Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പാലോളി മുഹമ്മദുകുട്ടി
പാലോളി മുഹമ്മദുകുട്ടി

പാലോളി മുഹമ്മദുകുട്ടി

ലഘു ജീവചരിത്രം (Biography)

“അവനവനോളമായിരുന്ന അധികാരം അവസാനത്തോളം എത്തിക്കാൻ ചുക്കാൻ പിടിച്ച ഒരാൾ” എന്നു പാലോളി മുഹമ്മദുകുട്ടിയെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിൽ പാലോളി വഹിച്ച പങ്കിനെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു വിശേഷണമാണിത്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അധികാരം നല്കുകയെന്നു പറഞ്ഞാൽ അത് തദ്ദേശഭരണവകുപ്പിനു നല്കുന്ന അധികാരമാകരുതെന്ന് അദ്ദേഹത്തിനു തീർച്ചയുണ്ടായിരുന്നു.

സാധാരണഗതിയിൽ അധികാരങ്ങൾ കൈവിട്ടുപോകുന്നത് മിക്കവരെയും അസ്വസ്ഥരാക്കുന്ന കാര്യമാണ്. എന്നാൽ പാലോളിക്ക് അതൊരു ആദർശമായിരുന്നു. മുൻസർക്കാർ പാസ്സാക്കിയിരുന്ന പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങളിൽ പാലോളിയുടെ നേതൃത്വത്തിൽ സമഗ്രമായ ഭേദഗതികൾ വരുത്തി. അവയിലൂടെ ഒന്നു കണ്ണോടിച്ചാൽ മുൻപു പറഞ്ഞ വിശേഷണങ്ങൾ എത്ര അന്വർത്ഥമാണെന്നു മനസ്സിലാകും.

തദ്ദേശഭരണസ്ഥാപനങ്ങളെ പിരിച്ചുവിടാൻ സർക്കാരിന് ഉണ്ടായിരുന്ന അധികാരം ഇല്ലാതാക്കി. സർക്കാരിന്റെ അധികാരം എന്നതിനു പകരം സർക്കാരിന്റെ ചുമതലകൾ എന്നു നിയമത്തിൽ രേഖപ്പെടുത്തി. തദ്ദേശഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള അധികാരം സംസ്ഥാതെരഞ്ഞെടുപ്പുകമ്മിഷനു വിട്ടുകൊടുത്തു. താഴേയ്ക്കുള്ള ധനവിന്യസനം പൂർണ്ണമായും സുതാര്യമായ ഫോർമുലയെ അടിസ്ഥാനമാക്കി ആയിരുന്നു. ഒരിക്കൽപ്പോലും ഇക്കാര്യത്തിൽ തനിക്ക് എന്തെങ്കിലും വിവേചനാധികാരം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടില്ല. തദ്ദേശസ്ഥാപനങ്ങൾക്കു ധനം അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിനുണ്ടായിരുന്ന അധികാരവും നിയമനിർമ്മാണത്തിലൂടെ നിയമസഭയ്ക്കാക്കിമാറ്റി. അഴിമതി കുറയ്ക്കാൻ ഓം‌ബുഡ്സ്‌മാനു രൂപം നല്കി. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള അധികാരം അതിനു വിട്ടുകൊടുത്തു. ഉദ്യോഗസ്ഥപുനർവിന്യസനത്തിനു ഫലപ്രദമായ നടപടികൾ എടുത്തു. മന്ത്രിയുടെ അധികാരത്തിലായിരുന്ന ഡിആർഡിഎയും ഒരുപിടി അതോറിറ്റികളും നിർത്തലാക്കി. ഗ്രാമവികസനവകുപ്പ് തദ്ദേശഭരണവകുപ്പിൽ ലയിപ്പിക്കാൻ നടപടിയെടുത്തു.

പലർക്കും അറിഞ്ഞുകൂടെങ്കിലും പുഴക്കാട്ടേരി പഞ്ചായത്തിൽ ദീർഘനാൾ പ്രസിഡന്റായിരുന്നു. 1964-ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിനിർണ്ണയത്തിലെ തർക്കം പരിഹരിക്കാനായി അവസാനം സ്ഥാനാർത്ഥിയാകാൻ അദ്ദേഹം നിർബ്ബന്ധിതനായി. ഏഴു സീറ്റിൽ നാല് സിപിഎമ്മിനും മൂന്ന് ലീഗിനും. അങ്ങനെ പഞ്ചായത്തുപ്രസിഡന്റായി. അഞ്ചുവർഷം മാത്രമല്ല, അതുകഴിഞ്ഞും തെരഞ്ഞെടുപ്പു നടത്താതെ സർക്കാർ കാലാവധി നീട്ടുകയായിരുന്നു.

അന്നത്തെ പഞ്ചായത്തുകളുടെ സ്ഥിതിയെക്കുറിച്ചു സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. 3300 രൂപയാണ് ആകെ ഫണ്ട്. എക്സിക്യുട്ടീവ് ഓഫീസറടക്കം മൂന്നു ജീവനക്കാർ. വികസനപ്രവർത്തനങ്ങളിലെ പങ്കു നാമമാത്രം. തോടുകൾക്കു കുറുകെ തടിക്കഷണംകൊണ്ടു പാലം ഉണ്ടാക്കുക, ഇത്യാദി പ്രവർത്തനങ്ങൾ. മുഖ്യപ്രവർത്തനം മാദ്ധ്യസ്ഥ്യം പറച്ചിലാണ്. ഒരു പ്യൂണിനെ അധികമായി നിശ്ചയിച്ചു. അയാളുടെ അലവൻസ് പ്രസിഡന്റിന്റെയും മറ്റൊരു അംഗത്തിന്റെയും ബത്തയിൽനിന്നാണു നല്കിക്കൊണ്ടിരുന്നത്. ഈ അവസ്ഥയിൽനിന്ന് എത്ര വിപ്ലവകരമായ മാറ്റമാണ് നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളിൽ ഇന്ന് ഉണ്ടായിട്ടുള്ളത്!

നായനാരുടെ മന്ത്രിസഭയിലും വിഎസിന്റെ മന്ത്രിസഭയിലും തദ്ദേശഭരണവകുപ്പുമന്ത്രി ആയിരുന്നു. ഏറ്റവും ദീർഘനാൾ ഈ പദവി വഹിച്ചിട്ടുള്ള കേരളത്തിലെ മന്ത്രി അദ്ദേഹമാണ്. ഈ രണ്ടുവട്ടവും പാലോളിസഖാവുമായി അടുത്തു പ്രവർത്തിക്കാനുള്ള സന്ദർഭം എനിക്കുണ്ടായി. ആദ്യം ജനകീയാസൂത്രണത്തിനു ചുമതലവഹിക്കുന്ന പ്ലാനിങ് ബോർഡ് അംഗമെന്ന നിലയിൽ. പരിപൂർണ്ണസ്വാതന്ത്ര്യം ജനകീയാസൂത്രണപ്രവർത്തനങ്ങൾക്ക് അദ്ദേഹം അനുവദിച്ചു. കാരണം, കാമ്പയിൻ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിവേഗത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അവ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ പലപ്പോഴും ഭേദഗതി ചെയ്യേണ്ടിയുംവരും. ഇവയിൽ ഏതെങ്കിലും തന്നോട് ആദ്യമേതന്നെ ചർച്ചചെയ്തില്ലെന്നുംമറ്റും ഒരു ആക്ഷേപംപോലും അദ്ദേഹം ഉന്നയിക്കുകയുണ്ടായിട്ടില്ല. രണ്ടാംവട്ടം ഞാനും ഒപ്പം മന്ത്രിയായിരുന്നു. ധനമന്ത്രിയാണെങ്കിലും എപ്പോൾ വേണമെങ്കിലും ജനകീയാസൂത്രണ കോർഡിനേഷൻ കമ്മിറ്റിയിലേക്ക് എനിക്കു സ്വാഗതമുണ്ടായിരുന്നു.

കുടുംബശ്രീയാണ് പാലോളിയുടെ മറ്റൊരു സംഭാവന. കുടുംബശ്രീ രൂപവത്ക്കരിക്കാനുള്ള മൂന്നംഗക്കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ. ജനകീയാസൂത്രണത്തിനു മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചത്. ഇത് പ്രസ്തുതപഞ്ചായത്തുകൾക്കു നല്കിയ അംഗീകാരമായിരുന്നു. ജനകീയാസൂത്രണത്തിൽ വനിതാഘടകപദ്ധതിയുടെ ഭാഗമായി വനിതാ അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിക്കാൻ അനുമതി നൽകിയിരുന്നു. കൂടാതെ, ആരോഗ്യം, ശുചിത്വം, കൃഷി, കുടിവെള്ളം, മാനസികാരോഗ്യം, വിദ്യാഭ്യാസം, ഭരണകാര്യക്ഷമതയും സുതാര്യതയും തുടങ്ങി നിരവധി വികസനപ്രവർത്തനങ്ങളുടെ ഭാഗമായി അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിച്ചിരുന്ന 150 ഓളം പഞ്ചായത്തുകളും നഗരസഭകളും ഉണ്ടായിരുന്നു.

പ്രസ്തുത പഞ്ചായത്ത്, നഗരസഭകളുടെ സംഗമം 1999-ൽ ഉള്ളൂർ പഞ്ചായത്തിന്റെയും ആസൂത്രണബോർഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രസ്തുത സംഗമത്തിൽനിന്നാണ് കുടുംബശ്രീയുടെ ത്രിതലസംഘടനാസംവിധാനത്തിനുള്ള പ്രവർത്തനമാർഗ്ഗരേഖ എഴുതിത്തയ്യാറാക്കിയത്. ജനകീയാസൂത്രണത്തിലെ റിസോഴ്സ് പേഴ്സൺമാരായിരുന്നു കുടുംബശ്രീയുടെ രൂപവത്ക്കരണത്തിനും പഞ്ചായത്തിൽ നേതൃത്വം നൽകിയത്. ‘കുടുംബശ്രീ’ എന്ന പേരു തെരഞ്ഞെടുത്തത് പാലോളിയാണ്. ഇന്നത്തെ രൂപത്തിൽ അതിനെ വളർത്താൻ എസ്. എം. വിജയാനന്ദിന്റെ സഹായത്തോടെ അദ്ദേഹം നേതൃത്വം നല്കി.

ഒരു കാര്യത്തിൽ അദ്ദേഹം അസംതൃപ്തനായിരുന്നു. അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞില്ല. ഒരു അഭിമുഖത്തിൽ അദ്ദേഹം ഇതുസംബന്ധിച്ച് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: “ബോധവൽക്കരണവും സർക്കുലറുകളും കൊണ്ടുമാത്രം അഴിമതി തടയാനാകില്ല. അതിനു ചെറിയ ചികിത്സ പോര. കടുത്ത നടപടി എടുക്കാൻ തയ്യാറാണോ എന്നതാണു ചോദ്യം. വികസനത്തിൽ രാഷ്ട്രീയം പാടില്ല. അഴിമതി രാഷ്ട്രീയവ്യത്യാസമില്ലാതെ പടരുന്നത് അപകടകരമാണ്. തദ്ദേശാംഗങ്ങളും കരാറുകാരുമായുള്ള ബന്ധത്തിൽ തെറ്റായ പ്രവണതകൾ വർദ്ധിക്കുന്നു. ഫണ്ട് തനിക്ക് ഇഷ്ടമുള്ളപോലെ ചെലവഴിക്കും എന്നതാണ് പലയിടത്തെയും രീതി. പല സ്ഥലത്തും സ്ത്രീകൾ നല്ല ഭരണം കാഴ്ചവയ്ക്കുമ്പോൾ മറ്റിടങ്ങളിൽ അവരെ അദ്ധ്യക്ഷയാക്കി പിൻസീറ്റ് ഡ്രൈവിങ് നടത്തുന്ന രീതിയും അഴിമതിക്കു വഴിതുറക്കുന്നു.”

ആദ്യകാലത്തു ജനകീയാസൂത്രണം നേരിടേണ്ടിവന്ന എതിർപ്പുകളെ അദ്ദേഹം ഇങ്ങനെയാണു വിവരിക്കുന്നത്: “ഉറച്ചുപോയ രീതിയിൽനിന്നു മാറാൻ തയ്യാറാകാത്തതും വിഷയത്തെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് അതിനൊക്കെ കാരണം. ഗ്രാമസഭയുടെ പ്രസക്തിയെ ആവർത്തിച്ചു ചോദ്യംചെയ്തൂ പലരും. തങ്ങളുടെ അധികാരം ഇല്ലാതാകുമോയെന്നു മന്ത്രിമാർക്കും പേടിയുണ്ടായി. വിഷയം പഠിക്കാതെയുള്ള എതിർപ്പ് വൻ വിവാദങ്ങൾക്കു വഴിവച്ചു. ജനകീയാസൂത്രണത്തിലെ വിദേശഫണ്ട് ആരോപണവും മറ്റും അങ്ങനെ ഉണ്ടായതാണ്. അതുകൊണ്ടുതന്നെ, മുന്നോട്ടു പോകാൻ കഠിനാദ്ധ്വാനം വേണ്ടിവന്നു. കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതോടെ വിവാദങ്ങൾ അവസാനിച്ചു.

“വകുപ്പുകളെ തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ എത്തിക്കാനുള്ള നീക്കത്തെ അന്ന് ഉദ്യോഗസ്ഥർ തുടർച്ചയായി എതിർത്തു. സർക്കാർതീരുമാനങ്ങൾ അംഗീകരിക്കും. എന്നാൽ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കില്ല. തോന്നിയപോലെ ഓഫീസിലെത്തുന്നതു ചോദിക്കാനൊന്നും പാടില്ല. തദ്ദേശസ്ഥാപനങ്ങൾ മോശം സ്ഥലം എന്നായിരുന്നു വിചാരം. സഹികെട്ട സന്ദർഭങ്ങൾ ഉണ്ടായെങ്കിലും സമവായത്തിന്റെ പാതയിൽ നീങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏഴുതവണ ചർച്ച നടത്തിയതോടെ കുറച്ചു മാറ്റമുണ്ടായി. പാർട്ടിയും ശക്തമായ നിലപാടെടുത്തു.”

എപ്പോഴെങ്കിലും സ. പാലോളിതന്നെ ഇതിനെക്കുറിച്ചെല്ലാം എഴുതുമെന്നു കരുതട്ടെ. മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം അത്യപൂർവ്വമായി മാത്രമേ അദ്ദേഹം ഇതൊക്കെസംബന്ധിച്ചു സംസാരിച്ചിട്ടുള്ളൂ. അതാണു പാലോളിശൈലി. ഒരു അവകാശവാദവും ഇല്ല. തന്റെ കടമ താൻ ചെയ്തു. അതിൽ ഇത്രയധികം പറയാൻ എന്തിരിക്കുന്നു എന്ന ഭാവം.