Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കോട്ടയ്ക്കൽ മുരളി
കോട്ടയ്ക്കൽ മുരളി

കോട്ടയ്ക്കൽ മുരളി

ലഘു ജീവചരിത്രം (Biography)

കോട്ടയ്ക്കൽ മുരളിയുടെ മേഖല സംഗീതമാണ്. കലാജാഥകളിലെ ഗാനങ്ങൾക്കു സംഗീതം നല്കുന്നതിൽ ശ്രദ്ധേയമായ സംഭാവന മുരളി നല്കിവരുന്നു. ജനകീയാസൂത്രണത്തിന്റെ പ്രചാരണത്തിനായി സംസ്ഥാനവ്യാപകമായി നടന്ന ജനാധികാരകലാജാഥകളിലെ പാട്ടുകളും സംഗീതശില്പങ്ങളും ചിട്ടപ്പെടുത്തുന്നതിലും മുരളിയുടെ പങ്കു വലുതാണ്. ജനാധികാരകലാജാഥാ പരിപാടികൾ ആശയപരമായും കലാപരമായും ഉന്നതനിലവാരം പുലർത്തുന്നതായതിനു മുഖ്യകാരണം ഈ രംഗത്ത് ഒന്നാംനിര പ്രവർത്തകരാണ് അത് അണിയിച്ചൊരുക്കിയത് എന്നതാണ്. അതിൽ ഗാനങ്ങളുടെ ഈണമൊരുക്കിയത് വി.കെ. ശശിധരൻ, കോട്ടയ്ക്കൽ മുരളി, ബാബു നരേന്ദ്രൻ തുടങ്ങിയവരായിരുന്നു. തിരുവനന്തപുരം ജില്ലക്കാരനായ ബാബു നരേന്ദ്രൻ കുറേനാൾ മുൻപു നമ്മെ വിട്ടുപരിഞ്ഞു.

കലാജാഥാസംഗീതത്തിലെ അഗ്രഗാമിയായ വി.കെ. ശശിധരനാണ് കോട്ടയ്ക്കൽ മുരളിയിലെ സംഗീതപ്രതിഭയെ തേച്ചുമിനുക്കിയെടുത്തത്. അതേക്കുറിച്ച് മുരളി പറയുന്നതിങ്ങനെ: എം.എസ്. മോഹനൻമാഷാണ് എന്നെ കലാജാഥയിലേക്കു കൊണ്ടുവന്നത്. അന്നു ഞാൻ പ്രീഡിഗ്രി വിദ്യാർത്ഥി. അതിനുംമുമ്പ് കോട്ടയ്ക്കലിൽ നടന്ന ഗ്രാമജാഥകളിലും വാഴയൂർ സർവേയുടെ ഭാഗമായി നടന്നിരുന്ന സായാഹ്നകലാപരിപാടികളിലും പങ്കെടുത്തിരുന്നു. അതിനായി എസ്. പ്രഭാകരൻ നായർ എഴുതിയ മാപ്പിളപ്പാട്ടുകളുടെ മട്ടുകളും രീതികളും എനിക്കു പെട്ടെന്നു പിടികിട്ടുമായിരുന്നു. അതുകൊണ്ടുതന്നെ കലാജാഥാപരിപാടികൾക്കിടയിൽ നടക്കുന്ന ചട്ടിപ്പിരിവു സമയത്ത് പാട്ടുപാടലായിരുന്നു പ്രധാന പരിപാടി. ‘മുരളിക്കു തെരുവിൽ പാടാൻ കഴിയും. ആ കഴിവുകൾ സമൂഹത്തിനായി ഉപയോഗിക്കണം’ എന്ന് പി. ടി. ഭാസ്കരപ്പണിക്കർ എഴുതിയയച്ച ഒരു കാർഡ് എന്നെ വല്ലാതെ സ്വാധീനിച്ചു.

സംഗീതം ഒട്ടും പഠിക്കാതെയാണു ഞാൻ കലാജാഥയിൽ എത്തിയത്. എന്റെ പാഠശാലയാണു പരിഷത്തും കലാജാഥകളും. വികെഎസ്സിന്റെ കൂടെനടന്നു പാട്ടിന്റെ വഴികൾ ഞാൻ കുറച്ചു കരസ്ഥമാക്കി. സാക്ഷരതാക്കാലത്തും ജനകീയാസൂത്രണപദ്ധതിക്കാലത്തും കലാജാഥകൾ കേരളക്കരയിൽ തീർത്ത ആവേശം നേരിട്ടറിഞ്ഞു. അതിൽ പങ്കെടുത്തു. പിന്നീടുള്ള കലാജാഥകളിൽ മിക്കതിലും അംഗമായോ പിന്നണിയിലോ പ്രവർത്തിച്ചു. ഗുജറാത്ത്, പശ്ചിമബംഗാൾ, ഒഡീഷ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മാലിദ്വീപിലും മുംബൈയിൽ നടന്ന ലോക സോഷ്യൽ ഫോറത്തിലും പരിഷത്‌ടീമിനൊപ്പം പങ്കെടുത്തു.”

ജനാധികാരകലാജാഥയുടെ സംസ്ഥാനതലക്യാമ്പ് പിആർഡിയുടെ സംഘാടനത്തിൽ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നടക്കുമ്പോൾ തുടക്കം മുതൽ കോട്ടയ്ക്കൽ മുരളി ഉണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് വികെഎസ് എത്തുന്നത്. വികെഎസ്സുമായി ചേർന്നും സ്വതന്ത്രമായും കുറേയെറെ ഗാനങ്ങൾക്കു കോട്ടയ്ക്കൽ മുരളി ഈണം നല്കി. ആ അനുഭവം മുരളിയുടെ വാക്കുകളിൽ:

“ജനാധികാരകലാജാഥയിലെ വിവിധ സ്കിറ്റുകൾക്കിടയിലുള്ള പാട്ടുകളും മാപ്പിളപ്പാട്ടുൾപ്പെടെ വെറുതെ പാടാനുള്ള ഒന്നുരണ്ടു ഗാനങ്ങളുമാണ് മുഖ്യമായും ഞാൻ ചിട്ടപ്പെടുത്തിയത്. പി. ഗോവിന്ദപ്പിള്ള, ഡോ. തോമസ് ഐസക്, ഇ. എം. ശ്രീധരൻ തുടങ്ങിയവർ ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഓരോ പരിപാടിയുടെയും ആശയവുമൊക്കെ ഞങ്ങളോടു വിശദീകരിച്ചിരുന്നു. ജനാധികാരകലാജാഥ ഏറ്റവും സാധാരണക്കാരെയും സ്വാധീനിക്കണമെന്നതാണു പ്രധാനമായി അവരുടെ നിർദേശം. അതുകൊണ്ടുതന്നെ, ആശയം, ഭാവം എന്നിവയെ സംഗീതം വിഴുങ്ങാത്തതരത്തിൽ ഏറ്റവും ലളിതമായ ഈണങ്ങളാണു ഗാനങ്ങൾക്കു നല്കിയത്. വികെഎസ്സിന്റെ നിർദേശവും അതുതന്നെയായിരുന്നു. ഭാവാംശത്തിന്റെ ശക്തികൊണ്ട് പാട്ടുകൾ എല്ലാവരുടെയും ഹൃദയത്തിൽ തറയ്ക്കണം - അതായിരുന്നു ഊന്നൽ.

‘കാര്യങ്ങളൊക്കെത്തിരിച്ചറിയാനുള്ള

കാലം സമാഗതമായി

ഓരോന്നുമെങ്ങനെ വേണമെന്നുള്ളതു

നേരെ നിവർന്നുപറയൂ.

..............

ജാതിമതങ്ങളും ഭാഷവേഷാദിയും

ഓതി വഴിനടക്കാതെ

നാടിന്റെ പൊതുവായ ധാരയിൽ നമ്മുടെ

നാടിന്റെ സ്പന്ദനം ചേർക്കൂ...’

മുല്ലനേഴിയുടെ വരികൾക്ക് ഈണം നല്കുമ്പോൾ ആവേശം ഞങ്ങളിലും വർദ്ധിച്ചുവന്നു.

‘കാര്യം നടത്തുന്നതാണുങ്ങളാണെന്നു കള്ളം പറയരുതേ

വെറുതേ കള്ളം പറയരുതേ...

ആണാളും പെണ്ണാളും ഒപ്പത്തിനൊപ്പം

ചേർന്നുനിന്നാൽ ചേലുള്ള ലോകം...’

ജനകീയാസൂത്രണം ലക്ഷ്യം വച്ചിരുന്ന സ്ത്രീശാക്തീകരണം എന്ന സന്ദേശം കൂടി ഈ പാട്ടിലുണ്ടായിരുന്നു.

‘നമ്മളാണു ഭരണവും

നമ്മളാണു പ്രജകളും

നമ്മളാണു നമ്മളുടെ

നന്മതിന്മ തീർക്കുക.’

‘മുകളിൽനിന്നു നമ്മളെ

ഭരിക്കുവാൻ കൊതിപ്പവർ

മുഞ്ഞി വീർത്തു മാറിനിന്നു

വഴിമുടക്കുവാൻ വരാം...’

ഞാൻ പാടുന്നു. നരിപ്പറ്റ രാജു അതിനു ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നു. വേഗത്തിൽ ദൃശ്യങ്ങൾ ഓരോന്നായി ഇങ്ങനെ രൂപപ്പെടുകയാണ്. മുല്ലനേഴിയും കരിവെളളൂർ മുരളിയും എം. എം. സചീന്ദ്രനുമൊക്കെ രചിച്ച മികവാർന്ന വരികൾക്കു നാടകസംവിധായകരുടെ നിർദ്ദേശംകൂടി കേട്ടു വേഗത്തിൽ ഈണമൊരുക്കുക എന്നതു ഞങ്ങൾക്ക് - വികെഎസ്., ഞാൻ, ബാബു നരേന്ദ്രൻ - വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ പതിനൊന്നാംനാൾ അത് ആശാൻസ്ക്വയറിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായ ആവേശം പറഞ്ഞറിയിക്കാനാവില്ല.”

തുടർന്ന് മലപ്പുറത്തെ ബ്ലോക്കുതലജാഥകളുടെ പരിശീലകനായും മുരളി ഉണ്ടായിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയിരുന്ന ശ്രീനിവാസൻ എല്ലാത്തിലും ഓടിനടന്നു നേതൃത്വം നല്കി. ജനാധികാരകലാജാകൾ മലപ്പുറത്തു വൻവിജയമായിരുന്നു. തുടക്കത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ഗ്രാമസഭകളിലേക്ക് ആളുകൾ ഒഴുകിയെത്താൻ അതുമൊരു കാരണമായി.

ഹയർ സെക്കൻഡറി ചരിത്രാദ്ധ്യാപകനായ കോട്ടയ്ക്കൽ മുരളി പ്രിൻസിപ്പലായി വിരമിച്ചശേഷം ഇപ്പോൾ സംഗീതരംഗത്താണു പൂർണമായും. അതിൽ മുഖ്യപങ്കും സംഗീതത്തെ സാമൂഹികമുന്നേറ്റത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നത് ഞങ്ങളെയെല്ലാം ഏറെ ആഹ്ലാദിപ്പിക്കുന്ന കാര്യമാണ്.