കുട്ടി അഹമ്മദ് കുട്ടി
ലഘു ജീവചരിത്രം (Biography)
‘താങ്കൾ റജി ഡെബ്രേ വായിച്ചിട്ടുണ്ടോ?’ ഒരു ലീഗ് എംഎൽഎ ഇങ്ങനെ ആദ്യകണ്ടുമുട്ടലിൽ ചോദിച്ചപ്പോൾ എനിക്കേറെ കൗതുകമുണ്ടായതിൽ അത്ഭുതപ്പെടാനില്ലല്ലോ. കുട്ടി അഹമ്മദ് കുട്ടി ജനകീയാസൂത്രണകാലത്ത് തിരൂരങ്ങാടി എംഎൽഎ ആയിരുന്നു. ഓരോ തവണ കണ്ടുമുട്ടുമ്പോഴും ഏതെങ്കിലും ന്യൂ ലെഫ്റ്റ് പുസ്തകത്തെക്കുറിച്ച് ഒരു ചോദ്യം പ്രതീക്ഷിക്കാം. അദ്ദേഹം സാധാരണ ലീഗ് എംഎൽഎമാരിൽനിന്നു വ്യത്യസ്തനായിരുന്നു.
എംഎൽഎ എന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ എല്ലാ ജനകീയാസൂത്രണപ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നല്കി. പുനരർപ്പണദിനത്തിൽ നടന്ന കാട്ടുങ്ങൽ തോട് ശുചീകരണത്തിന്റെ സമാപനസമ്മേളനത്തിൽ അദ്ദേഹം സംബന്ധിച്ചു. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മറിയുമ്മയും കോർഡിനേറ്റർ പി. ശ്രീധരനും സന്നദ്ധപ്രവർത്തനത്തിന് എത്തിയ ആർഎഎഫ് ലീഡേഴ്സുമെല്ലാം സംബന്ധിച്ചു. ജില്ലയിലെ വിപുലമായ പൊതുപരിപാടികളിലും സജീവസാന്നിദ്ധ്യമായിരുന്നു. വള്ളിക്കുന്നു പഞ്ചായത്തിൽ നടന്ന വികസനസെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനവേദിയിലും കുട്ടി അഹമ്മദുകുട്ടി എത്തിയിരുന്നു.
എ. കെ. ആന്റണിമന്ത്രിസഭയിൽ ഇദ്ദേഹമായിരിക്കും തദ്ദേശഭരണവകുപ്പുമന്ത്രി എന്നാണ് ആദ്യം കരുതിയത്. എന്നാൽ ചെർക്കളം അബ്ദുള്ളയായിരുന്നു മന്ത്രി. കുട്ടി അഹമ്മദ് കുട്ടിയുടെ ഊഴം വന്നത് ഉമ്മൻചാണ്ടിയുടെ രണ്ടുവർഷക്കാലത്തെ ആദ്യമന്ത്രിസഭയിൽ ആയിരുന്നു. ജനകീയാസൂത്രണം ആവിഷ്കരിച്ച നടപടിക്രമങ്ങളെ ശക്തിപ്പെടുത്താൻ അദ്ദേഹം ശക്തമായ നിലപാടെടുത്തു. പലപ്പോഴും ഇതുസംബന്ധിച്ച് എന്നോട് അനൗപചാരികമായി ചർച്ചചെയ്യാനും മടിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ശാഠ്യം ഒന്നുകൊണ്ടുമാത്രമാണ് എസ്. എം. വിജയാനന്ദിനു ലോക്കൽ അഡ്മിനിസ്ട്രേഷൻ സെക്രട്ടറിയായി അക്കാലത്തു തുടരാനായത്.
വിഎസ്‌സർക്കാരിന്റെ കാലത്തും അദ്ദേഹം വികേന്ദ്രീകരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംയോജിതപരിപാടിയുടെ വക്താവായി. തിരൂരങ്ങാടി ബ്ലോക്കിനുവേണ്ടി അദ്ദേഹം അക്കാലത്ത് ‘പുര പദ്ധതി’ക്കു രൂപം നല്കി. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നിയമസഭയിൽ ഡോ. അബ്ദുൾ കലാം നടത്തിയ പ്രസംഗത്തിൽ കേരളം ഏറ്റെടുക്കേണ്ട പരിപാടികളിൽ ഒന്നായി ‘പുര പദ്ധതി’ പരാമർശിച്ചിരുന്നു. ഇതായിരിക്കണം പ്രചോദനം.
“പ്രൊവിഷൻ ഓഫ് അർബൻ അമിനിറ്റീസ് ഇൻ റൂറൽ ഏരിയാസ്” എന്നതിന്റെ ചുരരക്കപ്പേരാണ് പുര. നാട്ടിൻപുറങ്ങളിൽ നഗരങ്ങളിലെ സേവനസൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണു ലക്ഷ്യം. ഗ്രാമവും നഗരവും ഇടകലർന്ന കേരളം ഇത്തരമൊരു പദ്ധതിക്ക് ഏറ്റവും അനുയോജ്യമാണ്. തിരൂരങ്ങാടിയിൽ ചില ഗ്രാമകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ആധുനികരീതിയിൽ ഒരു റോഡുശൃംഖല സൃഷ്ടിക്കുക, ആ റോഡുശൃംഖലയുടെ ഇരുവശവുമായി വ്യവസായ-സേവനസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നൊരു കാഴ്ചപ്പാടും കൂട്ടിച്ചേർത്താണ് തിരൂരങ്ങാടി പദ്ധതി തയ്യാറാക്കിയത്.
വിഎസ് മന്ത്രിസഭയുടെ അവസാനകാല ആയപ്പോഴാണ് ഇതിന് അവസാനരൂപമായത്. പിന്നീട് എന്തു സംഭവിച്ചൂവെന്ന് എനിക്ക് അറിയില്ല. ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ഗ്രാമവികസനവകുപ്പ് തൽപ്പരരായിരുന്നില്ല എന്നാണ്. ഈ പ്രൊജക്ടിനെക്കുറിച്ച് ഓർക്കാൻ കാരണം രാജ്യത്തുതന്നെ തയ്യാറാക്കിയ മാതൃകാ പുര പദ്ധതികളിൽ ഒന്നായിരുന്നു ഇത്.
രണ്ടാം ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്ത് അധികാരവികേന്ദ്രീകരണക്കമ്മിഷന്റെ ചെയർമാനായിരുന്നു അദ്ദേഹം. പിന്നീടു വെളിച്ചം കണ്ടില്ലെങ്കിലും ഏതാനും റിപ്പോർട്ടുകൾ കമ്മിഷൻ അക്കാലത്തു സമർപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത് ജില്ലാപ്പദ്ധതി സംബന്ധിച്ച റിപ്പോർട്ടാണ്. ഇതു ഫലപ്രദമായി നടപ്പാകാത്തതാണല്ലോ കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഒരു പോരായ്മ.
ഏതായാലും ഇക്കാലമായപ്പോൾ അദ്ദേഹം ന്യൂ ലെഫ്റ്റ് വിട്ടു. എപ്പോൾ കണ്ടാലും ജില്ലാപ്പദ്ധതിയെക്കുറിച്ചായി ചർച്ച. 2021 ആഗസ്റ്റ് 14-ന് ഈ കുറിപ്പ് എഴുതുന്നതിന് ആഴ്ചകൾക്കുമുമ്പ് ഞാനുമായി ഫോണിൽ സംസാരിച്ചപ്പോഴും പറഞ്ഞു. “നിങ്ങളുടെ പുസ്തകത്തിൽ ജില്ലാപ്പദ്ധതിക്കു പ്രാധാന്യം നല്കിയിട്ടില്ല. ഏതാനും പേജ് മാത്രമേയുള്ളൂ. ഇപ്പോൾ വലിയ ജോലിഭാരമൊന്നും ഇല്ലല്ലോ. അതുകൊണ്ട് ജില്ലാപ്പദ്ധതിയെക്കുറിച്ച് ഒരു പുസ്തകം എഴുതൂ.” ഇത് എഴുതുന്നതിനു രണ്ടുദിവസം മുമ്പ് അദ്ദേഹം അന്തരിച്ചു.