Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കുഞ്ഞന്നാമ്മ കുഞ്ഞ്
കുഞ്ഞന്നാമ്മ കുഞ്ഞ്

കുഞ്ഞന്നാമ്മ കുഞ്ഞ്

ലഘു ജീവചരിത്രം (Biography)

നല്ല സാമൂഹികപ്രവർത്തകയ്ക്കുള്ള ശാരദാ കൃഷ്ണയ്യർ അവാർഡ് - 1992

കാൻഫെഡ് അവാർഡ് - 1996

കുടുംബക്ഷേമപ്രമുഖ അവാർഡ് - 1999

പി. എൻ. പണിക്കർ ഫൗണ്ടേഷൻ അവാർഡ് - 2008

ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ അവാർഡ് - 2012

നല്ല സാമൂഹികപ്രവർത്തകയ്ക്കുള്ള മനോരമ അവാർഡ് - 2018

നോസർ ഇന്ത്യയുടെ വിമൻ ഇന്നവേറ്റേഴ്സ് അവാർഡ് – 2021…

അവാർഡുകളുടെ ലിസ്റ്റ് പൂർണ്ണമല്ല. ഏതാണ്ട് 21-ലധികം പുരസ്ക്കാരങ്ങൾ.

ഇനി, വഹിച്ചിരുന്ന സ്ഥാനങ്ങൾ നോക്കിയേ...

ജില്ലാ വിമൻസ് കൗൺസിൽ അംഗം

ജില്ലാ സാമൂഹികക്ഷേമ ഉപദേശകസമിതി അംഗം

സ്ത്രീപദവിപഠനക്കമ്മിറ്റി അംഗം

എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ

ഫാമിലി കൗൺസെലിങ് സെന്ററിന്റെ ഡയറക്ടർ

ഷെൽട്ടർ ഹോം ഡയറക്ടർ

ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ അംഗം

മദ്യവർജ്ജന ബോധവൽക്കരണ കമ്മിറ്റി അംഗം

പ്രകൃതിജീവനക്കമ്മിറ്റി അംഗം

ഡീ അഡിക്‌ഷൻ സെന്റർ സെക്രട്ടറി...

ഇവയെല്ലാം കുഞ്ഞന്നാമ്മ കുഞ്ഞ് എന്ന കൊടുമൺ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റിനു ലഭിച്ചിട്ടുള്ളവയാണ്. രജതജൂബിലിവർഷത്തിൽ 78 വയസ്സായെങ്കിലും അപ്പോഴും പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷയാണ്. നാട്ടുകാരുടെയെല്ലാം അമ്മാമ്മയും.

തുടക്കം ബാലജനസഖ്യത്തിൽനിന്ന്. സ്വാഭാവികമായും കോൺഗ്രസായിരുന്നു. പക്ഷേ, രാഷ്ട്രീയത്തേക്കാൾ കൂടുതൽ കാൻഫെഡിൽ ആയിരുന്നു. സാക്ഷരതാപ്രവർത്തനത്തിൽ സജീവമായിരുന്നു. മഹിളാസമാജപ്രവർത്തക എന്നനിലയിൽ നിരവധി മഹിളാസമാജങ്ങളും നല്ലൊരു ശൃംഖല സ്വയംസഹായസംഘങ്ങളും ഉണ്ടാക്കി. ഇവയെല്ലാം കൊടുമണിലെ പൊതു അയൽക്കൂട്ടങ്ങളിൽ ലയിപ്പിക്കാൻ ഒരു മടിയുമുണ്ടായില്ല. അന്നു ജനപ്രതിനിധിയല്ലെങ്കിലും ജനകീയാസൂത്രണത്തിൽ സജീവമായിരുന്നു.

ജനകീയാസൂത്രണം കഴിഞ്ഞുള്ള രണ്ടു ടേം യുഡി‌എഫിന്റെ ജനപ്രതിനിധിയായിരുന്നു. 2015-20-ൽ സ്വതന്ത്രയായി മത്സരിച്ച് എൽഡി‌എഫ് പിന്തുണയോടെ പ്രസിഡന്റായി. കഴിഞ്ഞതവണ ബ്ലോക്കിലേക്ക് സിപി‌ഐ(എം) ചിഹ്നത്തിൽ. സാക്ഷരതാപ്രവർത്തക, കാൻഫെഡ് പ്രവർത്തക, ജനകീയാസൂത്രണം, പഞ്ചായത്തുപ്രസിഡന്റ് എന്നീ നിലകളിലെല്ലാം എനിക്കിവരെ അറിയാം. എല്ലാവരോടും നന്നായി പെരുമാറും. നൂതനമായ കാര്യങ്ങളോടു വലിയ താൽപര്യമാണ്. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്.

ആരോടും ഇടപഴകാനും വർത്തമാനം പറയാനും ഒരു സങ്കോചവും ഇല്ല. ന്യൂനപക്ഷക്കമ്മിഷൻ ചെയർ പേഴ്സണായിരുന്ന തങ്കമ്മ സ്‌റ്റീഫനൊപ്പം രാഷ്ട്രപതി സെയിൽ സിങ്ങുമായി ഇരിക്കുന്ന ചിത്രം കണ്ടു.

പഞ്ചായത്തുപ്രസിഡന്റ് എന്ന നിലയിൽ തരിശുരഹിതപഞ്ചായത്തു ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ചിട്ടയായി മുന്നോട്ടു നീക്കി. മന്ത്രിയെന്ന നിലയിൽ കൊടുമൺ സന്ദർശിച്ചപ്പോൾ ഫാർമേഴ്സ് സൊസൈറ്റിയുടെയും മറ്റും കാര്യങ്ങൾ വിശദീകരിച്ചുതന്നത് പ്രസിഡന്റായ കുഞ്ഞന്നാമ്മ കുഞ്ഞാണ്. ആദ്യമായി കൊടുമൺ റൈസ് പുറത്തിറങ്ങിയതും ഈ വേളയിൽത്തന്നെ. ജില്ലയിലെ ആദ്യത്തെ പച്ചത്തുരുത്തും കൊടുമൺ സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളും കായികരംഗത്തെ ഇടപെടലുകളും ഇക്കാലത്തുതന്നെ. എല്ലാത്തിനും സലീമിന്റെയും കൂട്ടരുടെയും പിന്തുണയുമുണ്ടായിരുന്നു. ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്ന നിലയിലാണു പ്രവർത്തനവും നടപ്പും.