Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഇ. ചന്ദ്രശേഖരൻ നായർ
ഇ. ചന്ദ്രശേഖരൻ നായർ

ഇ. ചന്ദ്രശേഖരൻ നായർ

ലഘു ജീവചരിത്രം (Biography)

ഇ. ചന്ദ്രശേഖരൻനായർ ജനകീയാസൂത്രണ വികസനകൺവെൻഷൻ വേദിയിൽ - അതാണു ചിത്രം. ഉദ്ഘാടനച്ചടങ്ങിലെ പ്രസംഗത്തിനുശേഷം ആ ദിവസം മുഴുവൻ വിവിധവേദികളിലെ ചർച്ചകൾകേട്ടും പ്രതിനിധികളോടു സംസാരിച്ചും യൂണിവേഴ്സിറ്റി കോളെജിൽ ഉണ്ടായിരുന്നു. ജനകീയാസൂത്രണത്തിന്റെ പരിണാമത്തെ വളരെ കൗതുകത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്.

കേരളം കണ്ട പ്രഗത്ഭനായ ഭരണാധികാരികളിൽ ഒരാളായിരുന്നു ഇ. ചന്ദ്രശേഖരൻനായർ. 57-ലെ നിയമസഭയിൽ അംഗമായാണ് പാർലമെന്ററി രംഗത്തേക്കുള്ള പ്രവേശനം. നിയമസഭയിൽ താമസിയാതെ ശ്രദ്ധാകേന്ദ്രമായി. അദ്ദേഹവും മറ്റു നാലു യുവഎംഎൽഎമാരും ചേർന്നു പ്രതിപക്ഷത്തെ നിരന്തരമായി കടന്നാക്രമിച്ചു, തന്ത്രങ്ങൾ മെനഞ്ഞു. അവർ ജിഞ്ചർ ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെട്ടു.

1980-ൽ ഇ. കെ. നായനാർമന്ത്രിസഭയിൽ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ആകുംമുമ്പ് സഹകരണവിദഗ്ദ്ധൻ എന്ന പേരു നേടിയിരുന്നു. കൊല്ലം ജില്ലാബാങ്കിന്റെ പ്രസിഡന്റായിരുന്നു 29 വർഷം. ദേശീയ-സാർവ്വദേശീയതലത്തിൽ സഹകരണവേദികളുടെ നേതൃത്വത്തിലേക്ക് ഉയർന്നു. സംസ്ഥാനസഹകരണബാങ്കിന്റെ ചെയർപേഴ്സൺ എന്ന നിലയിൽ അദ്ദേഹമാണ് നിക്ഷേപസമാഹരണയജ്ഞം എന്ന ആശയത്തിനു രൂപം നല്കിയത്. ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള പ്രാഗത്ഭ്യം കണ്ടിട്ടായിരിക്കണം ഇ. ചന്ദ്രശേഖരൻനായരെ കേരളത്തിനു കിട്ടാത്ത ധനമന്ത്രി എന്നു ഡോ. ബാബുപോൾ വിശേഷിപ്പിച്ചത്. രണ്ടാം നായനാർസർക്കാരിന്റെ കാലത്ത് ഇ. ചന്ദ്രശേഖരൻനായർ മാവേലി സ്റ്റോറുകൾ ആരംഭിച്ചതോടെ മാവേലിമന്ത്രിയായി അറിയപ്പെട്ടു.

ജനകീയാസൂത്രണകാലത്ത് ഭക്ഷ്യവകുപ്പിനുപുറമെ ടൂറിസം, നിയമ വകുപ്പുകൾകൂടി അദ്ദേഹത്തിന്റെ ചുമതലയിൽ ആയിരുന്നു. അന്ന് ഈ വകുപ്പുകൾക്കൊന്നും തദ്ദേശഭരണസ്ഥാപനങ്ങളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. ഈ വകുപ്പുകളിൽനിന്നു പണമൊന്നും താഴേയ്ക്കുള്ള വിന്യസിച്ചിരുന്നുമില്ല. എങ്കിലും പൊതുവായ കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടുവന്നിരുന്നു.

ജനകീയാസൂത്രണത്തിന്റെ ആദ്യവർഷം വിദഗ്ദ്ധസമിതികളെക്കുറിച്ചു രൂക്ഷമായ തർക്കങ്ങൾ ഉണ്ടായി. വിദഗ്ദ്ധസമിതികൾ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അധികാരം കവരുമെന്ന വിമർശനം സിപിഐയടക്കം മുന്നോട്ടുവച്ചു. വിവാദം കൊഴുത്തു.

ഒരു ദിവസം സ. ഇ. ചന്ദ്രശേഖരൻനായർ എന്നെ കണ്ടപ്പോൾ മാറ്റനിർത്തി ഒരു കാര്യം പറഞ്ഞു. ശരി-തെറ്റ് തർക്കിച്ചു ജയിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. പ്രശ്നം രാഷ്ട്രീയമാണ്. ജനകീയാസൂത്രണത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ എത്രയും പെട്ടെന്നു ചില പൊതുധാരണകളിൽ എത്തണം. അതാണു പിന്നീട് ഉണ്ടായത്. വിദഗ്ദ്ധസമിതികൾ തുടർന്നു. എന്നാൽ അവരുടെ ചുമതലകളെക്കുറിച്ച് അർത്ഥശങ്കയില്ലാത്ത വ്യക്തതവരുത്തി. ചില്ലറ മാറ്റങ്ങളും വരുത്തി. കാര്യങ്ങൾ സാധാരണഗതിയിലായി. പ്രായോഗികരാഷ്ട്രീയത്തിന്റെ ആചാര്യന്മാരിൽ ഒരാളാണ് ഇ. ചന്ദ്രശേഖരൻനായർ.