Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

എം. എ. ബേബി

എം. എ. ബേബി

ലഘു ജീവചരിത്രം (Biography)

1973-74. തിരുവനന്തപുരം യുണിവേഴ്സിറ്റി കോളെജ്, കൊല്ലം എസ്‌എൻ കോളെജ്, എറണാകുളം മഹാരാജാസ്, തൃശൂർ കേരളവർമ്മ, പാലക്കാട് വിക്ടോറിയ, തലശേരി ബ്രണ്ണൻ കോളെജ് എന്നിവിടങ്ങളിലെല്ലാം എസ്എഫ്ഐ ജയിച്ചു. അതൊരു വഴിത്തിരിവ് ആയി. അന്നു കൊല്ലം എസ്. എൻ കോളെജിനെ നയിച്ചിരുന്നത് എം. എ. ബേബി ആയിരുന്നു. അന്നേ ബേബി ഒരു വ്യത്യസ്തപ്രകൃതക്കാരനാണ്. കലയിലും സാഹിത്യത്തിലും വലിയ കമ്പം. അതു പിന്നീടു കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇന്ത്യയാസകലമുളള വിശ്രുതകലാകാരരോട് ഇത്രയും വ്യക്തിബന്ധം പുലർത്തുന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. ജനകീയാസൂത്രണത്തിലെ ബേബിയുടെ സംഭാവന സാംസ്കാരികമേഖലയുമായി ബന്ധപ്പെട്ടാണ്.

ജനകീയാസൂത്രണകാലത്ത് സിപി‌ഐ(എം) സെൻട്രൽ സെക്രട്ടേറിയറ്റ് മെമ്പർ എന്ന നിലയിൽ ബേബി കൂടുതൽ സമയവും ദില്ലിയിൽ ആയിരുന്നു. എങ്കിലും ഉന്നതതല മാർഗ്ഗനിർദ്ദേശകസമിതി അംഗമായിരുന്നു. കേരളത്തിൽ വരുമ്പോഴെല്ലാം അതിന്റെ യോഗങ്ങളിൽ മാത്രമല്ല, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചടങ്ങുകളിലും സജീവസാന്നിദ്ധ്യം ആയിരുന്നു. ഒട്ടേറെ സാംസ്കാരികപ്രതിഭകൾ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പ്രാദേശികപദ്ധതികളിൽ സംസ്കാരത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാതി ഉണ്ടായിരുന്നു.

ജനകീയാസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് പുത്തൻ വികസനസംസ്കാരത്തിന്റെ സൃഷ്ടി ആയിരുന്നു. വളരെയേറെ ഊന്നൽ നല്കിയ കാര്യമായിരുന്നു ഇത്. ഇഎംഎസിന്റെ മത്തായി മാഞ്ഞൂരാൻ പ്രഭാഷണത്തോടെയാണ് ഈ ആദർശം ചർച്ചാവിഷയമായി മാറിയത്. അതുകൊണ്ട് സാംസ്കാരികതലമാനം താഴെത്തട്ടിലെ വികസനപരിപാടികളിൽ ശക്തിപ്പെടുത്തേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചു ഗൗരവമായി ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ‘മാനവീയം സാംസ്കാരികപരിപാടി’യുമായി ബേബി രംഗപ്രവേശനം ചെയ്തത്. പിറ്റേവർഷം പുതിയ നൂറ്റാണ്ട് ആരംഭിക്കുകയാണ്. പുതിയ നുറ്റാണ്ടിനെ വരവേല്‍ക്കുന്നതിന് ഒരു സാംസ്കാരിക ഇളക്കം കേരളത്തിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പുതിയ നൂറ്റാണ്ടിന്റെ ഉദയം ഒരു നിമിത്തമാക്കി സാംസ്കാരികമേഖലയിലെ അപചയങ്ങൾക്കെതിരെ പ്രതിരോധം തീർക്കുകയും പുതിയ ഒരു സംസ്കാരം സൃഷ്ടിക്കുകയും ചെയ്യാനുളള പരിശ്രമമായിരുന്നു മാനവീയം സാംസ്കാരികപരിപാടി.

മാനവീയം പരിപാടിക്കു ജനകീയാസൂത്രണപ്രസ്ഥാനം പൂർണ്ണപിന്തുണ നല്കാൻ തീരുമാനിച്ചു. ഉന്നതതല മാർഗ്ഗനിർദ്ദേശകസമിതിയുടെ എക്സിക്യൂട്ടീവ് ഇക്കാര്യം ചർച്ചചെയ്തു. മാനവീയം സാംസ്കാരികപരിപാടികൾക്കുളള സജീവത തദ്ദേശഭരണസ്ഥാപനങ്ങളിൽനിന്നുണ്ടായി. എങ്കിലും സംസ്ഥാനവ്യാപകമായി ഒരു ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം വേണമല്ലോ. വിശദമായ ചർച്ചകൾക്കുശേഷം കേരളത്തിലെ സ്ത്രീകളുടെ പദവി കേന്ദ്രവിഷയമാക്കാൻ തീരുമാനിച്ചു.

കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-ആരോഗ്യ അവസ്ഥകൾ വളരെ മെച്ചപ്പെട്ടതാണ്. എന്നാൽ പുരുഷനെ അപേക്ഷിച്ച് സ്ത്രികളുടെ സ്ഥാനം അഥവാ പദവിയുടെ കാര്യമെടുത്താൽ കേരളം മറ്റ് ഏതു സംസ്ഥാനവുംപോലെ വളരെ മോശമാണ്. ഈ സ്ഥിതി മാറ്റണം. അതിലൊരു വലിയ സാംസ്കാരികയിടപെടൽ വേണം. അങ്ങനെയാണ് മാനവീയം സ്ത്രീപദവിപഠനപരിപാടി ആവിഷ്കരിക്കപ്പെടുന്നത്. പ്രത്യേകം കൈപ്പുസ്തകം തയാറാക്കി സംസ്ഥാന, ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ നടന്നു. ഇതിനൊക്കെശേഷം സംസ്ഥാനതല ഉദ്ഘാടനം വലിയ രീതിയിൽ സംഘടിപ്പിച്ചു.

ശബാന ആഷ്മി ആയിരുന്നു മുഖ്യാതിഥി. ഒരു ദിവസം മുഴുവൻ പ്രഭാഷങ്ങൾ, പാട്ടുകൾ, നൃത്തങ്ങൾ, ചർച്ചകൾ ഇവയെല്ലാം നിറഞ്ഞുനിന്നു. എകെജി ഹാൾ ആയിരുന്നു വേദി. ഇവിടെ ഗ്രൂപ്പ് ചർച്ചകൾക്കായി ഒട്ടനവധി ചെറുവേദികൾ ഒരുക്കിയിരുന്നു. പദവിപഠനമാണ് ആദ്യമായി ചെയ്യേണ്ടത്. എന്നാൽ പദവിപഠനം പൂർത്തിയാക്കുംമുമ്പ് സംസ്ഥാനതെരഞ്ഞെടുപ്പു വന്നു. ക്യാമ്പയിനായി നടന്നുവന്ന നിലവിലുളള പദവിപഠനപരിപാടി ഭരണമാറ്റത്തോടെ ഇല്ലാതായി. എങ്കിലും കിലയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പഞ്ചായത്തുകളിൽ പദവിപഠനം പൂർത്തിയാക്കി.

അങ്ങനെ പൂർത്തീകരിക്കപ്പെടാതെപോയ ജനകീയാസൂത്രണസ്വപ്നങ്ങളിൽ ഒന്ന് 25-ാം വർഷത്തിൽ വീണ്ടും പൂവണിഞ്ഞു. ഞാൻ ഉദ്ദേശിക്കുന്നത് 25-ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച ക്രൈം മാപ്പിങ് പരിപാടിയാണ്.

പഞ്ചായത്തിലെ സ്ത്രീകൾ നേരിടുന്ന നാനാവിധ അതിക്രമങ്ങൾ ആര്, എപ്പോൾ, എവിടെ, ആരിൽനിന്നു നേരിടുന്നു എന്നതു സംബന്ധിച്ച് സമഗ്രമായ ഒരു ചിത്രം ഉണ്ടാക്കിയെടുക്കുകയാണ് ക്രൈം മാപ്പിങ്ങിലൂടെ ചെയ്യുന്നത്. ഇത് ആദ്യം ചെയ്തത് മാരാരിക്കുളം തെക്ക് പഞ്ചായത്താണ്. പിന്നീട് കിലയുടെ ആഭിമുഖ്യത്തിൽ ഏതാനും പഞ്ചായത്തുകൾ ഇത്തരം റിപ്പോർട്ടുകൾ തയാറാക്കി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കാൻ വനിതാഘടകപദ്ധതിയെ ഉപയോഗപ്പെടുത്തുമ്പോഴാണ് പഠനം ഫലപ്രാപ്തിയിൽ എത്തുന്നത്.

മാനവീയം സാംസ്കാരികപരിപാടിയിൽ ഇപ്പോൾ സ്ഥായിയായി നിലനില്ക്കുന്നത് തിരുവനന്തപുരത്തെ മാനവീയം തെരുവുകളാണ്. ഏതായാലും ജനകീയാസൂത്രണത്തിലെ 25-ാം വർഷം സ്ത്രീപദവിപഠനം പുതിയ രൂപത്തിലും ഭാവത്തിലും പുനരാവിഷ്കരിച്ചതിൽ എം. എ. ബേബിക്ക് അഭിമാനിക്കാം.