Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. എം. കെ. മുനീർ
ഡോ. എം. കെ. മുനീർ

ഡോ. എം. കെ. മുനീർ

ലഘു ജീവചരിത്രം (Biography)

ഡോ. എം. കെ. മുനീറിന്റെ തെരഞ്ഞെടുപ്പുരംഗപ്രവേശനം 1987-ൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായാണ്. അന്നുമുതൽ ഇന്നുവരെ അദ്ദേഹത്തിനു സവിശേഷതാൽപ്പര്യമുള്ള ഒരു വിഷയമാണ് അധികാരവികേന്ദ്രീകരണം.

ജനകീയാസൂത്രണകാലത്ത് അദ്ദേഹം മലപ്പുറത്തെ എംഎൽഎ എന്ന നിലയിൽ ജനകീയാസൂത്രണത്തിൽ തന്റെ മണ്ഡലത്തിലെ പഞ്ചായത്തുകളെ സജീവമാക്കാൻ മുൻകൈയെടുത്തു. 2001-ലെ യുഡിഎഫ് മന്ത്രിസഭയിൽ തദ്ദേശഭരണമന്ത്രി ആകാനാണു വ്യക്തിപരമായി അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്ന വർത്തമാനം കേട്ടിട്ടുണ്ട്. പിഡബ്ല്യുഡി മന്ത്രിയായിരുന്നു. അടുത്ത യുഡിഎഫ് മന്ത്രിസഭാകാലത്ത് 2011 മുതൽ 2016 വരെ പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രിയെന്നനിലയിൽ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

ഭരണപരമായ പരിഷ്കാരങ്ങളാണ് അതിൽ പ്രധാനപ്പെട്ടത്. സെക്രട്ടറിമാരുടെ പോസ്റ്റ് ഗ്രേഡ് വ്യത്യാസമില്ലാതെ ഗസ്റ്റഡ് റാങ്കിൽ ഏകീകരിച്ചു. അസി. സെക്രട്ടറിമാരുടെ പോസ്റ്റ് പഞ്ചായത്തുകളിൽ അനുവദിക്കുകയും അവരെ എസ്‌സി/എസ്‌റ്റി പ്രൊജക്ടുകളുടെ ഇംപ്ലിമെന്റിങ് ഓഫീസർമാരായി നിയോഗിക്കുകയും ചെയ്തു.

ഇൻഫർമേഷൻ കേരള മിഷനെ ഒരു സൊസൈറ്റിയാക്കി രജിസ്റ്റർ ചെയ്തു. പദ്ധതി തയ്യാറാക്കുന്ന സുലേഖ സോഫ്റ്റ്‌‌വെയർ എവിടെയിരുന്നും പരിശോധിക്കാവുന്ന വെബ്ബധിഷ്ഠിതസംവിധാനമായി രൂപപ്പെടുത്തിയത് 2013-ലാണ്. പ്രാദേശികപദ്ധതികൾ അറിയാനായി എംഎൽഎമാർക്കു ലോഗിൻ അനുവദിച്ചതും മുനീറിന്റെ കാലത്താണ്.

സാമൂഹികക്ഷേമമന്ത്രിയെന്ന നിലയിൽ സാമൂഹികക്ഷേമപരിപാടികളെ തദ്ദേശഭരണസ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാൻ സജീവതാൽപ്പര്യമെടുത്തു. ഒട്ടേറെ നൂതനമായ സ്കീമുകൾ ഈ മേഖലയിൽ ആരംഭിക്കുകയുണ്ടായി. കെ. എം. എബ്രഹാമിനു സാമൂഹികക്ഷേമസെക്രട്ടറിയുടെ ചുമതലകൂടി ഉണ്ടായിരുന്നത് ഇതു സുഗമമാക്കി.

ഗ്രാമസഭകളെ സജീവമാക്കാൻ മുനീർ താൽപ്പര്യം എടുക്കുകയുണ്ടായി. ഗ്രാമസഭായാത്രയെന്ന പേരിൽ ഓരോ ജില്ലയിലും രണ്ടു ഗ്രാമസഭകളിൽ നേരിട്ടുപങ്കെടുത്തു. വലിയ ചലനം സൃഷ്ടിച്ച പരിപാടിയായിരുന്നു ഇത്. അയൽസഭകൾ രൂപവത്ക്കരിക്കപ്പെട്ടത് ഇക്കാലത്താണ്. ഗ്രാമസേവാകേന്ദ്രങ്ങളും ആരംഭിച്ചു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് അന്തർദേശീയസെമിനാർ സംഘടിപ്പിച്ചു.

എടുത്തുപറയാനുള്ളൊരു കാര്യം വളരെ സങ്കുചിതമായ കക്ഷിതാൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയിലോ ഐകെഎമ്മിലോ അല്ലെങ്കിൽ ജനകീയാസൂത്രണ റിസോഴ്സ് പേഴ്സൺസിന്റെ കാര്യത്തിലോ അദ്ദേഹം തീരുമാനമെടുത്തിരുന്നില്ല. ചില കാര്യങ്ങളിലെങ്കിലും അനൗപചാരികമായി ഇത്തരം പ്രശ്നങ്ങൾ അദ്ദേഹം എന്നോടു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മുൻസർക്കാരിന്റെ കാലത്തു പ്രവർത്തിച്ചിരുന്ന മിക്കവാറുംപേരെ ആദ്യത്തെ ഒന്നുരണ്ടുവർഷം നിലനിർത്തി. സമയമെടുത്താണു പുതിയ ആളുകളെ നിയമിച്ചത്. അതുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായി.

ആ രീതിയിലുള്ള ഒരു സൗഹൃദബന്ധം ഉണ്ടായിരുന്നെങ്കിലും കുടുംബശ്രീക്കു സമാന്തരമായി ജനശ്രീയെ പ്രോത്സാഹിപ്പിക്കാനും എൻആർഎൽഎം പദ്ധതി നടപ്പാക്കാൻ സ്വതന്ത്രമായൊരു സംവിധാനം ഉണ്ടാക്കാനുമുള്ള നീക്കത്തിനെതിരെ രൂക്ഷമായി ഏറ്റുമുട്ടേണ്ടിവന്നു. സെക്രട്ടേറിയറ്റുനടയിൽ റോഡിൽ കുടുംബശ്രീസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ 2012 ഒക്ടോബർ മാസം ആയിരക്കണക്കിനു സ്ത്രീകൾ നടത്തിയ രാപ്പകൽസമരത്തെ ഐതിഹാസികമെന്നേ വിശേഷിപ്പിക്കാൻപറ്റൂ.

യഥാർത്ഥത്തിൽ കുടുംബശ്രീയെ പൊളിക്കാനുള്ള ഈ നീക്കത്തോടു മുനീറിനു യോജിപ്പുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹവുമായി പലവട്ടം നടത്തിയിട്ടുള്ള ചർച്ചകളിൽനിന്ന് എനിക്കു തോന്നിയിട്ടുള്ളത്. കുടുംബശ്രീക്കു സമാന്തരമായി ജനശ്രീക്കും അംഗീകാരം നല്കാനുള്ളത് എം. എം. ഹസ്സന്റെ നീക്കമായിരുന്നു. അങ്ങനെ വരുമ്പോൾ ഗ്രാമവികസനവകുപ്പിനുകീഴിൽവരുന്ന കേന്ദ്രാവിഷ്കൃതപദ്ധതികൾ ജനശ്രീവഴി തിരിച്ചുവിടാമായിരുന്നു. അതുപോലെതന്നെ എൻആർഎൽഎം നടപ്പാക്കാൻ സ്വതന്ത്രസംവിധാനം ഗ്രാമവികസനവകുപ്പിനു കീഴിൽ സൃഷ്ടിക്കാനുള്ള നീക്കം ആ വകുപ്പുമന്ത്രിയുടേത് ആയിരുന്നു.

ഔപചാരികചർച്ചകളിൽ സർക്കാരിനെ പ്രതിനിധീകരിച്ചിരുന്നത് എം. കെ. മുനീറും തിരുവഞ്ചൂർ രാധാകൃഷ്ണനും ആയിരുന്നു. ആവശ്യങ്ങൾ നേടിയിട്ടേ സമരം തീർക്കൂ എന്നത് അർത്ഥശങ്കയില്ലാതെ വ്യക്തമായിരുന്നു. അതുകൊണ്ട് മുനീറിന്റെ അനുരഞ്ജനനിലപാടിലേക്ക് അവസാനം യുഡിഎഫിനു വരേണ്ടിവന്നു. കുടുംബശ്രീ ഇന്നത്തെപ്പോലെ നില്ക്കുന്നതിൽ ഒരു നിർണ്ണായകസംഭാവന ഈ സമരത്തിനുണ്ട്.

സി. എച്ച്. മുഹമ്മദ്‌ കോയയുടെ മകനെന്ന നിലയിൽ വലിയ സ്വീകാര്യത സമുദായത്തിലും രാഷ്ട്രീയത്തിലും മുനീറിനു ലഭിച്ചിട്ടുണ്ട്. 2017-ൽ പി. കെ. കുഞ്ഞാലികുട്ടി പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു മുനീർ മുസ്ലിംലീഗ് നിയമസഭാകക്ഷിനേതാവും പ്രതിപക്ഷ ഉപനേതാവും ആയി. ഇദ്ദേഹം ഇപ്പോൾ മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറിയാണ്‌.

എല്ലാറ്റിലുമുപരി അദ്ദേഹം മുൻകൈയെടുത്തു സ്ഥാപിച്ച ഇന്ത്യാവിഷൻ കേരളത്തിലെ ആദ്യത്തെ വാർത്താച്ചാനലായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഒട്ടനവധി വാർത്താപരമ്പരകൾ ഈ ചാനലിലൂടെ പുറത്തുവന്നിട്ടുണ്ട്. എംബിബിഎസ് ബിരുദധാരിയായ മുനീർ കലാസാംസ്കാരികമേഖലകളിലും അഭിരുചിയുള്ള ആളാണ്‌. ചില സിനിമകൾക്കും ഏതാനും ആൽബങ്ങൾക്കും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒലിവ് പുസ്തകപ്രസാധാലയം മുനീറിന്റെ മുൻകൈയാൽ തുടക്കമിട്ട സ്ഥാപനമാണ്‌. പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. രണ്ടു ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.