കെ. കെ. പുരുഷോത്തമൻ
ലഘു ജീവചരിത്രം (Biography)
1995-ൽ പരിഷത്ത് വാർഷികത്തിന്റെ പ്രധാന അനുബന്ധപരിപാടി ആയിരുന്നു ‘നഗരമാലിന്യസംസ്കരണം’. മഞ്ചേരിയിൽ നടന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർപേഴ്സൺ മുനിസിപ്പൽ ചെയർപേഴ്സൺ കൂടിയായ അസൈൻ കാരാട്ടും കൺവീനർ മേഖലാസെക്രട്ടറിയായ കെ. കെ. പുരുഷോത്തമനും ആയിരുന്നു. അന്നേ പുരുഷോത്തമന്റെ സംഘാടകമികവ് അസൈൻ കാരാട്ടിന്റെ ദൃഷ്ടിയിൽപ്പെട്ടിരുന്നു. ജനകീയാസൂത്രണമെത്തി. പഞ്ചായത്തിന്റെ വികസരേഖയുൾപ്പെടെ തയ്യാറാക്കാൻ ഡിആർപിമാരെ കണ്ടെത്തേണ്ടിവന്നപ്പോൾ പ്രധാന ഡിആർപിമാരിൽ ഒരാളായി ആനക്കയം സ്കൂളിലെ അദ്ധ്യാപകൻകൂടിയായ പുരുഷോത്തമൻ വന്നു. തുടർന്ന് നഗരസഭയ്ക്കു കോർഡിനേറ്റർ വേണമെന്നായപ്പോൾ ഭരണസമിതി ഏകകണ്ഠമായി നിർദ്ദേശിച്ച പേര് പുരുഷോത്തമന്റേതായിരുന്നു.
മഞ്ചേരിയുടെ മികവു സംസ്ഥാനതലത്തിൽ അറിഞ്ഞത് ചെറുകിടവ്യവസായത്തിലുള്ള അവരുടെ ഇടപെടൽവഴി ആയിരുന്നല്ലോ. അവിടെ മാത്രമായിരുന്നില്ല അവരുടെ പ്രവർത്തനമേഖല. പരിഷത്ത് അനുബന്ധപരിപാടിയായി കൊണ്ടുവന്ന നഗരമാലിന്യസംസ്കരണം പ്രധാന പ്രോജക്ടാക്കാൻ തീരുമാനിച്ചു. ബോധവൽക്കരണമായിരുന്നു ആദ്യം.
ഇതിനായി മഹിളാസമാജങ്ങളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആളുകളെ വിളിച്ചുചേർത്തു. അവരുടെതന്നെ നേതൃത്വത്തിൽ വാർഡ് കൗൺസിലർമാർകൂടി പങ്കാളികളായി വലിയ റാലികൾ സംഘടിപ്പിച്ചു. നവംബർ 13 എന്ന ഒറ്റദിവസംതന്നെ എല്ലാ വീടുകളിലെയും പ്ലാസ്റ്റിക് ശേഖരിച്ചു നഗരസഭ മുൻകൂട്ടി നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിൽ എത്തിച്ചു. അവിടെനിന്ന് ഇവ കൊണ്ടുപോകാൻ ബംഗളൂരു കേന്ദ്രമായ ഒരു കമ്പനിയുമായി ധാരണാപത്രവും ഒപ്പിട്ടു. തുടർന്ന്, നഗരത്തിലെ 50 കേന്ദ്രങ്ങളിൽ വലിയ ബിന്നുകൾതന്നെ സ്ഥാപിച്ചു. വൺ ഡേ ക്ലീനിങ്ങിനു ശേഷം വരുന്ന പ്ലാസ്റ്റിക്ക് ഇതിൽ ശേഖരിക്കാൻ നടപടിയുണ്ടാക്കി. ഇതു പരിശോധിക്കാൻ മുനിസിപ്പൽ ഹെൽത്ത് സ്റ്റാഫിനേയും ചുമതലപ്പെടുത്തി.
അസൈൻ കാരാട്ടും പുരുഷോത്തമനും ഉൾപ്പെട്ട ടീം അവിടംകൊണ്ടു നിർത്തിയില്ല. സന്തോഷ് ട്രോഫിയുടെ 2022-ലെ ഫൈനൽ മത്സരത്തിനായി നിശ്ചയിച്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനു ജന്മം നല്കാൻ 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന പ്രോജക്ടായിരുന്നു മറ്റൊന്ന്. ഇന്ന് കോഴിക്കോടു കഴിഞ്ഞാൽ ഏറ്റവും നല്ല ഫുട്ബാൾ സ്റ്റേഡിയമാണിത്.
25 വർഷം മുമ്പ് ഇങ്ങനെ ദീർഘവീക്ഷണത്തോടുകൂടി ഒരു പ്രോജക്ട് വിഭാവനം ചെയ്യാൻ കഴിഞ്ഞതിന്റെ ഫലമാണല്ലോ 2022-ൽ സന്തോഷ് ട്രോഫി കളിക്കാൻ കഴിയുന്ന സ്റ്റേഡിയം ഒരുങ്ങിയത്.
മഞ്ചേരിയിലെ ചെറുകിടവ്യവസായമേഖലയിലെ ഉണർവ്വ് ആ പ്രദേശത്തെ വലിയതോതിൽ മാറ്റിമറിച്ചിരുന്നു. വ്യവസായപരിപാടി വൻ സ്ത്രീമുന്നേറ്റമാണു നഗരത്തിൽ ഉണ്ടാക്കിയത്. 1999-ൽ മഞ്ചേരി വിപി ഹാളിൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയതു ഞാൻ ഓർക്കുന്നു. അന്ന് എന്നോടൊപ്പം ടി. എൻ. സീമയും ഡോ. ആനന്ദിയും അലക്സാണ്ടർ ജേക്കബ്ബ് ഐപിഎസും ഉണ്ടായിരുന്നു. പർദ്ദയണിഞ്ഞ സ്ത്രീകളുടെ തിങ്ങിനിറഞ്ഞ വൻപങ്കാളിത്തം കണ്ടപ്പോൾ അലക്സാണ്ടർ ജേക്കബ്ബ് അത്ഭുതത്തോടെ അന്വേഷിച്ചത് ഇതു മലപ്പുറത്തെ എല്ലാ പഞ്ചായത്തിൽനിന്നും വന്നവരാണോ എന്നാണ്? അല്ല, ഇതു മഞ്ചേരിയിൽനിന്നുതന്നെ ഉള്ളവരാണെന്ന പുരുഷോത്തമന്റെ മറുപടി കേട്ടപ്പോൾ അദ്ദേഹം അത്ഭുതസ്തബ്ധനായി.
ദീർഘവീക്ഷണമുള്ള ഭരണാധികാരിയും ഇച്ഛാശക്തിയുള്ള ഭരണസമിതിയും സമർത്ഥരായ ഉദ്യോഗസ്ഥരും ആത്മാർത്ഥതയുള്ള സന്നദ്ധപ്രവർത്തകരും ജനകീയാസൂത്രണം നൽകിയ അധികാരവും സമ്പത്തും പിന്തുണയും ഒരു തദ്ദേശഭരണസ്ഥാപനത്തെ എങ്ങനെ മാറ്റിയെന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു മഞ്ചേരി.
പരിഷത്തിന്റെ ജില്ലാസെക്രട്ടറി, സാക്ഷരതാപ്രസ്ഥാനത്തിലെ മാസ്റ്റർ ട്രെയിനി എന്നീ നിലകളിലുള്ള പ്രവർത്തനാനുഭവം പുരുഷോത്തമനെന്ന കോ-ഓർഡിനേറ്റർക്കു പ്രവർത്തിക്കാൻ ആവശ്യമായ പാത ഒരുക്കിക്കൊടുത്തു. ഇതെഴുതുമ്പോൾ പുല്ലൂർ ഗവ. യുപിഎസിലെ പ്രധാനാദ്ധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരിയുടെ ചരിത്രത്തിലെ സുവർണ്ണകാലഘട്ടമായാണ് 1997-2000-കാലത്തെ പുരുഷോത്തമൻ കാണുന്നത്.