Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പി. കെ. കുഞ്ഞാലിക്കുട്ടി
പി. കെ. കുഞ്ഞാലിക്കുട്ടി

പി. കെ. കുഞ്ഞാലിക്കുട്ടി

ലഘു ജീവചരിത്രം (Biography)

മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം പി. കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണ്. 29-ാം വയസ്സിൽ 1980-ൽ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി. 1982-ൽ എംഎൽഎ ആയെങ്കിലും ചെയർപേഴ്സൺ സ്ഥാനവും തുടർന്നു. ഈ രണ്ടു പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി. ഗവൺമെന്റ് കോളെജിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം കളക്ടറേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്. വനിതാകോളെജ്, കോട്ടമൈതാനനവീകരണം, ഷോപ്പിങ് കോംപ്ലക്സ്, പല പ്രധാനപ്പെട്ട റോഡുകൾ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു.

എംഎസ്എഫിന്റെ പ്രവർത്തകനായിട്ടാണു രാഷ്ട്രീയരംഗപ്രവേശനം. സംസ്ഥാനട്രഷറർ ആയി. ഫറൂഖ് കോളെജ് യൂണിയൻ സെക്രട്ടറിയായി. എങ്കിലും രാഷ്ട്രീയമേഖലയിൽ അറിയപ്പെടാൻ തുടങ്ങിയത് മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ എന്ന നിലയിലാണ്.

ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ വരുത്താവുന്ന നാടകീയമാറ്റത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ആദ്യമായിട്ടാണു ജില്ലയ്ക്കു ജനസംഖ്യാനുപാതികമായ സാമ്പത്തികസഹായം സംസ്ഥാനസർക്കാരിൽനിന്നു ലഭിക്കുന്നത്. ഇതു സംബന്ധിച്ചു വ്യക്തമായ ധാരണ ഉണ്ടായിരുന്നതുകൊണ്ട്, രാഷ്ട്രീയാഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നെങ്കിലും, ജനകീയാസൂത്രണത്തോടു പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണനടത്തിപ്പു സംബന്ധിച്ചു പലവട്ടം ഞങ്ങൾ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.

ജനകീയാസൂത്രണപ്രവർത്തനങ്ങൾക്ക് അനുയോജ്യരായ യുവരാഷ്ട്രീയപ്രവർത്തകരെ കെആർപിമാരായി അദ്ദേഹം തെരഞ്ഞെടുത്തു. ഞങ്ങൾ പ്ലാനിങ് ബോർഡിൽനിന്നു തെരഞ്ഞെടുത്ത ഒട്ടുമിക്കപേരും പരിഷത്‌പ്രവർത്തകരായിരുന്നു. അതിൽ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചില്ല. മലപ്പുറം ജില്ലയിൽനിന്നുള്ള കെആർപിമാർ ഒരു ടീമായിതന്നെ പ്രവർത്തിച്ചു. ഇതു ഫലപ്രദമായ ആസൂത്രണത്തിനും പദ്ധതിനിർവ്വഹണത്തിനും വഴിയൊരുക്കി.

രണ്ടാംഘട്ടപരിശീലനവേളയിൽ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. അതു വിവാദമായി. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ഞാൻ ആദ്യം ചെയ്തത് കുഞ്ഞാലിക്കുട്ടിസാഹിബിനെ ഫോൺ ചെയ്യുകയായിരുന്നു. ഇനി കൈപ്പുസ്തകം അച്ചടിക്കുകയാണെങ്കിൽ വിവാദഭാഗങ്ങൾ ഒഴിവാക്കണമെന്ന ധാരണയിൽ പ്രശ്നം തീർത്തു. ഒരു പത്രത്തിലും ഇതു വാർത്തയുമായില്ല.

ജനകീയാസൂത്രണത്തിനു തൊട്ടുമുമ്പ് അദ്ദേഹമായിരുന്നു നഗരകാര്യമന്ത്രി. എട്ടുതവണ നിയമസഭാംഗമായി. ഒരുതവണ പാർലമെന്റ് അംഗവും. അഞ്ചു മന്ത്രിസഭകളിൽ അംഗമായി. ഏറ്റവും കൂടുതൽകാലം വ്യവസായമന്ത്രിയായി ഇരുന്നിട്ടുള്ളത് കുഞ്ഞാലിക്കുട്ടിയാണ്. 2001-06 കാലത്ത് വ്യവസായവകുപ്പിനൊപ്പം ഐറ്റി വകുപ്പും അദ്ദേഹത്തിനായിരുന്നു. അക്കാലത്താണ് അക്ഷയ പ്രസ്ഥാനം ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ 18-നു പഞ്ചായത്തുദിനാഘോഷവുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികാഘോഷങ്ങൾ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തുറന്നുസമ്മതിച്ചു. “കേരളത്തിലെ സാധാരണജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയ പദ്ധതിയാണ് ജനകീയാസൂത്രണം.” തദ്ദേശഭരണവകുപ്പിന്റെ ഏകീകരണവും കോമൺ കേഡറിന്റെ രൂപവത്ക്കരണവും അദ്ദേഹം സ്വാഗതം ചെയ്തു. സാധാരണജനങ്ങളുടെ സേവനാവകാശങ്ങൾ വേത്തിയിൽ ലഭ്യമാക്കാൻ ഈ മാറ്റം സഹായിക്കും. എന്നാൽ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ ആവശ്യമായ മാറ്റം വരുത്താനുള്ള ഇടപെടൽ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിയമസഭയിൽ ആയാലും പുറത്തായാലും തൽസമയപ്രസംഗമാണു ശൈലി. നിയസഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴും അങ്ങനെതന്നെ. ഒരു കടലാസും കൈയ്യിൽ ഉണ്ടാവില്ല. പക്ഷെ, കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യും.