Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എ. എം. ബാലകൃഷ്ണൻ
എ. എം. ബാലകൃഷ്ണൻ

എ. എം. ബാലകൃഷ്ണൻ

ലഘു ജീവചരിത്രം (Biography)

കയ്യൂർ ചീമേനിയിലെ ബാലകൃഷ്ണൻമാരുടെ ബാഹുല്യം നമ്മെ അത്ഭുതപ്പെടുത്തും. പഞ്ചായത്തുപ്രസിഡന്റുതന്നെ എം. വി. ബാലകൃഷ്ണൻ‌മാസ്റ്റർ. ബ്ലോക്ക് കോർഡിനേറ്ററായി കെ. ബാലകൃഷ്ണൻ. വില്ലേജ് ഓഫീസറായ മറ്റൊരു ബാലകൃഷ്ണൻ. ഇന്ന് ഇപ്പോൾ പറയുന്ന എ. എം. ബാലകൃഷ്ണൻ. ഇനിയും ബാലകൃഷ്ണന്മാരുണ്ട്. അവരെക്കുറിച്ചു കൃത്യമായ ഓർമ്മകളില്ല. സർവ്വേ ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്ന എ. എം. ബാലകൃഷ്ണനായിരുന്നു പവർലൈൻ മാപ്പിങ്ങിലെ പ്രധാനി.

ഒമ്പതാം പദ്ധതിക്കാലത്തെ കയ്യൂർ ചീമേനിയുടെ ശ്രദ്ധേയമായ ഒരിടപെടൽ പവർലൈൻ മാപ്പിങ് ആയിരുന്നു. അശാസ്ത്രീയമായ വിതരണശൃംഖലാസംവിധാനവും അതുമൂലമുണ്ടാകുന്ന വർദ്ധിച്ച പ്രസരണനഷ്ടവുമാണ് പഞ്ചായത്തിലെ ഊർജ്ജപ്രതിസന്ധിയുടെ മൂലകാരണമെന്ന തിരിച്ചറിവാണ് പവർലൈൻ മാപ്പിങ് എന്ന ആശയത്തിലേക്ക് അവരെ നയിച്ചത്. മാപ്പിങ്ങിലൂടെ വിതരണശൃംഖല പുനഃസംഘടിപ്പിച്ചാൽ പ്രസരണനഷ്ടവും വിതരണച്ചെലവുകളും കുറയ്ക്കാനാകും.

കല്യാശ്ശേരിയിലുൾപ്പടെ ഏതാനും പഞ്ചായത്തുകളിൽ പരീക്ഷിച്ച പ്രസ്തുത പ്രവർത്തനത്തിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് കയ്യൂർ ചീമേനി സമഗ്ര ഊർജ്ജാസൂത്രണപദ്ധതിക്കു രൂപംനൽകിയത്. പഞ്ചായത്തിലെ HT/LT ലൈനുകളുടെ മാപ്പിങ്, ഇലക്ട്രിക് ലൈനുകളുടെ ടച്ചിങ് ഒഴിവാക്കൽ (മരച്ചില്ലകൾ അന്നു KSEB യഥാസമയം വെട്ടാറുണ്ടായിരുന്നില്ല), ദക്ഷത കൂടിയ ഉപകരണവിനിയോഗബോധവൽക്കരണം ഇവയെല്ലാം ലക്ഷ്യമിട്ടായിരുന്നു പദ്ധതി.

ഇതിനു നേതൃത്വം നൽകിയത് എ. എം. ബാലകൃഷ്ണനായിരുന്നു. റവന്യു, ബ്ലോക്ക് മാപ്പുകൾ ഏകോപിപ്പിച്ച് വാർഡുതല ബേസ് മാപ്പ് തയ്യാറാക്കാൻ അന്നത്തെ ചീമേനി വില്ലേജ് ഓഫീസറായിരുന്ന കെ. ബാലകൃഷ്ണൻ സഹായിച്ചു. കല്യാശ്ശേരി മാപ്പിങ്ങിനു നേതൃത്വം നൽകിയ കെ. ബാലകൃഷ്ണൻ, അന്തരിച്ച പി. പി. രവീന്ദ്രൻ (KSSP മുൻ സംസ്ഥാനസെക്രട്ടറി), എ. എം. ബാലകൃഷ്ണൻ എന്നിവർചേർന്ന് 125-ൽപ്പരം സന്നദ്ധപ്രവർത്തകർക്കു പരിശീലനം നൽകി. വാർഡ്‌ വികസനസമിതി, അയൽകൂട്ടങ്ങൾ ഇവയുടെ സജീവപങ്കാളിത്തത്തോടെ ഒന്നരമാസംകൊണ്ടു മാപ്പിങ് പൂർത്തിയാക്കി.

മുഴക്കോം നന്ദാവനത്തെ യുവ ഇലക്ട്രിക്കൽ എൻജിനിയർ സന്തോഷ് കുമാർ കൺവീനറും എ. എം. ബാലകൃഷ്ണൻ ചെയർപേഴ്സനുമായ നിർവ്വഹണസമിതി സമഗ്ര ഊർജ്ജാസൂത്രണപദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കി. വിഎസ് സർക്കാരിന്റെ കാലത്തു സമ്പൂർണ്ണ ഊർജ്ജസുരക്ഷാ മിഷൻ (TESM) നടപ്പാക്കാൻ ലക്ഷ്യമിട്ട പവർലൈൻ മാപ്പിങ്ങിന്റെ ബേസ് മാപ്പ് തയ്യാറാക്കാൻ ബാലകൃഷ്ണനെ സഹായിച്ചത് ഇവിടുത്തെ അനുഭവമാണ്.

എ. എം. ബാലകൃഷ്ണൻ സാക്ഷരതാപ്രവർത്തനത്തിലൂടെയാണു സാമൂഹികരംഗത്തു സജീവമായത്. ശാസ്ത്രസാഹിത്യപരിഷത്തിൽ കഴിഞ്ഞ 42 വർഷമായി പ്രവർത്തിക്കുന്നു - യൂണിറ്റുതലം മുതൽ സംസ്ഥാനതലം വരെ. പരിഷത്തിൽ സംസ്ഥാനസെക്രട്ടറി, കല-സംസ്ക്കാരകൺവീനർ എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ശാസ്ത്രകലാജാഥകളുടെ അണിയറയിൽ നിരവധി വർഷമായി സജീവം. മൂന്നു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. 40-ൽപ്പരം നാടകങ്ങൾ രചിച്ചു. നിരവധി സാംസ്കാരികവേദികളിൽ പ്രഭാഷകനായിട്ടുണ്ട്. സർവ്വേയും ഭൂരേഖയും വകുപ്പിൽനിന്ന് 2021 ഏപ്രിൽ 30നു വിരമിച്ചു. 2015-ൽ മികച്ച സർവ്വേയർക്കുള്ള സംസ്ഥാനാംഗീകാരം നേടി.

ജനകീയാസൂത്രണപ്രവർത്തനത്തിൽ വാർഡ് വികസനസമിതി കൺവീനർ, പഞ്ചായത്തുവികസനസമിതി കൺവീനർ, ഡിആർപി എന്നീ നിലകളിൽ സജീവപങ്കാളിത്തം വഹിച്ചു. വിഭവഭൂപടനിർമ്മാണം, പവർ ലൈൻ മാപ്പിങ്, വികസനരേഖ തയ്യാറാക്കൽ എന്നിവയിൽ നിർണ്ണായകപങ്കാളി. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗവേഷണസ്ഥാപനമായ ഐആർടിസിയുടെ അനുബന്ധസ്ഥാപനമായ പ്രൊജക്റ്റ് ഇപ്ലിമെന്റേഷൻ യൂണിറ്റ് (PIU) സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു ഇത് എഴുതുമ്പോൾ. മാലിന്യപരിപാലനരംഗത്തു തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു പദ്ധതിയാസൂത്രണ-നിർവ്വഹണരംഗത്തു മാർഗ്ഗദർശനം നൽകുന്ന അക്രിഡിറ്റഡ് ഏജൻസിയാണ് പിഐയു. പരിഷത്തു പകർന്നുനൽകിയ സാമൂഹികബദ്ധതയും സന്നദ്ധതയുമാണ് ഔദ്യോഗിക, വ്യക്തി, സാമൂഹിക ജീവിതത്തിന്റെ ചാലകശക്തി എന്നാണു ബാലകൃഷ്ണൻ വിശ്വസിക്കുന്നത്.

കയ്യൂർ ചീമേനി പ്രസിഡന്റ് ആയിരുന്ന ബാലകൃഷ്ണൻ‌മാസ്റ്ററുടെ ഒരു പ്രത്യേകത, കഴിവുള്ളവരെ കണ്ടെത്തി അവർക്കു സംഭാവന നല്കാൻ കഴിയുന്ന മേഖലകളിൽ ഉപയോഗിച്ചതാണ്. അവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകവഴി ലക്ഷ്യത്തിലെത്തിയ പ്രവൃത്തികളുടെ നേർച്ചിത്രങ്ങളാഉണ് കയ്യൂർ ചീമേനി അനുഭവങ്ങൾ.