Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പി. കെ. മേദിനി
പി. കെ. മേദിനി

പി. കെ. മേദിനി

ലഘു ജീവചരിത്രം (Biography)

“മനസ്സു നന്നാവട്ടെ! മതമേതെങ്കിലുമാവട്ടെ,

മാനവഹൃത്തിൻ ചില്ലയിലെല്ലാം നാമ്പുകൾ വിടരട്ടെ!

സൗഹൃദസിദ്ധികൾ പൂത്താൽ, സൗവർണ്ണാഭ പരന്നാൽ

സുരഭിലജീവിതമാധുരി വിശ്വം സമസ്തമരുളുകയല്ലോ!

മനസ്സു നന്നാവട്ടെ. . . !”

വനിതാജനപ്രതിനിധികളുടെ മാർ ഇവാനിയോസ് കോളെജിലെ പരിശീലനഹാളിലേക്കു ചെല്ലുമ്പോൾ മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. കെ. മേദിനി ഈ ഗാനം ആലപിക്കുകയായിരുന്നു. അന്നാണ് ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. എല്ലാ വനിതാപരിശീലനക്യാമ്പുകളിലും മേദിനിച്ചേച്ചി സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അവരുടെ പാട്ട് ഇല്ലാത്ത ക്യാമ്പ് അപൂർവ്വമായിരുന്നു. പിന്നീട്, മാരാരിക്കുളം എംഎൽഎ ആയപ്പോൾ അടുത്ത സുഹൃത്തായി. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കാനെല്ലാം ഒരുമിച്ചിറങ്ങി പ്രവർത്തിച്ചു.

പുന്നപ്ര-വയലാർസമരത്തിലെ കൂട്ടക്കൊലയും കിരാതവാഴ്ചയും നേരിട്ട് അറിഞ്ഞും കേട്ടും വളർന്നുവന്ന ബാല്യമായിരുന്നു അവരുടേത്. ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാതെ വിദ്യാഭ്യാസം നിന്നുപോയി. വീട്ടിലിരുന്നുപോയ മേദിനിച്ചേച്ചിയെ കൈപിടിച്ച് ഉയർത്തിയത് കാളിക്കുട്ടിയാശാട്ടിയെന്ന യൂണിയൻ നേതാവായിരുന്നു. യൂണിയൻ നടത്തിവന്നിരുന്ന തൊഴിലാളിസാംസ്കാരികകേന്ദ്രത്തിൽനിന്നാണ് മേദിനിച്ചേച്ചിയുടെ കലാജീവിതം ആരംഭിക്കുന്നത്. സാംസ്കാരികകേന്ദ്രത്തിന്റെ ഗായകസംഘത്തിൽ പ്രധാനികളായിരുന്നു മേദിനിയും അനസൂയയും.

യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും യോഗങ്ങളിൽ ഇവരുടെ ഗാനങ്ങൾ സ്ഥിരമായി. പുന്നപ്ര-വയലാർ സമരത്തിനുശേഷമുള്ള ഉയിർത്തെഴുന്നേല്പിൽ സാംസ്കാരികപ്രവർത്തനങ്ങൾ നിർണ്ണായകപങ്കു വഹിച്ചു. ഭർത്താവ് മരിച്ചതോടെ വരുമാനത്തിനു തൊഴിലെടുത്തേപറ്റൂ എന്നായി. അങ്ങനെ കോമളപുരം സ്പിന്നിങ് മില്ലിൽ തൊഴിലാളിയായി. ജനപ്രതിനിധിയായി. സിപിഐ നേതാവായി. സാംസ്കാരികമേഖലയിൽ ഇരുപാർട്ടികൾക്കും ഒരുപോലെ സ്വീകാര്യയായി. 88-ാം വയസ്സിലും സാംസ്കാരികപ്രവർത്തകയാണ്. പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച ‘റെഡ് സല്യൂട്ട്’ എന്ന ആത്മകഥാകുറിപ്പുകൾ വായിക്കേണ്ടതാണ്. അതുപോലെ ഉത്തമമാണ് സജിത മഠത്തിലുമായുള്ള അഭിമുഖം.

മണ്ണഞ്ചേരി പഞ്ചായത്തുപ്രസിഡന്റ് ആയിരുന്നപ്പോൾ 30 വീടുകളുടെ അയൽക്കൂട്ടം, ഓരോ അയൽക്കൂട്ടത്തിലുംനിന്നു സ്ത്രീയും പുരുഷനും പ്രതിനിധികളായുള്ള വാർഡ് വികസനസമിതി - ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരാൻ പരിശ്രമിച്ചു. അവരുടെ അഭിപ്രായത്തിൽ സ്ത്രീകളായ ജനപ്രതിനിധികൾ സ്വന്തം താൽപ്പര്യത്തെക്കാളുപരി അർപ്പിച്ച ജോലി നിർവ്വഹിക്കാൻ പുരുഷന്മാരുടെ മുന്നിൽ പ്രവർത്തിച്ചു. 14-ാം വാർഡ് മെമ്പർ ജഗദമ്മട്ടീച്ചറെയാണ് മേദിനിച്ചേച്ചി ഉദാഹരിക്കുക. ഏറ്റവും വലിയ അഭിമാനകരമായ കാര്യമായി കരുതുന്നത് അഴിമതിയുടെ നിഴലുപോലും ഏശിയില്ല എന്നുള്ളതാണ്.

ഏറ്റവും ഓർമ്മയിൽ വരുന്ന ഒരു സംഭവമെന്ത്? “എന്റെ വാർഡിലെ അയൽക്കൂട്ടംകൺവീനർ അനർഹമായി ഒരു ഗുണഭോക്തൃവിഹിതം അടച്ച് അർഹത നേടാൻ മറ്റു കമ്മിറ്റിക്കാരുടെ സഹായം തേടി. ഏറ്റവും അർഹതയുള്ള ഒരാൾ ഉണ്ടെന്ന് എന്റെ അഭിപ്രായം മാനിക്കാതെ എനിക്കെതിരെ നോട്ടീസ് ഇറക്കി. ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഗ്രാമസഭയിൽ വിഷയം അവതരിപ്പിച്ചു. ഞാൻ അർഹതയുള്ള പാവപ്പെട്ട ഒരാളിനെ ഗുണഭോക്താവായി തെരഞ്ഞെടുത്തു. ശരിയെന്നു തോന്നുന്ന കാര്യത്തിൽ ഒറ്റയ്ക്കാണെങ്കിലും അഭിപ്രായം പറയാനും അത് അംഗീകരിപ്പിക്കാനും കഴിയുമെന്നുള്ളതു സന്തോഷകരമാണ്. ”

മേദിനിച്ചേച്ചി അങ്ങനെയാണ്. കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരാട്ടി. നാട്ടുകാരുടെ ചെറിയചെറിയ പ്രശ്നങ്ങൾ. അവർക്കു മനസ്സിലാകുന്ന ഭാഷയിലുള്ള വർത്തമാനം. ഏതു വേദിയിലാണെങ്കിലും ഒരു വിപ്ലവഗാനം. പാടിയില്ലെങ്കിൽ ജനങ്ങൾ പാടിക്കും. മാരാരിക്കുളം വികസനപരിപാടിയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങളെല്ലാം “അമ്മയും നന്മയും ഒന്നാണ്” എന്ന വി. കെ. ശശിധരൻ ചിട്ടപ്പെടുത്തിയ സംഘഗാനം പഠിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്റ് ആയിരുന്ന മേദിനിച്ചേച്ചി ഇതിന്റെ സംഘാടനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. മാരി കമ്പനി ഡയറക്റ്റർ ബോർഡ് അംഗമായി 15 വർഷത്തോളം പ്രവർത്തിച്ചു.

ചിത്രം കാണൂ. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാരുണ്യ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ അക്കാലത്തെ വാർഷികയോഗങ്ങളെല്ലാം അതിവിപുലമായിരുന്നു. പന്തലുകെട്ടിയുള്ള ഒരുദിവസയോഗം. കലാപരിപാടികളെല്ലാം ഉണ്ടാവും. പുരുഷന്മാരടക്കം കുടുംബാംഗങ്ങൾ എല്ലാമുള്ള ഉച്ചഭക്ഷണം. അതുകഴിഞ്ഞു കലാപരിപാടികൾ.

ആമുഖഗീതം ചൊല്ലുന്നതു മേദിനിച്ചേച്ചിതന്നെ. ‘മനസ്സു നന്നാവട്ടെ. . . . ‘ എന്ന ഗാനമായിരിക്കണം. മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. വി. പ്രകാശനെ കാണാം (ചുവന്ന ഷർട്ട്). ചേച്ചിയുടെ ഇടതുവശത്ത് സിഡിഎസ് ചെയർപേഴ്സൺ കെ. ടി. ചെമ്പകക്കുട്ടി. മെഴുകുതിരി പിടിച്ചു നില്ക്കുന്നത് വൈസ് ചെയർപേഴ്സൺ ഷൈലജ വേണു. അങ്ങനെ രാഷ്ട്രീയവേദികൾക്കൊപ്പം കുടുംബശ്രീ യൂണിറ്റുകൾതോറും പാട്ടുപാടിയും കുശലംപറഞ്ഞും സ്ത്രീകൾ എങ്ങനെ തന്റേടമുള്ളവരാകാമെന്നു സ്വന്തം അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയും അവർ നടന്നു.