Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എം. എസ്. മോഹനൻ
എം. എസ്. മോഹനൻ

എം. എസ്. മോഹനൻ

ലഘു ജീവചരിത്രം (Biography)

“എത്രയോ ജനകീയവികസനസംരംഭങ്ങൾ ഒന്നൊന്നായി തിങ്ങിവിങ്ങി മനസ്സിൽ കിടക്കുന്നുണ്ടെങ്കിലും ഇന്നും വികേന്ദീകൃതാസൂത്രണം എന്നു കേൾക്കുമ്പോൾ വാഴയൂർ സർവ്വേ കഴിഞ്ഞാൽ മനസ്സിൽ തിളങ്ങിനില്ക്കുന്നത് സംസ്ഥാനതലത്തിൽ കിലയിൽ നടന്ന ആദ്യ പരിശീലനമാണ്. ഞങ്ങൾ മലപ്പുറം ജില്ലക്കാർ നല്ല ഒരു ടീമായി അവിടെ ഏഴുപകലും ആറുരാത്രിയും ഒന്നിച്ചു കഴിഞ്ഞു.” എം.എസ്. മോഹനൻ ഓർമ്മകൾ ചികഞ്ഞു കണ്ടെടുത്ത ആ അനുഭവം ഇങ്ങനെ: “ഞാനും കെ. കെ. ജനാർദ്ദനനും മന്മഥൻപിള്ളയും ഒഴിച്ചുള്ള എല്ലാവരും ജില്ലാപ്പഞ്ചായത്തംഗങ്ങൾ. എം. സി. മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയ ജനപ്രതിനിധികൾ ആദ്യന്തം സജീവമായി പങ്കെടുത്തു. പിന്നീട് പ്രൊഫ. ടി. വൈ. അരവിന്ദാക്ഷൻ, ഹനീഫ പുതുപ്പറമ്പ് തുടങ്ങിയവർ വന്നു. ഇത്രയും ചിട്ടയായും ഫലപ്രദമായുമുള്ള പരിശീലന പരിപാടിയിൽ ജീവിതത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ല. (പിന്നീട് ഡിപിഇപിക്കാലത്തു മസൂറിയിൽവരെ പരിശീലനത്തിനു പോയിട്ടും ഇത്രയും ത്രിൽ ഉണ്ടായിട്ടില്ല). ആസൂത്രണസമിതിയംഗങ്ങൾ നയിച്ച സംവാദങ്ങൾ എല്ലാവർക്കും പുതിയ വളർച്ചയ്ക്കു വഴിയൊരുക്കി. കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികളൊന്നും വികസനരാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തെ ബാധിച്ചില്ല. അധികാരപിരമിഡിനെ തലകുത്തനെ നിർത്താനും ഗ്രാമപ്പഞ്ചായത്തിൽ തലങ്ങും വിലങ്ങും നടക്കാനും (Transect Walk) ഒക്കെയുള്ള ചർച്ചകൾ വളരെ രസകരമായിത്തോന്നി.”

എം. എസ്. മോഹനൻ പരാമർശിച്ച വാഴയൂർ സർവ്വേ പരിഷത്തിന്റെ വികസനയിടപെടലുകളിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു. മലപ്പുറം വാഴയൂർ പഞ്ചായത്തിൽ 1980-ൽ നടന്ന സർവേയിൽ എ. പി. ചന്ദ്രൻ‌മാസ്റ്റർക്കൊപ്പം നേതൃത്വം നല്കിയത് എംഎസ് ആണ്. ഒരു പ്രദേശത്തെ വിഭവങ്ങളും സാമൂഹിക-സാമ്പത്തികനിലവാരവുമൊക്കെ മനസ്സിലാക്കി ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ അവരുടെ പങ്കാളിത്തത്തോടെയുള്ള വികസനാസൂത്രണവും നടത്തിപ്പും എന്ന ജനകീയാസൂത്രണകാഴ്ചപ്പാടിന്റെ ഒരു പ്രാഗ്രൂപം ആയിരുന്നു വാഴയൂർ സർവേ. പിന്നീട് 1991-ൽ സമഗ്രവിഭവഭൂപടനിർമ്മാണവും വാഴയൂരിൽ നടക്കുകയുണ്ടായി.

എം. എസ്. മോഹനൻ ഇന്നത്തെ പത്തനം‌തിട്ട ജില്ലയിലെ പന്തളം പനങ്ങാട് ഗ്രന്ഥശാലയുടെ പ്രവർത്തകനായാണു പൊതുരംഗത്തു വരുന്നത്. മലപ്പുറം ജില്ലയിൽ പ്രൈമറി അധ്യാപകനായി ജോലി ലഭിച്ചതോടെയാണ് എംഎസ് എന്ന ചുരുക്കപ്പേരിൽ സുഹൃത്തുക്കൾ വിളിക്കുന്ന അദ്ദേഹം കോട്ടയ്ക്കൽവാസി ആകുന്നത്. ശാസ്ത്രസാഹിത്യപരിഷത്താണ് എംഎസിന്റെ പ്രധാനതട്ടകം. യശഃശരീരനായ പി. ടി. ഭാസ്കരപ്പണിക്കരാണ് എംഎസിനെ പരിഷത്തിലെത്തിച്ചതിൽ മുഖ്യപങ്കു വഹിച്ചത്.

ആദ്യകാലത്തെ പ്രധാനപ്രവർത്തനം കലാരംഗത്ത് ആയിരുന്നു. 1978-ൽ മലപ്പുറത്തും നിലമ്പൂരുമെല്ലാം വില്ലടിച്ചാൻപാട്ടും ചെറുനാടകങ്ങളും അവതരിപ്പിച്ചായിരുന്നു തുടക്കം. 1980-ൽ ശാസ്ത്രസാഹിത്യപരിഷത്ത് ആദ്യമായി അഖിലകേരളാടിസ്ഥാനത്തിൽ കലാജാഥ സംഘടിപ്പിച്ചപ്പോൾ അതിന്റെ ക്യാപ്റ്റനായി. അവിടന്നങ്ങോട്ട് കലാജാഥകളിലെ അംഗമായും സംഘാടകനായുമൊക്കെ മുന്നേറി.

1990-ലെ സമ്പൂർണസാക്ഷരതായജ്ഞത്തിൽ മലപ്പുറത്തു നിറഞ്ഞുനിന്നു പ്രവർത്തിച്ച എംഎസിനെ സംബന്ധിച്ച് ജനകീയാസൂത്രണത്തിലെ കെആർപിയായും കലാജാഥയിലെ അംഗമായും ഒക്കെയുള്ള രൂപാന്തരം വളരെ സ്വാഭാവികമായ ഒന്നായിരുന്നു. തിരുവനന്തപുരത്ത് പിആർഡിയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല പ്രൊഡക്‌ഷൻ വർക്‌ഷോപ്പിലും ബ്ലോക്കുതലത്തിൽ നടന്ന പരിശീലനക്ക്യാമ്പുകളിലും അഭിനേതാവായും ചില സ്ക്രിപ്റ്റുകളുടെ രചയിതാവായും ചിട്ടപ്പെടുത്തലിനു സഹായിയായുമെല്ലാം എംഎസ് സജീവമായി ഉണ്ടായിരുന്നത് ഓർക്കുന്നു. മറ്റുള്ളവ ജനകീയാസൂത്രണത്തിനു മുമ്പുള്ള പരിഷത്ത് കലാജാഥകളുടേതാണ്.

മലപ്പുറം ജില്ലയിലെ വികസനസെമിനാറുകളിലെ പരിശീലകനായും തിരൂരങ്ങാടിയിലെ കെആർപിയായും അദ്ദേഹം പ്രവർത്തിച്ചു. എന്നാൽ പാഠ്യപദ്ധതിപരിഷ്കരണപ്രവർത്തനങ്ങൾ വന്നപ്പോൾ അന്നു ഡയറ്റ് ലക്ചറർ ആയിരുന്ന എംഎസിനെ ആസൂത്രണരംഗത്തുനിന്നു വിട്ടുകൊടുക്കേണ്ടിവന്നു. ഡിപിഇപി പ്രോഗ്രാം ഓഫീസർ, എസ്എസ്എ ജില്ലാക്കോർഡിനേറ്റർ എന്നീ ചുമതലകൾ തുടർന്നു വഹിച്ചു. ജനകീയാസൂത്രണരംഗത്തെ അനുഭവങ്ങൾ ആ മേഖലയിൽ പ്രവർത്തിക്കാനുള്ള കരുത്തുപകർന്നുവെന്ന് എംഎസ് തന്നെ പറയുന്നുണ്ട്. സർവീസിൽനിന്നു പിരിഞ്ഞശേഷവും അദ്ദേഹം സജീവമായി ഈ മേഖലകളിലെ പ്രവർത്തനങ്ങളിലുണ്ട്.

സാമൂഹികപ്രവർത്തനവും ഔദ്യോഗികജീവിതവും ഒന്നിച്ചുകൊണ്ടുപോകുക എന്നതുതന്നെ പലർക്കും പ്രയാസകരമായ ദൗത്യമാണ്. എന്നാൽ എംഎസ് അതിനപ്പുറം പോയി. അവയ്ക്കൊപ്പം പഠനവും അദ്ദേഹം തുടർന്നു. കാലിക്കറ്റ് സർവകലാശാലയിൽനിന്നു പ്രീഡിഗ്രിയും മലയാളഭാഷയിൽ ബിരുദവും ബിരുദാനന്തരബിരുദവും ബിഎഡുമെല്ലാം ഈ പ്രവർത്തനങ്ങൾക്കൊപ്പം കരസ്ഥമാക്കിയാണ് അദ്ദേഹം ഡയറ്റ് ലക്ചറർ ജോലിയിൽ എത്തുന്നത്. സാമൂഹികപ്രവർത്തനരംഗത്തെ പഠനാനുഭവങ്ങൾ എംഎസിന് അതൊക്കെ താരതമ്യേന എളുപ്പമാക്കിയിരിക്കാം.

മുമ്പു പതിവായി ഞാൻ കോട്ടയ്ക്കൽ ചികിത്സയ്ക്കു പോകുമ്പോൾ എം. എസ്. മോഹനനുമായി സൗഹൃദം പുതുക്കാൻ അവസരം ലഭിക്കാറുണ്ടായിരുന്നു. കോട്ടയ്ക്കലിൽനിന്നു തിരിച്ചുപോരുന്ന ദിവസം എംഎസിന്റെ വീട്ടിലേക്കു സന്ദർശനവും പതിവായിരുന്നു. എം‌എസിനെപ്പോലെതന്നെ സജീവമാണു ജീവിതപങ്കാളി ശോഭനകുമാരിയെന്ന ശോഭട്ടീച്ചറും. അദ്ധ്യാപകപ്രസ്ഥാനത്തിലും വനിതാസാഹിതിയിലും പാലിയേറ്റീവ്, സഹകരണ രംഗങ്ങളിലുമെല്ലാം ഇപ്പോഴും സജീവമായ അവരെയും മറക്കാനാവില്ല.