Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ടി. കെ. ബാലൻ

ടി. കെ. ബാലൻ

ലഘു ജീവചരിത്രം (Biography)

അധികാരവികേന്ദ്രീകരണം ഏറ്റവും വലിയ പൊളിച്ചെഴുത്തു സൃഷ്ടിക്കുന്ന ഒരു മേഖലയാണ് നിലവിലുള്ള ഉദ്യോഗസ്ഥശ്രേണീബന്ധം. പുതിയ സാഹചര്യത്തോടു പൊരുത്തപ്പെടുക ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം സംഘർഷഭരിതമാണ്. ഇതു സിദ്ധാന്തം. പക്ഷേ കേരളത്തിലെ അനുഭവം സർക്കാർജീവനക്കാരുടെ ഏറ്റവും പ്രമുഖനേതാവുതന്നെ അധികാരവികേന്ദ്രീകരണത്തിന്റെ ഏറ്റവും പ്രധാന വക്താവായി മാറിയതാണ്. ഇതാണ് 1975-മുതൽ 1990-വരെ എൻജിഒ യൂണിയന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആയി പ്രവർത്തിച്ച ടി. കെ. ബാലന്റെ കഥ. അദ്ദേഹം കണ്ണൂർ ജില്ലാക്കൗൺസിലിന്റെ പ്രസിഡന്റായി. സെൻ കമ്മിറ്റി അംഗമായി ജനകീയാസൂത്രണപരിശീലനങ്ങളിൽ പങ്കാളിയായി.

രണ്ടാം നായനാർസർക്കാരിന്റെ കാലത്ത് ജില്ലാക്കൗൺസിലിനു രൂപം നല്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കുന്ന സമയം. ജില്ലാക്കൗൺസിലുകൾക്ക് അധികാരവും സമ്പത്തും നല്കുന്നതോടൊപ്പം ജീവനക്കാരെയും കൈമാറണം. തദ്ദേശസ്വയംഭരണമന്ത്രിയായിരുന്ന വി. ജെ. തങ്കപ്പൻ ഈ കാര്യം ചർച്ചചെയ്യാൻ ആദ്യമായി ക്ഷണിച്ചത് എൻ‌ജിഒ യൂണിയൻ സെക്രട്ടറിയായിരുന്ന ടി. കെ. ബാലനെയാണ്. വിജെ ആ കൂടിക്കാഴ്ചയെ ഇങ്ങനെയാണ് ഓർക്കുന്നത് “അധികാരവികേന്ദ്രീകരണത്തെക്കുറിച്ചു സുവ്യക്തമായ കാഴ്ചപ്പാട് സഖാവിന് ഉണ്ടായിരുന്നതുകൊണ്ട് അർത്ഥവത്തായ ധാരണയിലെത്താൻ അധികം ചർച്ചചെയ്യേണ്ടിവന്നില്ല. മറ്റു സർവ്വീസ് സംഘടനകളെ ബോദ്ധ്യപ്പെടുത്താൻ സ. ടി. കെ. ബാലൻ നിർവ്വഹിച്ച പങ്കു നിസ്തുലമായിരുന്നു.”

1960-കളുടെ മദ്ധ്യംമുതൽ എൻ‌ജിഒ യൂണിയന്റെ സംസ്ഥാനതലപ്രക്ഷോഭപരിപാടികളിൽ ടി. കെ. ബാലൻ നിറസാന്നിദ്ധ്യം ആയിരുന്നു. ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടി അടിയുറച്ചു പോരാടുമ്പോൾത്തന്നെ “അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ്” എന്ന മുദ്രാവാക്യം അദ്ദേഹം ഉയർത്തി. ഇതിനുവേണ്ടി ഗവൺമെന്റിനെയും ജനങ്ങളെയും ജീവനക്കാരെയും ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം ചർച്ചകൾ സംഘടിപ്പിച്ചു. ഏതാനും ഓഫീസുകൾ മാതൃകാഓഫീസുകളായി മാറ്റാനുള്ള ദൗത്യം ഏറ്റെടുത്തു. എൻ‌ജിഒ യൂണിയൻ ഓഫീസുകൾ സഹായകേന്ദ്രങ്ങളാക്കി മാറ്റി ജനങ്ങളുമായി നിരന്തരബന്ധത്തിൽ ഏർപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവ്വീസിൽനിന്നു വോളന്ററി റിട്ടയർമെന്റ് എടുത്താണ് കണ്ണൂർ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയത് “സ്വന്തം ഓഫീസിനെക്കുറിച്ചോ ഇരിക്കേണ്ട കസേരയെക്കുറിച്ചോ ഒരു പരാതിയും ഇല്ലാതിരുന്ന ഒരേയൊരു പ്രസിഡന്റായിരുന്നു. ഏറ്റവും സമർത്ഥനായ പ്രസിഡന്റും അദ്ദേഹംതന്നെ ആയിരുന്നു” എന്നാണ് അന്നത്തെ തദ്ദേശവകുപ്പുമന്ത്രി അഭിപ്രായപ്പെട്ടത്. കണ്ണൂരിൽ ഒരു ജില്ലാഭരണകൂടം അധികാരമേറ്റു എന്നു ജനങ്ങൾ തിരിച്ചറിഞ്ഞു. കണ്ണൂർ ജില്ലാക്കൗൺസിൽ ഏറ്റെടുത്ത നൂതനമായ പ്രൊജക്റ്റ് ശിവപുരം വിദ്യാഭ്യാസകോംപ്ലക്സ് ആയിരുന്നു. വലിയ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും തുടർന്നു വന്ന യുഡിഎഫ്‌സർക്കാർ ജില്ലാക്കൗൺസിലുകളെ ഗളഹസ്തം ചെയ്തു.

1996-ലും 2001-ലും അഴീക്കോട് നിയമസഭാമണ്ഡലത്തിൽനിന്ന് അദ്ദേഹം എംഎൽഎ ആയി ജയിച്ചു. 1996-ൽ സെൻ കമ്മിറ്റി രൂപവത്ക്കരിച്ചപ്പോൾ അതിൽ അംഗമായി. അവസാനറിപ്പോർട്ട് തയ്യാറാവുന്നതിനുമുമ്പ് എസ്. ബി. സെൻ അന്തരിച്ചു. വി. ജെ. തങ്കപ്പനായിരുന്നു വൈസ് ചെയർപേഴ്സൺ. അന്തിമറിപ്പോർട്ട് തയ്യാറാക്കുന്നതിൽ ടി. കെ. ബാലന്റെ സംഭാവന വലുതായിരുന്നുവെന്ന് വിജെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോമൺവെൽത്ത് രാജ്യങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളെക്കുറിച്ച് അറിവു നേടാൻ ബ്രിട്ടൺ സന്ദർശിച്ച കമ്മിറ്റിയുടെ ഡെലിഗേഷനിൽ ടി. കെ. ബാലനും അംഗമായിരുന്നു.

ജനകീയാസൂത്രണപരിശീലനങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച സംശയദൂരീകരണത്തിനുള്ള പാനലിലെ സജീവാംഗമായിരുന്നു എംഎൽഎ ആയിരുന്ന ടി. കെ. ബാലൻ. ജനകീയാസൂത്രണത്തിന്റെ മൂന്നാംഘട്ടം ആയപ്പോഴാണ് ഉദ്യോഗസ്ഥപരിശീലനം ആരംഭിച്ചത്. ജനകീയാസൂത്രണവുമായി ഉദ്യോഗസ്ഥസംവിധാനത്തിന് ഉണ്ടായിരുന്ന അകൽച്ച ഇല്ലാതാക്കാൻ ടി. കെ. ബാലനെപ്പോലെ ഒരാളിന്റെ സാന്നിദ്ധ്യവും ഇടപെടലും സാഹായകരമായിരുന്നു.

സ്നേഹമസൃണമായ പെരുമാറ്റം, ലാളിത്യപൂർണ്ണമായ ഇടപെടൽ, കാര്യക്ഷമവും ചിട്ടയുള്ളതുമായ പ്രവർത്തനം ഇതുകൊണ്ടെല്ലാം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ അപൂർവ്വവ്യക്തിത്വമായിരുന്നു ടി. കെ ബാലന്റേത്. സംഘടനാകാര്യങ്ങളിലും ക്ഷമതകളിലും വ്യക്തമായ നിലപാടു സ്വീകരിക്കുമ്പോൾത്തന്നെ ഒരാളോടെങ്കിലും ബാലൻ ഈർഷ്യയോടെ പെരുമാറിയതായി പറയാൻ കഴിയില്ല. അതുകൊണ്ടാണ് ജില്ലാക്കൗൺസിൽ പ്രസിഡന്റായിരിക്കെ വീടിനുനേരെ അക്രമണം നടക്കുകയും ബോംബേറിൽ മകന്റെ കണ്ണു നഷ്ടപ്പെടുകയും ചെയ്ത സംഭവം എല്ലാവരെയും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തത്. അത്രയ്ക്കേറെ പൊതുസമ്മതനായിരുന്നു അദ്ദേഹം.