Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എം. വിജയകുമാർ
എം. വിജയകുമാർ

എം. വിജയകുമാർ

ലഘു ജീവചരിത്രം (Biography)

സ്പീക്കറായിരുന്ന എം. വിജയകുമാർ ഫലത്തിൽ കുറച്ചുനാൾ ജനകീയാസൂത്രണപരിശീലകനായി മാറി. പട്ടികജാതി-പട്ടികവർഗ്ഗ സോഷ്യൽ ആക്റ്റിവിസ്റ്റുകളുടെ എണ്ണം 3,500 ഓളം വന്നിരുന്നു. അഭ്യസ്തവിദ്യരായ ഈ ചെറുപ്പക്കാർക്കു തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ റെസിഡൻഷ്യൽ പരിശീലനമാണു നല്കിയത്. പട്ടികവർഗ്ഗക്കാർക്ക് അഞ്ചുദിവസംവീതവും പട്ടികജാതിക്കാർക്കു മൂന്നുദിവസംവീതവും. പത്തു ബാച്ചുകളിലായി ഏതാണ്ട് ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പരിശീലനപരിപാടിയായിരുന്നു അത്. എല്ലാ ബാച്ചിലെ കുട്ടികളെയും ഒരു ദിവസം ഉച്ചകഴിഞ്ഞ് നിയമസഭാസന്ദർശനത്തിനു കൊണ്ടുപോകുമായിരുന്നു.

പുതിയ നിയമസഭാമന്ദിരത്തിന്റെ ഉദ്ഘാടനം ഈ കാലത്താണു നടന്നത്. ഇതിനു സ്പീക്കറായിരുന്ന എം. വിജയകുമാർ നടത്തിയ കഠിനപ്രയത്നം പ്രസിദ്ധമാണ്. പുതിയ നിയമസഭാമന്ദിരം അന്നു വലിയൊരു കാഴ്ചവസ്തുതന്നെ ആയിരുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാർ കഴിവതും ആ സമയത്തു നിയമസഭാമന്ദിരത്തിൽ ഉണ്ടാകാൻ ശ്രമിക്കുമായിരുന്നു. നിയമസഭയെക്കുറിച്ചുംമറ്റും കുട്ടികളോടു വിശദീകരിച്ചിരുന്നത് സ്പീക്കർതന്നെ ആയിരുന്നു. ഈ അഭിമുഖപരിപാടി അവരിൽ സൃഷ്ടിച്ചിരുന്ന ആത്മവിശ്വാസവും അഭിമാനബോധവും എത്രയെന്നു പറഞ്ഞറിയിക്കാൻ വയ്യ.

ആദിവാസിക്കുട്ടികളിൽ ചുരുക്കം ചിലർ മാത്രമേ തലസ്ഥാനനഗരി സന്ദർശിച്ചവരായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇവർക്ക് ഒരു ദിവസം കന്യാകുമാരി സന്ദർശനവും പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ സന്ദർശനങ്ങളൊന്നും ഉല്ലാസയാത്രകൾ ആയിരുന്നില്ല. ചരിത്രം പഠിപ്പിക്കാനും കുട്ടികളിൽ ആത്മവിശ്വാസവും ഒരുമയും ഉളവാക്കാനും ലക്ഷ്യമിട്ടുള്ളവ ആയിരുന്നു.

ഒന്നുരണ്ടു ബാച്ചു കഴിഞ്ഞപ്പോൾ സ്പീക്കർ മാർ ഇവാനിയോസ് കോളെജ് പരിശീലനകേന്ദ്രം സന്ദർശിക്കാൻ തുടങ്ങി. ഭക്ഷണശാലയിലുമെല്ലാംവച്ചു കുട്ടികളെ കണ്ടു കുശലം പറഞ്ഞു തിരിച്ചുപോകും. മന്ത്രി കെ. രാധാകൃഷ്ണൻ ഉണ്ടാകുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പട്ടികവിഭാഗങ്ങൾക്കുള്ള ഫണ്ടുകളുടെ വിനിയോഗം ഫലപ്രദമാക്കാൻ നടത്തിയ ഈ സംവിധാനത്തെപ്പറ്റി കെ. രാധാകൃഷ്ണനെപ്പറ്റി എഴുതിയപ്പോൾ പറഞ്ഞിടുണ്ട്.

ഞാൻ എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം ആകുമ്പോൾ വിജയകുമാർ തിരുവനന്തപുരം ജില്ലാസെക്രട്ടറിയാണ്. തീപ്പൊരിനേതാക്കളിൽ ഒരാൾ. മർദ്ദനങ്ങൾ കൂസാതെ പ്രക്ഷോഭങ്ങൾക്കു മുന്നിൽനിന്നു. അടിയന്തരാവസ്ഥക്കാലത്തു മർദ്ദനമേൽക്കുക മാത്രമല്ല, നാലുമാസം ജയിലിലുമായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും എന്ന മുദ്രാവാക്യവുമായി പാർലമെന്റ് മാർച്ച് നയിച്ചു. ഡിവൈഎഫ്ഐയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. യുവജനസംഘടനയുടെ അഖിലേന്ത്യാപ്രസിഡന്റുമായി.

തൊഴിലില്ലായ്മാവേതനത്തിനുവേണ്ടിയുള്ള വഴിതടയൽ സമരമാണ് പ്രധാനപ്പെട്ട മറ്റൊരു പ്രക്ഷോഭം. സിപി‌ഐ(എം) ജില്ലാസെക്രട്ടറിയായി. സംസ്ഥാനകമ്മിറ്റിയംഗമാണ്. തിരുവനന്തപുരം ജില്ലയിലെ തലമുതിർന്ന നേതാക്കളിൽ ഒരാളും. 1987, 1991, 1996 വർഷങ്ങളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1996-2001 നിയമസഭാസ്പീക്കറായിരുന്നു. 2006-ലെ സർക്കാരിൽ നിയമമന്ത്രിയായിരുന്നു. സ്പീക്കർ എന്ന നിലയിലും തിരുവനന്തപുരം നഗരത്തിലെ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ എന്ന നിലയിലും തലസ്ഥാനത്തെ എല്ലാ സംസ്ഥാനതല ജനകീയാസൂത്രണപരിപാടികളിലും പങ്കാളിയായിരുന്നു.