Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. ടി. പ്രേമലത
കെ. ടി. പ്രേമലത

കെ. ടി. പ്രേമലത

ലഘു ജീവചരിത്രം (Biography)

പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ നഗരസഭാചെയർപേഴ്സൺ ആയിരുന്നു കെ. ടി. പ്രേമലത. പഞ്ചായത്ത് 1995-ലാണ് നഗരസഭയായി മാറിയത്. തെരഞ്ഞെടുപ്പിൽ 24 വാർഡിൽ രണ്ടു മുന്നണികളും തുല്യം. ഇങ്ങനെയൊരു സാഹചര്യത്തെ മറികടന്നാണ് പ്രേമലത മുനിസിപ്പൽ ചെയർപേഴ്സൺ ആയത്. ജനകീയാസൂത്രണത്തിന്റെ വരവു നാടിനെയാകെ മാറ്റിമറിച്ചു. ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ വികസനത്തിലൂന്നിയ സമീപനം എല്ലാവരിലും ഉണ്ടായി.

പ്രേമലതയുടെ മനസ്സിൽ ഏറ്റവുമധികം തങ്ങിനിൽക്കുന്ന പ്രവർത്തനം പാർപ്പിടപ്രശ്നത്തിനു പരിഹാരം കണ്ടതാണ്. സാധാരണക്കാരുടെ മഹാഭൂരിപക്ഷം വീടുകളും ഓലമേഞ്ഞവ ആയിരുന്നു. ഓരോ വർഷകാലവും ആ കുടുംങ്ങൾക്കു പുര കെട്ടിമേയൽ ഒരു പ്രശ്നമായിരുന്നു. ദാരിദ്ര്യത്തിന്റെ അവസ്ഥയിൽ പലപ്പോഴും പാളക്കീറുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗപ്പെടുത്തിയും വെള്ളം വീഴുന്നയിടങ്ങളിൽ പാത്രങ്ങൾ വച്ചും മറ്റുമാണ് താൽക്കാലികപരിഹാരങ്ങൾ കണ്ടിരുന്നത്.

ഇത്തരത്തിൽ 700 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അവരുടെ യോഗം വിളിച്ചുചേർത്തു. ഒരു വീടിന്റെ പുനർനിർമ്മാണത്തിന് 20,000 രൂപ എന്ന നിലയിൽ പ്രൊജക്ടിൽ വകയിരുത്തി. നിർമ്മാണത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഓരോരുത്തരെയും പറഞ്ഞുമനസിലാക്കി. ഇവർക്കു സാധനങ്ങൾ വാങ്ങാനും പണികൾ ചെയ്യാനും സഹായിക്കാൻ ജനകീയകമ്മിറ്റി രൂപവത്ക്കരിച്ചു.

ഗുണഭോക്താക്കൾക്കു സ്വന്തം നിലയിൽ ചെയ്യാനോ അവർകൂടി അംഗങ്ങളായ ജനകീയനിർമ്മാണക്കമ്മിറ്റി വഴി ചെയ്യിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വന്തം നിലയിൽ വീടു നിർമ്മിക്കുന്നവർക്കു പണം ഗഡുക്കളായി നൽകി. നാലു കുടുംബങ്ങൾക്കു വസ്തുതർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കമ്മിറ്റി പലപ്രാവശ്യം ഇടപെട്ടിട്ടും കുടുംബങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ നാലു കുടുംബങ്ങളെ ഒഴിവാക്കിയായിരുന്നു പ്രവർത്തനം.

വീടുകളുടെ വയറിങ് ഉൾപ്പെടെ ചെയ്തു വേണമായിരുന്നു പണി പൂർത്തീകരിക്കാൻ. ഒരു വർഷംകൊണ്ട് 696 വീടുകളും പണി പൂർത്തിയാക്കി. ഒരു ദിവസംതന്നെ 10-ലധികം വീടുകളുടെ പാലുകാച്ചലിനു പ്രേമലതയ്ക്കു പോകേണ്ടി വരുമായിരുന്നു. തിരക്കുമൂലം പാലുകാച്ച് എന്ന ചടങ്ങു വേണ്ടിയിരുന്നില്ലായെന്നു ചില സന്ദർഭങ്ങളിൽ തോന്നുകയും ചെയ്തു. പക്ഷെ പാവങ്ങളുടെ സന്തോഷം കാണുമ്പോൾ എല്ലാ തിരക്കുകളും മാറ്റിവച്ച് ചെയർപേഴ്സണും മറ്റു കൗൺസിലർമാരും പാലുകാച്ചുചടങ്ങുകൾക്ക് എത്തുമായിരുന്നു. ഇത്രയധികം വീടുകൾ ഒറ്റവർഷംകൊണ്ടുതന്നെ പൂർത്തീകരിച്ച മുനിസിപ്പാലിറ്റികൾ അധികമുണ്ടാവില്ല.

2015-20-ലും ലൈഫ് മിഷനെ ഉപയോഗപ്പെടുത്തി നഗരസഭ സംസ്ഥാനശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാനത്തെ ഏറ്റവും വലിയ ഭവനസമുച്ചയങ്ങളിലൊന്ന് ഇവിടെയായിരുന്നു. ജനകീയാസൂത്രണകാലത്തു പണിത ഓടിട്ട വീടുകളെല്ലാം ഇക്കാലത്തു കോൺക്രീറ്റ് വീടുകളായി. അന്നു വിട്ടുപോയ നാലു കുടുംബങ്ങൾക്കും ലൈഫ് മിഷനിൽ വീടു നൽകിയെന്നതു സന്തോഷകരമായ കാര്യമായി പ്രേമലത പറഞ്ഞു.

പാർപ്പിടമേഖലയിലെ മറ്റൊരു നേട്ടം നഗരസഭയെ ചേരിരഹിതനഗരസഭ ആക്കിയതാണ്. നഗരത്തിൽ 27 കുടുംബങ്ങളാണു ചേരി എന്ന നിലയിൽ താമസിച്ചുവന്നത്. അവർക്കു സ്വന്തമായി വീടോ സ്ഥലമോ മറ്റെവിടെയെങ്കിലും പാർപ്പിടസൗകര്യമോ ഉണ്ടായിരുന്നില്ല. നഗരവീഥിയുടെ ഇരുവശത്തും പ്ലാസ്റ്റിക്കും മറ്റുംവച്ചു മറച്ച് കിടന്നുറങ്ങുന്ന കുടുംബങ്ങളായിരുന്നു. ആദ്യമായി ഇവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി. മുഴുവൻ കുടുംബങ്ങൾക്കും 2000-05 കാലഘട്ടത്തിൽ വന്ന നഗരസഭാസമിതി ആദ്യംവർഷംതന്നെ വീടു നിർമ്മിച്ചു നൽകി. പ്രേമലതയുടെ ഭർത്താവും സിപി‌ഐ(എം) ഏരിയാക്കമ്മിറ്റിയംഗവും ആയിരുന്ന കെ. ടി. നാരായണൻ ആയിരുന്നു ചെയർപേഴ്സൺ. അങ്ങനെ ചേരിയില്ലാത്ത നഗരസഭയായി പെരിന്തൽമണ്ണ മാറി.

കെ. ടി. പ്രേമലത സിപി‌ഐ(എം) ഏരിയാക്കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. രജതജൂബിലിക്കാലത്ത് പെരിന്തൽമണ്ണ കാർഷികവികസനബാങ്കിന്റെ ഡയറക്ടർ, മലബാർ ദേവസ്വം ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

കെ. പി. അയ്യപ്പൻ, വൈസ് ചെയർപേഴ്സൺ

പെരിന്തൽമണ്ണനഗരസഭയിൽനിന്ന് 1997-ൽ ചെയർപേഴ്സൺ പ്രേമലത, വൈസ് ചെയർപേഴ്സൺ കെ. പി. അയ്യപ്പൻ എം. കെ. ശ്രീധരൻ എന്നിവരടങ്ങിയ ഒരു നിവേദകസംഘം ആസൂത്രണബോർഡിൽ വന്നു. കെ. പി. അയ്യപ്പനാണു കൂടുതൽ സംസാരിച്ചത്. എയിഡഡ് സ്കൂളുകളിലെ കുട്ടികൾക്കു കുടിവെള്ളം നൽകാനായി തയ്യാറാക്കിയ പ്രൊജക്ടിനു ഡിപിസി അനുമതി നിഷേധിച്ചു. മൂത്രപ്പുരയും കുടിവെള്ളവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ സർക്കാർ - എയിഡഡ് എന്ന തരംതിരിവു പാടില്ലെന്നും ആയിരുന്നു അവരുടെ വാദം. അങ്ങനെ കുന്നപ്പള്ളി എൽപി സ്കൂളിൽ ആദ്യമായി കുടിവെള്ളസംവിധാനം ഒരുക്കാൻ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രത്യേകാനുമതി വാങ്ങിക്കൊടുത്തു. പിന്നീട് മാർഗ്ഗനിർദ്ദേശങ്ങളിൽത്തന്നെ ഈ മാറ്റം കൊണ്ടുവന്നു.

കെ. പി. അയ്യപ്പന്റെ പ്രത്യേകതാൽപ്പര്യത്തിന് ഒരു കാരണമുണ്ടായിരുന്നു. അദ്ദേഹം പട്ടികജാതിപ്രതിനിധി ആയിരുന്നു. പട്ടികജാതിക്കാരുടെ കോളനികളാവട്ടെ, കൂടുതലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശങ്ങളിലുമാണ്. നഗരസഭാപ്രദേശത്തു 335 പൊതുടാപ്പുകളും 3120 സ്വകാര്യകണക്‌ഷനുകളും ഉണ്ടായിരുന്നു. പ്രതിദിനം 75 ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ടെങ്കിലും 34.5 ലക്ഷം ലിറ്റർ വെള്ളം മാത്രമേ വിതരണത്തിനു ലഭ്യമായിരുന്നുള്ളൂ. നഗരസഭയിലെ വിവിധ വാർഡുകളിലായി 37 പൊതുകിണറുകളും 78 കുഴൽക്കിണറുകളും ഉണ്ടെങ്കിലും വേണ്ടവിധം പ്രയോജനപ്പെടുന്നുണ്ടായിരുന്നില്ല.

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പട്ടികജാതികുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി. ആദ്യവർഷം ഏറ്റെടുത്തത് 24 വാർഡുകളിലായി 17 ചെറുകിടകുടിവെള്ളപദ്ധതികളാണ്. ഇവയ്ക്കായി പദ്ധതിപ്പണത്തിൽനിന്ന് ഒരുകോടി രൂപ മാറ്റിവയ്ക്കാൻ കൗൺസിൽ തയ്യാറായി. രണ്ടു വർഷക്കാലംകൊണ്ടു പണി പൂർത്തീകരിച്ചു ശുദ്ധജലം എത്തിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. ഈ പരിപാടിക്കു നേതൃത്വം കൊടുത്തത് കെ. പി. അയ്യപ്പനാണ്.

തെരഞ്ഞെടുത്ത 17 പ്രദേശത്തും ഇതിനായി ഗുണഭോക്താക്കളുടെ യോഗം വിളിച്ചു. കുടിവെള്ളപദ്ധതികൾ പലതും നടപ്പാക്കണമെങ്കിൽ ഓവർഹെഡ് ടാങ്ക് പണിയാൻ സ്ഥലം വേണം. ചിലയിടങ്ങളിലാകട്ടെ പുതിയ കിണർതന്നെ കുഴിക്കേണ്ടിവരും. മറ്റു ചിലയിടങ്ങളിൽ കിണറിന്റെ ആഴവും വ്യാസവും വർദ്ധിപ്പിക്കേണ്ടിവരും. കൂടാതെ, ഗുണഭോക്താക്കളായി വരുന്ന 2700 കുടുംബങ്ങളിലേക്കു ശുദ്ധജലം എത്തിക്കണമെങ്കിൽ 20 കിലോമീറ്ററിലധികം പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടിവരും. കൂടാതെ, പമ്പ് ചെയ്യാൻ രണ്ട് 3എച്ച്പി, എട്ട് 5എച്ച്പി, ഏഴ് 10എച്ച്പി എന്നിങ്ങനെ മോട്ടോറുകളും ആവശ്യമാണ്. ഇതെല്ലാംകൂടി നഗരസഭ നീക്കിവച്ച പണംകൊണ്ടു തികയില്ല. ഓവർഹെഡ് ടാങ്കും പുതിയ കിണറുകളും സ്ഥാപിക്കാനുള്ള സ്ഥലം സൗജന്യമായി ലഭിക്കണം. അങ്ങനെ വന്നാൽ സന്നദ്ധസേവനംകൂടി ഉറപ്പാക്കി ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാവും എന്നാണു കണ്ടത്.

ടാങ്കും കിണറും സ്ഥാപിക്കാൻ പൊതുസ്ഥലം ലഭ്യമായ ഇടങ്ങളിൽ ആദ്യം പണികൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിൽ 250 കുടുംബങ്ങൾക്കു കുടിവെള്ളം എത്തിച്ച ഏണിപ്പാറ ശുദ്ധജലപദ്ധതിയുടെ പ്രവൃത്തി ആവേശകരമായ അനുഭവമായി. പൈപ്പ് ഇടാനുള്ള കാന കോരൽ, പൈപ്പിടൽ, മണ്ണിട്ടു നികത്തൽ, ഓരോ വീടുകളിലും ടാപ്പ് സ്ഥാപിക്കൽ തുടങ്ങിയ പണികൾ അന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായിരുന്ന രമേശന്റെ (നിലവിൽ സിപി‌ഐ(എം) മലപ്പുറം ജില്ലാക്കമ്മിറ്റിയംഗം) നേതൃത്വത്തിൽ 200-ലധികം വരുന്ന യുവജനങ്ങൾ രാവും പകലും നിന്ന് ഒരാഴ്ചകൊണ്ടു പൂർത്തിയാക്കി. അന്നത്തെ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ശ്രീരാമകൃഷ്ണനും സജീവമായി സന്നദ്ധപ്രവർത്തനത്തിന് ഉണ്ടായിരുന്നു. ഇതു നഗരത്തെയാകെ ഇളക്കിമറിച്ചു. അപ്പോഴേക്കും മറ്റു യുവജനസംഘടനകളും തൊഴിലാളിസംഘടനകളും ഇത്തരം പണികൾ ഏറ്റെടുക്കാൻ മുന്നോട്ടുവന്നു.

പൊതുസ്ഥലം ലഭ്യമല്ലാത്ത ഒൻപത് ഇടങ്ങളിൽ നാട്ടുകാർ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം വിട്ടുനൽകി. കിണർ നിർമ്മിക്കാൻ നാലിടത്തും സൗജന്യമായി ഭൂമി ലഭ്യമായി. ഒരു വർഷവും നാലു മാസവും പിന്നിട്ടപ്പോൾ 17 കുടിവെള്ളപദ്ധതികളും പൂർത്തിയായി. ഓരോ വീടും ഉപയോഗിക്കേണ്ട വെള്ളത്തിന് അളവു നിശ്ചയിച്ചിരുന്നു. അതിനായി മീറ്ററും ഘടിപ്പിച്ചിരുന്നു. കൂടുതൽ വെള്ളം ഉപയോഗിക്കുന്നവർ അധികപണം നൽകണമായിരുന്നു. മേജർ റിപ്പയർ വരുന്നതു നഗരസഭ വഹിക്കും. ഇതിനായി 5-10 ലക്ഷം എല്ലാ വർഷവും നഗരസഭ മാറ്റിവയ്ക്കുമായിരുന്നു.

കെ. പി. അയ്യപ്പൻ 1995-നുമുമ്പ് പെരിന്തൽമണ്ണപ്പഞ്ചായത്തിലെ മെമ്പറായിരുന്നു. നഗരസഭ രൂപവത്ക്കരിച്ചപ്പോൾ കൗൺസിലറായി. വൈസ് ചെയർപേഴ്സണായിരുന്ന മനഴി മാസ്റ്ററുടെ മരണത്തെതുടർന്ന് നഗരസഭാ വൈസ് ചെയർമാനായി. നല്ല വാഗ്മി, സംഘാടകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയിരുന്ന കെ. പി. അയ്യപ്പൻ സിപി‌ഐ(എം) ഏരിയാക്കമ്മിറ്റിയംഗം ആയിരുന്നു. പതിനഞ്ചു വർഷം മുമ്പു മരണപ്പെട്ടു.