Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എൻ. വേണുഗോപാൽ (വൈക്കം വേണു)
എൻ. വേണുഗോപാൽ (വൈക്കം വേണു)

എൻ. വേണുഗോപാൽ (വൈക്കം വേണു)

ലഘു ജീവചരിത്രം (Biography)

രംഗകലയുടെ വിവിധരൂപങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 60 - 70 പേരുടെ സംസ്ഥാനതലസംഗമവേദി ആയിരുന്നു 1996 സെപ്തംബറിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ജനകീയാസൂത്രണകലാജാഥയുടെ സംസ്ഥാനക്യാമ്പ്. അതിൽ കോട്ടയം ജില്ലയിൽനിന്നു രണ്ടുപേരാണു പങ്കെടുത്തത്. ആദ്യത്തേത്, വൈക്കം വേണു എന്നു ഞങ്ങളെല്ലാം വിളിക്കുന്ന എൻ. വേണുഗോപാൽ. രണ്ടാമത്തേത്, സംപ്രീത്. ഇദ്ദേഹം ഇന്നു നമ്മോടൊപ്പമില്ല. യൗവനത്തിൽത്തന്നെ മരണപ്പെട്ടു.

കൃതഹസ്തരായ സ്ക്രിപ്റ്റ് രചയിതാക്കളും സംഗീതസംവിധായകരും നാടകസംവിധായകരും അഭിനേതാക്കളുമെല്ലാം ഒത്തുചേർന്ന ക്യാമ്പ് സവിശേഷമായ അനുഭവമായിരുന്നെന്നു വേണു ഓർക്കുന്നു. ഈ കൂട്ടായ്മയിൽ വേണുവും സജീവപങ്കു വഹിച്ചു. കുണ്ടൂർക്കുന്ന് ടി. വി. വേണുഗോപാലനുമൊത്ത് ഏതാനും സ്ക്രിപ്റ്റുകൾക്കു രൂപം നല്കുകയും ചെയ്തു.

സംസ്ഥാനക്യാമ്പ് കഴിഞ്ഞുള്ള ബ്ലോക്കുതലജാഥകളുടെ തയ്യാറെടുപ്പ് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇതിനായി സംസ്ഥാനക്യാമ്പിൽ പങ്കെടുത്തവരുടെ മേൽനോട്ടത്തിൽ രണ്ടുജില്ലകൾചേർന്നു ജില്ലാപരിശീലനക്യാമ്പുകൾ നടത്തണമെന്നും തുടർന്ന്‌ ഓരോ ജില്ലയും പ്രത്യേകം പ്രത്യേകം ക്യാമ്പുകൾ നടത്തി ബ്ലോക്കുതലജാഥകൾക്കുള്ള പരിശീലനം നല്കണമെന്നും ആയിരുന്നു നിർദ്ദേശം. കോട്ടയം ജില്ലയിൽനിന്നുള്ള ആളെന്ന നിലയിൽ കോട്ടയം, ഇടുക്കി ജില്ലകളുടെ സംയുക്തപരിശീലനക്യാമ്പിലും തുടർന്നു കോട്ടയം ജില്ലയുടെ മാത്രമായ പരിശീലനക്യാമ്പിലും വേണു സംഘാടകൻ ആയിരുന്നു.

കോട്ടയം, ഇടുക്കി ജില്ലകളുടെ സംയുക്തപരിശീലനക്യാമ്പ്‌ കോട്ടയം ജവാഹർ ബാലഭവനിലാണു നടന്നത്‌. ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കായിരുന്നു സംഘാടനച്ചുമതല. ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾക്കും നടത്തിപ്പിനും ആവശ്യമായ ഉദ്യോഗസ്ഥതലബന്ധപ്പെടലുകൾ സംപ്രീത്‌ നിഷ്കർഷയോടെ ഏറ്റെടുത്തുനടത്തി. അതുകൊണ്ടുതന്നെ കോട്ടയത്തും ഇടുക്കിയിലുംനിന്നുള്ള അംഗങ്ങൾ എത്തിച്ചേർന്നപ്പോഴേയ്ക്കും ക്യാമ്പ്‌ സർവ്വസജ്ജം ആയിരുന്നു.

ഒരു ബ്ലോക്കിന് ഒന്ന്‌ എന്ന തോതിലാവണം ജില്ലകളിൽ ജനാധികാരകലാജാഥകൾ നടത്തേണ്ടിയിരുന്നത്‌. അതതു പ്രദേശത്തു സഞ്ചരിക്കേണ്ട ജാഥയിലേക്കുള്ള അഭിനേതാക്കളെ ഓരോ ബ്ലോക്കും കണ്ടെത്തണം. കുറഞ്ഞതു പത്തുപേർ വീതം. അവരാണ്‌ അടുത്ത ക്യാമ്പുകളിൽ പങ്കെടുക്കേണ്ടത്‌. കോട്ടയം ജില്ലയിൽ 11 ബ്ലോക്കുകളാണുള്ളത്‌. ബ്ലോക്കുതലക്യാമ്പുകൾ അതതു ബ്ലോക്കുകളിലോ കേന്ദ്രീകരിച്ചോ നടത്താം. ബിഡിഒമാർക്കായിരുന്നു ചുമതല. പതിനായിരം രൂപയുടെ ഫണ്ടും അതിന്‌ അനുവദിച്ചിരുന്നു.

എന്നാൽ ബ്ലോക്കുതല റിഹേഴ്സൽ ക്യാമ്പും ജാഥയും നടത്താൻ പതിനായിരം രൂപ മതിയാകില്ലെന്ന നിലപാടാണു ജില്ലയിലെ ബിഡിഒമാർ കൈക്കൊണ്ടത്‌. അതുകൊണ്ട്‌ പതിനൊന്നു ബ്ലോക്കുകൾക്കുംകൂടി ലഭിക്കുന്ന ഒരു ലക്ഷത്തിപ്പതിനായിരം രൂപ ഒരുമിച്ചു വിനിയോഗിച്ചു രണ്ടു ജാഥകൾ നടത്താമെന്നും ഇരു ജാഥകൾക്കുമായി ഒരു റിഹേഴ്സൽ ക്യാമ്പു മതിയാകുമെന്നും അവർ കൂട്ടായി തീരുമാനിച്ചു. അതിൻപ്രകാരം ഏറ്റുമാനൂർ ബിഡിഒയുടെ മേൽനോട്ടത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ബ്ലോക്കുതലജാഥകൾക്കുള്ള റിഹേഴ്സൽ ക്യാമ്പു നടന്നു. അന്നത്തെ കോട്ടയം കളക്ടർ പി. എച്ച്‌. കുര്യൻ ഒരു ദിവസം ക്യാമ്പു സന്ദർശിച്ചതാണു മറ്റൊരോർമ്മ.

സർക്കാർസംവിധാനങ്ങളിൽ സഹജമായ ചില കടുംപിടുത്തങ്ങളെയും നിർബ്ബന്ധങ്ങളെയും സഹിഷ്ണുതയോടെ തരണം ചെയ്ത് രണ്ടു ബ്ലോക്കുജാഥകളും വിജയിപ്പിക്കാൻ വലിയ പ്രയത്നമാണു ചെയ്യേണ്ടിവന്നത്. കോട്ടയം ജില്ലാ ജനാധികാരകലാജാഥയിൽ ഷീബ, സതി, വിലാസിനി തുടങ്ങിയവരെല്ലാം അംഗങ്ങളായിരുന്നു.

ക്യാമ്പിന്റെ തുടർച്ചയായിത്തന്നെ ജാഥകളും പുറപ്പെട്ടു. രണ്ടും വാഹനജാഥകളായിരുന്നു. ജാഥാംഗങ്ങൾക്കു യൂണിഫോം വാങ്ങി നല്കിയിരുന്നു; പുരുഷന്മാർക്കു ലുങ്കിയും മേൽക്കുപ്പായവും സ്ത്രീകൾക്കു ചുരിദാറും. ജാഥാ മാനേജർ എന്ന നിലയിൽ ബന്ധപ്പെട്ട ബ്ലോക്കിലെ ഓരോ ഉദ്യോഗസ്ഥർ ഊഴംവച്ചു നിയോഗിക്കപ്പെട്ടിരുന്നു. പലയിടങ്ങളിലും ജനകീയമായി അവതരണവേദികൾ ഒരുക്കുന്നതിൽ വിജയംകണ്ടില്ലെന്നാണു വേണുഗോപാലിന്റെ വിലയിരുത്തൽ. മറിച്ചുള്ള അനുഭവങ്ങളും ഏറെ ഉണ്ടായിരുന്നു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങൾ കൂടുതലായി ഉണ്ടായിരുന്നത്. കലാജാഥയെത്തുടർന്ന് ജനകീയാസൂത്രണപ്രവർത്തനങ്ങളിലും വേണു സജീവമായി ഉണ്ടായിരുന്നു.

1982-ൽ മൂവാറ്റുപുഴയാർ മലിനീകരണവിരുദ്ധപ്രവർത്തനങ്ങളുടെയും കല്ലടയാർ മലിനീകരണവിരുദ്ധപ്രവർത്തനങ്ങളുടെയും ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്ത്‌ നടത്തിയ കലാജാഥകളിൽ അംഗമായാണു വേണുവിന്റെ കലാസപര്യയുടെ തുടക്കം. തുടർന്ന് 1980-മുതൽ പരിഷത്തു നടത്തിവരുന്ന ശാസ്ത്രകലാജാഥകളിൽ 1982, 1985, 1986 വർഷങ്ങളിൽ അംഗമായി. 2010-ലെ പരിഷത്‌നാടകയാത്രയ്ക്കുവേണ്ടി ബർടോൾഡ്‌ ബ്രഹ്‌തിന്റെ ‘ഗലീലിയോ’ നാടകത്തിന്റെ എഡിറ്റിങ്, അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ശതാബ്ദി പ്രമാണിച്ചു 2011-ലും മേരി ക്യൂറിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി 2018-ലും നടത്തിയ മുഴുനീളനാടകാവതരണയാത്രകളുടെ സ്ക്രിപ്‌റ്റുകളുടെ രചന എന്നിവയൊക്കെ നിർവ്വഹിച്ചതു വേണു ആണ്.

ദേശീയസാക്ഷരതാമിഷന്റെ പിന്തുണയോടെ ഭാരത ജ്ഞാന വിജ്ഞാന സമിതി 1990-ൽ നടത്തിയ ഭാരത ജ്ഞാന വിജ്ഞാന വനിതാകലാജാഥയ്ക്കും സമ്പൂർണസാക്ഷരതായജ്ഞം, 2010-ലെ ഇഎംഎസ്സ്‌ ഭവനനിർമ്മാണപദ്ധതി എന്നിവയുടെ സംസ്ഥാനതലപ്രചരണകലാജാഥകൾക്കും രചനകൾ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ, കോട്ടയം ജില്ലയുടെ ‘നിർമ്മൽ’, ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ‘നിർമ്മലഭവനം നിർമ്മലനഗരം’ എന്നീ പ്രാദേശികപ്രസ്ഥാനങ്ങളുടെ പ്രചരണകലാജാഥകൾക്കും രചനയും സംവിധാനവുമൊക്കെ നിർവഹിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ബിരുദധാരിയായ എൻ. വേണുഗോപാലൻ സംസ്ഥാനജലസേചനവകുപ്പിൽ 2007-ൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായി വിരമിച്ചു. പരിഷത്തിന്റെ മുഖമാസികയായ ‘ശാസ്ത്രഗതി’യുടെ അസോസിയേറ്റ് എഡിറററായും പ്രവർത്തിച്ചിട്ടുണ്ട്. കൂത്താട്ടുകുളത്തു സ്ഥിരതാമസമാക്കിയ എൻ. വേണുഗോപാലൻ ഇപ്പോഴും സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമാണ്.