Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഇ. കെ. നായനാർ
ഇ. കെ. നായനാർ

ഇ. കെ. നായനാർ

ലഘു ജീവചരിത്രം (Biography)

“എന്താടോ ഈ കേൾക്കുന്നത്? ആരാടോ ഫ്രാങ്കി? …താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?”

ചോദ്യങ്ങൾ ഇ. കെ. നായനാരുടേതായിരുന്നു. ജനകീയാസൂത്രണവിവാദം കത്തിനില്ക്കുന്ന കാലം. ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെയുള്ള ആരോപണങ്ങളുന്നയിച്ചു മുഖ്യധാരാമാദ്ധ്യമങ്ങൾ എന്നെ വ്യക്തിപരമായി വേട്ടയാടിയ സമയം. അദ്ദേഹം എന്നെ എകെജി സെന്ററിലേക്കു വിളിപ്പിച്ചു. എന്നെ വരവേറ്റത് സ്വതസിദ്ധമായ ശൈലിയിൽ മേൽപ്പറഞ്ഞ കുറേ ചോദ്യങ്ങൾ.

രണ്ടു മണിക്കൂറോളം എന്നെ പിടിച്ചിരുത്തി കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കി. വിവാദത്തിന്റെ എല്ലാ വശങ്ങളും കേട്ടു. ആവർത്തിച്ചു വിശദീകരിപ്പിച്ചു സംശയങ്ങൾ ദൂരീകരിച്ചു. ആ രണ്ടു മണിക്കൂർകൊണ്ട് അദ്ദേഹം എന്നിൽ നിറച്ച ആത്മവിശ്വാസവും ധൈര്യവും ഇന്നും പുളകത്തോടുകൂടിയേ ഓർക്കാനാവൂ. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തിന് ഒരു പോറലും ഏല്പിക്കാൻ മാദ്ധ്യമങ്ങൾ പടർത്തിയ അപവാദവാർത്തകൾക്കു കഴിഞ്ഞില്ല.

വിമോചനസമരംമൂലം ഫലപ്രാപ്തിയിലെത്താതെപോയ 1957-ലെ അധികാരവികേന്ദ്രീകരണനിയമത്തിനുശേഷം ഏറ്റവും നിർണ്ണായകമായ നടപടി സ്വീകരിച്ചത് 1987–91-ലെ ഇ. കെ. നായനാർ സർക്കാരാണ്. കേരളത്തിൽ ജില്ലാ കൗൺസിലുകൾ രൂപം‌കൊണ്ടു. സംസ്ഥാനസർക്കാരുകൾ‌പോലെ ജില്ലയിൽ ഒരു പ്രാദേശികഭരണകൂടം. നഗരവും ഗ്രാമവും ഈ കൗൺസിലിന്റെ കീഴിലായിരുന്നു. കൗൺസിലിനു വിപുലമായ അധികാരങ്ങൾ ഉണ്ടായിരുന്നു. 1991-ലെ ബജറ്റിൽ ഫണ്ടും ലഭ്യമാക്കി. യഥാർത്ഥത്തിൽ ഗ്രാമങ്ങളെയും നഗരങ്ങളെയും വ്യത്യസ്ത അറകളിലാക്കിയ 73, 74 ഭരണഘടനാഭേദഗതികൾ ഒരു പുറകോട്ടുപോക്കായിരുന്നു. ദൗർഭാഗ്യവശാൽ, നായനാർസർക്കാരിന്റെ മാറ്റത്തിനുശേഷം ജില്ലാകൗൺസിലുകൾ ഗളഹസ്തം ചെയ്യപ്പെട്ടു.

ഇ. കെ. നായനാർ നേതൃത്വം നല്കിയ 1996 – 2001 കാലത്തെ മന്ത്രിസഭയുടെ സംഭാവനയാണല്ലോ ജനകീയാസൂത്രണം. അധികാരവികേന്ദ്രീകരണം എന്ന ആശയം നടപ്പാക്കുന്നതിൽ നേരിട്ട വെല്ലുവിളികളും പ്രതിബന്ധങ്ങളും തരണം ചെയ്തത് അദ്ദേഹത്തിന്റെ നേതൃപൂർണ്ണമായ ഇടപെടലിലൂടെ ആയിരുന്നു. നർമ്മവും കാർക്കശ്യവും ഇരുത്തംവന്ന രാഷ്ട്രീയനേതാവിന്റെ നയചാതുരിയുമൊക്കെ തരാതരം പുറത്തെടുത്താണ് അദ്ദേഹം പ്രതിബന്ധങ്ങൾ മറികടന്നത്.

ജനകീയാസൂത്രണത്തിന്റെ ഉന്നതാധികാരസമിതിയുടെ എല്ലാ യോഗത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു ജനകീയാസൂത്രണകാര്യങ്ങളിൽ നേരിട്ട് ഇടപെടാറില്ലായിരുന്നു. പക്ഷെ, എല്ലാം ചോദിച്ചറിയും. അദ്ദേഹത്തിന് അറിയാത്തതൊന്നും എവിടെയും നടന്നിട്ടുമില്ല. ജനകീയാസൂത്രണത്തിന്റെ അവസാനത്തെ സുപ്രധാനകൂട്ടായ്മകളിലൊന്ന് 2000-ൽ നടത്തിയ അന്തർദ്ദേശീയസമ്മേളനം ആയിരുന്നു. ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇ. കെ. നായനാർ ആയിരുന്നു.

അധികാരവും പണവും ഭരണസംവിധാനത്തിന്റെ താഴേത്തട്ടിലേക്കു കൈമാറ്റം ചെയ്യുമ്പോൾ സ്വാഭാവികമായും എതിർപ്പും ആശങ്കയും പിടിവാശിയുമൊക്കെ നേരിടും. മുന്നണിസംവിധാനത്തിൽ പ്രവർത്തിക്കുന്ന മന്ത്രിസഭ ആകുമ്പോൾ, അവ പരിഹരിക്കണമെങ്കിൽ രാഷ്ട്രീയനേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലുകൾ ഉണ്ടാകണം. ഇ. കെ. നായനാരുടെ നേതൃശേഷിതന്നെ ആയിരുന്നു പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നോട്ടുള്ള യാത്ര എളുപ്പമാക്കിയത്.

അധികാരവികേന്ദ്രീകരണം യാഥാർത്ഥ്യമാക്കേണ്ട രാഷ്ട്രീയോത്തരവാദിത്വം ഇടതുപക്ഷമന്ത്രിസഭയ്ക്കുണ്ട് എന്ന കാര്യത്തിൽ കൃത്യമായ ആശയവ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നു.

ഇ. കെ. നായനാരുടെ ഏറ്റവും നിർണ്ണായകമായ ഇടപെടൽ തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം സംബന്ധിച്ചുള്ള തീരുമാനമാണ്. ജനകീയാസൂത്രണത്തിനു തുടക്കംകുറിച്ചതുതന്നെ പദ്ധതിയടങ്കലിന്റെ 35 - 40 ശതമാനം തുക താഴേക്കു വിന്യസിക്കുമെന്നു പറഞ്ഞുകൊണ്ടാണ്. അവിശ്വസനീയമായിരുന്നു ഈ തുക. പ്രതിവർഷം പദ്ധതിയിൽനിന്നു രണ്ടുലക്ഷം രൂപ കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് 50 ലക്ഷം മുതൽ 75 ലക്ഷം വരെ രൂപ ഓരോ പഞ്ചായത്തിനും ലഭിക്കുമെന്നത് അവിശ്വസനീയമായി പലർക്കും തോന്നി. മന്ത്രിമാരിൽ പലരും ഇതു പതിവുപ്രകാരമുള്ള ഒരു പ്രഖ്യാപനമായേ കണ്ടിരുന്നുള്ളൂ. എന്നാൽ ഒരുവർഷക്കാലത്തെ ജനകീയാസൂത്രണക്യാമ്പയിനിൽ സർവ്വരും ഇതേകാര്യം ആവർത്തിച്ച് ആവർത്തിച്ച് ഉറപ്പിച്ചു. പിന്നാക്കം പോകാൻ കഴിയാത്ത ഒരു രാഷ്ട്രീയനിലപാടായി ഇതു മാറി.

എന്നിട്ടുപോലും കാര്യത്തോട് അടുത്തപ്പോൾ പലവിധത്തിലുള്ള തടസ്സങ്ങളായി. മുന്നണിഭരണം ആണല്ലോ നിലവിലുള്ളത്. ഓരോ ഘടകകക്ഷിയുടെ വകുപ്പിൽനിന്നു തുല്യമായിട്ടല്ല താഴേയ്ക്കു പണം നല്കേണ്ടിയിരുന്നത്. അതു സാദ്ധ്യവുമല്ല. വൈദ്യുതിവകുപ്പിൽനിന്ന് എന്താണു താഴേയ്ക്കു വിന്യസിക്കാൻ പറ്റുക? ഈ അസന്തുലിതാവസ്ഥ വലിയ അസംതൃപ്തിയായി രൂപംകൊണ്ടു. തീരുമാനമെടുക്കുന്നതു നീണ്ടു. അവസാനം ഈ കാലതാമസത്തിനെതിരെ ഇഎംഎസിനുതന്നെ പരസ്യമായി പ്രതികരിക്കേണ്ടിവന്നു. നായനാർ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് ഒതുക്കിയെന്ന് എനിക്ക് അറിയില്ല. പിറ്റേയാഴ്ച കാബിനറ്റ് തീരുമാനം വന്നു. അതിന്റെ പിന്നിലെ നിശ്ചയദാർഢ്യം നായനാരുടേതായിരുന്നു. സഖാവ് നായനാരുടെ നർമ്മം പ്രസിദ്ധമാണല്ലോ. കാബിനറ്റുതീരുമാനത്തിനുശേഷം കണ്ടപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു – “ഇഎംഎസിന്റെയും നിന്റെയുമൊക്കെ സൂത്രം ഫലിച്ചിട്ടുണ്ടടോ.” സഖാവ് നായനാർ ‘ആസൂത്രണം’ എന്നു പറയാറില്ല. ‘സൂത്ര’മെന്നാണു വിശേഷിപ്പിക്കുക.