ടി. കെ. ബാലകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
നിരവധി കാർഷികപോരാട്ടങ്ങൾക്കു സാക്ഷ്യംവഹിച്ച മയ്യിലിന്റെ രക്തത്തിൽ കൃഷി അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. 57-ലെ സർക്കാരിന്റെ കാലത്ത് കാർഷികബില്ലു തയ്യാറാക്കുന്നതിനു മുന്നോടിയായി നടത്തിയ ഗ്രാമപഠനങ്ങളിലൊന്ന് മയ്യിലിൽ ആയിരുന്നു. കണ്ടക്കൈയിലെ സാമ്പിൾ സർവ്വേ എന്ന ഒരു അദ്ധ്യായം തന്നെ പവനന്റെ പുസ്തകത്തിലുണ്ട്. ഒരു ദശാബ്ദം കഴിഞ്ഞിട്ടാണെങ്കിലും ഭൂപരിഷ്കരണം നടപ്പായി. എന്നാൽ കൃഷി മെച്ചപ്പെട്ടില്ല. ഭൂമി കിട്ടിയ കൃഷിക്കാർക്കു ഫലപ്രദമായി കൃഷി ചെയ്യാൻ ആവശ്യമായ മറ്റു പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല. സമഗ്രമായ കാർഷികപരിഷ്കാരത്തിനുള്ള സാദ്ധ്യത അധികാരവികേന്ദ്രീകരണം സൃഷ്ടിക്കുന്നു. ഇതിന്റെ സാക്ഷ്യപത്രമാണ് മയ്യിൽ.
മയ്യിൽ പഞ്ചായത്തിന് 21 പാടശേരങ്ങളിലായി 359 ഹെക്ടർ നെൽപ്പാടമാണ് ഉണ്ടായിരുന്നത്. അവയിൽ 20 ഹെക്ടർ വിസ്തൃതിയുള്ള അറയിടത്തുചിറ പാടശേഖരത്തിന്റെ കഥ പറഞ്ഞുതന്നത് ഇതിന്റെ സൂത്രധാരരിൽ പ്രധാനിയായ ടി. കെ. ബാലകൃഷ്ണനാണ്. 50 സെന്റിൽത്താഴെ വിസ്തൃതിയുള്ള 69 കൃഷിക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. 1999-ൽ ഏഴുപേരൊഴികെ 62 പേരുടെ 15 ഹെക്ടർ സ്ഥലത്ത് ‘സമഗ്രനെൽക്കൃഷി വികസനപദ്ധതി’ നടപ്പാക്കാൻ കൂട്ടായി തീരുമാനിച്ചു.
ആദ്യം ചെയ്തത് ശാസ്ത്രീയമായ മണ്ണുപരിശോധന ആയിരുന്നു. മണ്ണിന്റെ പുളിരസം കുറയ്ക്കാനായി കുമ്മായപ്രയോഗം നടത്തി. തുടർന്ന് കാലിവളം, കമ്പോസ്റ്റ്, പച്ചില തുടങ്ങിയ വളങ്ങൾ ചേർത്ത് പോളിത്തീൻ ഷീറ്റിൽ പ്രത്യേക ഞാറ്റടി (പായഞാറ്റടി) തയ്യാറാക്കി. പഞ്ചാമൃതം ഇടയ്ക്കു വിതറിക്കൊടുത്തു.
കൂട്ടായി പവർ ടില്ലറും യന്ത്രകലപ്പയും ഉപയോഗിച്ച് നിലം ഒരുക്കിയപ്പോൾ ചെലവും കുറഞ്ഞു, സമയവും ലാഭിച്ചു. മുമ്പ് 750 തൊഴിൽദിനങ്ങൾ വേണ്ടിവന്നിരുന്നിടത്ത് ഞാറു നടീൽ യന്ത്രം ഉപയോഗിച്ചപ്പോൾ ആ ദിവസംകൊണ്ട് നടീൽ തീർന്നു. കർഷകത്തൊഴിലാളികളുടെ ദൗർലഭ്യംമൂലം ഈ പ്രവൃത്തി ചെയ്യാൻ 30 ദിവസം വേണ്ടിവന്നിരുന്നു. പഞ്ചായത്തുധനസഹായത്തിനു പുറമേ പവർ ടില്ലറും നടീൽയന്ത്രവും വാങ്ങാൻ പാടശേഖരസമിതി 24,500 രൂപ സ്വന്തമായി ചെലവഴിച്ചു.
കൂടാതെ, 75 ടൺ ജൈവവളം കൂട്ടായി സമാഹരിച്ചു. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ സമീകൃതമായ രീതിയിൽ മാത്രം രാസവളം ഉപയോഗിച്ചു. കീടനിയന്ത്രണത്തിനു ട്രൈക്കോ കാർഡ് വയലിൽ സ്ഥാപിച്ച് മിത്രകീടങ്ങളെ സൃഷ്ടിച്ച് ഇലചുരുട്ടി, കുഴൽപ്പുഴു, തണ്ടുതുരപ്പൻ എന്നിവയെ പൂർണ്ണമായി നിയന്ത്രിച്ചു. ചാഴിക്കെതിരെ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതവും. പായഞാറ്റടി വഴി നേരിട്ടു നടീലിനു സാദ്ധ്യമാകുന്നതിനാൽ കൂലിച്ചെലവു ഗണ്യമായി കുറഞ്ഞു. ഒരേ സമയം എല്ലാവരും കൃഷി ചെയ്തതിനാൽ കീടനിയന്ത്രണം എളുപ്പമായി. കീടനാശിനിപ്രയോഗം കുറയ്ക്കുകയും ശാസ്ത്രീയമാക്കുകയും ചെയ്തു.
അറയിടം പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവമായി കൊണ്ടാടി. സമഗ്രനെൽക്കൃഷിപദ്ധതിയുടെ നേട്ടങ്ങൾ ഇവയായിരുന്നു:
• 2500-3000 കിലോഗ്രാം വിളവു ലഭിച്ചുകൊണ്ടിരുന്ന പാടശേഖരത്തിൽ ഹെക്ടറി 5000 കിലോഗ്രാം വിളവു ലഭിച്ചു.
• കൃഷിച്ചെലവ് 11% കുറഞ്ഞു.
• മുൻ വർഷം 1775 രൂപം നഷ്ടമുണ്ടായ സ്ഥാനത്ത് ഹെക്ടറിന് 13,025 രൂപ ലാഭമുണ്ടായി.
• ജൈവവള ഉപയോഗം ഫലഭൂയിഷ്ടത വർദ്ധിപ്പിച്ചു. സംയോജിതകീടനിയന്ത്രണം ഫലപ്രദമെന്നു തെളിഞ്ഞു.
• യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളികളുടെ ലഭ്യതക്കുറവു പരിഹരിച്ചു.
• മാറിനിന്ന കൃഷിക്കാരും അടുത്ത വർഷം കൂട്ടായ്മയിൽ പങ്കാളികളായി. മറ്റു പാടശേഖരങ്ങൾക്കും പ്രചോദനമായി.
അറയിടത്തിനു പുറമേ പൈലറ്റായി പെരുവങ്ങൂർ, മേച്ചേരി പാടശേഖരങ്ങളിലും കൂട്ടുകൃഷി നടപ്പാക്കിയിരുന്നു. അടുത്തവർഷം കൂട്ടുകൃഷി ഏഴു പാടശേഖരങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. ക്രമേണ മുഴുവൻ പാടശേഖരങ്ങളിലേക്കും പുതിയ കൃഷിസമ്പ്രദായം പടർന്നു. കണ്ണൂർ കാർഷികവിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതികസഹായത്താൽ വിവിധ ഫാം ട്രയലുകൾ നടത്തി. രണ്ടു വിള നെൽക്കൃഷി ഉറപ്പാക്കി. ആദ്യവിളയുടെ വൈക്കോൽ മണ്ണിലേക്കു തിരികെ നൽകും. രണ്ടാംവിള കഴിഞ്ഞാൽ രണ്ടു വിള പയർവർഗ്ഗകൃഷിയാണ്. അതും വിളവെടുപ്പു കഴിഞ്ഞാൽ മണ്ണിൽ ഉഴുതുചേർക്കും. മണ്ണിന്റെ ജൈവാംശം വലിയതോതിൽ വർദ്ധിച്ചു. അത്ഭുതകരമായ കാര്യം മുമ്പുണ്ടായിരുന്ന പല ജീവജാലങ്ങളും മണ്ണിലേക്കു തിരികെയെത്തിയതാണ്.
പാടശേഖരങ്ങളെ ശാസ്ത്രീയമായി പുനർവിഭജിച്ചു. ഇപ്പോൾ 26 പാടഖേരങ്ങളുണ്ട്. ഒരു പ്രത്യേകത കൃഷിക്കാർക്കുവേണ്ടി നടത്തുന്ന ക്ലാസുകളാണ്. തന്മൂലം ശാസ്ത്രീയകൃഷിരീതിയുടെ അവബോധം എല്ലാ കൃഷിക്കാർക്കുമുണ്ടായി. ഓരോ പാടശേഖരസമിതിക്കും അഞ്ച് ഏക്കർ വീതമുള്ള ചെറുഗ്രൂപ്പുകൾ ഉണ്ടാക്കി. ഇവിടെയെല്ലാം പ്രധാനമായി നടക്കേണ്ട പ്രവർത്തനങ്ങളെ അഞ്ചായി തിരിച്ചു ചുമതലക്കാരെ നിശ്ചയിച്ചു. അതായത്, നിലമൊരുക്കൽ, വിത്തിടൽ - പറിച്ചുനടൽ, പരിചരണം, കൊയ്ത്ത്, സാമ്പത്തികകാര്യങ്ങൾ എന്നിങ്ങനെ കലണ്ടർ ഉണ്ടാകും. ഇതുപ്രകാരം എല്ലാ പാടശേഖരത്തിലും ഒരുപോലെ പ്രവർത്തനങ്ങൾ നടക്കുന്നു. ഇത് ഓരോന്നും ഉറപ്പാക്കേണ്ട ചുമതല ഈ ചെറുഗ്രൂപ്പുകൾക്കായിരിക്കും. പാടശേഖരസമിതി അതിന്റെ മുകളിലെ മേൽനോട്ടസമിതിയായിരിക്കും. ഇതു വലിയ മാറ്റമാണ് ഉണ്ടാക്കിയത്. എല്ലാവർക്കും ഉത്തരവാദിത്വമായി.
ഇതിന്റെ തുടർച്ചയായി വന്ന ഭരണസമിതി തരിശുരഹിതപഞ്ചായത്തെന്ന ആശയംവച്ചു. തുടർന്ന് വയലുകളെല്ലാം സമ്പൂർണ്ണനെൽക്കൃഷിയിലേക്ക് എന്ന മാതൃകാപരമായ പദ്ധതിയിലേക്ക് എത്തിച്ചു. ഉൽപ്പാദനച്ചെലവു കുറയ്ക്കുക, ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഉൽപ്പാദനത്തിനു ന്യായവില ഉറപ്പുവരുത്തുക - ഇതായി അടുത്തലക്ഷ്യം. അതിനുവേണ്ടി കർഷകരുടെ ഉൽപ്പാദകകമ്പനി രൂപവത്ക്കരിച്ചു. ‘മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി’. ഇന്ന് സംസ്ഥാനത്ത് ഏറ്റവും നന്നായി പ്രവർത്തിക്കുന്ന കർഷക ഉൽപ്പാദക കമ്പനിയാണ്.
2021-ൽ ഇതെഴുതുമ്പോൾ ടി. കെ. ബാലകൃഷ്ണൻ ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. പരിഷത്ത് പ്രവർത്തകനാണ്. കലാജാഥാ അംഗമായിരുന്നു. ബാലവേദിതൊട്ടു വന്ന പരിഷത്ത് പ്രവർത്തകനാണ്. കണ്ണൂർ സംഘചേതന നാടകഗ്രൂപ്പിലെ അഭിനേതാവായിരുന്നു. 47 വർഷമായി കൃഷി ഒരു തപസ്യയായി കൊണ്ടുനടക്കുന്ന ആളാണ്. കാർഷികമേഖലയിലെ നൂതനാശയങ്ങൾ പഠിച്ചു പ്രയോഗവൽക്കരിക്കുന്നതിൽ അഗ്രഗണ്യൻ. ഇങ്ങനെ പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരുപറ്റം പ്രവർത്തകരാണു മയ്യിലിന്റെ വിജയം.
കർഷകസംഘത്തിന്റെ മുൻ സംസ്ഥാനസെക്രട്ടറിയും എംഎൽഎയുമായിരുന്ന സി. കെ. പി. പത്മനാഭൻ, പരിഷത്തിന്റെ പ്രവർത്തകനും പിന്നീടു കൃഷി ഓഫീസറായ വി. ഒ. പ്രഭാകൻ, ടി. ഒ. നാരായണൻ തുടങ്ങി പലരും നേതൃത്വം നല്കാൻ ഒപ്പമുണ്ടായിരുന്നു.