Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. വി. രാജേന്ദ്രൻ നായർ
ഡോ. വി. രാജേന്ദ്രൻ നായർ

ഡോ. വി. രാജേന്ദ്രൻ നായർ

ലഘു ജീവചരിത്രം (Biography)

ധനുവച്ചപുരം എൻ‌എസ്‌എസ് കോളെജിൽ പഠിപ്പിച്ചിരുന്ന ഡോ. വി. രാജേന്ദ്രൻ നായർ ഇടയ്ക്കിടയ്ക്കു സിഡിഎസ് സന്ദർശിക്കുമായിരുന്നു. അന്ന് അദ്ദേഹം പി‌എച്ച്‌ഡി ഗവേഷണത്തിൽ ആയിരുന്നു. പലപ്പോഴും ചർച്ചചെയ്യാൻ എന്റടുത്തു വരാറുമുണ്ട്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണു കല്യാശ്ശേരി വികസനസെമിനാറിലേക്കു രാജേന്ദ്രനെ ക്ഷണിച്ചത്. ഈ സെമിനാർ രാജേന്ദ്രനു പുതിയൊരു വികസനലോകത്തേക്കുള്ള കിളിവാതിലായി. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സയൻസ് ഫോറം പ്രവർത്തനങ്ങൾ കോളെജിൽ നടത്തിയതിന്റെ പേരിൽ ഡോ. രാജേന്ദ്രൻ ആർ‌എസ്‌എസ്, എബിവിപി എന്നിവരുടെ നോട്ടപ്പുള്ളിയായി. അവർ ആ കോളെജിനെ പൂർണ്ണമായും പിടിയിലൊതുക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.

ഒന്നാംഘട്ടപരിശീലനത്തിൽ കെആർപി ആയി. ഉണർവിന്റെ നാളുകൾ എന്നാണ് ഈ പരിശീലനങ്ങളെ ഡോ. രാജേന്ദ്രൻ വിശേഷിപ്പിക്കുന്നത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണകോ-ഓർഡിനേറ്ററായി. വാർഡുസഭകളും വികസനസെമിനാറും ജനപങ്കാളിത്തം ഉറപ്പാക്കി സംഘടിപ്പിക്കാൻ കഴിഞ്ഞു. ജയപ്രകാശ്, നപേശൻ തുടങ്ങിയെ ഒരു ചെറുസംഘം സന്നദ്ധപ്രവർത്തകരെ തനിക്കൊപ്പം പ്രവർത്തനരംഗത്തു കൊണ്ടുവരാൻ രാജേന്ദ്രനു കഴിഞ്ഞു. നഗരസഭയ്ക്കു വിഭവഭൂപടം തയ്യാറാക്കി. നൂറുകണക്കിനു പ്രൊജക്ടുകൾ ഉൾക്കൊള്ളുന്ന പ്രൊജക്ട്‌കലവറയ്ക്കു രൂപംനല്കാൻ കഴിഞ്ഞു എന്നതു ശ്രദ്ധേയമാണ്.

എന്നാൽ ഇതിൽനിന്നു മുൻഗണനാടിസ്ഥാനത്തിൽ വാർഷികപദ്ധതിയിലേക്കു പ്രൊജക്റ്റ് തെരഞ്ഞെടുക്കൽ ശ്രമകരമായ പണിയായി മാറി. വികസനപിന്നാക്കാവസ്ഥയും മുൻഗണനയും മുൻനിർത്തി പ്രൊജക്റ്റ് തെരഞ്ഞെടുക്കലും വാർഡ് കൗൺസിലർരുടെ സമ്മതം നേടലും അത്ര ലളിതമായിരുന്നില്ലെന്നാണു രാജേന്ദ്രൻ പലപ്പോഴും പറയാറുള്ളത്.

ഭരണതന്ത്രവും പരിചയവുമുള്ള മുനിസിപ്പൽ ചെയർമാനും കൗൺസിലും ജനകീയാസൂത്രണക്യാമ്പയിൻ സംഘാടനത്തിനു മുന്നിലായിരുന്നെങ്കിലും സമയബന്ധിതമായി വികസനറിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പ്രൊജക്റ്റുകൾ തയ്യാറാക്കാനും സമയബന്ധിതമായി അംഗീകാരം നേടാനും നന്നായി പ്രയാസപ്പെട്ടിരുന്നു. എന്നാൽ, രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർക്കു കൗൺസിലിന്റെ വിശ്വാസം നേടി പദ്ധതിയാസൂത്രണപ്രവർത്തനങ്ങൾ കൃത്യസമയത്തു പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രാദേശികസന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള കുറച്ചു കൗൺസിലർമാരെ പ്രേരിപ്പിച്ച് അവരുടെ വാർഡുകളിലെ വർക്കുകൾ മാതൃകാപരമായി ചെയ്യാൻ കഴിഞ്ഞു. അത്തരത്തിൽ, നിശ്ചയിച്ച തുകയിലുംതാഴെ ജനകീയക്കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യാനായി. മാത്രമല്ല പണിസ്ഥലങ്ങളിൽ കണക്കുകൾ ബോർഡിൽ എഴുതി പ്രദർശിപ്പിച്ചു വയ്ക്കാൻ കഴിഞ്ഞതും ജനകീയയിടപെടൽ വന്നതോടെ ആയിരുന്നു.

എന്നാൽ, നിർവ്വഹണത്തിൽ ജനകീയത കൊണ്ടുവരുന്നതിൽ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരും കൗൺസിലർരുടെ ഭാഗത്തുനിന്നു വേണ്ടത്ര പിന്തുണ ലഭിക്കാത്ത സന്ദർഭങ്ങൾ രാജേന്ദ്രന് ഉണ്ടായിട്ടുണ്ട്. ഗുണഭോക്തൃകമ്മിറ്റികളുടെ മാതൃകാപരമായ വർക്കുകൾ മെഷർ ചെയ്യുന്നതിൽ വീഴ്ചവരുത്തിയും ബില്ല് വച്ചുതാമസിച്ചും നിർവ്വഹണത്തിൽ ഉണ്ടാക്കിയ തടസ്സങ്ങൾ മാർച്ചുമാസത്തിൽ പദ്ധതിച്ചെലവു നിശ്ചിതശതമാനം എത്തിക്കാൻ തടസ്സമായ സാഹചര്യം രാജേന്ദ്രൻ പറയാറുണ്ടായിരുന്നു.

ഒരുസംഘം പ്രാദേശികവിദഗ്ദ്ധരെ കൂട്ടിയോജിപ്പിച്ചും രാജേന്ദ്രന്റെ സാങ്കേതികപരിജ്ഞാനം ഉപയോഗപ്പെടുത്തിയും സമഗ്രകാഴ്ചപ്പാടുള്ളതും ഉദ്ഗ്രഥിതവുമായ വികസനപദ്ധതി നെയ്യാറ്റിൻകരക്കായി തയ്യാറാക്കാൻ രാജേന്ദ്രനു കഴിഞ്ഞു. ഇതിനായി മുനിസിപ്പൽപ്രദേശത്തിന്റെ യഥാർത്ഥവികസനം ആഗ്രഹിക്കുന്ന ജനസാമാന്യത്തിനിടയിൽ ചർച്ചയ്ക്കും അഭിപ്രായസ്വരൂപണത്തിനും അവസരമൊരുക്കിയും അവരിൽനിന്നു കൂടുതൽ മനസ്സിലാക്കിയും പദ്ധതിരൂപവത്ക്കരണം ഫലപ്രദമാക്കിയെങ്കിലും മുൻഗണന നിശ്ചയിക്കലും നിർവ്വഹണഘട്ടവും പ്രയാസകരം ആയിരുന്നെന്നാണു രാജേന്ദ്രന്റെ അനുഭവം.

ജില്ലാപ്പഞ്ചായത്തുകളുടെ പദ്ധതിയാസൂത്രണസഹായത്തിനു മറ്റാരെയും അന്നു പ്രത്യേകം നല്കിയിരുന്നില്ല. മാത്രമല്ല, തിരുവനന്തപുരം ജില്ലയിലെ കോ-ഓഡിനേറ്റർച്ചുമതല ഉണ്ടായിരുന്ന ജഗജീവൻ പ്ലാനിങ് സെല്ലിൽ പരിശീലനത്തിന്റെ ചുമതക്കാരനും ആയിരുന്നു. അതുകൊണ്ട്, തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിന്റെ വാർഷികപദ്ധതി തയ്യാറാക്കാനുള്ള ചുമതല ഡോ. രാജേന്ദ്രനു നല്കി. ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ബി. സത്യന്റെ പ്രത്യേക ആവശ്യപ്രകാരമാണു രാജേന്ദ്രന്റെ സേവനം തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിനു വിട്ടുനല്കിയത്. രണ്ടാംവർഷപദ്ധതിരേഖയും വാർഷികപ്രൊജക്ടുകളും രാജേന്ദ്രന്റെ നേതൃത്വത്തിൽ തയ്യാറാക്കി. സമയബന്ധിതമായി ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതിക്ക് അംഗീകാരം വാങ്ങിയെടുക്കാൻ രാജേന്ദ്രന്റെ ഇടപെടൽ സഹായിച്ചു. ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതിയിൽ ലക്ഷംവീട് ഒറ്റവീടാക്കൽ, തണൽ ഭവനപദ്ധതി, സമഗ്രനെൽക്കൃഷിവികസനം, തുടങ്ങി ഒട്ടനവധി നൂതനപ്രൊജക്ടുകൾക്കു രൂപം നല്കാൻ ജില്ലാപ്പഞ്ചായത്തിന് ഒരു വിദഗ്ദ്ധടീം ഉണ്ടായിരുന്നു. അതിലെ ഒരു സജീവാംഗം ആയിരുന്നു രാജേന്ദ്രൻ. മാത്രമല്ല. തിരുവനന്തപുരം ഡിപിസിക്കായി പദ്ധതിരേഖയും പ്രൊജക്ടുകളും വിലയിരുത്തുന്ന ടീമിലെ സജീവാംഗമായും മികച്ച സേവനം കാഴ്ചവയ്ക്കാൻ ഡോ. രാജേന്ദ്രനു കഴിഞ്ഞിട്ടുണ്ട്

ജനകയാസൂത്രണ അധികാരവികേന്ദ്രീകരണ അനുഭവങ്ങൾ അദ്ദേഹത്തിന്റ അക്കാഡമികപ്രവർത്തനത്തിനും സഹായിച്ചു. അതിലുപരി, വികസനകാര്യങ്ങളിൽ പ്രായോഗികമായി ഇടപെടാനുള്ള കഴിവു നല്കി. സർവ്വീസിൽനിന്നു വിരമിച്ചിട്ടും വയോജനങ്ങൾക്കായുള്ള വലിയ ഒരു പ്രൊജക്ടിന്റെ നടത്തിപ്പുചുമതലയുടെ തിരക്കിലാണ്. റിട്ടയർ ചെയ്ത കോളെജദ്ധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയുള്ള ഒരു റിട്ടയർമെന്റ് ഗ്രാമം. സാധാരണഗതിയിലുള്ള വയോജനസേവനങ്ങൾക്കു പുറമേ അവരുടെ അക്കാഡമിക് - ബൗദ്ധിക പ്രവർത്തനങ്ങൾക്കു സഹായകമായ ഭൗതികസൗകര്യവും പശ്ചാത്തലവും ഉണ്ടാകും. എല്ലാവരും അവരവരുടെ ഫ്ലാറ്റുകൾക്ക് അല്ലെങ്കിൽ വീടുകൾക്കുള്ള മുതൽമുടക്കു നടത്തണം. ഇതും ഒരു നൂതനപരീക്ഷണം.

പി. എം. ആതിര, പി. എം. ആരതി

ജനകീയാസൂത്രണത്തിന് ഒരു കുട്ടിപ്പട്ടാളം ഉണ്ടായിരുന്നു. അതിൽ പ്രധാനികളെ മിക്ക ഫോട്ടോയിലും കാണാം. ആതിര, ശ്രീകല, ആരതി, സിന്ധു, മാജിത, ആശാലത... ഇങ്ങനെയൊരു കുട്ടിപ്പട്ടാളം. വനിതാജനപ്രതിനിധിപരിശീലനം, സ്ത്രീപദവിപഠനപരിപാടി, അയൽക്കൂട്ടസംഗമം, ഇവയുടെയൊക്കെ ജില്ലാതലസമ്മേളനങ്ങൾ - എവിടെയൊക്കെ സ്ത്രീശാക്തീകരണപരിപാടികൾ ഉണ്ടോ അവിടെയെല്ലാം ഇവർ സഹായികളായി, സംഘാടകരായി, സംവേദകരായി, പിന്നെ അവസാനമായപ്പോൾ അദ്ധ്യാപകരായി.

ആതിരയും ശ്രീകലയും ഒഴികെ ബാക്കിയെല്ലാവരും തിരുവനന്തപുരത്ത് എൽഎൽബിക്കു പഠിക്കുകയായിരുന്നു. ഇവരെ കണ്ടെത്തി സംഘംചേർത്തതിന്റെ പൂർണ്ണക്രെഡിറ്റ് ഡോ. ടി. എൻ. സീമയ്ക്കാണ്. വർക്കിങ് വിമൻസ് ഹോസ്റ്റലിലായിരുന്നു ഇവരുടെ താമസം. അവിടെയൊരു ക്ലാസ്സ് എടുക്കാൻ ചെന്ന സീമ ഇവരെ ജനകീയാസൂത്രണത്തിൽ എത്തിച്ചു. ഇവരുടെയൊക്കെക്കൂടെ പ്രവർത്തിക്കാമല്ലോ എന്നുവച്ചു കൂട്ടുകൂടിയതാണ് കോഴിക്കോട്ട് നിയമവിദ്യാർത്ഥികളായിരുന്ന ആതിരയും ശ്രീകലയും.

ഇവരിൽ ആതിരയെയും ആരതിയെയും കൊച്ചുകുട്ടിക്കാലംമുതൽ എനിക്ക് അറിയാം. ആദ്യം ഇവരെക്കുറിച്ച്. ബാക്കിയുള്ളവരെക്കുറിച്ചു പിന്നാലെ. മിക്കവാറും കാസർഗോഡ് സന്ദർശനവേളയിലെല്ലാം കാഞ്ഞങ്ങാട്ടെ മാധവൻ‌മാഷിന്റെയും പ്രസന്നയുടെയും വീട്ടിൽ പോകും. മിക്കവാറും കുളിപല്ലുതേപ്പെല്ലാം അവിടെ. ഏതായാലും ആതിര അവകാശപ്പെടുന്നത് അഞ്ചു വയസുള്ളപ്പോൾ തോമസ് ഐസക്കിന്റെ ‘അർത്ഥശാസ്ത്രത്തിന്റെ ഹരിശ്രീ’ ക്ലാസ് കേട്ടിട്ടുണ്ടെന്നാണ്. നീലേശ്വരം ചായോത്തു നടന്ന ക്ലാസിൽ അമ്മ പ്രസന്നയോടൊപ്പം മുന്നിലെ ബഞ്ചിൽ രണ്ടു കടുകുമണികളും ഉണ്ടായിരുന്നു. പിന്നീട് എസ്എഫ്ഐ ക്ലാസുകളിൽ.

പക്ഷെ, എനിക്കു നല്ല ഓർമ്മ ബോംബെ സന്ദർശനവേളയിൽ കണ്ടുമുട്ടിയതാണ്. ബോംബെ മലയാളി സമാജത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ ചെന്നതാണ്. സ്കൂൾക്കുട്ടികളായ രണ്ടുപേരും വെക്കേഷനു ബോംബെയിൽ ഉണ്ട്. അവിടെ ഫ്ലാറ്റിൽവച്ചു കണ്ടപ്പോൾ ഏതാണ്ടു ബോംബെയിലെ സ്ഥിരതാമസക്കാരെപ്പോലെയാണു ചോദ്യങ്ങൾ. ബോംബെ കാണണ്ടേ? ആദ്യമായിട്ടാണോ വരുന്നത്? എന്നെ ബോംബെ കൊണ്ടുപോയി കാണിക്കാമെന്നേറ്റു. അന്നേ രണ്ടിന്റെയും പ്രത്യേകതയാണു മുതിർന്നവരെപ്പോലെ സംസാരിക്കുക എന്നത്. മുന്നിട്ടുനില്ക്കാൻ മടിയോ പരിഭ്രമമോ ഇല്ല. ഏതായാലും രണ്ടുദിവസം ഞങ്ങൾ ബോംബെ ചുറ്റിക്കറങ്ങി.

ഇവരുടെ ചെറുഗ്രൂപ്പ് സ്ഥിരമായിട്ടു പരിപാടികളിൽ വരിക മാത്രമല്ല, ആവശ്യമുണ്ടെങ്കിൽ സഹപാഠികളെയും വോളന്റിയേഴ്സായി പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. പാഠപുസ്തകങ്ങളും അനുഭവക്കുറിപ്പുകളുമായി ഏഴു ഗ്രന്ഥങ്ങൾ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടു ജനകീയാസൂത്രണകാലത്തു പുറത്തിറക്കിയിട്ടുണ്ട്. എഴുത്ത്, തിരുത്ത്, അച്ചടി എല്ലാം ഏതാണ്ട് ഒരേസമയത്തു നടക്കും. ഇവയിൽ നല്ലൊരുപങ്കിന്റെ ആദ്യവായനക്കാരും വിമർശകരും ഇവരായിരുന്നു. സ്ത്രീശാക്തീകരണപരിശീലനങ്ങളിൽ സംവാദങ്ങളും തർക്കങ്ങളും സംശയങ്ങളും അടങ്ങിയ ഒരു സ്നേഹവൃന്ദമായി മാറി. ആതിര ആ അനുഭവങ്ങളെ ഇങ്ങനെയാണ് ഓർക്കുന്നത്:

“പാട്രിയാർക്കിയുടെ കുരുക്കിൽ ജീവിച്ച മനുഷ്യരെ - ജനപ്രതിനിധികളെ - സ്ത്രീപദവി പഠിപ്പിക്കൽ അത്ര എളുപ്പം ആയിരുന്നില്ല. നമ്മൾ ആദ്യം നമ്മളെത്തന്നെ അഴിച്ചുപണിയണമായിരുന്നു. അതുവരെ പഠിച്ചതു മറക്കണമായിരുന്നു പുതിയതു സ്വാംശീകരിക്കാൻ. വീട്ടിൽ, വിദ്യാലയത്തിൽ, സംഘടനയ്ക്കകത്ത്, പൊതുവിടങ്ങളിൽ, അധികാരത്തിന്റെ ഇടങ്ങളിൽ, നിലനില്ക്കുന്ന സ്ത്രീയുടെ രണ്ടാംകിടപദവി - അതുവരെ കാണാത്തതു കണ്ടുതുടങ്ങിയത് അപ്പോൾമുതൽ ആണ്; സ്വാഭാവികം എന്നു കരുതിയതിൽ അസ്വസ്ഥതകൾ വന്നു തുടങ്ങിയത്; സ്ത്രീപക്ഷചിന്തകൾക്കു മൂർച്ച വന്നത്.

“ജനപ്രതിനിധികൾ അവരതുവരെ കണ്ടുവന്ന വാർപ്പുമാതൃകകളെ തകർക്കലും പുതിയതു നിർമ്മിക്കലും ശ്രമകരമായ പ്രവർത്തനം ആയിരുന്നു. ഞങ്ങളുടെ അമിതാവേശവും എടുത്തുചാട്ടവും നിയന്ത്രിക്കൽതന്നെ സംഘടകർക്കു വലിയ പ്രയാസം ആയിരുന്നു. കാലങ്ങളായി ഉണ്ടാക്കിയെടുത്ത മസിലുപിടുത്തം അയച്ചെടുക്കാൻ പിന്നീടുള്ള അടവുനീക്കങ്ങൾവഴി ഞങ്ങൾ പുതിയ വിദ്യകൾ കണ്ടെത്തി.

“കളികളിലൂടെ, കലയിലൂടെ കാര്യം പറയാം എന്നു പഠിപ്പിച്ച ക്യാമ്പ് ഫയറുകൾ. ക്ലാസുകളിലെ ചില തിരിച്ചറിയൽ ടെക്‌നിക്കുകളിലേക്കു ജനപ്രതിനിധികളെ സ്വയം നയിക്കൽ ഉൾപ്പെടെ ഭക്ഷണമേശകളും രാത്രി ഉറങ്ങാൻ കിടന്ന ശേഷവുംവരെ സംവാദത്തിന്റെ, ആലോചനകളുടെ, ഇടങ്ങളായി മാറി. ഇന്നും നടക്കുന്ന സ്ത്രീപക്ഷചർച്ചകളിൽ, സംവാദങ്ങളിൽ, പങ്കെടുക്കാനുള്ള ഊർജ്ജം കിട്ടിയത് അവിടെനിന്നാണ്.

“കോടതിമുറികൾക്കകത്തു സ്ത്രീപക്ഷസമീപനം മുറുകെപ്പിടിക്കാനായത്, സ്ത്രീവിരുദ്ധാശയങ്ങളെയും രീതികളെയും സ്വയം തിരിച്ചറിയാനുളള കാഴ്ചപ്പാടിന് അടിത്തറയിട്ടത്, ആ പരിശീലനക്കളരിയിൽനിന്നാണ്.

“പിന്നീടുള്ള വിദ്യാർത്ഥി - യുവജന - മഹിളാ സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി പല ഇടങ്ങളിൽ എത്തപ്പെട്ടപ്പോഴൊക്കെ അന്നു പരിശീലനത്തിനായി എത്തിയ പല ജനപ്രതിനിധികളുടയും സ്നേഹവാത്സല്യങ്ങൾ ഇപ്പോഴും തുടരുന്നത് അനുഭവിച്ചറിയാനായി. അന്നു ചേർത്തുപിടിച്ച സൗഹൃദങ്ങൾ പിടിവിടാതെ കൂടെ ഉണ്ട്. അവിടുന്നു ലഭിച്ച സ്ത്രീപദവി സംബന്ധിച്ച രാഷ്ട്രീയചിന്തകളും.”

ആതിര ഇപ്പോൾ കോഴിക്കോട്ട് അഭിഭാഷികയും രാഷ്ട്രീയപ്രവർത്തകയുമാണ്. ആരതിയുടെ മാർഗ്ഗം എപ്പോഴോ അക്കാദമിക്സിലേക്കു തിരിഞ്ഞു. ജെഎൻയുവിൽ പഠനം, ഡോക്ടറേറ്റ്, ഇപ്പോൾ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അദ്ധ്യാപിക.