുപ്പിലൂടെയും അയൽക്കൂട്ടങ്ങളിലൂടെയും എത്തിയ സ്ത്രീകൾ അവരുടെ പങ്കാളിത്തവും നേതൃത്വവുംകൊണ്ട് പൊതുമണ്ഡലത്തെ പരിമിതമായെങ്കിലും മാറ്റിത്തീർത്തു. ജനകീയാസൂത്രണം ചർച്ചയ്ക്കുവച്ച ജെൻഡർ എന്ന ആശയം, അതിന്റെ പുതിയ ജനാലകൾ തുറക്കുകയും അടയാളപ്പെടുത്താതെ പോയിരുന്ന നിരവധി ജീവിതാനുഭവങ്ങളെ വായിക്കാനുള്ള പുതുഭാഷ നല്കുകയും ചെയ്തു.