Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / വി. ജെ. തങ്കപ്പൻ
വി. ജെ. തങ്കപ്പൻ

വി. ജെ. തങ്കപ്പൻ

ലഘു ജീവചരിത്രം (Biography)

നിങ്ങൾക്ക് പഞ്ചായത്ത്-മുനിസിപ്പൽ നിയമങ്ങളെയും ചട്ടങ്ങളെയുംകുറിച്ച് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കാം. വി. ജെ. തങ്കപ്പൻ മറുപടി നല്കും. ജനകീയാസൂത്രണകാലത്തെ എല്ലാ പരിശീലനങ്ങളിലും ഇങ്ങനെയൊരു ചോദ്യോത്തരവേദി ഉണ്ടായിരുന്നു. ഇതിനുള്ള സംസ്ഥാനപാനലിന്റെ നേതൃത്വം വി. ജെ. തങ്കപ്പനായിരുന്നു. എസ്. എം. വിജയാനന്ദ്, പ്രകാശ്ബാബു തുടങ്ങിയ സെൻ കമ്മിറ്റി അംഗങ്ങൾ അടങ്ങുന്നതായിരുന്നു സംസ്ഥാനതലത്തിൽ സംശയനിവാരണം വരുത്തിക്കൊണ്ടിരുന്ന പാനൽ.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 16 വർഷം കൗൺസിലർ, അതിൽ അഞ്ചുവർഷം മുനിസിപ്പൽ ചെയർപേഴ്സൺ. രണ്ടാം നായനാർസർക്കാരിൽ തദ്ദേശഭരണമന്ത്രി. സെൻ കമ്മിറ്റി അംഗം. ഭരണപരിഷ്കാരക്കമ്മിഷൻ ഉപാദ്ധ്യക്ഷൻ. അധികാരവികേന്ദ്രീകരണത്തിൽ വി. ജെ. തങ്കപ്പന്റെ അനുഭവവും നേതൃസംഭാവനയും മറികടക്കാൻ അധികംപേർ ഉണ്ടാവുമെന്നു തോന്നുന്നില്ല.

മന്ത്രിയെന്നനിലയിൽ വിജെയുടെ ഏറ്റവും വലിയ സംഭാവന ജില്ലാക്കൗൺസിൽ നിയമം നടപ്പാക്കാൻ എടുത്ത മുൻകൈയാണ്. കേരളത്തിൽ അധികാരവികേന്ദ്രീകരണം സംബന്ധിച്ചു വലിയ പ്രതീക്ഷകളാണ് പുതിയ ജില്ലാക്കൗൺസിലുകൾ ഉയർത്തിയത്. എന്നാൽ, തുടർന്നു വന്ന യുഡിഎഫ്‌ഭരണം അവ തല്ലിക്കെടുത്തി.

മൂന്നാം നായനാർസർക്കാരിന്റെ കാലത്ത് വിജെ വഹിച്ചപങ്ക് വേറിട്ട ഒന്ന് ആയിരുന്നു. ജനകീയാസൂത്രണം പ്രഖ്യാപിച്ചതിനൊപ്പം നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലുമെല്ലാം സമൂലമായ മാറ്റങ്ങൾ നിർദ്ദേശിക്കാൻ സെൻ കമ്മിറ്റിയെ നിയോഗിച്ചു. അതിൽ അംഗമായിരുന്നു അദ്ദേഹം. അദ്ധ്യക്ഷനായ സത്യബ്രതോ സെൻ കേരളത്തിൽ വന്നുംപോയുംകൊണ്ടിരുന്നു. അതുകൊണ്ട് ജനകീയാസൂത്രണവുമായി നേരിട്ട് ഇടപഴകിയിരുന്നത് വി. ജെ. തങ്കപ്പനാണ്.

ജനകീയാസൂത്രണത്തിന്റെ അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ സെൻ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്.

എസ്. ബി. സെന്നിന്റെ മരണശേഷം കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചത് വിജെ ആയിരുന്നു. താഴെത്തട്ടിൽവന്ന പരിഷ്കാരങ്ങൾക്ക് അനുസൃതമായി സംസ്ഥാനഭരണസംവിധാനത്തിലാകെ പൊളിച്ചെഴുത്ത് അനിവാര്യമായിരുന്നു. ആ കടമയാണ് മുഖ്യമന്ത്രിതന്നെ അദ്ധ്യക്ഷനായുള്ള ഭരണപരിഷ്കാരക്കമ്മിഷൻ ഏറ്റെടുത്തത്. അതിന്റെ ഉപാദ്ധ്യക്ഷനായിരുന്നു വി. ജെ. തങ്കപ്പൻ. എന്നാൽ, ഇതിന്റെ നിർദ്ദേശങ്ങൾ നല്ലപങ്കും ഇതുവരെ നടപ്പായിട്ടില്ല. ഇപ്പോൾ നാലാം ഭരണപരിഷ്കാരക്കമ്മിഷന്റെ നിർദ്ദേശങ്ങളും കുടിശികയായുണ്ട്.