Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഇ. സിന്ധു

ഇ. സിന്ധു

ലഘു ജീവചരിത്രം (Biography)

സിന്ധു അന്നും സിന്ധുയേച്ചി ആയിരുന്നു. കുട്ടിപ്പട്ടാളത്തിലെ ആതിര, ആരതി, മാജിത, ടുട്ടു ഇവരെല്ലാവരും ഏതാണ്ടു സമപ്രായക്കാർ ആയിരുന്നു. എന്നാലും സിന്ധു എല്ലാവർക്കും ചേച്ചിയായിരുന്നു. ഡിഗ്രി കഴിഞ്ഞാണ് എൽഎൽബിക്കു ചേർന്നത്. മറ്റ് അഞ്ചുവർഷ നിയമവിദ്യാർത്ഥിനികളേക്കാൾ 2-3 വർഷത്തെ പ്രായക്കൂടുതൽ. അതുകൊണ്ടു മാത്രമല്ല, പക്വതയും ഇരുത്തവും വന്ന പെരുമാറ്റം സിന്ധുവിന്റെ പ്രത്യേകതയായിരുന്നു.

നിയമപഠനകാലത്തു താമസിച്ചിരുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ പ്രസംഗിക്കാൻ പോയ ഡോ. ടി. എൻ. സീമയാണ് സിന്ധുവിനെയും ജനകീയാസൂത്രണക്യാമ്പിലേക്കു കൂട്ടിക്കൊണ്ടുവന്നത്. സിന്ധു പിന്നെ തിരിച്ചു പോയിട്ടില്ല. രണ്ടുതവണ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ്, ഇപ്പോൾ പെരുമ്പടപ്പ് ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് എന്നീ നിലകളിലും അല്ലാതെ റിസോഴ്സ് പേഴ്സണായും അധികാരവികേന്ദ്രീകരണത്തിനൊപ്പം സിന്ധു സഞ്ചരിച്ചു.

സിന്ധു പ്രസിഡന്റായിരിക്കുമ്പോൾ മാറഞ്ചേരി പഞ്ചായത്തിന് അഞ്ചു ദേശീയ അവാർഡുകൾ, നാലു സ്വരാജ് ട്രോഫി, ഹരിതകേരളം പുരസ്കാരം, ജൈവവൈവിദ്ധ്യ അവാർഡ് എന്നിവ ലഭിക്കുകയുണ്ടായി.

ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടപരിശീലനത്തിൽ എൽആർപി ആയിരുന്നു. അതുകൊണ്ടുകൂടിയാവും സീമയുടെ ക്ഷണം മടികൂടാതെ സ്വീകരിച്ചത്. വനിതാകർമ്മസമിതിപരിശീലനം, ജനപ്രതിനിധിപരിശീലനം, വനിതാജനപ്രതിനിധിപരിശീലനം, സ്ത്രീപദവിപഠനപരിപാടി, അയൽക്കൂട്ടപരിശീലനം ഇങ്ങനെയുള്ള എല്ലാ പരിശീലനങ്ങളും കൂട്ടിച്ചേർത്താൽ ഒരു സജീവവനിതാജനപ്രതിനിധി അല്ലെങ്കിൽ പ്രവർത്തക. നാലുവർഷംകൊണ്ടു 30 ദിവസത്തെ പരിശീലനത്തിലൂടെയെങ്കിലും കടന്നുപോയിട്ടുണ്ടാവും. സിന്ധുവിനെപ്പോലുള്ള പരിശീലനസംഘാടകർ ഏറ്റവും കുറഞ്ഞത് 250 ദിവസത്തെ പരിശീലനത്തിൽ പങ്കാളിയായിട്ടുണ്ടാവും. ജനകീയാസൂത്രണം കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ ബോധവൽക്കരണ പരിപാടി ആയിത്തീരുന്നത് ഇങ്ങനെയാണ്.

ഈ പരിശീലനങ്ങളിലെ പങ്കാളിത്തവും നിയമപഠനം കഴിഞ്ഞ് ഒരു വർഷത്തോളം ജനകീയാസൂത്രണസെല്ലിൽ ചേർന്നു പ്രവർത്തിച്ചതുമാണ് തന്നെ താനാക്കിയതെന്നു സിന്ധു വിലയിരുത്തുന്നു. കൃത്യമായ സ്ത്രീപക്ഷകാഴ്ചപ്പാട് ഈ പരിശീലനങ്ങൾ നല്കി. ഡോ. സീമയുമായി ജില്ലകളിലും പഞ്ചായത്തുകളിലും നടത്തിയ സന്ദർശനപരിപാടികൾ വലിയ അനുഭവങ്ങൾ പകർന്നു. സെല്ല് രാപ്പകൽ പണി നടക്കുന്ന ഒരിടം ആയിരുന്നു. പക്ഷെ, അതൊന്നും ഭാരമായിരുന്നില്ല. അത്രയേറെ സൗഹൃദവും അർപ്പണബോധവും അവിടെ പ്രവർത്തിച്ച എല്ലാവരെയും ടീമാക്കി മാറ്റി.

ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഭാഗമായതിന്റെ അനുഭവം രണ്ടുതവണ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ് ആയിരുന്നപ്പോൾ പഞ്ചായത്തിനെ നയിക്കുന്നതിൽ ഒട്ടേറെ സഹായിച്ചിട്ടുണ്ടെന്നു സിന്ധു സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീശാക്തീകരണപദ്ധതികൾക്കും പരിസ്ഥിതിസംരക്ഷണപദ്ധതികൾക്കും പ്രാധാന്യം കൊടുത്താണു പ്രവർത്തിച്ചത്. പെൺകുട്ടികൾക്കു കരാട്ടെ, കളരി പരിശീലനപരിപാടികൾ പദ്ധതിയുടെ ഭാഗമാക്കുകയും ഇന്നും തുടർച്ചയായി ഈ പദ്ധതി പഞ്ചായത്തിൽ നടന്നുവരികയും ചെയ്യുന്നു. ജലസംരക്ഷണ, പരിസ്ഥിതിസംരക്ഷണ പദ്ധതികൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ചാണ് ഏറ്റെടുത്തത്. 152 പുതിയ കുളങ്ങൾ നിർമ്മിച്ചു. പഞ്ചായത്തിന്റെ കാലയോരത്തും പുഴയോരത്തുമായി മൂന്നു ഘട്ടങ്ങളിലായി 15,000-ത്തോളം മുളംതൈ വച്ചുപിടിപ്പിച്ചു. 2017-ൽ ഹരിതകർമ്മസേനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു പ്ലാസ്റ്റിക് ക്യാരിബാഗ് റീസൈക്ലിങ് യൂണിറ്റ് സ്ഥാപിച്ചു. അത് ഇപ്പോഴും നല്ലനിലയിൽ പ്രവർത്തിക്കുന്നു. സ്ത്രീകളെ സംരംഭകരാക്കാനും അവരുടെ ആരോഗ്യപദ്ധതികൾക്കും മുൻതൂക്കം നല്കുന്ന പ്രവർത്തനങ്ങളും ഏറ്റെടുത്തു.

ഇപ്പോൾ ബ്ലോക്ക് പ്രസിഡന്റ് എന്ന നിലയിൽ ഒരു നൂതന തൊഴിൽപദ്ധതി ആവിഷ്കരിക്കാൻ ശ്രമിക്കുകയാണ്. പെരുമ്പടപ്പ് ബ്ലോക്കിനു പൊന്നാനി തീരപ്രദേശവും ബിയം കായൽ, പൊന്നാനി കോൾ മേഖലകളും ഉണ്ട്. അതുകൊണ്ടു മത്സ്യം സുലഭം. തീരദേശത്തെ സ്ത്രീകളാണെങ്കിൽ പരമ്പരാഗതമായി വീടിനുചുറ്റും കഴിയാൻ വിധിക്കപ്പെട്ടവരാണ്. മത്സ്യവില്പനയ്ക്കു പോകില്ല. രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും. ഇതിനു പ്രതിവിധി എന്താണ്?

കായൽ സമുദ്ര മത്സ്യങ്ങൾ പൊതുകേന്ദ്രത്തിൽ വൃത്തിയാക്കി റെഡി ടു കുക്ക് പായ്ക്കറ്റുകളിലാക്കി ഓൺലൈൻ വിപണനം നടത്തുക. ഓർഡർ അനുസരിച്ചു മത്സ്യക്കറി പാചകം ചെയ്തു വീടുകളിലേക്കും ആവശ്യപ്പെടുന്ന ഇടങ്ങളിലേക്കും എത്തിക്കും. പൊന്നാനി മുനിസിപ്പാലിറ്റിയിലും ഗ്രാമപ്പഞ്ചായത്തുകേന്ദ്രങ്ങളിലും മത്സ്യസ്നായ്ക്കുകൾ വില്ക്കുന്ന സ്ട്രീറ്റ് കാർട്ടുകൾ വഴിയും വിപണി കണ്ടെത്തും. സംസ്കരണം, പാചകം, വിപണനം എന്നീ മേഖലകളിലായി 200 സ്ത്രീകൾക്കെങ്കിലും പണി നല്കാനാണു പരിശ്രമം. ആർക്കെങ്കിലും എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ സിന്ധുവിനെ ബന്ധപ്പെടാം: advesindhu@gmail.com .