Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഉമ്മർകുട്ടി
ഉമ്മർകുട്ടി

ഉമ്മർകുട്ടി

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണമാണ് സാംസ്കാരികപ്രവർത്തനങ്ങളെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനവലയത്തിലേക്കു കൊണ്ടുവന്നത്. പൊന്നാനി നഗരസഭയിൽ ആദ്യവർഷംതന്നെ സാംസ്കാരികമേഖലയ്ക്ക് 1.50 ലക്ഷം രൂപ വകയിരുത്തി. ഇത് ഉമ്മർകുട്ടിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ നേട്ടമായിരുന്നു.

ഈ തുകകൊണ്ട് ഭാരതപ്പുഴയുടെ ഓരത്ത് നഗരസഭയുടെ പഴയ ഓഫീസ് നവീകരിച്ച് ഉറൂബ് സാംസ്കാരികകേന്ദ്രം സ്ഥാപിച്ചു. ഉറൂബ് സാംസ്കാരികകേന്ദ്രം ഉദ്ഘാടനത്തിന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പി. അപ്പുക്കുട്ടൻ, ‘കേരളത്തനിമ ഒരു വിചാരം’ സെമിനാർ ഉദ്ഘാടനം ചെയ്തതുകൊണ്ട് എംടിയുടെ 'സ്വാതന്ത്ര്യ സുവർണജൂബിലി പ്രഭാഷണം’, ബഷീർ അനുസ്മരണത്തിന് കവി പി. ടി. അബ്ദുറഹിമാൻ, ബാലവേദി ഉദ്ഘാടനത്തിന് കുട്ടികളുടെ പ്രിയകവി കുഞ്ഞുണ്ണി മാഷ്, സാഹിത്യവേദി ഉദ്ഘാടനത്തിന് കഥാകാരൻ എൻ. പി. മുഹമ്മദ്, ചലച്ചിത്രാസ്വാദനക്യാമ്പ് ഉദ്ഘാടനത്തിന് സംവിധായകൻ പവിത്രൻ എന്നിങ്ങനെ പ്രഗത്ഭരുടെ നീണ്ടനിര. ‌

ഏവരെയും രസിപ്പിച്ച വേറിട്ടൊരു പരിപാടിയായ 'മാപ്പിളഫലിതങ്ങളുടെ അവതരണ'ത്തിലെ മുഖ്യാതിഥി കാലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗം മേധാവി ചാത്തനത്ത് അച്യുതനുണ്ണി ആയിരുന്നു. പാട്ടുകാരായ ഇ. കെ. അബൂബക്കർ, അസീസ്‌ക്ക, തബലിസ്റ്റ് ഹംസക്ക, ശുക്കൂർ, കലാഭവൻ അഷറഫ് തുടങ്ങിയ കലാകാരരും വേദികളിൽ നിറഞ്ഞു.

മുൻ‌വിദ്യാഭ്യാസമന്ത്രി പി. പി. ഉമ്മർ കോയ, കൊളാടി ഗോവിന്ദൻകുട്ടി, കൃഷ്ണവാരിയർ മാഷ്, എം. എൻ. കാരശ്ശേരി, കെ. ഇ. എൻ. കുഞ്ഞഹമ്മദ്, കെ. പി. രാമനുണ്ണി, ഐ. ഷൺമുഖദാസ്, പി. പി. രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, കാനേഷ് പൂനൂര്, കടവനാട് മുഹമ്മദ്, എം. എം. നാരായണൻ തുടങ്ങിയ പ്രഗൽഭരും വിവിധ പരിപാടികളിൽ പങ്കെടുത്തു.

അക്കാലത്ത് പൊന്നാനിനഗരസഭയിൽ വികസനസെമിനാറുകൾക്ക് ഒരു സാംസ്കാരികോത്സവത്തിന്റെ പ്രതീതിയായിരുന്നു. കേരളോത്സവം ശരിക്കും ഒരു ഉത്സവംതന്നെ ആയിരുന്നു. 'പൊന്നാനിയെ അറിയുക' എന്ന പ്രദർശനവും പല വേദികളിലായി സംഘടിപ്പിക്കപ്പെട്ടു. ഇവയ്ക്കെല്ലാമുള്ള ചെലവിന്റെ നല്ല പങ്കും സ്പോൺസർഷിപ്പിലൂടെയാണു കണ്ടെത്തിയിരുന്നത്.

ജനകീയാസൂത്രണത്തിലെ സാംസ്കാരികപ്രൊജക്ടുകളിൽ ഏറ്റവും മികവുറ്റ ഒന്നായിരുന്നു പൊന്നാനിയിലെ ഉറൂബ് സാംസ്കാരികകേന്ദ്രം. സംസ്ഥാനതലത്തിൽ മികച്ച പ്രോജക്ടുകളുടെ പ്രദർശനവും അവതരണവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നടന്നപ്പോൾ സാംസ്കാരികവിഭാഗത്തിൽ അവതരണത്തിനു തെരഞ്ഞെടുത്ത പ്രൊജക്ട് പൊന്നാനിനഗരസഭയുടേത് ആയിരുന്നു. പ്രൊജക്ട് വിലയിരുത്തിയ പി. ഗോവിന്ദപ്പിള്ള അടങ്ങുന്ന പാനലിന്റെ വലിയ പ്രശംസ അതു നേടി.

25 വർഷം മുമ്പ് വിശാലമായ ഫ്രെയിമിൽ ഒരു സാംസ്കാരികകേന്ദ്രം എന്ന ആശയം മുന്നോട്ടു വെക്കുകയും അതിനു കീഴിൽ പുതുമയുള്ള ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്ത ഉമ്മർകുട്ടി ശരിക്കും ഒരു അത്ഭുതമായിരുന്നു. മൂന്നു വർഷം പിന്നിട്ടപ്പോൾ ഉമ്മർകുട്ടി ജനകീയാസൂത്രണത്തിൽനിന്നു പിണങ്ങിപ്പിരിഞ്ഞു. ഉറൂബ് കേന്ദ്രത്തിലെ ലൈബ്രേറിയൻ ആയി സേവനമനുഷ്ഠിച്ചിരുന്ന അപ്പുവേട്ടന് ശമ്പളം കൊടുക്കാൻ സാങ്കേതികതടസ്സം ഉണ്ടെന്ന് അധികാരികൾ പറഞ്ഞപ്പോഴാണ് പിണക്കം തുടങ്ങിയത്. ഫിലിം ക്ലബ്ബിന് ആവശ്യമായ എൽസിഡി പ്രൊജക്ടർ വാങ്ങണമെന്ന ഉമ്മർകുട്ടിയുടെ നിർദ്ദേശം അംഗീകരിക്കപ്പെടാതിരുന്നപ്പോൾ ഉമ്മർകുട്ടി നഗരസഭയുടെ പടിയിറങ്ങി.

തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും പാഴായി. നഗരസഭാധ്യക്ഷയായ ഫാത്തിമ്മടീച്ചറോടുള്ള അടുപ്പമോ ജനകീയാസൂത്രണകോഡിനേറ്റർ പി. കെ. എം മുഹമ്മദ് ഇക്ബാലുമായുള്ള സൗഹൃദമോ ഒന്നും അതിനു സഹായിച്ചില്ല. എന്നാൽ ഉമ്മർകുട്ടിക്ക് സാംസ്കാരികപ്രവർത്തനങ്ങളോട് ഒരിക്കലും പിണങ്ങാനായില്ല. അദ്ദേഹം തന്റെ യാത്ര തുടർന്നു.

പത്തേമാരി തൊഴിലാളികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ 'കരയറിയാത്ത കടലറിവുകൾ' എന്ന ഏഷ്യാനെറ്റിലെ പി. കെ. ശ്യാം കൃഷ്ണൻ തയ്യാറാക്കിയ ഡോക്യുമെന്ററി, ഖവാലി ഗായകൻ ഇ. കെ. അബൂബക്കറിന്റെ പാട്ടുകൾ ശേഖരിച്ച് സീ-ബേർഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ 'സഖാവ് ഇന്നും പാടുന്നു' എന്ന ആൽബം - ഇവയ്ക്കു പിന്നിലെല്ലാം ഉമ്മർകുട്ടി ആയിരുന്നു.

'അടയാളം' എന്ന കൂട്ടായ്മയുടെ ബാനറിൽ ആയിരുന്നു പിന്നീട് ഏറെക്കാലം ഉമ്മർകുട്ടിയുടെ സംസ്കാരികയിടപെടൽ. അതിനുശേഷം മറ്റൊരു ബാനറാണു പ്രത്യക്ഷപ്പെട്ടത് - സഹൃദയസൗഹൃദസംഘം. കൂടുതൽ വൈവിദ്ധ്യമാർന്ന പരിപാടികൾ; പലപല വേദികളിൽ.

സംസാരങ്ങളിൽ നവാശയങ്ങളുടെ വേലിയേറ്റം, ഊണിലും ഉറക്കത്തിലും അവ ആവിഷ്കരിക്കാനുള്ള ആസൂത്രണം, പറ്റാവുന്നവരെയൊക്കെ കൂട്ടുപിടിച്ചും മുന്നിൽനിർത്തിയും സംഘാടനം, പരിപാടി യാഥാർഥ്യമാകുന്നതോടെ ഒന്നിൽനിന്നു പലതായി അതു വികസിച്ചിരിക്കും. തിരശ്ശീല വീണു സംഘാടകർ വിശ്രമിക്കുമ്പോൾ അടുത്ത പരിപാടിക്കായി വിത്തു പാകിയിരിക്കും - അതാണ് ഉമ്മർകുട്ടിയുടെ ശൈലി. വേദികളിൽ ഒരിക്കലും ഉമ്മർകുട്ടി ഉണ്ടാകുമായിരുന്നില്ല. എന്നും പിന്നണിയിലായിരുന്നു. പൊന്നാനിക്കാരുടെ ഓർമകളിൽ ഒരായിരം നല്ലനല്ല അടയാളങ്ങൾ തീർത്ത സാംസ്കാരികപ്രവർത്തകൻ. ചെറുചെറുപിണക്കങ്ങളാൽ ഇണക്കങ്ങളുടെ ശക്തി കൂട്ടിയ ചങ്ങാതി, ആരും പറയാത്ത ഒരായിരം പത്തേമാരിക്കഥകൾ കേൾക്കാനായി കാത്തിരുന്നവരെ കടപ്പുറത്തിരുത്തി, യാത്രയായിരിക്കുന്നു.