Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഫാത്തിമ ഇമ്പിച്ചി ബാവ
ഫാത്തിമ ഇമ്പിച്ചി ബാവ

ഫാത്തിമ ഇമ്പിച്ചി ബാവ

ലഘു ജീവചരിത്രം (Biography)

പൊന്നാനിയെക്കുറിച്ചു പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യംവരുന്ന പേര് സഖാവ് ഇമ്പിച്ചി ബാവയുടേതാണ്. അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമട്ടീച്ചർ (ഫാത്തിമ ഇമ്പിച്ചി ബാവ) ആയിരുന്നു ജനകീയാസൂത്രണകാലത്തു പൊന്നാനിനഗരസഭാ ചെയർപേഴ്സൺ. ടൗൺ സർക്കാർ മാപ്പിള എൽപി സ്കൂളിലെ ടീച്ചറായിരുന്നു അവർ. ജില്ലാക്കൗൺസിൽ അംഗമായിരുന്നു. പൊന്നാനി നഗരസഭയുടെ ചെയർപേഴ്സണായി തെരഞ്ഞെടുക്കുമ്പോൾ 32 അംഗ സഭയിൽ 17 പേരായിരുന്നു ടീച്ചറുടെ പക്ഷം. എ. വി. ഹംസ, വേലായുധൻ മാസ്റ്റർ തുടങ്ങിയ പരിചയസമ്പന്നരായ കൗൺസിലർമാർ അപ്പുറത്തുള്ളപ്പോഴും ചൂടേറിയ വാഗ്വാദങ്ങൾ നഗരസഭാക്കമ്മിറ്റിയിൽ ഉണ്ടാകുമെങ്കിലും ആ അഞ്ചു വർഷക്കാലവും ഒരു അംഗംപോലും വിയോജനക്കുറിപ്പു രേഖപ്പെടുത്താതെ ഏകകണ്ഠമായ തീരുമാനങ്ങൾ കൈക്കൊള്ളുംവിധം സമിതിയെ നിയന്ത്രിക്കാൻ ടീച്ചർക്കു കഴിഞ്ഞു.

സ്ത്രീകളുടെ പ്രശ്നം വരുമ്പോൾ ഫാത്തിമട്ടീച്ചറിലെ നേതാവ് കൂടുതൽ ശക്തിയോടെ ഉണരുമായിരുന്നു. ഒരുപക്ഷെ, വനിതാവികസനപ്രൊജക്ടുകൾ ഏറ്റവും മെച്ചപ്പെട്ട തരത്തിൽ കൈകാര്യം ചെയ്ത നഗരസഭയായിരിക്കും പൊന്നാനി. മറ്റു പ്രൊജക്ടുകൾ വഴിയേ സൂചിപ്പിക്കാം. ഇമ്പിച്ചിബാവയെന്ന സമുന്നത നേതാവിന്റെ ഭാര്യയെന്ന നിലയിൽ ലഭിച്ച രാഷ്ട്രീയവിദ്യാഭ്യാസവും അനുഭവവും ഫാത്തിമട്ടീച്ചർക്കു നഗരഭരണം കൊണ്ടുപോകുന്നതിനു ഏറെ സഹായകമായിട്ടുണ്ട്.

1997-98 വർഷം നടപ്പിലാക്കിയ 60 പ്രൊജക്ടുകളിൽ 10 എണ്ണം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇവയിൽ ഏറ്റവും പ്രത്യേകതകളുള്ള പ്രൊജക്ട് വനിതാനിയമസഹായവേദി ആണെന്നു ഫാത്തിമട്ടീച്ചർ ഓർക്കുന്നു. പ്രൊജക്ടിന്റെ മൊത്തം അടങ്കൽ കേവലം 13,800 രൂപ ആയിരുന്നെങ്കിലും സ്ത്രീസമൂഹത്തിനിടയിൽ ഏറെ ചലനങ്ങൾ സൃഷ്ടിക്കാൻ ഇതിനു കഴിഞ്ഞിരുന്നു. എല്ലാ സ്ത്രീകൾക്കും നിയമബോധവൽക്കരണക്ലാസുകൾ നടത്തുക, സാമ്പത്തികപ്രയാസവും നിയമങ്ങളെക്കുറിച്ചുള്ള ബോധമില്ലായ്മയുംമൂലം നീതിലഭിക്കാത്തവർക്കു സഹായങ്ങൾ നൽകുക എന്നതായിരുന്നു പ്രോജക്ടിൽ വിഭാവനം ചെയ്തിരുന്നത്.

നഗരസഭയിൽ 70 ശതമാനം വരുന്ന മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം സ്ത്രീകളും സാമൂഹികമായ ആചാരങ്ങളുടെയും വിലക്കുകളുടെയും മദ്ധ്യേയാണു ജീവിച്ചുവരുന്നത്. പൊതുരംഗത്തേക്കു വരുന്നവരുടെ എണ്ണം വിദ്യാഭ്യാസം നേടിയവരിൽപ്പോലും കുറവാണ്. ഇതരമതസമൂഹങ്ങളും സ്ഥിതി ഭിന്നമായിരുന്നില്ല. സ്വത്തവകാശം, വിവാഹമോചനം, സ്ത്രീപീഡനം എന്നിവയോടു ബന്ധപ്പെട്ട് സ്ത്രീകൾക്കു ലഭിക്കേണ്ട നിയമപരിരക്ഷയെക്കുറിച്ചുള്ള ബോധമില്ലായ്മ, കോടതികളെ സമീപിക്കുന്നതു തെറ്റാണെന്ന ധാരണ എന്നിവ വിശേഷാൽ വാർഡുകൺവെൻഷനുകളിലും വികസനസെമിനാറിലും ചർച്ചയായി. ഇതിനു പരിഹാരമുണ്ടാക്കാനായിരുന്നു വനിതാനിയമസഹായ വേദി.

പ്രൊജക്ട് നിർവ്വഹണവുമായി ബന്ധപ്പെട്ട് വനിതാവികസനസമിതി ഒരു ഉപസമിതി രൂപവത്ക്കരിച്ചു. ഇവർ അഭിഭാഷകരുമായി കൂടിയാലോചിച്ച് ബോധവൽക്കരണം നൽകേണ്ട വിഷയങ്ങളെക്കുറിച്ചും ഓരോ വിഷയവും കൈകാര്യം ചെയ്യേണ്ട നിയമവിദഗ്ദ്ധരെക്കുറിച്ചും ധാരണയുണ്ടാക്കി. സ്ത്രീകളുടെ സാമൂഹികസുരക്ഷിതത്വവും പ്രധാന വിഷയങ്ങളായിരിക്കുമെന്നു തീരുമാനിച്ചു.

ഒന്നാംഘട്ടമായി സ്ത്രീകളുടെ അവകാശപരിരക്ഷയെക്കുറിച്ച് അവബോധമുള്ള ഒരു റിസോഴ്സ് ഗ്രൂപ്പിനെ തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിതാകൗൺസിലർമാർ, അങ്കണവാടി പ്രവർത്തകർ, തെരഞ്ഞെടുത്ത അദ്ധ്യാപികമാർ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി പ്രവർത്തകർ, വനിതാരംഗത്തെ സന്നദ്ധപ്രവർത്തകർ, വനിതാസംഘടനാപ്രവർത്തകർ എന്നിവർക്കു പരിശീലനം നൽകി.

നഗരത്തിലെ 12 സ്കൂളുകളിൽ തെരഞ്ഞെടുത്ത ആറു സ്കൂളുകളിലെ മാതൃസംഗമങ്ങൾ വിളിച്ചുചേർത്ത് അമ്മമാർക്കു ബോധവൽക്കരണം നടത്തുകയായിരുന്നു രണ്ടാംഘട്ടം. ഓരോ വിഷയത്തിലും സജീവമായ ചർച്ചകൾ മാതൃസംഗമത്തിൽ നടന്നു. വിദഗ്ദ്ധരായ അഭിഭാഷകരാണു ക്ലാസുകൾ കൈകാര്യം ചെയ്തത്. തുടർന്ന്, താഴേത്തട്ടിൽ അങ്കണവാടികൾ കേന്ദ്രീകരിച്ചും അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം ക്ലാസുകൾ നടത്തി.

വെറും ബോധവൽക്കരണംകൊണ്ട് അവസാനിക്കുന്നതായിരുന്നില്ല പ്രൊജക്ട്. സാമ്പത്തികപിന്നാക്കാവസ്ഥ കാരണം നീതി ലഭിക്കാത്ത പാവപ്പെട്ട സ്ത്രീകൾക്കു സൗജന്യനിയമസഹായം നൽകി. ഓരോ മാതൃസംഗമവും നടക്കുന്ന മുറയ്ക്കുതന്നെ അന്നന്നത്തെ ക്ലാസുകൾക്കും ചർച്ചകൾക്കും ശേഷം നിയമസഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതായിരുന്നു പൊതുരീതി. ആദ്യഘട്ടത്തിൽ നടന്ന റിസോഴ്സ് ഗ്രൂപ്പ് പരിശീലനപരിപാടിയിൽത്തന്നെ മൂന്നു സ്ത്രീകൾ പ്രശ്നങ്ങൾ ഉന്നയിച്ചു. വിവാഹബന്ധം വേർപ്പെടുത്തിയ അവർക്കും കുട്ടികൾക്കും ചെലവിനു കിട്ടാൻ സഹായിക്കണമെന്ന് ആയിരുന്നു ആവശ്യം. മൂന്നുപേർക്കും ചെലവിനു വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് ഫാത്തിട്ടീച്ചർ ഓർക്കുന്നു.

ഈ പ്രവർത്തനങ്ങൾ സമൂഹത്തിൽ വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. ആദ്യ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെ നിയമസഹായം ലഭിക്കുന്ന വഴികളും നീതി കിട്ടാൻ കോടതികളെ സമീപിക്കുന്നതിൽ തെറ്റില്ലെന്ന ബോധവും വളർത്താൻ കഴിഞ്ഞതായി ടീച്ചർ പറയുന്നു.