Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പി. പി. സ്വാതന്ത്ര്യം
പി. പി. സ്വാതന്ത്ര്യം

പി. പി. സ്വാതന്ത്ര്യം

ലഘു ജീവചരിത്രം (Biography)

ക്യാമ്പയിൻ അടിസ്ഥാനത്തിലുള്ള പച്ചക്കറിവ്യാപനത്തിന്റെ ഉപജ്ഞാതാവ് പി. പി. സ്വാതന്ത്ര്യം എന്ന കഞ്ഞിക്കുഴി പഞ്ചായത്തുപ്രസിഡന്റാണ്. സ്വാതന്ത്ര്യത്തിന്റെ രണ്ടു സഹോദരൻമാരുടെ പേരുകൾ സാഹോദര്യം, സമത്വം എന്നാണ്. മൂന്നു മക്കൾക്കും അച്ഛൻ ഇട്ട പേരുകൾ ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ. ഇത്തരത്തിലുള്ള പേരിടലുകൾ കരപ്പുറത്ത് സാധാരണമായിരുന്നു. അകാലികൾ വൈക്കത്തു സമരത്തിനു വന്നപ്പോൾ അവർക്ക് ഒട്ടേറെ ആരാധകർ കരപ്പുറത്ത് ഉണ്ടായി. പിന്നെ കുട്ടൻസിംഗുമാരും ഭഗവാൻസിംഗുമാരുമെല്ലാം രംഗപ്രവേശനം ചെയ്തു. ഇത്തരമൊരു പുരോഗമന പാരമ്പര്യത്തിൽനിന്നാണു സ്വാതന്ത്ര്യം വളർന്നുവന്നത്.

പഞ്ചായത്തുപ്രസിഡന്റും സിപി‌ഐ(എം) ജില്ലാക്കമ്മിറ്റിയംഗവും കർഷകസംഘം ഏര്യാ സെക്രട്ടറിയും ആയിരിക്കുമ്പോഴാണ് സ്വാതന്ത്ര്യം മരണമടഞ്ഞത്. ഞാൻ എംഎൽഎ ആയശേഷമുള്ള ആദ്യത്തെ പി. പി. സ്വാതന്ത്ര്യം അനുസ്മരണപ്രഭാഷണത്തിന്റെ വിഷയമായി തെരഞ്ഞെടുത്തത് ജൈവബുദ്ധിജീവി എന്ന ആശയമായിരുന്നുവെന്ന് ഓർക്കുന്നു. അന്ന് ഉൽപ്പാദനമേഖലയിലെ ജനകീയയിടപെടലിന്റെ രാഷ്ട്രീയം സിപി‌ഐ(എം) ഏറ്റെടുത്തുകഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച സൈദ്ധാന്തികമായ തർക്കവിതർക്കങ്ങളിലേയ്ക്കൊന്നും കടക്കാതെ പി. പി. സ്വാതന്ത്ര്യം തന്റെ അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വികസനരാഷ്ട്രീയസരണി തുറന്നു. ഇതിനു രണ്ടു പതിറ്റാണ്ടിനുശേഷമാണ് ജൈവപച്ചക്കറികാമ്പയിൻ സിപി‌ഐ(എം)-ന്റെയും വർഗ്ഗബഹുജനസംഘടനകളുടെയും അജണ്ടയിൽ സജീവസ്ഥാനം പിടിക്കുന്നത്.

1995-ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച പി. പി. സ്വാതന്ത്ര്യം കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഈ രണ്ടാമൂഴത്തിലാണ് നല്ല പഞ്ചായത്തിനുള്ള പ്രോത്സാഹനമായി ലഭിച്ച സമ്മാനത്തുക ഉപയോഗപ്പെടുത്തി പച്ചക്കറി ജനകീയകാമ്പയിൻ ആരംഭിക്കാനുള്ള ആശയം മുന്നോട്ടുവച്ചത്. ഇതിനുള്ള സാങ്കേതികഉത്തരങ്ങൾ ടി. എസ്. വിശ്വൻ എന്ന കൃഷിയോഫീസർ നൽകി. ഭരണപരമായ കുരുക്കുകൾ രാജ്പ്രദീപ് എന്ന പഞ്ചായത്തുസെക്രട്ടറി അഴിച്ചു. ഇതെഴുതുന്ന 2021-ലെ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സന്തോഷിനെ പോലുള്ള ഒരുപറ്റം ചെറുപ്പക്കാർ ഒപ്പം അണിനിരന്നു.

മൂന്നു വർഷത്തിനുശേഷം ആർ. ഹേലിയും പി. പി. സ്വാതന്ത്ര്യവും മറ്റും ചേർന്ന് എഴുതിയ ലേഖനത്തിൽ ഈ നൂതനസംരംഭത്തെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

“പച്ചക്കറിക്കൃഷിയിൽ ഉറച്ചുനിൽക്കുന്ന ചില കർഷകരെ ഇവിടെ കാണാൻ കഴിയും. മണൽപ്രദേശത്തു പച്ചക്കറിക്കൃഷി ചെയ്യാൻ അവരുടേതായ സാങ്കേതികമുറ പരമ്പരാഗതമായ അറിവിൽനിന്ന് അവർ ഉരുത്തിരിയിച്ചെടുത്തിട്ടുണ്ട്. ധാരാളം വീടുകളിൽ പശുവിനെ വളർത്തുന്നുണ്ട്. കൂടാതെ ഏഴായിരത്തോളം പറമ്പുകുളങ്ങളുമുണ്ട്. പാഴ്മണലിനെ പായലും ചാണകവും ചേർത്തു പാകപ്പെടുത്തി പച്ചക്കറികൾ നട്ട്, ദിവസവും രണ്ടുനേരം വെള്ളംകോരിനനച്ച് പച്ചക്കറിക്കൃഷി സാഹസികമായി നടത്തുന്ന കൃഷിക്കാർ സമൂഹത്തിനു മുഴുവൻ ആത്മവിശ്വാസം പകരുന്നു. ഈ ചുറ്റുപാടിൽ പച്ചക്കറി കഴിയുന്നത്ര എല്ലാ വീട്ടുമുറ്റങ്ങളിലും കൃഷിചെയ്തുകൂടേ എന്നൊരാശയം ഗ്രാമപ്പഞ്ചായത്തിനുണ്ടായി. വീട്ടുമുറ്റത്തു വിളയിറക്കുന്ന പച്ചക്കറി മുഖ്യമായും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും അധികം വരുന്നതു വിൽക്കുകയും ചെയ്യുക എന്നൊരു പ്രായോഗികലക്ഷ്യവും ഇതോടെ ഉദിച്ചു. തുടർന്നു നടന്ന ചർച്ചകളുടെ ഫലമായി ഉപഭോക്താക്കളെ പച്ചക്കറി വളർത്തുന്ന പ്രസ്ഥാനത്തിൽ പങ്കാളികളാക്കി സ്വന്തം വാസസ്ഥലസമീപത്തു സ്വയം കൃഷി ചെയ്യിക്കാൻ ഒരു കർമ്മപരിപാടി രൂപമെടുത്തു.” (കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്: ‘വികസനസമീപനങ്ങൾ - കാർഷികമേഖല’)

കഴിഞ്ഞ 25 വർഷക്കാലത്തിനിടയിൽ കഞ്ഞിക്കുഴിപ്പച്ചക്കറി ഒട്ടേറെ പരിണാമങ്ങൾക്കു വിധേയമായി. ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗമായി വളർന്നു. എന്നാൽ ഇന്നും തുടക്കത്തിലെ ജനകീയത മുറുകെപ്പിടിക്കുന്നു. പഞ്ചായത്തിന്റെ നായകത്വം തുടരുന്നു. ഇന്നും വാർഡടിസ്ഥാനത്തിലും മറ്റുമുള്ള സംഘടനാസംവിധാനവുണ്ട്. പണ്ടത്തെപ്പോലത്തെ നിരന്തരകാമ്പയിൻശൈലി ഇന്ന് അപ്രസക്തമാണെങ്കിലും ആ പാരമ്പര്യം കൈവെടിഞ്ഞിട്ടില്ല. നൂതനരീതികൾ അവലംബിക്കുന്നതിനു വൈമുഖ്യമില്ല. ഉദ്യോഗസ്ഥപ്രതിബദ്ധതയോടൊപ്പം സന്നദ്ധപ്രവർത്തനവും ഒരുമിക്കുന്നു. സംയോജിതസമീപനം തുടരുന്നു. സംഘക്കൃഷിയിലേക്കും സംരംഭക്കൃഷിയിലേക്കും വിത്ത്, ഉൽപ്പന്ന വിപണനത്തിലേക്കും ഓൺലൈൻ വ്യാപാരത്തിലേക്കും എത്തിനിൽക്കുന്നു. സുസ്ഥിരവികസനത്തിന്റെ ഉത്തമമാതൃകകളിൽ ഒന്നായി തുടരുന്നു.