കെ. ശ്രീധരൻ മാഷ്
ലഘു ജീവചരിത്രം (Biography)
പ്രൈമറി വിദ്യാർത്ഥികൾക്കു സഹവാസക്യാമ്പ്! ഇന്നും ഇതൊരു സാഹസമായാവും പലരും കരുതുക. അപ്പോൾപ്പിന്നെ, 1997-ൽ മയ്യിൽ പഞ്ചായത്തിൽ ഇങ്ങനെയൊരു പരീക്ഷണം നടന്നപ്പോഴുള്ള പ്രതികരണങ്ങളെക്കുറിച്ച് പറയേണ്ടതുണ്ടോ? ജനകീയാസൂത്രണത്തിൽ ആവിഷ്കരിച്ച ‘വിദ്യാകിരണം’ എന്ന സമഗ്രവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിരുന്നു ഈ കൊച്ചുകുട്ടികളുടെ സഹവാസക്യാമ്പ്.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും കണ്ടക്കൈ എഎൽപി സ്കൂൾ അദ്ധ്യാപകനുമായിരുന്ന കെ. ശ്രീധരൻ മാഷിന്റെ നിശ്ചയദാർഢ്യമാണ് ഇതു യാഥാർത്ഥ്യമാക്കിയത്. റിട്ട. അദ്ധ്യാപകനായിരുന്ന ബാലകൃഷ്ണൻ നമ്പ്യാർ, ഇപ്പോൾ കണ്ണൂർ എസ്എസ്‌കെ പ്രൊജക്ട് ഡയറക്ടറായിരിക്കുന്ന രമേശൻ കടൂർ, അനെർട്ടിലെ എൻജിനീയറായിരുന്ന യു. ജനാർദ്ദനൻ എന്നിവരുടെ പിന്തുണയും മാഷിന് ഉണ്ടായിരുന്നു. വലിയ മുന്നൊരുക്കങ്ങൾ ഇതിനു വേണ്ടിവന്നു.
ശ്രീധരൻ മാഷിന്റെ സ്കൂളായ എഎൽപി സ്കൂൾ, കണ്ടക്കൈയിലായിരുന്നു ക്യാമ്പ്. മയ്യിൽ പഞ്ചായത്തിൽ 12 എൽപി സ്കൂളുകളും മൂന്നു യുപി സ്കൂളുകളും ഒരു ഹൈസ്കുളുമാണ് ഉണ്ടായിരുന്നത്. എല്ലാ സ്കൂളുകളിൽനിന്നും 4 വീതം കുട്ടികൾ, ആതിഥേയസ്കൂളിൽനിന്ന് കൂടുതൽ കുട്ടികൾ. 70 പേരായിരുന്നു ആദ്യവർഷം ക്യാമ്പിൽ. ആദ്യവർഷം കൃഷിയായിരുന്നു ക്യാമ്പിന്റെ വിഷയം. കൃഷി - ശാസ്ത്രം, കൃഷിരീതി, പലതരം വിത്തുകൾ, ഫീൽഡ് സന്ദർശനം, കർഷകരുമായി അഭിമുഖം, കൃഷിക്കഥകൾ, കൃഷിപ്പാട്ടുകൾ തുടങ്ങി രസകരമായ ക്യാമ്പ് കുട്ടികൾക്കു വലിയൊരനുഭവം ആയിരുന്നു.
രണ്ടാംവർഷം പ്രകൃതിയെ അറിയുക എന്നതായിരുന്നു വിഷയം. ക്ലാസ്, ചുറ്റുപാടുമുള്ള ആവാസകേന്ദ്രങ്ങൾ സന്ദർശിക്കൽ, കാലാവസ്ഥയിലെ മാറ്റം നിരീക്ഷിക്കൽ, കുളങ്ങളും പുഴകളും നിലനിൽക്കേണ്ടതിന്റെ ആവശ്യകത - തുടങ്ങി വിജ്ഞാനപ്രദവും രസകരവുമായ ക്ലാസ്.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ ഒരു മരത്തെ നിരീക്ഷിച്ചതിന്റെ അനുഭവം ശ്രീധരൻമാഷ് പറഞ്ഞു. അതിനെ ആശ്രയിക്കുന്ന ജീവികൾ, പക്ഷിക്കൂട്, താഴെയുള്ള സൂക്ഷ്മജീവികൾ, തടി, ഇല, ഉപയോഗം തുടങ്ങി കുട്ടികൾ കണ്ടെത്തിയ വിവരങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ക്യാമ്പിനെ ആശങ്കയോടെ കണ്ട രക്ഷിതാക്കൾ ക്യാമ്പിന്റെ ഭാഗമാകുന്നതും തെയ്യങ്ങൾ വരെ അവതരിപ്പിച്ച് കുട്ടികളെ രസിപ്പിച്ചതും ഓർക്കുന്നു. രാത്രികാലങ്ങളിലെ ക്യാമ്പ് ഫയർ, റോൾപ്ലേ, പാട്ടുകൾ ഒക്കെവഴി ആഹ്ലാദകരമായി.
മയ്യിൽ പഞ്ചായത്തിന്റെ വിദ്യാഭ്യാസയിടപെടൽ ജനകീയാസൂത്രണത്തിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു. 1995-ൽ ‘അക്ഷരപ്പുലരി’ എന്ന ഒരു പ്രോജക്ടിനു തുടക്കംകുറിച്ചിരുന്നു. പ്രൈമറി സ്കൂൾ കുട്ടികൾക്ക് അക്ഷരജ്ഞാനം ഉറപ്പിക്കലായിരുന്നു പദ്ധതി. അക്ഷരപ്പാട്ടുകളും കഥകളും മറ്റും ഉപയോഗപ്പെടുത്തിയുള്ള ഒരു രീതിയാണ് അവലംബിച്ചത്.
1996 ഫെബ്രുവരിയിൽ പഞ്ചായത്തിന്റെ സമഗ്രവികസനത്തെക്കുറിച്ചു പരിപാടികൾ തയ്യാറാക്കാനായി ഒരു ദിവസം നീണ്ടുനിന്ന വികസനസെമിനാർ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസഗ്രൂപ്പിൽ 52 പേർ പങ്കെടുത്തിരുന്നു. അന്നത്തെ നിർദ്ദേശത്തിൽ പ്രധാനം ഒരു സമഗ്രവിദ്യാഭ്യാസപദ്ധതിക്കു രൂപം നൽകണമെന്നതായിരുന്നു.
ഇതിന്റെ തുടർച്ചയായിരുന്നു ജനകീയാസൂത്രണത്തിലെ ‘സമഗ്രവിദ്യാഭ്യാസപദ്ധതി’. 1997 മെയ് 27, 28 തീയതികളിൽ ഡയറ്റിന്റെ സാങ്കേതികസഹായത്തോടെ നടത്തിയ അദ്ധ്യാപകപരിശീലനമായിരുന്നു തുടക്കം. എൽപി സ്കൂളുകളിലെ മുഴുവൻ അദ്ധ്യാപകരും യുപി, ഹൈ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരുമായിരുന്നു പരിശീലനത്തിൽ. സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ലഭിച്ച ചിട്ടയോടെയുള്ള പരിശീലനം അദ്ധ്യാപകരുടെ ആത്മവിശ്വാസം ഉയർത്തി.
റിട്ടയർ ചെയ്ത ഹെഡ്മാസ്റ്റർമാർ, സാമൂഹികപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം ഇതിനെത്തുടർന്ന് വിദ്യാഭ്യാസസബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളിലും സൗഹൃദസന്ദർശനം നടത്തി. സ്കൂളിലെ നിലവിലുള്ള സൗകര്യങ്ങൾ, പഠനോപകരണങ്ങൾ എന്തെല്ലാം ഉണ്ട്, ഉള്ളവ ഉപയോഗിക്കുന്നുണ്ടോ, എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാനായിരുന്നു സന്ദർശനം. ഇതു പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു ശിൽപ്പശാലയ്ക്കു വഴിതെളിയിച്ചു. കൂടുതൽ രസകരമായി പാഠഭാഗങ്ങൾ കുട്ടികൾക്കു പകർന്നുനൽകാൻ പഠനോപകരണങ്ങൾ വലിയ സഹായമായി.
തുടർന്ന്, മാപ്പുകൾ, ചാർട്ടുകൾ, ഗ്ലോബുകൾ തുടങ്ങിയവ പഞ്ചായത്ത് എല്ലാ സ്കൂളുകൾക്കും നൽകി. ക്രിസ്തുമസ് പരീക്ഷയ്ക്കു മുമ്പു ചേർന്ന അദ്ധ്യാപകസംഗമം അദ്ധ്യാപകർക്കു കൂടുതൽ സംവേദനത്തിനുള്ള ഇടമായി. ഇതിന്റെ തുടർച്ചയായി രക്ഷാകർത്തൃബോധവൽക്കരണക്ലാസുകൾ, സാമൂഹികപങ്കാളിത്തം ഉറപ്പാക്കിയുള്ള സ്കൂൾ വാർഷികങ്ങൾ എന്നിവകൂടി പരിപാടിയായി. ഇതുവഴി പൊതുസമൂഹവും വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ഭാഗമായി.
സഹവാസക്യാമ്പിനുശേഷം പഞ്ചായത്തിലെ 16 സ്കൂളുകൾക്കും ലൈബ്രറിപ്പുസ്തകം നൽകൽ, ദേശീയപ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കൽ, സ്കോളർഷിപ്പ് പരീക്ഷകൾക്കു കുട്ടികളെ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്തു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പങ്കെടുത്ത ഒരു വിദ്യാഭ്യാസപ്രദർശനം സംഘടിപ്പിച്ചിരുന്നു. 1998 ഫെബ്രുവരിയിൽ നടന്ന ഈ പ്രദർശനം ഗുണമേന്മകൊണ്ടും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു.
മയ്യിൽ പഞ്ചായത്തിന്റെ വികസനരേഖ, പ്രവർത്തനറിപ്പോർട്ട്, പ്രൊജക്ട് തയ്യാറാക്കൽ, പദ്ധതി നിർവ്വഹണം എല്ലാത്തിലും ശ്രീധരൻ മാഷിന്റെ പങ്ക് വലുതായിരുന്നു. 36 വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 2007-ലാണ് വിരമിക്കുന്നത്. സാക്ഷരതാകാലത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ, പരിഷത്തിന്റെ ജില്ലാ ട്രഷറർ, പാർട്ടി ലോക്കൽ കമ്മിറ്റിയംഗം, ലൈബ്രറി പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സജീവമായിരുന്നു.
കണ്ടക്കൈ സ്മാരക ലൈബ്രറി തയ്യാറാക്കിയ സുവനീറിൽ ‘പ്രാദേശികഭരണം - വില്ലേജ് പഞ്ചായത്തുകളിൽനിന്നു ഗ്രാമപ്പഞ്ചായത്തിലേക്ക്’ എന്ന ശ്രീധരൻ മാഷിന്റെ ഒരു രേഖയുണ്ട്. മയ്യിൽ പഞ്ചായത്തിന്റെ വികസനചരിത്രം ഒരു അന്വേഷണാത്മക പങ്കാളിത്തപഠനമാണെന്നു പറയാം.