Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / വി. കെ. ശശിധരൻ (വികെഎസ്)
വി. കെ. ശശിധരൻ (വികെഎസ്)

വി. കെ. ശശിധരൻ (വികെഎസ്)

ലഘു ജീവചരിത്രം (Biography)

"അമ്മയും നന്മയും ഒന്നാണ്

നിങ്ങളും ഞങ്ങളും ഒന്നാണ്

അറ്റമില്ലാത്തതാം ജീവിതത്തിൽ നമ്മൾ

ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല.

നിറവും മണവും വേറെയാണെങ്കിലും

പൂവായ പൂവൊക്കെ പൂവാണ്.

ഒഴുകുന്ന നാടുകൾ വേറെയാണെങ്കിലും

പുഴയായ പുഴയൊക്കെ പുഴയാണ്.”

ഉള്ളൂർ സമത സ്വയംസഹായസംഘങ്ങളുടെ വാർഷികത്തിലാണു ഞാൻ ഈ ഗാനം ആദ്യമായി കേൾക്കുന്നത്. പിന്നീട് ഏതാനും വർഷം കഴിഞ്ഞ് 2001-ൽ മാരാരിക്കുളം വികസനപദ്ധതിയുടെ ഭാഗമായി ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ കുടുംബശ്രീഅയൽക്കൂട്ടസംഗമത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളുടെ കൂട്ടപ്പാട്ടായി ഈ ഗാനം പുനരാവിഷ്കരിക്കാൻ തീരുമാനിച്ചു. വി. കെ. ശശിധരനാണ് ഇതിന്റെ ചുമതലയേറ്റത്.

സംഗീതാദ്ധ്യാപകരടക്കം ഒരു ചെറുടീമിനെ പരിശീലിപ്പിച്ചു. തുടർന്ന് ഒരുമാസംകൊണ്ടു മുഴുവൻ കുടുംബശ്രീഅയൽക്കൂട്ടങ്ങളും ഈ പാട്ടു പഠിച്ചു. ഇതിനുവേണ്ടി ബാക്കിയെല്ലാ പ്രവർത്തനവും മാറ്റിവെച്ചു വാർഡുതോറും നടന്ന വി. കെ. ശശിധരൻ‌മാഷിനെ ഞാനിന്നും ഓർക്കുന്നു. സംഗമവേദിയിൽനിന്നു വികെഎസ് പാട്ടുകാരെ നയിച്ചു. സംഗമത്തിൽ ഗാനമൊരു ആരവമായിരുന്നു. എ. കെ. ആന്റണിയെയും കേന്ദ്രമന്ത്രിയെയുമെല്ലാം അമ്പരപ്പിച്ച അനുഭവം.

വികെഎസ്സ് എന്ന മൂന്നക്ഷരം ശാസ്ത്രസാഹിത്യപരിഷത്തും പുകസയും ഉൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്കു ചിരപരിചിതമായിരുന്നു. കലാജാഥകളിലും തെരുവുനാടകങ്ങളിലും സമ്മേളനവേദികളിലും അവർ ഏറ്റുപാടിയ എണ്ണമറ്റ പടപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്നു അദ്ദേഹം. മാരാരിക്കുളത്തെയത്ര വലുതല്ലെങ്കിലും സംഘമഹാഗാനങ്ങൾ അദ്ദേഹം വേറെയും ഒരുക്കിയിട്ടുണ്ട്, പറവൂരിൽ, കൊല്ലത്തും തൃശൂരും സംസ്ഥാന, അഖിലേൻഡ്യാ ബാലോത്സവങ്ങളിൽ, പരിഷത് രജതജൂബിലിവേദിയിൽ ഒക്കെ. ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളിക്കുട്ടികളും വികെ‌എസ് ചിട്ടപ്പെടുത്തിപ്പാടിയ പൂതപ്പാട്ട് ഉൾപ്പെടെയുള്ള കവിതകളുടെയും കൂട്ടപ്പാട്ടുകളുടെയും ആരാധകരാണ്.

സംഗീതജ്ഞൻ എന്നപോലെതന്നെ സമർപ്പിതമനസ്സോടെ പ്രവർത്തിച്ച സാമൂഹികപ്രവർത്തകനും ആയിരുന്നു വികെഎസ്സ്. കേരള ശാസ്ത്രസാഹിത്യപരിഷത്തിൽ ഒട്ടേറെ ചുമതലകൾ വഹിച്ചിരുന്നു. 77-78-കാലത്ത് പരിഷത്തിന്റെ ജനറൽ സെക്രട്ടറിയും ആയിരുന്ന അദ്ദേഹം സംഘടനയുടെ കൊല്ലം ജില്ലാപ്രസിഡന്റും സെക്രട്ടറിയും പരിഷത്‌പുസ്തകങ്ങളുടെ പ്രസിദ്ധീകരണസമിതി കൺവീനറും ബാലവേദി കൺ‌വീനറും ആയിരുന്നു.

പാട്ടുകൾ മാത്രമല്ല, കവിതകളും മനോഹരമായി ചൊല്ലി കേരളത്തിൽ പുതിയ ധാര സൃഷ്ടിച്ച ആളാണ് അദ്ദേഹം. കവിതകളുടെ ആത്മാവിൽനിന്നു മുളച്ചുപടരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. അദ്ദേഹം ചെയ്ത ഗാനങ്ങളിലെല്ലാം ഈ സിദ്ധിയുടെ കൈയൊപ്പുണ്ട്. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബ്ബന്ധം വികെഎസിന്റെ ഗാനങ്ങളെ അസാധാരണമാംവിധം ഗാംഭീര്യമുള്ളതാക്കി. ഊർജം തുടിക്കുന്ന വരികളിൽ അദ്ദേഹത്തിന്റെ ഈണം തൊട്ടപ്പോൾ പാട്ടുകളിൽ തീപടർന്നു.

‘പൂതപ്പാട്ടി’ന്റെ സംഗീതാവിഷ്കാരം അദ്ദേഹം നിർവ്വഹിച്ചതിനെക്കുറിച്ച് ഇടശേരിയുടെ മകൻ ഇ. ഹരികുമാറിന്റെ ഹൃദയഹാരിയായ കുറിപ്പുണ്ട്. വികെഎസിന്റെ ആലാപനത്തിൽ പൂതപ്പാട്ടിന്റെ പല പുതിയ മാനങ്ങളും പുറത്തുവന്നുവെന്ന് കാസറ്റു കേട്ടപ്പോൾ എം. ഗോവിന്ദൻ അഭിപ്രായപ്പെട്ടത് ഹരികുമാർ ഓർമ്മിക്കുന്നു. വികെ‌എസ് ഈണമിടു പാടുന്ന ‘ഗീതാഞ്ജലി’യിലെ വരികൾക്കൊക്കെ എന്തൊരു ഭാവതീവ്രതയാണ്, ദാർശനികഭാവമാണ്!

കെ. ദാമോദരനും വി. ടി. ഭട്ടതിരിപ്പാടും ഉൾപ്പെടെയുള്ള ആദ്യകാല പുരോഗമനസാഹിത്യപ്രവർത്തകരും കെപിഎസി ഉൾപ്പെടെയുള്ള നാടകസംഘങ്ങളുമെല്ലാം തുടങ്ങിവച്ച ജനകീയനാടകപാരമ്പര്യത്തിന്റെ സഫലമായ പിൻതുടർച്ചയായി വന്നതാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥകൾ. അവയെ ജനകീയമാക്കുന്നതിൽ വികെഎസ്സിനോളം ഉജ്വലസംഭാവന നല്കിയ മറ്റൊരാളില്ല. എൺപതിൽ പരിഷത്തിന്റെ ആദ്യകലാജാഥയുടെ കൺവീനറായിരുന്നു. അതിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയതും ചിലതു പാടിയതും അദ്ദേഹമായിരുന്നു.

പിന്നീട് ഈ അടുത്തകാലംവരെ പരിഷത്‌കലാജാഥകളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. പുനലൂർ ബാലൻ, പി. എൻ. ദാമോദരൻ പിള്ള, മുല്ലനേഴി, കരിവെള്ളൂർ മുരളി, സുഹൃത്ത് കുമാർ തുടങ്ങി ഒട്ടേറെപ്പേരുടെ ഗാനങ്ങൾ വികെഎസ്സിന്റെ സംഗീതത്തിലൂടെ ജനമനസ്സുകളിൽ ആവേശമായി പടർന്നുകയറി.

സമ്പൂർണസാക്ഷരതയുടെ കൊല്ലം ജില്ലയിലെ പ്രധാനസംഘാടകൻ ആയിരുന്നു. അക്ഷരകലാജാഥയുടെ സംവിധായകനും അദ്ദേഹമായിരുന്നു. ജനകീയാസൂത്രണസമയത്തു ടാഗോർ തിയേറ്ററിൽ താമസിച്ച് അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തിയതു മറക്കാനാവില്ല. മുല്ലനേഴിയുടെ “ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരേ! നമുക്കൊത്തുചേരാം, കാലങ്ങളായി നാം കാത്തുകാത്തിരുന്നൊരാ കാലമിതാ ഞങ്ങളുടെ മുന്നിലെത്തി” എന്ന ഗാനം ഭാവമറിഞ്ഞുള്ള സംഗീതത്തിലൂടെ ജനകീയാസൂത്രണത്തിന്റെ സിഗ്നേച്ചർ ഗാനമായിത്തന്നെ മാറി.

ബാലസംഘത്തിന്റെയും കെജിഒഎ ഉൾപ്പെടെ പല സർവീസ്-സാമൂഹിക-രാഷ്ട്രീയസംഘടനകളുടെയും സമ്മേളനങ്ങളിലെ ആദ്യാവേശം വികെഎസ് സംഗീതം നല്കി ആലപിക്കുന്ന ആമുഖഗാനം ആയിരുന്നു.

“മേയ്ദിനമേ, ജയഗാഥകളാൽ, നിറവേറ്റും ശപഥവചസ്സുകളാൽ അഭിവാദനം, അഭിവാദനം!...” എന്ന ഗാനം അദ്ദേഹം പാടുമ്പോൾ ആ പാട്ടിന്റെ ആവേശം മുഴുവൻ നമ്മളിലേക്കു സംക്രമിക്കും.

1967-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹവും പി. കെ. ശിവദാസുമൊത്തു പാട്ടുകൾ ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനാൽ പിന്നീട് ‘തീരങ്ങൾ’ എന്ന ചിത്രത്തിൽ ആ ഗാനങ്ങൾ ഉൾപ്പെടുത്തി.

ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിലും ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചു.

പരിഷത്ത് 80-കളിൽ പുറത്തിറക്കിയ ‘ശാസ്ത്രഗീതങ്ങൾ’ എന്ന കസെറ്റുകളിലൂടെ ആ ശബ്ദവും ഈണങ്ങളും ഗ്രാമഗ്രാമാന്തരങ്ങളിൽ അലയടിച്ചു. പിന്നെ സിഡികളായും ധാരാളം പാടുകൾ ഇറങ്ങി. പുത്തൻകലവും അരിവാളും, ബാലോത്സവഗാനങ്ങൾ, കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപ്പൂവിന്റെ ആകാശം, ശ്യാമഗീതങ്ങൾ, പൂർണ്ണമായീലെങ്കിലും, പ്രണയം, അക്ഷരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ എന്നിവയാണു പ്രധാന ആൽബങ്ങൾ.

വടക്കൻപറവൂരുകാരൻ ആയിരുന്ന വികെഎസ് ആലുവ യുസി കോളജിൽനിന്നു ബിരുദവും തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എൻജിനീയറിങ് ഡിഗ്രിയും എടുത്ത ശേഷമാണു പോളിടെക്‌നിക്ക് അദ്ധ്യാപകനാവുന്നത്. കുട്ടിക്കാലത്തു ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുണ്ട്. കെടാമംഗലം പപ്പുക്കുട്ടി അമ്മാവനായിരുന്നു.

തിൻമകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നമ്മളെ കർമനിരതരാക്കാൻ ഇനി വികെഎസ് ഇല്ലാത്തതു തീരാനഷ്ടം തന്നെ. എങ്കിലും സിരകളിൽ അഗ്നി പടർത്തുന്ന, നമ്മെ അറിയാതെ കർമരംഗത്തേക്കു കുതികൊള്ളിക്കുന്ന ആ സംഗീതപ്രവാഹം നമ്മിൽ ഇനിയും അനേകകാലം ഊർജം നിറയ്ക്കുമെന്നു തീർച്ച. ഈയിടെ അന്തരിച്ച സുഹൃത്ത് കുമാർ രചിച്ച് വികെഎസ് ഈണം നല്കി പാടിയ വരികളിൽ പറയുന്നതാവും ഈ അന്ത്യയാത്രയിലും അദ്ദേഹത്തിനു നമ്മോടു പറയുവാനുണ്ടാവുക:

“പറയുവാനെന്തുണ്ടു വേറെ,

വീണ്ടും പൊരുതുക എന്നതല്ലാതെ,

വീറോടെ പൊരുതുക എന്നതല്ലാതെ.”