Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. പ്രകാശ് ബാബു
കെ. പ്രകാശ് ബാബു

കെ. പ്രകാശ് ബാബു

ലഘു ജീവചരിത്രം (Biography)

അധികാരവികേന്ദ്രീകരണകാര്യങ്ങളിൽ സിപിഐയുടെ അധികാരികസ്വരമാണ് കെ. പ്രകാശ് ബാബു. 1994-ലെ നിയമനിർമ്മാണം, സെൻ കമ്മിറ്റി, 1999-ലെ നിയമം, 2001-ൽ തദ്ദേശഭരണവകുപ്പിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു.

1991 മുതൽ 2001 വരെ പത്തനാപുരം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1994-ൽ 73-74-ാം ഭരണഘടനാഭേദഗതികളെ തുടർന്ന് കേരളത്തിൽ കരുണാകരൻസർക്കാർ രൂപം നൽകിയ കരടുനിയമം വലിയ വിവാദമായി. നിയമം സെലക്ട് കമ്മിറ്റിക്കു വിട്ടു. സി. ടി. അഹമ്മദലി ചെയർമാൻ ആയുള്ള കമ്മിറ്റിയിൽ പ്രകാശ് ബാബുവും അംഗമായിരുന്നു.

പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളെക്കുറിച്ചു വിശദമായി പഠിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്പെടുത്തി. കമ്മിറ്റി എല്ലാ ജില്ലകളിലും യോഗങ്ങൾ ചേർന്നു തെളിവെടുത്തു. എല്ലായിടത്തും പഴയ ജില്ലാ കൗൺസിൽ പ്രസിഡന്റുമാരും അംഗങ്ങളും സജീവമായി പങ്കെടുത്തുവെന്ന് പ്രകാശ് ബാബു ഓർക്കുന്നു. മുനിസിപ്പൽ ഭരണകാര്യങ്ങൾ മനസിലാക്കുന്നതിനു കർണ്ണാടകത്തിലും തമിഴ്നാട്ടിലും പര്യടനം നടത്തി. കരടുനിയമത്തിൽ പല ഭേദഗതികളും കമ്മിറ്റി നിർദ്ദേശിക്കുകയുണ്ടായി. നിയമസഭാചർച്ചാവേളയിൽ എജിയെത്തന്നെ ചില തർക്കവിഷയങ്ങളിൽ അഭിപ്രായം ആരായുന്നതിനുവേണ്ടി സഭയിൽ വിളിച്ചു വരുത്തുകയുണ്ടായി.

ഈയൊരു അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സെൻ കമ്മിറ്റിക്കു നായനാർസർക്കാർ രൂപം നൽകിയപ്പോൾ കെ. പ്രകാശ് ബാബുവിന്റെ പേര് അനിവാര്യമായിരുന്നു. എം. പി. പരമേശ്വരൻ, ടി. എൻ. ജയചന്ദ്രൻ, വി. ജെ. തങ്കപ്പൻ, കെ. മോഹൻദാസ് ഐഎഎസ് (പിന്നീട് എസ്. എം. വിജയാനന്ദ്) എന്നിവർ അടങ്ങുന്ന കമ്മിറ്റിയുടെ പ്രവർത്തനം പ്രകാശ് ബാബുവിനു വലിയൊരു ഗൃഹപാഠമായിരുന്നു. ചെയർമാൻ സത്യബ്രതോ സെൻ ചർച്ചകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അംഗങ്ങളുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്ക് എടുത്ത് ഇഴനാരുകീറി പരിശോധിക്കാനും സന്നദ്ധനായിരുന്നു. യോഗങ്ങൾ പകൽ മുഴുവനും, പലപ്പോഴും പിറ്റേദിവസത്തേക്കും, നീളുമായിരുന്നു. ഇന്നു പ്രസിദ്ധമായ സെൻ കമ്മിറ്റിയുടെ അധികാരവികേന്ദ്രീകരണ അടിസ്ഥാനതത്വങ്ങൾ ഇപ്രകാരം ദിവസങ്ങൾ എടുത്തു ചർച്ച ചെയ്തു തയ്യാറാക്കിയവയായിരുന്നു. ഇതൊന്നും ആറു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നതിനു തടസ്സമായില്ല.

മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചശേഷം കമ്മിറ്റി ഒരു പത്രസമ്മേളനവും നടത്തി. ഇന്ത്യൻ എക്സ്‌പ്രസ്സിലെ മാധവൻകുട്ടി ഒരു ചോദ്യം ഉന്നയിച്ചു “അധികാരവികേന്ദ്രീകരണം അഴിമതിയുടെ വികേന്ദ്രീകരണമാവില്ല എന്നതിന് ഉറപ്പുണ്ടോ?” പത്രസമ്മേളനം കഴിഞ്ഞു കമ്മിറ്റി വീണ്ടും കൂടി, മാധവൻകുട്ടിയുടെ ചോദ്യം സംബന്ധിച്ചു വിശദമായ ചർച്ച ചെയ്യാൻ തീരുമാനിച്ചു.

അങ്ങനെയാണ് അഴിമതി തടയാനുള്ള പല നിർദ്ദേശങ്ങളും രൂപംകൊണ്ടത്. വളരെ തുറന്ന മനസോടെയാണ് കമ്മിറ്റി പ്രവർത്തിച്ചിരുന്നതെന്നു പ്രകാശ് ബാബു ഓർക്കുന്നു.

സെന്നിന്റെ മരണത്തിനുശേഷം വി. ജെ. തങ്കപ്പൻ ചെയർമാനായി കമ്മിറ്റിയുടെ പ്രവർത്തനം തുടർന്നു. ഇതിന്റെ ഭാഗമായി കമ്മിറ്റി ബ്രിട്ടൺ സന്ദർശിക്കുകയുണ്ടായി. ബർമിങ്ഹാം സർവ്വകലാശാലയുടെ രണ്ടാഴ്ചത്തെ അധികാരവികേന്ദ്രീകരണം സംബന്ധിച്ച കോഴ്സിൽ പങ്കെടുത്തു. ഈ പര്യടനത്തിന്റെ സംഭാവനയാണ് ഓംബുഡ്സ്‌മാൻ.

സെൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലുണ്ടായിരുന്ന തദ്ദേശഭരണനിയമം സമഗ്രമായി ഭേദഗതി ചെയ്തു. ചർച്ചകൾ പൂർത്തീകരിച്ചു നിയമം പാസ്സാക്കിയെടുക്കാൻ വെളുപ്പിന് 5 മണിവരെ സഭ സമ്മേളിച്ചു. നീണ്ട വകുപ്പുതിരിച്ചുള്ള ഭേദഗതിവേളയിൽ ബില്ലു പൈലറ്റ് ചെയ്യുന്നതിനു മന്ത്രി പാലൊളിയെ പ്രകാശ് ബാബു സഹായിക്കുകയും ചെയ്തു.

പുതിയ നിയമത്തിന്റെ ആധികാരികവക്താക്കളിൽ ഒരാളെന്ന നിലയിൽ ജനകീയാസൂത്രണപരിശീലനങ്ങളിൽ പലതിലും പ്രകാശ് ബാബു സംശയനിവാരണ പാനലിൽ അംഗമായിരുന്നു.

2006-ൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നപ്പോൾ വകുപ്പിന് ഒരു ഉന്നതതല കൺസൾട്ടേറ്റീവ് കമ്മിറ്റി ഉണ്ടാക്കി. വി. ജെ. തങ്കപ്പനായിരുന്നു ചെയർമാൻ. എസ്. എം. വിജയാനന്ദ് സെക്രട്ടറിയും. പ്രകാശ് ബാബു ഇതിലും അംഗമായിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശപ്രകാരം പല ചട്ടങ്ങളും ഭേദഗതി ചെയ്തു. എന്നാൽ ഇവയെക്കുറിച്ചു ജനപ്രതിനിധികൾക്കു വേണ്ടത്ര ധാരണയില്ലെന്നാണു പ്രകാശ് ബാബുവിന്റെ വിലയിരുത്തൽ. നിയമ-ചട്ടപഠനത്തിന്റെ പ്രാധാന്യത്തിന് അദ്ദേഹം അടിവരയിടുന്നു.