Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എ. കെ. ആന്റണി
എ. കെ. ആന്റണി

എ. കെ. ആന്റണി

ലഘു ജീവചരിത്രം (Biography)

ആദ്യഘട്ടത്തിൽ ജനകീയാസൂത്രണച്ചടങ്ങുകളിൽ മുൻമുഖ്യമന്ത്രി എ. കെ. ആന്റണി പങ്കെടുത്തിരുന്നു. ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടനത്തിലും പുനർപ്പണദിനത്തിലുമെല്ലാം അദ്ദേഹം സന്നിഹിതനായിരുന്നു. പിന്നീട് കോൺഗ്രസ്‌രാഷ്ട്രീയത്തിന്റെ ഭാഗമായി ജനകീയാസൂത്രണത്തെ വിമർശിച്ചിട്ടുണ്ടെങ്കിലും അഞ്ചുവർഷംകൊണ്ടു നടന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിനു മതിപ്പായിരുന്നുവെന്നാണ് എന്റെ ബോദ്ധ്യം.

ജനകീയാസൂത്രണത്തെയാകെ അട്ടിമറിക്കാനാണ് ഇടതുഭരണം മാറിയതിനുശേഷം എം. എം. ഹസ്സന്റെയും മറ്റും നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസുകാർ ശ്രമിച്ചത്. അതിന് അദ്ദേഹം വഴിപ്പെട്ടില്ല. ജനകീയാസൂത്രണത്തിന്റെ പേരു മാറ്റി. സന്നദ്ധപ്രവർത്തകരെയും സാങ്കേതികവിദഗ്ദ്ധരെയും വേണ്ടെന്നുവച്ചു. അങ്ങനെയൊക്കെ ചില മാറ്റങ്ങൾ. പക്ഷെ, അടിസ്ഥാന ആസൂത്രണചട്ടക്കൂടിനെ സംരക്ഷിച്ചു. ജനകീയാസൂത്രണത്തിൽ സജീവപങ്കുവഹിച്ച എസ്. എം. വിജയാനന്ദിനെ ആസൂത്രണബോർഡിന്റെയും പ്ലാനിങ്ങിന്റെയും സെക്രട്ടറിയാക്കിക്കൊണ്ടുള്ള തീരുമാനം അത്തരം ഒരു സന്ദേശമായിരുന്നു.

എ. കെ. ആന്റണിയോട് എനിക്കു വ്യക്തിപരമായ ഒരു കടപ്പാടുണ്ട്. അതുസംബന്ധിച്ച് ആദ്യമായി ഞാൻ എഴുതുകയാണ്. ജനകീയാസൂത്രണകാമ്പയിന്റെയും പരിശീലനങ്ങളുടെയും എല്ലാം ചെലവുകൾ ജനകീയാസൂത്രണസെല്ലുവഴിയാണു നടത്തിക്കൊണ്ടിരുന്നത്. മനമോഹനും ശിവരാമകൃഷ്ണനുമെല്ലാം കണക്കുകളും രേഖകളുമൊക്കെ സൂക്ഷിക്കുന്നതിൽ വളരെ കിറുകൃത്യത ഉള്ളവരാണ്. കൂടാതെ മുൻ ട്രഷറി ഡയറക്റ്റർ എൽ. സുകുമാരൻ നായരെ ഇക്കാര്യത്തിനുമാത്രമായി സെല്ലിൽ എടുത്തിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറി പ്ലാനിങ് ബോർഡിൽനിന്നു ഞങ്ങൾ ഒഴിഞ്ഞുപോകുമ്പോൾ മുഴുവൻ കണക്കുകളും രേഖകളും ഫോട്ടോകളുമെല്ലാം അവിടെ ഏല്പിച്ചിട്ടാണു പിരിഞ്ഞത്. എന്നാൽ അവയെല്ലാം പൊടുന്നനെ അപ്രത്യക്ഷമായി. ഹസ്സൻകമ്മിറ്റി ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കണക്കുകളെല്ലാം ഓഡിറ്റ് ചെയ്യാൻ എജിയുടെ ടീമെത്തി. അഞ്ചുവർത്തെ കണക്കുകളോ മറ്റു രേഖകളോ ഇല്ലാത്ത അവസ്ഥയായിരുന്നു.

ഈ ഘട്ടത്തിൽ എസ്. എം. വിജയാനന്ദ് നേരിട്ടു മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. അതുപ്രകാരം ഫയലുകളും മറ്റും റീ-കൺസ്ട്രക്ട് ചെയ്യാൻ മനമോഹനെ വർക്കിങ് അറേഞ്ച്മെന്റിൽ മൂന്നു മാസത്തേക്കു പ്ലാനിങ് ബോർഡിൽ എടുക്കാൻ അനുവദിച്ചു. എ. കെ. ആന്റണിയുടെ പ്രതികരണം ഇതായിരുന്നു – “രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം ഉണ്ട്. പക്ഷെ, ഇ. എം. ശ്രീധരനും തോമസ് ഐസക്കും കളവു ചെയ്യില്ല.” ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ സമ്മർദ്ദത്തിനും അദ്ദേഹം വഴങ്ങിയില്ല.

ഇത്രയധികം ഫയലുകളും രേഖകളും പൂർണ്ണമായി നശിപ്പിക്കുക അത്ര എളുപ്പമല്ലല്ലോ. അതുകൊണ്ട് മനമോഹൻ ആദ്യം ചെയ്തത് പ്ലാനിങ് ബോർഡിലെ മുറികളാകെ പരതുകയായിരുന്നു. പൂട്ടിക്കിടന്ന ഒരു ഗരാഷിന്റെ ഉള്ളിൽ ഒരു മൂലയ്ക്ക് ഇവയെല്ലാം കൂമ്പാരമായി കിടക്കുന്നു. അവയെല്ലാം അടുക്കി ചിട്ടപ്പെടുത്താൻ ഒരു മാസത്തിലേറെ വേണ്ടിവന്നു. കണക്കിൽ 157 രൂപയാണ് എജി ടീമിനു വ്യത്യാസം കണ്ടെത്താനായത്! എ. കെ. ആന്റണി വൈരനിര്യതനബുദ്ധിയോടെയാണു പ്രതികരിച്ചതെങ്കിൽ എന്നെപ്പോലുള്ളവരുടെ അവസ്ഥ എന്താകുമായിരുന്നെന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

രണ്ടാമത് ഒരു പ്രാവശ്യംകൂടി എ. കെ. ആന്റണി ഇത്തരമൊരു സമീപനം കൈക്കൊണ്ട അനുഭവം എനിക്കുണ്ട്. എംഎൽഎ ആയ ഞാൻ 15 കോടി രൂപയ്ക്കുള്ള മാരാരിക്കുളം വികസനപദ്ധതി തയ്യാറാക്കി. സ്പെഷ്യൽ എസ്ജിഎസ്‌വൈയിൽനിന്നാണു ഫണ്ടിങ് വേണ്ടത്. ഇതിനു കേരളത്തിലെ ഗ്രാമവികസനവകുപ്പ് കേന്ദ്രത്തിലേക്കു പ്രൊജക്റ്റ് ഫോർവേഡ് ചെയ്യണം. അതിന് അവർ വിമുഖത കാട്ടി. ഞാൻ എ. കെ. ആന്റണിയെ കണ്ടു വിവരം ധരിപ്പിച്ചു. അദ്ദേഹം എല്ലാ എതിർപ്പും മറികടന്ന് പ്രൊപ്പോസൽ ഔദ്യോഗികപിന്തുണയോടെ കേന്ദ്ര ഗ്രാമവികസനവകുപ്പിന് അയച്ചുകൊടുത്തു.

ദില്ലിയിൽ ഞാൻ പോയി അന്നത്തെ ഗ്രാമവികസനമന്ത്രി വെങ്കയ്യ നായിഡുവിനെ കണ്ടു. അദ്ദേഹം വളരെ സൗഹാർദ്ദപൂർവ്വമാണു പെരുമാറിയതെങ്കിലും ഇത്രയും വലിയൊരു പ്രൊജക്റ്റ് അതിൽപ്പറയുംപ്രകാരം ജനങ്ങളെ അണിനിരത്തി ചെയ്യാൻ പറ്റുമോയെന്ന കാര്യത്തിൽ അദ്ദേഹത്തിനു വലിയ സന്ദേഹം ഉണ്ടായിരുന്നു. മറ്റൊരു സംശയം സംസ്ഥാനസർക്കാരിന്റെ പിന്തുണയുണ്ടാകുമോ എന്ന കാര്യത്തിലായിരുന്നു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “താങ്കൾ മാരാരിക്കുളത്തേക്കു വരിക. സംസ്ഥാന മുഖ്യമന്ത്രിയും ഉണ്ടാകും. സംശയങ്ങൾ അദ്ദേഹത്തോടു നേരിട്ടു ചോദിക്കാം.”

എന്തോ അവിചാരിതമായ കാര്യംകൊണ്ട് വെങ്കയ്യ നായിഡുവിനു വരാൻ കഴിഞ്ഞില്ല. പകരം സഹമന്ത്രിയെയാണ് അയച്ചത്. ക്ഷണം സ്വീകരിച്ചു മുഖ്യന്ത്രി എ. കെ. ആന്റണിയും വന്നു. സെന്റ് മൈക്കിൾസ് കോളെജിന്റെ മുൻവശത്തുള്ള ഗ്രൗണ്ടിൽ 25,000-ൽപ്പരം കുടുംബശ്രീസ്ത്രീകൾ അണിനിരന്നു. മൂന്നു മണിക്കായിരുന്നു ചടങ്ങ്. ചുട്ടുപൊള്ളുന്ന വെയിലത്ത് ഇത്രയും സ്ത്രീകൾ മൈതാനത്ത് ഇരുന്നു. കൂട്ടപ്പാട്ടു പാടി. ഒരുപക്ഷെ, മാരാരിക്കുളത്തെ എക്കാലത്തെയും ഏറ്റവും വലിയ ജനകീയസദസ്സ് ആയിരിക്കും അത്. പിറ്റേയാഴ്ച പ്രൊജക്ടിന് അംഗീകാരം ലഭിച്ചു! ഏറെ പ്രശംസയോടെ മറ്റു ചിലരോട് പ്രൊജക്ടിനെക്കുറിച്ചും സമ്മേളനത്തെക്കുറിച്ചും എ. കെ. ആന്റണി അഭിപ്രായം പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടുണ്ട്.

രൂക്ഷമായ രാഷ്ട്രീയയേറ്റുമുട്ടൽ നടക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം എന്നും അദ്ദേഹവുമായി പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തോടുള്ള മതിപ്പിനു കാരണം അതിനുമുമ്പുതന്നെ വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ചു സിഡിഎസിൽ നടന്ന പല ചർച്ചകളിലും പങ്കാളി ആയിട്ടുള്ളതുകൊണ്ടാവാം.

മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം സിഡിഎസിൽ നടന്ന കല്യാശ്ശേരി പഠനസെമിനാറിലും ഇഎംഎസിനോടൊപ്പം പങ്കെടുത്തിരുന്നു.

ഭരണം മാറിയിട്ടും 1991-ൽ ജില്ലാക്കൗൺസിലിനു സംഭവിച്ചതുപോലെ ജനകീയാസൂത്രണം അട്ടിമറിക്കപ്പെടാതെ പോയത് എന്തുകൊണ്ട്? മുഖ്യകാരണം, ചില കോൺഗ്രസ് നേതാക്കൾക്ക് അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കീഴ്ത്തട്ടിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനപിന്തുണ ജനകീയാസൂത്രണത്തിന് ആർജ്ജിക്കാൻ കഴിഞ്ഞതാണ്. അതോടൊപ്പം എ. കെ. ആന്റണി സ്വീകരിച്ച സമീപനവും ഒരു ഘടകമായിരുന്നു.