Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / വി. പി. രാമകൃഷ്ണപിള്ള
വി. പി. രാമകൃഷ്ണപിള്ള

വി. പി. രാമകൃഷ്ണപിള്ള

ലഘു ജീവചരിത്രം (Biography)

തദ്ദേശഭരണസ്ഥാപനങ്ങൾക്കു തൊഴിലുറപ്പിൽ തോടുകൾ ശുചീകരിക്കാനും പാർശ്വഭിത്തി ഉറപ്പിക്കാനും എസ്റ്റിമേറ്റ് തയ്യാറാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിൽ പോകേണ്ട ഗതികേട് ഇന്നുണ്ട്. അപ്പോഴെല്ലാം ഞാൻ വി. പി. രാമകൃഷ്ണപിള്ളയുടെ വിശാലസമീപനത്തെക്കുറിച്ച് ഓർക്കാറുണ്ട്. അദ്ദേഹം ജനകീയാസൂത്രണകാലത്ത് ജലസേചന, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

ചെറുകിടജലസേചനമേഖലയിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരം എന്നും വിവാദമായിരുന്നു. എന്നാൽ വി. പി. രാമകൃഷ്ണപിള്ള ചെറുകിടജലസേചനത്തിൽ നല്ലൊരു പങ്ക് തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറാൻ മടിച്ചില്ല. ഇതു നിയമത്തിലും ഉൾപ്പെടുത്തി. അടുത്ത യുഡിഎഫ് ഭരണത്തിൽ ടി. എം. ജേക്കബ്ബ് ഈ അധികാരത്തിൽ നല്ലൊരു പങ്ക് തിരിച്ചുപിടിച്ചു. ജനകീയാസൂത്രണത്തിനുശേഷം തദ്ദേശഭരണസ്ഥാപനങ്ങൾക്കു നഷ്ടപ്പെട്ട ചുരുക്കം ചില അധികാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്.

1931 നവംബർ 12-ന് കൊല്ലം ജില്ലയിലെ അഷ്ടമുടിയിലാണ് വി. പി. രാമകൃഷ്ണപിള്ള എന്ന വിപിആർ ജനിച്ചത്.

വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്ന വിപിആർ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. പിഎസ്‌യുവിന്റെ സംസ്ഥാനപ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ടി. കെ. ദിവാകരനും ശ്രീകണ്ഠൻ നായരും ചേർന്ന് ആർഎസ്‌പിക്ക് രൂപം നല്കിയപ്പോൾ വിപിആർ ആർ‌എസ്‌പിയുടെ ഭാഗമായി. 1987ൽ ഇരവിപുരത്തുനിന്നാണ് വിപിആർ ആദ്യമായി നിയമസഭയിൽ എത്തിയത്.

ആർഎസ്‌പി കൊല്ലം താലൂക്കുകമ്മിറ്റിസെക്രട്ടറിയായും ദീർഘകാലം കൊല്ലം ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ച ആ വിപ്ലവകാരി 2008 മുതൽ 2012 വരെ ആർഎസ്‌പി സംസ്ഥാനസെക്രട്ടറി ആയിരുന്നു. ബേബി ജോൺ അസുഖബാധിതൻ ആയതിനെത്തുടർന്ന് വിപിആർ 1998-ൽ ജലസേചന - തൊഴിൽ വകുപ്പു മന്ത്രിയായി. 2013-ൽ ആലപ്പുഴയിൽ നടന്ന ആർഎസ്‌പി സംസ്ഥാനസമ്മേളനത്തോടെയാണ് വിപിആർ സജീവ രാഷ്ട്രീയത്തിൽനിന്നു പിന്നോട്ടുമാറിയത്. ജനകീയാസൂത്രണത്തിന്റെ ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയോഗങ്ങളിലും സെമിനാറുകളിലും അദ്ദേഹം സജീവമായിരുന്നു.