Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / വി. എസ്. അച്യുതാനന്ദൻ
വി. എസ്. അച്യുതാനന്ദൻ

വി. എസ്. അച്യുതാനന്ദൻ

ലഘു ജീവചരിത്രം (Biography)

ഇഎംഎസിനുശേഷം ജനകീയാസൂത്രണഉന്നതാധികാരസമിതിയുടെ അദ്ധ്യക്ഷനായി ആര്? സഖാവ് മരണമടയുമ്പോൾ ജനകീയാസൂത്രണം ഒന്നരവർഷം പിന്നിട്ടിരുന്നു. പ്രസ്ഥാനം വലിയ വെല്ലുവിളി നേരിടുകയായിരുന്നു. ആദ്യവർഷ പദ്ധതിരേഖകൾ തയ്യാറാക്കാനും ഡിപിസികൾ അംഗീകരിക്കാനും വലിയ കാലതാമസം നേരിട്ടു. അതുകൊണ്ടു നിർവ്വഹണം പ്രശ്നമായി. മാർച്ച് 31 കഴിഞ്ഞ് ഏതാനും മാസവുംകൂടി പദ്ധതിനിർവ്വഹണത്തിനു സമയം കൊടുത്തു. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമർശനമുയർത്തി. നിർവ്വഹണത്തിന്റെ വേഗം വർദ്ധിപ്പിക്കാൻ പുതിയ അദ്ധ്യക്ഷൻ തദ്ദേശഭരണസ്ഥാപനങ്ങൾ നേരിട്ടു സന്ദർശിച്ചു പ്രോത്സാഹനം നല്കണം. ഈയൊരു ഘട്ടത്തിലാണ് സ. വി. എസ് അച്യുതാനന്ദൻ നേതൃത്വം ഏറ്റെടുക്കുന്നത്.

സ. വി. എസിന്റെ ആദ്യ സന്ദർശനം എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലായിരുന്നു. കണിയാംകുടികടവു പാലത്തിന് പിഡബ്ല്യുഡി എസ്റ്റിമേറ്റ് 42 ലക്ഷം രൂപ. ഇത് ജനകീയകമ്മിറ്റി 20 ലക്ഷം രൂപയ്ക്കു പൂർത്തീകരിച്ചു. 7112 സന്നദ്ധപ്രവർത്തകർ, 275 ചാക്ക് സിമന്റും 3.5 ലക്ഷം രൂപയും സംഭാവന. ഇവയെല്ലാം കിഴിച്ചാൽ പഞ്ചായത്തിന്റെ പദ്ധതിപ്പണത്തിൽനിന്നു ചെലവായത് 9 ലക്ഷം രൂപ! വി. എസിന്റെ സന്ദർശനത്തോടെ ഈ പാലം പ്രസിദ്ധമായി.

കുന്നത്തുകാൽ പഞ്ചായത്തായിരുന്നു മറ്റൊരു ഇളക്കം സൃഷ്ടിച്ച സന്ദർശനം. കുന്നത്തുകാൽ ലേബർ ബാങ്ക് ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിക്കപ്പെട്ടു. ലേബർ ബാങ്കിന്റെ മൂലധനം അംഗങ്ങളായ കർഷകത്തൊഴിലാളികളുടെ കർമ്മശേഷിയാണ്. അത് കാർഷികവൃത്തികൾക്കുവേണ്ടി കൃഷിക്കാർക്കു വായ്പയായി നല്കുന്നു. കൃഷി വിളവെടുക്കുമ്പോൾ ബാങ്കിനു കൂലി നല്കിയാൽ മതിയാകും. കൃഷി ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ ബാങ്ക് ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യുകയും ചെയ്യും. ആദ്യവർഷം ബാങ്കിൽ ചേരാൻ 25 പേരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മൂന്നാംവർഷം ആയപ്പോൾ പരീക്ഷ നടത്തിയാണ് ആളുകളെ തെരഞ്ഞെടുത്തത്. ഇതിന്റെ ആശയം പൂർണ്ണമായി മനസ്സിലാക്കാതെയാണ് പലരും ഇപ്പോൾ ലേബർ ബാങ്കിനെക്കുറിച്ചു പരാമർശിക്കാറുള്ളത്.

ചോറ്റാനിക്കരയിലെ കൂട്ടുകൃഷിയും പ്രസിദ്ധമായിരുന്നു. മഹാരാജാസ് കോളെജിൽ എന്റെകൂടി അദ്ധ്യാപകനായിരുന്ന ജോർജ്ജ് മാഷായിരുന്നു ഈ പരീക്ഷണത്തിന്റെ ഉപജ്ഞാതാവ്. ഇന്നത്തെ തരിശുരഹിതപഞ്ചായത്ത് പ്രസ്ഥാനത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നുവെന്നു പറയാം.

ഏതു സന്ദർശനവേളയിലും സ. വിഎസിന്റെ ഒരു കണ്ണ് നെൽക്കൃഷിയിൽ ആയിരിക്കും. കൃഷിയുടെ വിശദാംശങ്ങളൊക്കെ ചോദിക്കുകയും പതിവായിരുന്നു. അതിനിടയിൽ വിഎസ് ഒരു നെൽക്കതിർ വാത്സല്യത്തോടെ കൈയിലെടുക്കും. ഈ കതിരിൽ എത്ര മണിയുണ്ട് എന്നു ചോദിക്കും. അത്യപൂർവ്വമായേ മറുപടിയുണ്ടാവൂ. ഒടുവിൽ വി‌എസുതന്നെ മറുപടിയും പറയും. പലരെയും അത്ഭുതപ്പെടുത്താറുള്ള ഒരു കഴിവായിരുന്നു അത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണസംവിധാനത്തിന്റെയും ഏറ്റവും ഉയർന്ന പദവികളിലെത്തിയ ആലപ്പുഴയിലെ കയർത്തൊഴിലാളി ആയിരുന്നു വി‌എസ്. 30-കളുടെ അവസാനം പി. കൃഷ്ണപിള്ളയാണ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിച്ചത്. വലിയ പ്രയത്നത്തിനുശേഷം ചെറുകാലി കായൽ‌വരമ്പത്ത് തൊഴിലാളികളുടെ യോഗം ചേർന്നു. വർഗ്ഗീസ് വൈദ്യൻ പ്രസിഡന്റും എസ്. കെ. ദാസ് ജനറൽ സെക്രട്ടറിയും വി. എസ്. അച്യുതാനന്ദൻ ജോയിന്റ് സെക്രട്ടറിയുമായി യൂണിയന്റെ ഏഴംഗക്കമ്മിറ്റി രൂപവത്ക്കരിച്ചു. അതിരൂക്ഷമായ ഏറ്റുമുട്ടലുകളിലൂടെ കർഷകത്തൊഴിലാളിയൂണിയൻ പ്രവർത്തനം കുട്ടനാട്ടിലാകെ വ്യാപിച്ചു. പലതിന്റെയും മുന്നിൽ നിന്നത് വി‌എസായിരുന്നു.

പുന്നപ്ര-വയലാറിനുശേഷവും കർഷകത്തൊഴിലാളിമേഖലയുമായുള്ള ബന്ധം തുടർന്നു. 60-കളിലെ തീക്ഷ്ണമായ കൂലിസമരങ്ങളിലും ഭൂമികുടികിടപ്പുസമരങ്ങളിലുമെല്ലാം നായകസ്ഥാനം വി‌എസിനായിരുന്നു. നെൽക്കൃഷിമേഖലയുമായുള്ള ഇത്തരമൊരു ദീർഘകാലബന്ധത്തിലൂടെ ആർജ്ജിച്ചെടുത്ത അനുഭവജ്ഞാനമാണ് കതിരിലെത്ര നെന്മണിയുണ്ട് എന്ന ചോദ്യത്തിനു മറുപടി പറയാനുള്ള കഴിവ് അദ്ദേഹത്തിനു നല്കിയത്.

ഇങ്ങനെ വിശദീകരിക്കാൻ തുടങ്ങിയാൽ ഇതു തീരില്ല. എന്റെയൊരു കണക്കുകൂട്ടൽ സ. വിഎസ് 200-250 തദ്ദേശഭരണസ്ഥാപനങ്ങളെങ്കിലും ഇപ്രകാരം സന്ദർശിക്കുകയുണ്ടായി എന്നാണ്. പലപ്പോഴും പാർട്ടിപ്പരിപാടികൾക്കു പോകുമ്പോൾ പഞ്ചായത്തുസന്ദർശനവും നടത്തും. കോട്ടയത്തെ നാട്ടകം, അയ്മനം തുടങ്ങിയ പഞ്ചായത്തുകളൊക്കെ അങ്ങനെ സന്ദർശിച്ചതാണ്.

വി‌എസിന്റെ സന്ദർശനങ്ങളുടെ പ്രത്യേകത അവ സൃഷ്ടിച്ചിരുന്ന ജനകീയാവേശമാണ്. സന്ദർശനസ്ഥലങ്ങളിലെല്ലാം വലിയൊരു സംഘം ആളുകൾ കാത്തുനില്ക്കുമായിരുന്നു. നാടൻ ശൈലിയിലുള്ള വിഎസിന്റെ പരാമർശങ്ങൾ പലപ്പോഴും കൈയടിയോടെയാണു സ്വീകരിച്ചിരുന്നത്. ഒരുസംഘം ആളുകൾ അനുഗമിക്കാനും ഉണ്ടാകും. ഈ സന്ദർശനങ്ങൾ ജനകീയാസൂത്രണനിർവ്വഹണത്തിനും തുടർന്നുള്ള പദ്ധതി രൂപവത്ക്കരണത്തിനും വലിയ ഊർജ്ജമാണു പകർന്നു നല്കിയത്.

1980–92 കാലത്ത് സിപി‌ഐ(എം)ന്റെ സംസ്ഥാനസെക്രട്ടറിയായി. 1985 – 2009 കാലത്ത് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായി. ഏഴുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006-11 കാലത്ത് കേരളമുഖ്യമന്ത്രി. പിന്നീട് ഭരണപരിഷ്ക്കാരക്കമ്മിഷൻ ചെയർമാനെന്ന നിലയിൽ അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താൻ ശ്രദ്ധേയമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.