Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / സിങ് സുർജിത്ത്
സിങ് സുർജിത്ത്

സിങ് സുർജിത്ത്

ലഘു ജീവചരിത്രം (Biography)

സഖാവ് ഹർകിഷൻ സിങ് സുർജിത്തിന് ഒരു മോഹം – ജനകീയാസൂത്രണപ്രവർത്തനങ്ങൾ നേരിട്ടു കാണണം. 1999 ജൂണിൽ സി‌പി‌ഐ(എം)ന്റെ പാർട്ടി റിപ്പോർട്ടിങ്ങിനു വരുന്നുണ്ട്. ഞങ്ങൾ തെരഞ്ഞെടുത്തത് കോഴിക്കോടു നഗരത്തിനു സമീപത്തുള്ള ഒളവണ്ണ പഞ്ചായത്താണ്. അങ്ങനെ ജൂൺ 18-ന് കോഴിക്കോട്ടെ മേഖലാ റിപ്പോർട്ടിങ്ങിനുശേഷം ഉച്ചകഴിഞ്ഞ് സഖാക്കൾ സുർജിത്തും പിണറായി വിജയനും പാലോളിയും ഒളവണ്ണയിലെത്തി. ആസൂത്രണബോർഡിൽനിന്ന് ഇ. എം. ശ്രീധരനും ഉണ്ടായിരുന്നു.

അക്കാലത്ത് ഒളവണ്ണ പഞ്ചായത്താണ് ഞങ്ങളുടെ ഒരു സ്റ്റാർ പെർഫോർമർ. കടുത്ത കുടിവെള്ളക്ഷാമം ഉണ്ടായിരുന്ന പഞ്ചായത്ത്. ചാലിയാർ, ചെറുപുഴ, മാമ്പുഴ എന്നിങ്ങനെ മൂന്നു നദികളുണ്ടെങ്കിലും ഉപ്പുവെള്ളമാണ്. 32 കുന്നുകളും അവയുടെ ചെറുതാഴ്വരകളുമുള്ള പഞ്ചായത്ത്. ജനവാസം മുഴുവൻ കുന്നിൻചരിവുകളിലാണ്. മേൽമണ്ണു നന്നേ കുറവായതുകൊണ്ട് കിണർ കുഴിച്ചാലും വെള്ളമില്ല. കുന്നിൻചുവട്ടിൽനിന്നു വെള്ളംകോരി മുകളിൽ കൊണ്ടുപോകണം. നഗരപ്രാന്തമല്ലേ, ഓരോ വർഷം കഴിയുന്തോറും ജനവാസം കൂടുകയാണ്. വെള്ളക്ഷാമവും കൂടുതൽ രൂക്ഷമായി.

കുടിവെള്ളപ്രക്ഷോഭത്തിനു നേതൃത്വം നല്കിയാണ് ബാബു പറശ്ശേരിയുടെ രംഗപ്രവേശം. ആദ്യം വേട്ടുവാടൻകുന്ന് സമരം. താഴ്വരയിൽ കിണർ കുഴിച്ചു കുന്നിൻമുകളിൽ ടാങ്ക് കെട്ടി മോട്ടോർ വഴി വെള്ളം പമ്പ് ചെയ്തു പൊതുടാപ്പുകൾവഴി വിതരണം ചെയ്യണം. ഇതാണ് ആവശ്യം. കളക്ടർ നിർദ്ദേശം ഭ്രാന്തെന്നു പറഞ്ഞു തള്ളി. കളക്ട്രേറ്റ് മാർച്ചും സമരവുമെല്ലാമായി. ഇതുപോലെ പാലകുറുമ്പകുന്നിലും കോഴിക്കോടൻകുന്നിലും സമരമായി. കുടിവെള്ളക്ഷാമമായി മുഖ്യ പഞ്ചായത്തുതെരഞ്ഞെടുപ്പു വിഷയം. സമരനേതാവ് ബാബു പറശ്ശേരി പഞ്ചായത്തുപ്രസിഡന്റുമായി. ഭ്രാന്തെന്നു കല്പിച്ച് അധികാരികൾ തള്ളിക്കളഞ്ഞ ജനകീയനിർദ്ദേശങ്ങൾ ജനകീയാസൂത്രണം വന്നപ്പോൾ പ്രാവർത്തികമായി.

ജനകീയാസൂത്രണം മൂന്നാംവർഷം ആയപ്പോൾ ഗ്രാമപ്പഞ്ചായത്തിന്റെ മുൻകൈയ്യിൽ 2131 വീടുകൾക്കു ശുദ്ധജലം എത്തിക്കുന്ന 34 കുടിവെള്ളപ്പദ്ധതികൾ പൂർത്തിയായി. ഈ പദ്ധതികൾ പഞ്ചായത്ത് ഔദ്യോഗികഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചവയാണ്. ഇതിനുപുറമേ 1267 വീടുകൾക്കു കുടിവെള്ളം എത്തിക്കാനുള്ള മറ്റൊരു 26 കുടിവെള്ളപ്പദ്ധതികളും ജനങ്ങളുടെ മുൻകൈയ്യിൽ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കി. ഈ പദ്ധതികളുടെയെല്ലാം പ്രത്യേകത ഓരോ പ്രൊജക്ടും നിയമാവലിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്തൃസമിതികളാണു നടത്തിയത്. ആവർത്തനച്ചെലവ് അവർതന്നെയാണ് വഹിച്ചത്. അത്യാവശ്യം അറ്റകുറ്റപ്പണികൾ പഞ്ചായത്ത് ചെയ്തുകൊടുക്കും അത്രമാത്രം. പദ്ധതി 26 പഞ്ചായത്തുകളിൽ നടപ്പായി. നിർമ്മാണച്ചെലവിന്റെ ഗണ്യമായ ഭാഗവും ഗുണഭോക്താക്കൾ തന്നെയാണു വഹിച്ചത്. അങ്ങനെ പഞ്ചായത്തിന്റെ കുടിവെള്ളപ്രശ്നം 70 ശതമാനം പരിഹരിച്ചു.

ഇതൊരു അത്ഭുതമായിരുന്നു. എത്രയോനാളത്തെ ജലക്ഷാമം ഏതാനും വർഷംകൊണ്ട് ഒരു പഞ്ചായത്ത് പരിഹരിച്ചിരിക്കുന്നു. ഞങ്ങൾ ഇത് ആഘോഷിക്കാൻ ഒരു പ്രത്യേക സെമിനാർതന്നെ ഒളവണ്ണയിൽ നടത്തി. ഒട്ടനവധിരാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമുള്ള പഠനസംഘങ്ങൾ ഒളവണ്ണയിൽ വന്നു. ലോകബാങ്കുതന്നെ പ്രത്യേക പഠനസംഘത്തെ നിയോഗിച്ചു. ഒളവണ്ണയെയും ജനകീയാസൂത്രണത്തെയും അവർ പരാമർശിക്കാറില്ലെങ്കിലും ജലനിധി പദ്ധതി ഒളവണ്ണ പഞ്ചായത്ത് ആവിഷ്കരിച്ച രീതിയോട് അവരുടെ ചില മേമ്പൊടികൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതാണ്. ഈ ജലനിധിയാണ് ചില മാറ്റങ്ങളോടെ ദേശീയതലത്തിൽ ഇപ്പോൾ ജലജീവൻ മിഷനായി രൂപംകൊണ്ടിട്ടുള്ളത്. ഇത്തരത്തിൽ ദേശീയനയത്തെത്തന്നെ ഒളവണ്ണ പഞ്ചായത്ത് സ്വാധീനിച്ചൂവെന്നു പറയാം.

ബാബു പറശ്ശേരി കഴിഞ്ഞ ടേമിൽ കോഴിക്കോട് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായി. ഈ കുറിപ്പ് എഴുതുന്നതിനുമുമ്പ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇപ്പോഴും ഗുണഭോക്തൃസമിതികളും പ്രൊജക്ടുകളും കാര്യക്ഷമമായി തുടരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഉച്ചതിരിഞ്ഞ് സുർജിത്തും സംഘവും ഒളവണ്ണയിൽ എത്തിച്ചേർന്നപ്പോൾ വലിയൊരു ജനസഞ്ചയം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനായി സന്ദർശനം പരസ്യപ്പെടുത്തിയിരുന്നില്ല. ബാബു പറശ്ശേരിയോടുപോലും റിപ്പോർട്ടിങ്ങിനു വന്നപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാലും കേട്ടറിഞ്ഞ് ആളുകൾ കൂടി. പഴയ പഞ്ചായത്തുഹാളിലിരുന്നു വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അന്നത്തെ പഞ്ചായത്തുപ്രസിഡന്റ് കാര്യങ്ങൾ വിശദീകരിച്ചു. യോഗമൊന്നും തീരുമാനിച്ചിരുന്നില്ലെങ്കിലും ജനങ്ങളോടു ഹ്രസ്വമായി സുർജിത്ത് സംസാരിച്ചു. ഇ. എം. ശ്രീധരൻ തർജ്ജമയും ചെയ്തു.

ജനകീയാസൂത്രണത്തെക്കുറിച്ചു പലപ്പോഴും സുർജിത്ത് എന്നോടു ചോദിച്ചറിയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രവും കർഷകപ്രസ്ഥാനചരിത്രവും സംബന്ധിച്ച പുസ്തകങ്ങൾ എഡിറ്റ് ചെയ്യാൻ എന്നെയാണ് അദ്ദേഹം ഏല്പിച്ചിരുന്നത്. കേരളത്തിലെ ഈ നൂതന പരിപാടിയോട് അദ്ദേഹത്തിനു വലിയ മതിപ്പായിരുന്നു. പിന്നീട് ജനകീയാസൂത്രണത്തിന്റെ അന്താരാഷ്ട്രകോൺഫറൻസിൽ പങ്കെടുക്കാൻ സുർജിത്ത് കേരളം സന്ദർശിക്കുകയുണ്ടായി.