Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / വി. വി. രാഘവൻ
വി. വി. രാഘവൻ

വി. വി. രാഘവൻ

ലഘു ജീവചരിത്രം (Biography)

കൃഷിഭവനുകൾ ആരംഭിക്കുന്നത് വി. വി. രാഘവൻ കൃഷിമന്ത്രി ആയിരിക്കുമ്പോഴാണ്. ഓരോ പഞ്ചായത്തിലും കർഷകർക്ക് ആധുനികകൃഷിരീതിയുടെ ശാസ്ത്രവും സാങ്കേതികവിദ്യയും എത്തിച്ച് ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ഉയർത്തുകയായിരുന്നു ലക്ഷ്യം. ഇക്കാര്യത്തിൽ വലിയ സംഭാവന ചെയ്യാൻ കൃഷിഭവനുകൾക്കു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ നിരന്തരപരീക്ഷണങ്ങളും ഇടപെടലുകളും നടത്താൻ വി. വി. രാഘവൻ ശ്രദ്ധിച്ചിരുന്നു.

പച്ചക്കറിക്കൃഷിക്കു കഞ്ഞിക്കുഴിമാതൃക. നെൽക്കൃഷിക്ക് എന്താണു മാതൃക? അതിന് ഉത്തരം ഒന്നേയുള്ളൂ. രണ്ടാം നായനാർ സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രി വി. വി. രാഘവൻ ആവിഷ്കരിച്ച ഗ്രൂപ്പ് ഫാമിങ്. സഹകരണകൃഷി, കൂട്ടുകൃഷി തുടങ്ങിയവ ഫലത്തിൽ പരാജയമായിരുന്നു. ചെറുതുണ്ടം ഭൂമികളിലെ കൃഷിയെ പിന്നെ എങ്ങനെ ഏകോപിപ്പിക്കാനാകും? ഭൂമിയുടെ ഉടമസ്ഥത പട്ടയമുള്ളവരുടെ കൈയിൽത്തന്നെ തുടരട്ടെ. എന്നാൽ കാർഷികപ്രവർത്തനങ്ങൾ ഓരോ പാടശേഖരത്തിലും ഏകോപിപ്പിക്കാം. സാധനസാമഗ്രികൾ വാങ്ങുന്നതും ഉഴുക തുടങ്ങിയ കാർഷികപ്രവർത്തനങ്ങളും കൂട്ടായി നടത്താനുമാകും. ഇതാണു ചുരുക്കത്തിൽ ഗ്രൂപ്പ് ഫാമിങ്.

ജനകീയാസൂത്രണകാലത്ത് ഇതിനു ചെറിയൊരു ഭേദഗതി വരുത്തി. ഐആർറ്റിസിയുടെ ആഭിമുഖ്യത്തിൽ പത്തിയൂർ ഗോപിനാഥ് മുൻകൈയെടുത്തു നടത്തിയ ഒരു പരീക്ഷണമുണ്ട്. അതിന്റെ പേര് ‘ഗാലാസ’ എന്നാണ്. കാര്യം മറ്റൊന്നുമല്ല. കൃഷിരീതികളിലെ ശാസ്ത്രസാങ്കേതികമികവുകൂടി ഗ്രൂപ്പ് ഫാമിങ് സംഘടനാരീതിയിൽ ഉറപ്പുവരുത്താനുള്ള പരിശ്രമമായിരുന്നു ഇത്.

ജനകീയാസൂത്രണപരിശീലനങ്ങളിൽ ഗാലാസയ്ക്കു വലിയ പ്രോത്സാഹനം നല്കി. ഈ പുതിയ പേര് കാറ്റുപിടിച്ചില്ലെങ്കിലും പാടശേഖരസമിതിയുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ഉന്നൽ നല്കിക്കൊണ്ടുള്ള സമീപനത്തിന് ഇത് ഉത്തേജകമായി.

വി. വി. രാഘവൻ ജനകീയാസൂത്രണത്തിന്റെ കാർഷികവേദികളിൽ സജീവമായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നിട്ടശ്ശേരിയിൽ നാളികേരകൃഷിക്കാരുടെ ഗ്രൂപ്പ് ഫാമിങ് സമിതിക്കു രൂപം നല്കി. വി. വി. രാഘവൻ ഇതു കാണാനും വിലയിരുത്താനും കഞ്ഞിക്കുഴി സന്ദർശിക്കുകയുണ്ടായി. വി. കെ. രാജനായിരുന്നു ഇക്കാലത്തെ കൃഷിമന്ത്രി. താഴേയ്ക്കു കൈമാറിയ സ്ഥാപനങ്ങളാണു കൃഷിഭവനുകൾ. തുടക്കമെന്ന നിലയിൽ അല്ലറചില്ലറ കല്ലുകടികൾ ഇവയുടെ നിയന്ത്രണം സംബന്ധിച്ച് ഉണ്ടായിരുന്നു. വി. വി. രാഘവൻ ഇവ സംബന്ധിച്ചു സമവായമുണ്ടാക്കുന്നതിൽ പങ്കുവഹിച്ചു.