Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / മുല്ലനേഴി എം. എൻ. നീലകണ്ഠൻ
മുല്ലനേഴി എം. എൻ. നീലകണ്ഠൻ

മുല്ലനേഴി എം. എൻ. നീലകണ്ഠൻ

ലഘു ജീവചരിത്രം (Biography)

കഷണ്ടികയറിയ തലയുടെ ഇരുവശവും ചീകിയൊതുക്കാത്ത, അല്പം നരകയറിയ കുറ്റിത്തലമുടി. മുഖമാകെ നിറഞ്ഞ് ഇടതൂർന്ന താടിരോമങ്ങളിലും നരകയറിയിട്ടുണ്ട്. വട്ടമുഖത്തിനു ചേരുന്ന വട്ടക്കണ്ണട. തീക്ഷ്ണതയുള്ള നോട്ടം.

തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള കലാജാഥാക്യാമ്പിൽ മൂന്നാം ദിവസമാണ് അദ്ദേഹം എത്തുന്നത്. അയഞ്ഞ മുണ്ടും ഷർട്ടുമാണു വേഷം. തോളത്തൊരു സഞ്ചിയും.

മുല്ലനേഴിയെന്നറിയപ്പെടുന്ന മുല്ലനേഴി നീലകണ്ഠൻ മാഷ്.

അറുപതിലേറെപ്പേർ ക്യാമ്പിലുണ്ട്. അതിനുപുറമേ സംഘാടകരും. എല്ലാവർക്കും ആവേശമായി.

ജനകീയാസൂത്രണം ഒരു ജനകീയപ്രസ്ഥാനം ആകണമെങ്കിൽ നാടിളക്കുന്ന പ്രചാരണപരിപാടികൾ ഉണ്ടാകണം. അധികാരം ജനങ്ങളിലേക്കെത്തുമ്പോൾ അതു സ്വീകരിക്കാൻ അവരുടെ മനസ്സു പാകപ്പെടണം. അതിനുള്ള പരിപാടികളിൽ മുഖ്യമാണു ഗ്രാമഗ്രാമാന്തരങ്ങളി എത്തുന്ന കലാജാഥ. അതിന്റെ സംസ്ഥാനതല പ്രൊഡക്‌ഷൻ ക്യാമ്പാണ് ടാഗോർ തിയേറ്ററിൽ. സർക്കാർപരിപാടി എന്നനിലയിൽ പബ്ലിക് റിലേഷൻസ് വകുപ്പിനാണു സംഘാടനച്ചുമതല. എങ്കിലും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും മൗ പുരോഗമനപ്രസ്ഥാനങ്ങളുടെയും മറ്റും കലാജാഥകളിലും ക്യാമ്പുകളിലുമൊക്കെ മുൻപു പങ്കെടുത്ത പരചിയസമ്പന്നരായ അറുപതോളം പേരാണു പരിപാടികൾ തയ്യാറാക്കാൻ എത്തിയിട്ടുള്ളത്. അവരിൽ നാടകരചയിതാക്കളുണ്ട്, സംഗീത, നാടക സംവിധായകരുണ്ട്, ഗായകരുണ്ട്, അഭിനേതാക്കളുണ്ട്. (അവർ ഓരോരുത്തരെക്കുറിച്ചും എഴുതുന്നുണ്ട്). നീലേശ്വരത്തെ കെ. കെ. രവിയാണ് അവരെയെല്ലാം ഏകോപിപ്പിച്ചത്.

രചയിതാക്കളിൽ പ്രധാനി മുല്ലനേഴിമാഷുതന്നെ. അതുകൊണ്ടുതന്നെയാണു മാഷ് എത്തിയപ്പോൾ ക്യാമ്പ് ആവേശംകൊണ്ടത്. പത്തുദിവസത്തെ ക്യാമ്പിൽ നാൽപ്പതിലേറെ സ്ക്രിപ്റ്റുകളാണു രൂപം കൊണ്ടത്.

മുല്ലനേഴിമാഷ് പിന്നീടുള്ള ആറുദിവസവും ക്യാമ്പിൽ ഉണ്ടായിരുന്നു. 12 സ്ക്രിപ്റ്റുകൾ അദ്ദേഹം എഴുതി. എന്നാൽ അവയെല്ലാം എഴുതിയത് ആദ്യത്തെ രണ്ടു ദിവസംകൊണ്ട്! പദ്ധതിയെപ്പറ്റി ഒന്നുമറിയാതെയാണു വന്നത്. പി. ഗോവിന്ദപ്പിള്ളയും ഇ. എം. ശ്രീധരനും ഞാനും പിന്നെ ക്യാമ്പംഗങ്ങളും എല്ലാമായി ആദ്യം കുറച്ചുസമയം പദ്ധതിയെപ്പറ്റിയും കലാജാഥാലക്ഷ്യങ്ങളെപ്പറ്റിയും സംസാരിച്ചു. പിന്നെയുള്ള രണ്ടുദിവസംകൊണ്ട് എല്ലാ രചനയും പൂർത്തിയാക്കി. തുടർന്നുള്ള ദിവസങ്ങളിൽ ഇംപ്രൊവൈസേഷനൊക്കെ കണ്ടും ഇടയ്ക്കു തിരുവനന്തപുരത്തെ സുഹുത്തുക്കളെ സന്ദർശിച്ചുമൊക്കെ മുല്ലനേഴി ക്യാമ്പിൽത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, എഴുതിയ ഒരു സ്ക്രിപ്റ്റും പിന്നീടു തിരുത്തേണ്ടിവന്നില്ല.

അതിലേറ്റവും പ്രശസ്തം “ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരേ നമുക്കൊത്തുചേരാം, കാലങ്ങളായി നാം കാത്തുകാത്തിരുന്നൊരാ കാലമിതാ ഞങ്ങളുടെ മുന്നിലെത്തി” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നാടൊട്ടുക്കും നടന്ന ജനാധികാരകലാജാഥയിൽ മാത്രമല്ല, ജനകീയാസൂത്രണത്തിന്റെ പരിശീലനക്ക്യാമ്പുകളിലും മറ്റു പരിപാടികളിലുമെല്ലാം മുഴങ്ങിയ ഈ ഗീതം ജനകീയാസൂത്രണത്തിന്റെ സിഗ്നേച്ചർ സോങ്ങായി മാറി. പുതിയ പാത, ഗ്രാമം വിളിക്കുന്നു, അമ്മ വിളിക്കുന്നു, പുതിയ പുലരി, വസന്തകാലം,സ്ത്രീകളോട്, മാവേലിനാട്, നന്മകൾ വിളയും നാട്, പുത്തൻ ലോകം, നാട്ടുക്കൂട്ടം എന്നീ ഗാനങ്ങളും പിന്നെയൊരു കുമ്മാട്ടിക്കളിയും അദ്ദേഹം ക്യാമ്പൽവച്ച് എഴുതി. ഭൂരിപക്ഷവും ജനകീയാസൂത്രണത്തിന്റെ വൈവിദ്ധ്യമാർന്ന സാദ്ധ്യതകൾ പറയുന്ന എണ്ണംപറഞ്ഞവ.

അതാണു മുല്ലനേഴിമാഷ്. നാടിന്റെ പുരോഗമനമുന്നേറ്റത്തിനുവേണ്ടി തന്റെ സർഗപ്രതിഭ യഥേഷ്ടം സംഭാവന ചെയ്ത മഹത്വം. “സാക്ഷരതായജ്ഞം നാടിൻ മോചനത്തിന്നുവേണ്ടി”, “അക്ഷരം തൊട്ടു തുടങ്ങാം, നമുക്കൊരേയാകാശം കീഴടക്കാൻ” എന്നൊക്കെ എഴുതി സാക്ഷരാതപ്രസ്ഥാനത്തിന് ആവേശമുണ്ടാക്കിയ സർഗ്ഗപ്രതിഭ.

1980-ൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആദ്യകലാജാഥയിൽ നാടൊട്ടുക്ക് അഭിനേതാവായും അദ്ദേഹം ഉണ്ടായിരുന്നു. അക്കാലത്തെ സർക്കാരോഫീസുകളിൽ (ഇക്കാലത്തുമുണ്ട് അത്തരം) സാധാരണക്കാർ നേരിടുന്ന അവജ്ഞയും ദുരിതവും അഴിമതിയും പച്ചയായിപ്പറഞ്ഞ ലഘുനാടകത്തിലെ അദ്ദേഹത്തിന്റെ ഓഫീസ് സൂപ്രണ്ട് ഇന്നും മനസ്സിലുണ്ട്.

പാട്ടും അഭിനയവും മാത്രമല്ല ഹൈസ്കൂൾ അധ്യാപകനായിരുന്ന മുല്ലനേഴി മാഷിന്റെ വലിയ സംഭാവനകൾ. എണ്ണംപറഞ്ഞ കവിയുമായിരുന്നു അദ്ദേഹം. ആനവാൽമോതിരം, നാറാണത്ത് പ്രാന്തൻ, രാപ്പാട്ട്, അക്ഷരദീപം, ഹൃദയംപുഷ്പിക്കുന്ന ഋതു, സ്നേഹമുല്ല, നന്മപൂക്കുന്ന കാവ്യവൃക്ഷം എന്നീ കവിതാസമാഹാരങ്ങളും പെൺകൊട, മോഹപ്പക്ഷി, സമതലം എന്നീ നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സാഹിത്യ അക്കാദമിപുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രേംജി, പി. എം. അബ്ദുൽ അസീസ്, എസ്. രാമാനുജം, ജി. ശങ്കരപ്പിള്ള തുടങ്ങിയ നാടകകുലപതികൾക്കൊപ്പം അഭിനയിച്ചായിരുന്നു അരങ്ങേറ്റം. ഒരു പിടി സിനിമകളിലും അഭിനയിച്ചു. മികച്ച ഗാനരചയിതാവു കൂടിയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ എഴുതിയ പാട്ടുകളിൽ ഒന്നായ ‘ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ, പ്രണയിനി, നിൻ സ്മൃതികൾ...’ എന്ന ഗാനം സമരപുളകങ്ങളുടെ ആവേശം തുടിക്കുന്ന ആ മനസ്സിൽനിന്നാണു വന്നതെന്നോർക്കുമ്പോൾ ആ സർഗ്ഗവൈഭവത്തിന്റെ വൈപുല്യം ബോദ്ധ്യപ്പെടും. വേണമെങ്കിൽ ആ രംഗത്ത് അദ്ദേഹത്തിനു കൂടുതൽ മുഴുകി ഇതിലും വലിയ പേരും പ്രശസ്തിയും നേടാമായിരുന്നു. പക്ഷേ, സാക്ഷരതയും ജനകീയാസൂത്രണവും സ്ത്രീതുല്യതയും മതേതരത്വവും പോലുള്ള മാനവികമുന്നേറ്റങ്ങൾക്കുവേണ്ടി ആയിരുന്നു ഒരു പ്രതിഫലവും വാങ്ങാതെയുള്ള അദ്ദേഹത്തിന്റെ പ്രയത്നം. അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രബോദ്ധ്യം.

ഞങ്ങളൊക്കെ സ്നേഹപൂർവം മുല്ലൻമാഷ് എന്നു വിളിച്ചിരുന്ന അദ്ദേഹം 2011-ൽ അന്തരിച്ചു. ജനകീയാസൂത്രണത്തിനായി അദ്ദേഹം എഴുതിയ “ഗ്രാമത്തിന്റെ തുടിപ്പുകളെല്ലാം നാമറിയുന്നൊരു നേരം, നമ്മുടെ കാര്യം നമ്മുടെ കൈയിൽ സുഭദ്രമാകും കാലം, ജനാധിപത്യം പൂവണിയും, അങ്ങനെയങ്ങനെ ഒരുനവഭാരതമംഗളഗീതം പൊങ്ങും” എന്ന വരികളിൽ പറയുന്ന കാലത്തിനായി അദ്ദേഹത്തിന്റെ വരികൾ ജനമനസ്സുകളെ ഇനിയും പ്രോജ്വലിപ്പിക്കുകതന്നെ ചെയ്യും.