Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / മോഹൻ വെള്ളാട്ട്
മോഹൻ വെള്ളാട്ട്

മോഹൻ വെള്ളാട്ട്

ലഘു ജീവചരിത്രം (Biography)

1995-ൽ പെരിന്തൽമണ്ണനഗരസഭയുടെ ഭരണച്ചുമതല ഏറ്റെടുക്കുമ്പോൾ നഗരസഭയ്ക്കു സ്വന്തമായുള്ളത് 30 കിലോമീറ്റർ ടാർ റോഡ് മാത്രം. ആ ഭരണസമിതി കാലാവധി പൂർത്തീകരിക്കുമ്പോൾ അതു 350 കിലോമീറ്ററായി. അന്നത്തെ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകൂടിയായ മോഹൻ വെള്ളാട്ടിന്റെ അഭിപ്രായത്തിൽ നഗരത്തിലെ പശ്ചാത്തലസൗകര്യങ്ങളിൽ ഇതാണു ജനകീയാസൂത്രണം സൃഷ്ടിച്ച ഏറ്റവും വിസ്മയകരമായ കുതിപ്പ്.

അന്നു നഗരസഭയ്ക്കു സ്വന്തമായി എൻ‌ജിനീയറിങ് സംവിധാനമില്ല; വാഹനമില്ല. ആകെയുള്ളത് ഒരു ഓവർസിയർ മാത്രം. അതു പഞ്ചായത്തുസംവിധാനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നതു കൈമാറി കിട്ടിയതാണ്. പദ്ധതിപ്പണത്തിന്റെ 30 ശതമാനംവരെ പശ്ചാത്തലമേഖലയിൽ ചെലവഴിക്കാൻ കിട്ടിയ അനുമതിയായിരുന്നു വിഭവസ്രോതസ്സ്. നഗരത്തിലെ പല റോഡുകളും കാൽനടയാത്രപോലും ദുസ്സഹമാകുമാറു തകർന്നുകിടക്കുന്നവയായിരുന്നു. എല്ലാ സ്ഥലങ്ങളിലും പോകാനും അളവെടുക്കാനും മറ്റു പ്രവർത്തനങ്ങൾക്കും സ്വന്തം സ്കൂട്ടർ ആയിരുന്നു പ്രധാനവാഹനം.

പല റോഡുകൾക്കും ആവശ്യമായ വീതി ഉണ്ടായിരുന്നില്ല. ഓരോ പ്രദേശത്തെയും ഗുണഭോക്താക്കളെ വിളിച്ചുചേർത്ത് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ ധാരണയുണ്ടാക്കി. ഇതിനായി വാർഡ് കൗൺസിലർക്കൊപ്പം ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും മരാമത്ത് ചെയർപേഴ്സണുമുള്ള ഒരു ടീമാണു ജനങ്ങളോടു സംവദിച്ചത്. ഒരിടത്തുനിന്നും കാര്യമായ എതിർപ്പു വന്നില്ല. മൊത്തം 25 ഏക്കറിലേറെ ഭൂമിയെങ്കിലും ഇങ്ങനെ സൗജന്യമായി ജനങ്ങൾ നഗരസഭയ്ക്കു വിട്ടുകൊടുത്തു. ഒരു വർഷം മെറ്റലിങ് സോളിങ് നടത്തും. അടുത്ത വർഷം ടാർ ചെയ്യും. ഇതായിരുന്നു സമ്പ്രദായം.

മറ്റൊരു പ്രധാനപ്പെട്ട മരാമത്തുപണി താലൂക്കാശുപത്രിയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക വാർഡുകൾ നിർമ്മിച്ചതാണ്. നിലവിലുണ്ടായിരുന്ന താലൂക്കാശുപത്രിയിൽ ഐഎംഎയുടെ സഹകരണത്തോടെ സ്ഥാപിച്ച ബ്ലഡ് ബാങ്ക് പ്രവർത്തിച്ചുവരുന്നുണ്ടായിരുന്നു. നഗരസഭാചെയർപേഴ്സൺ തന്നെയായിരുന്നു ബ്ലഡ് ബാങ്കിന്റെയും ചെയർപേഴ്സൺ; താലൂക്കാശുപത്രി നഗരസഭയുടേതും. ബ്ലഡ് ബാങ്കിന്റെ വിപുലീകരണത്തിനുവേണ്ടി കണക്കുകൾ പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ 68 ലക്ഷം രൂപ മിച്ചമുണ്ടായിരുന്നു. ഇതോടൊപ്പം കുറച്ചു പണവുംകൂടി മുടക്കിയാൽ താലൂക്കാശുപത്രിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു പ്രത്യേക വാർഡുകൂടി നിർമ്മിക്കാനാകുമെന്ന അഭിപ്രായം ഉയർന്നു. ബ്ലഡ് ബാങ്ക് വിപുലീകരണവും സ്ത്രീകൾക്കും കുട്ടികൾക്കുമായി രണ്ടു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിനുംകൂടി ഒരുകോടി രൂപ ചെലവു കണക്കാക്കി. കെട്ടിടം പണി 18 മാസംകൊണ്ട് പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കി.

നഗരസഭ നിലവിൽവന്നപ്പോൾ 32 അങ്കണവാടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 10 എണ്ണം വാടകക്കെട്ടിടത്തിൽ ആയിരുന്നു. മറ്റുള്ളവയിലാകട്ടെ, സുരക്ഷിതമായ കെട്ടിടങ്ങളുള്ളത് 15 എണ്ണത്തിനു മാത്രവും. വാടകയ്ക്കു പ്രവർത്തിക്കുന്നവർക്കു സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. ഏഴ് എണ്ണത്തിന് ആവശ്യമായ മെയിന്റനൻസ് നടത്തി ഉപയോഗയോഗ്യമാക്കണം.

ആദ്യഘട്ടത്തിൽ മെയിന്റനൻസ് നടത്തി സുരക്ഷിതമാക്കേണ്ടവ ഏറ്റെടുക്കാനും വാടകയ്ക്കു പ്രവർത്തിക്കുന്നവയ്ക്കു സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാനും തീരുമാനിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നാല് അങ്കണവാടികൾ ഒഴികെ മറ്റെല്ലാത്തിനും കൗൺസിലും മറ്റു രാഷ്ട്രീയനേതൃത്വവും ഇടപെട്ടതിന്റെ ഫലമായി സ്വന്തമായി കെട്ടിടം പണിയാനുള്ള ഭൂമി ലഭ്യമായി. നഗരഹൃദയത്തിൽ ഉള്ളവയ്ക്കു സ്ഥലം കണ്ടെത്തി വില കൊടുത്തു വാങ്ങാനും തീരുമാനമായി. ജനകീയാസൂത്രണകാലഘട്ടത്തിൽ എല്ലാ അങ്കണവാടികൾക്കും സ്ഥലം ഉറപ്പായിയെന്നു മാത്രമല്ല ആറെണ്ണമൊഴിച്ചുള്ള 26 എണ്ണത്തിനും സ്വന്തം കെട്ടിടവും ഉറപ്പാക്കി.

ഇതിനിടയിൽ അന്നു തദ്ദേശഭരണമന്ത്രി ആയിരുന്ന പാലോളി മുഹമ്മദുകുട്ടിയുടെ ഇടപെടലിന്റെ ഭാഗമായി നഗരസഭയ്ക്ക് എൻ‌ജിനീയറേയും അനുവദിച്ചുകിട്ടിയിരുന്നു.

മോഹൻ വെള്ളാട്ട് ഡിവൈഎഫ്ഐ വഴിയാണു പൊതുരംഗത്തു വന്നത്. 1995-2000 ഘട്ടത്തിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, 2000-05-ൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സിപി‌ഐ(എം) ഏരിയാക്കമ്മിറ്റിയംഗം ആയിരുന്നു. 2011-ൽ പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ ജനറൽ മാനേജർ ആയി. എന്നാൽ, കഴിഞ്ഞ നഗരസഭാഭരണത്തിൽ ഒഴിവുവന്ന സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതിനെത്തുടർന്ന് ഭരണം വീണ്ടും ഇടതുപക്ഷത്തിനായി. അങ്ങനെയാണു സലിം നഗരസഭാ ചെയർപേഴ്സൺ ആകുന്നത്. 2021 ഏപ്രിൽ 30-നു സർവ്വീസിൽനിന്നു പിരിഞ്ഞ മോഹൻ സിപി‌ഐ(എം) ലോക്കൽ കമ്മിറ്റി അംഗമായി.