Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എം. വി. ഗോവിന്ദൻ
എം. വി. ഗോവിന്ദൻ

എം. വി. ഗോവിന്ദൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികവേളയിൽ തദ്ദേശഭരണവകുപ്പുമന്ത്രി ആയിരുന്ന സ. എം. വി. ഗോവിന്ദൻ ജനകീയാസൂത്രണകാലത്ത് തളിപ്പറമ്പു നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗം ആയിരുന്നു. തളിപ്പറമ്പു മണ്ഡലത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളെ സംസ്ഥാനത്തിനാകെ മാതൃകയാകുന്നരീതിയിൽ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഇതിൽ ഏറ്റവും പ്രസിദ്ധം മയ്യിൽ പഞ്ചായത്തിലെ കാർഷികപദ്ധതികളാണ്. മറ്റു പഞ്ചായത്തുകളിലും കാർഷികമേഖലയിൽ സമാനമായ ഇടപെടലുകൾ നടന്നു. 21 പാടശേഖരങ്ങളിലായി 359 ഹെക്ടർ നെൽപ്പാടമാണ് മയ്യിൽ പഞ്ചായത്തിനുണ്ടായിരുന്നത്. പാടശേഖരങ്ങളിൽ സമഗ്ര നെൽക്കൃഷിവികസനപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. മഹാഭൂരിപക്ഷം കൃഷിക്കാരും സഹകരിക്കാൻ തയ്യാറായി. മണ്ണുപരിശോധനയെത്തുടർന്ന് പുളിരസം കുറയ്ക്കാനുള്ള നടപടികൾ കൈക്കൊണ്ടു. ശാസ്ത്രീയമായി വളവും നല്കി. വളങ്ങൾ ചേർത്ത് പോളിത്തീൻ ഷീറ്റിൽ പ്രത്യേക ഞാറ്റടി (പായഞാറ്റടി) തയ്യാറാക്കി.

കൂട്ടായി പവർടില്ലറും യന്ത്രകലപ്പയും ഉപയോഗിച്ച് നിലം ഒരുക്കിയപ്പോൾ ചെലവും കുറഞ്ഞു, സമയവും ലാഭിച്ചു. ഞാറ് നടീൽ യന്ത്രം ഉപയോഗിച്ചപ്പോൾ 750 തൊഴിൽ ദിനങ്ങൾ വേണ്ടിവന്നിരുന്നിടത്ത് 6 ദിവസംകൊണ്ട് നടീൽ തീർന്നു. കർഷകത്തൊഴിലാളികളുടെ ദൗർലഭ്യംമൂലം ഈ പ്രവൃത്തി ചെയ്യാൻ 30 ദിവസം വേണ്ടിവന്നിരുന്നു. പഞ്ചായത്ത് ധനസഹായത്തിനു പുറമേ പവർ ടില്ലറും നടീൽയന്ത്രവും വാങ്ങുന്നതിന് പാടശേഖര സമിതി 24,500 രൂപ സ്വന്തമായി ചെലവഴിച്ചു.

ഇതിന്റെയെല്ലാം ഫലമായി ഉത്പാദനക്ഷമത 50 ശതമാനം ഉയർന്നു. കൃഷിച്ചെലവ് 10 ശതമാനത്തിലേറെ കുറഞ്ഞു. നഷ്ടത്തിന്റെ സ്ഥാനത്ത് ഹെക്ടറിനു 10,000-ലേറെ രൂപ ലാഭമുണ്ടായി. ആദ്യവർഷം പൈലറ്റായി ഏതാനും പാടശേഖരങ്ങളിൽ നടപ്പാക്കി. ക്രമേണ മുഴുവൻ പാടശേഖരങ്ങളിലേക്കും പുതിയ കൃഷിസമ്പ്രദായം വ്യാപിച്ചു. ഇതായിരുന്നു തുടക്കം. പിന്നീട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയിലേക്കും മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്കും പദ്ധതി വിപുലപ്പെട്ടു. മയ്യിൽ തരിശുരഹിതപഞ്ചായത്തായി.

മറ്റൊരു ശ്രദ്ധേയമായ ഇടപെടൽ വിദ്യാഭ്യാസരംഗത്തായിരുന്നു. ‘വിദ്യാകിരണം’ എന്ന സമഗ്രവിദ്യാഭ്യാസപരിപാടി ആവിഷ്ക്കരിക്കപ്പെട്ടു. 1997 മെയ് 27, 28 തീയതികളിൽ ഡയറ്റിന്റെ സാങ്കേതിക സഹായത്തോടെ നടത്തിയ അധ്യാപക പരിശീലനമായിരുന്നു തുടക്കം. ശാസ്ത്രസഹവാസക്യാമ്പുകളായിരുന്നു ഒരു പ്രധാനപ്പെട്ട ഇടപെടൽ. ഈ സഹവാസക്യാമ്പുകൾക്കു തുടർച്ചയുണ്ടായിരുന്നു. ഓരോവർഷവും വിപുലപ്പെടുകയും ചെയ്തു.

വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്കൂളിലും പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തി. രക്ഷാകർത്താക്കളെയും നാട്ടുകാരെയും വിദ്യാഭ്യാസഗുണനിലവാരം ഉയർത്തുന്നതിൽ പങ്കാളികളാക്കി. ഈ വിദ്യാഭ്യാസയിടപെടലിനും പിന്നീടു തളിപരമ്പു മണ്ഡലത്തിൽ തുടർച്ചയുണ്ടായി എന്നതു ശ്രദ്ധേയമാണ്.

ഗാവിന്ദൻമാഷ് എംഎൽഎയക്കുറിച്ചുള്ള അന്നത്തെ ഒരു നല്ല ഓർമ്മ എസ്‌സി - എസ്‌റ്റി പ്രേരക്‌മാരുടെ പരിശീലനത്തിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമാണ്. മൂന്നു ബാച്ചുകളായാണ് പരിശീലനം നടത്തിയത്. ഇതിന്റെ ഭാഗമായി മുഴുവൻ ക്യാമ്പംഗങ്ങളെയും അസംബ്ലിയും മറ്റു പ്രധാനപ്പെട്ട ആസ്ഥാനങ്ങളും സന്ദർശിക്കാൻ കൊണ്ടുപോകുമായിരുന്നു. എല്ലാ ബാച്ചിന്റെയും അസംബ്ലി സന്ദർശനവേളയിൽ ഗോവിന്ദൻമാഷ് സന്നിഹിതനാകുക മാത്രമല്ല, കുട്ടികളോടു സംവദിക്കാനും സമയം കണ്ടെത്തി.