Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർ
കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർ

കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർ

ലഘു ജീവചരിത്രം (Biography)

1995 നവംബറിലാണ് ആദ്യമായി ഞാൻ മയ്യിൽ പഞ്ചായത്ത് സന്ദർശിക്കുന്നത്. മയ്യിൽ പബ്ലിക് ലൈബ്രറിയിൽ ആയിരുന്നു യോഗം. പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള പിഎൽഡിപി പഞ്ചായത്തുകളിൽ ഒന്നായി മയ്യിലിനെയും തെരഞ്ഞെടുത്തിരുന്നു. ആ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം. പഞ്ചായത്തുപ്രസിഡന്റ് കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർ ആയിരുന്നു യോഗാദ്ധ്യക്ഷൻ.

മയ്യിലിന്റെ വികസനചരിത്രം കെകെയിൽനിന്ന് ആരംഭിക്കുന്നു. 1954-ൽ മയ്യിൽ വില്ലേജ് പഞ്ചായത്തിന്റെ പ്രസിഡന്റായതു മുതൽ 1964-ൽ മയ്യിൽ, കയരളം, കണ്ടക്കൈ വില്ലേജുകൾ ചേർന്നുണ്ടായ മയ്യിൽ ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ് ആയതുൾപ്പെടെ 32 വർഷമാണു പഞ്ചായത്തുപ്രസിഡന്റുപദവിയിൽ ഇരുന്നത്. 1995-വരെ പ്രസിഡന്റുപദവിയിലിരുന്ന കെകെ ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ പഞ്ചായത്തുതലവികസനസമിതിയുടെ രക്ഷാധികാരി ആയിരുന്നു.

ജനകീയാസൂത്രണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ പങ്കാളിത്തവികസനത്തിന്റെ മികച്ച മാതൃകകൾ സൃഷ്ടിച്ച പ്രദേശമാണു മയ്യിൽ. അതുകൊണ്ടുതന്നെയാണ് പിഎൽഡിപി പഞ്ചായത്തുകളിൽ ഒന്നായി മയ്യിലിനെ തെരഞ്ഞെടുത്തത്.

തീർത്തും ദരിദ്രമായ, കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന, കുടുംബങ്ങളായിരുന്നു മയ്യിലിലേത്. വയലോരങ്ങളിലും വളപട്ടണം പുഴയോരങ്ങളിലുമായിരുന്നു വീടുകൾ ഭൂരിഭാഗവും. നടവഴികളും ഇടവഴികളും അതിനു കുറുകെയുള്ള തടിപ്പാലങ്ങളുമായിരുന്നു പ്രധാന ഗതാഗതസൗകര്യങ്ങൾ. വ്യാപാരകേന്ദ്രങ്ങളിലേക്ക് വളപട്ടണം മുണ്ടേരി പുഴവഴിയുള്ള തോണിയാത്രയാണ് ആശ്രയം. പഞ്ചായത്തിലെ നാമമാത്രമായ വരുമാനത്തിലൂന്നി വികസനം സാദ്ധ്യമല്ലായെന്ന തിരിച്ചറിവാണ് നാട്ടുകാരുടെ കമ്മിറ്റി രൂപവത്ക്കരിച്ചു ശ്രമദാനമായി വികസനപ്രവർത്തനങ്ങൾ നടത്താൻ കെകെയെ പ്രേരിപ്പിച്ചത്. അടിസ്ഥാനസൗകര്യവികസനത്തോടൊപ്പം ഉൽപ്പാദനവർദ്ധനകൂടി സാദ്ധ്യമാകണമെന്ന ദീർഘവീക്ഷണത്തിന് ഉത്തമോദാഹരണമാണ് 5 കിലോമീറ്റർ വരുന്ന മയ്യിൽ തോടിന്റെ പുനരുദ്ധാരണം.

തീരെ ഇടുങ്ങി നീരൊഴുക്കു തടസ്സപ്പെട്ട് മുണ്ടേരിപ്പുഴയിൽ ലയിക്കുന്ന ഈ തോട് മഴക്കാലത്ത് പുഴസമാനം ആയിരുന്നു. 500 ഏക്കറോളം വരുന്ന മയ്യിൽ വയലിൽ ഒന്നാംവിള അസാദ്ധ്യമായിരുന്ന പശ്ചാത്തലത്തിലാണ് മൂന്നുമാസംകൊണ്ട്, പതിനായിരക്കണക്കിനു തൊഴിൽദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, മയ്യിൽതോടുവികസനം സാദ്ധ്യമാക്കിയത്. അതുവഴി, 500 ഏക്കറോളം വരുന്ന മയ്യിൽ വയലിൽ രണ്ടുവിള നെൽക്കൃഷി സാധ്യമായതോടെ ഈ വയൽ മയ്യിലിന്റെ നെല്ലറയായി. ഇതുപോലെ ശ്രദ്ധേയമായ പ്രവർത്തിയായിരുന്നു 300 ഏക്കർ വരുന്ന പാടശേഖരത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാനായി കൈവയൽ തോട് വികസിപ്പിച്ചത്. ഭൗതികസൗകര്യങ്ങൾക്കൊപ്പം നവീനകൃഷിരീതികൾ പരീക്ഷിച്ചതും മയ്യിലിലെ നെല്ലുൽപ്പാദനത്തെ സഹായിച്ചു. ഇതൊക്കെ ജനകീയാസൂത്രണത്തിനു മുമ്പുള്ള കഥയാണെന്ന് ഓർമ്മിപ്പിക്കട്ടെ.

ഇടവഴികൾക്കു പാലം, സ്ലാബ് നിർമ്മിക്കൽ, ഊടുവഴികൾ സന്നദ്ധപ്രവർത്തനത്തിലൂടെ ചെറുറോഡുകളാക്കി ഗതാഗതസൗകര്യം വർദ്ധിപ്പിക്കൽ തുടങ്ങി യാത്രാസൗകര്യം മെച്ചപ്പെടുത്താനുതകുന്ന നിരവധി പരിപാടികൾ രൂപംകൊണ്ടു. ഇന്നത്തെ മയ്യിൽ ടൗൺ രൂപപ്പെടുത്തുന്നതിന് അടിസ്ഥാനമായത് മയ്യിൽ ഗവ. എച്ച്എസിന്റെ സ്ഥാപനമാണ്. അന്ന് എംഎൽഎ ആയിരുന്ന ടി. സി. നാരായണൻ നമ്പ്യാരുമായി ചേർന്ന് അതിനുള്ള ശ്രമം നടത്തി. ഇട്ടൂഴി മാധവൻ നമ്പൂതിരിയുടെ പക്കൽനിന്നും 8.5 ഏക്കർ സ്ഥലം സൗജന്യമായി തരപ്പെടുത്തി നാട്ടുകാരുടെ ശ്രമഫലമായി കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. ഇതിനാവശ്യമായ നിർമ്മാണസാമഗ്രികളും പണവും പ്രദേശത്തുനിന്നു സംഭരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ കെകെ നടത്തിയ വലിയ പരിശ്രമം ഇന്നും നാട്ടുകാർ ഓർക്കുന്നു.

വല്ലോലപറമ്പിലെ പഴയ ആശുപത്രി (പിന്നീട് പിഎച്ച്സി ആയി), വേളത്തെ മൃഗാശുപത്രി, ഗ്രാമസേവക ഓഫീസുകൾ തുടങ്ങി ഒരു ഗ്രാമത്തിന്റെ വികസനത്തിനാവശ്യമായതൊക്കെ സ്ഥാപിക്കുന്നതിൽ കെകെയുടെ കർമ്മകുശലയും ദീർഘവീക്ഷണവും തെളിഞ്ഞുകാണാം.

കെകെയുടെ സംഘടനാപാടവം ഏറ്റവും കൂടുതൽ പുതുതലമുറയ്ക്ക് അനുഭവപ്പെട്ടത് സാക്ഷരതാകാലത്തെ ഇടപെടലിലൂടെയാണ്. 200-ലധികംവരുന്ന സാക്ഷരതാപ്രവർത്തകരും 520 യുവതീ-യുവാക്കളും ചേർന്ന് 2448 നിരക്ഷരരെ സാക്ഷരരാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ജനപങ്കാളിത്തപ്രവർത്തനങ്ങൾക്ക് ഉത്തമമാതൃകയായിരുന്നു. സാക്ഷരതാപ്രവർത്തനങ്ങൾ കാണാൻ വിവിധ സംസ്ഥാനങ്ങളിൽനിന്നു മയ്യിലിലെത്തിയ പഠനസംഘങ്ങൾ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

‘അക്ഷരസാക്ഷരതയിൽനിന്നു ഭൂസാക്ഷരതയിലേക്ക്’ എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാൻ വിഭവഭൂപടനിർമ്മാണപദ്ധതി പരിഷത്ത് ആവിഷ്കരിച്ചു. ഇതിനു തെരഞ്ഞെടുത്ത 22 പഞ്ചായത്തുകളിൽ ഒന്ന് മയ്യിൽ ആയിരുന്നു. പരിശീലനം കിട്ടിയ സന്നദ്ധപ്രവർത്തകർ വീടുവീടാന്തരം കയറി ശേഖരിച്ച സർവ്വേവിവരങ്ങളുടെ വിശകലനങ്ങളിലൂടെയായിരുന്നു വിഭവഭൂപടനിർമ്മാണം പൂർത്തീകരിച്ചത്. ഭൗമശാസ്ത്രപഠനകേന്ദ്രം, ഭൂവിനിയോഗബോർഡ്, ഐആർടിസി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രക്രിയ പൂർത്തീകരിച്ചത്. ഇതിനു തുടർച്ചയായാണ് പിഎൽഡിപി പദ്ധതി ആരംഭിച്ചത്. അതു മുന്നോട്ടു കൊണ്ടുപോകുന്നതിനുമുമ്പുതന്നെ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ചു.

1995-ൽ രുഗ്മിണിട്ടീച്ചറുടെ നേതൃത്വത്തിലുള്ള പുതിയ സമിതി വന്നെങ്കിലും മാർഗ്ഗദർശി കെകെ തന്നെ ആയിരുന്നു. അക്കാലത്തു നടന്ന പ്രവർത്തനങ്ങളും അവയ്ക്കു നേതൃത്വം കൊടുത്തവരുമായി ഒരു നിരതന്നെ ഉണ്ട്. അവരെക്കുറിച്ചും അവയെക്കുറിച്ചും പ്രത്യേകം പറയുന്നുണ്ട്. ജനകീയാസൂത്രണം മുകളിൽനിന്നു പൊട്ടിവീണതല്ല. താഴേത്തട്ടിൽ മയ്യിൽപോലുള്ള പഞ്ചായത്തുകളിൽ നടന്നിരുന്ന വികസനമാതൃകകൾ സംസ്ഥാനാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുകയാണു ജനകീയാസൂത്രണം ചെയ്തത്.

സിപി‌ഐ(എം) ജില്ലാക്കമ്മിറ്റിയംഗം, കർഷകസംഘം നേതാവ്, വിവിധ സഹകരണസ്ഥാപനങ്ങളുടെ പ്രസിഡന്റ്, ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെകെ 1942 മുതൽ 2004-ൽ മരണപ്പെടുന്നതുവരെ ‘ദേശാഭിമാനി’ ഏജന്റായിരുന്നു.