Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. എം. പി. പരമേശ്വരൻ
ഡോ. എം. പി. പരമേശ്വരൻ

ഡോ. എം. പി. പരമേശ്വരൻ

ലഘു ജീവചരിത്രം (Biography)

ഡോ. എം. പി. പരമേശ്വരൻ എന്നും വലിയ സ്വപ്നങ്ങൾ വിൽക്കുന്ന ഒരാളായിരുന്നു. പണ്ടൊരിക്കൽ എന്നോടുചോദിച്ചു - ഭാവികേരളത്തെക്കുറിച്ചുള്ള സ്വപ്നം എന്താണ്? എല്ലാവർക്കും വീട്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, ശുചിത്വം, സാമൂഹികസുരക്ഷ എന്നിങ്ങനെ നീണ്ട ലിസ്റ്റ് ഞാൻ പറഞ്ഞു. “പോരടോ! എല്ലാവർക്കും ജനാധിപത്യംകൂടി വേണം. വോട്ടു ചെയ്യാനുള്ള അവകാശം മാത്രമല്ല, എന്തുവേണമെന്നു തീരുമാനിക്കുന്നതിലും നടപ്പാക്കുന്നതിലും പങ്കാളിത്തംകൂടി വേണം.” അന്ന് ഗ്രാമശാസ്ത്രസമിതിയിൽ എത്തിയിരുന്നേയുള്ളൂ. സാക്ഷരതപ്രസ്ഥാനം, വിഭവഭൂപടനിർമ്മാണം, പഞ്ചായത്തുതല ആസൂത്രണം, കല്യാശ്ശേരി റിപ്പോർട്ട്, ഒക്കെ പിന്നീടു വന്നതാണ്. സാക്ഷരതാപ്രസ്ഥാനം, വിഭവഭൂപടനിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വികസനപരിപാടികളെ ദേശീയതലത്തിലേക്കു സംഘടിപ്പിക്കാനും എംപിക്കു കഴിഞ്ഞു. ഇവയൊക്കെ സ്വപ്നങ്ങളായിരുന്നില്ല, സ്വപ്നസാക്ഷാത്കാരങ്ങൾകൂടി ആയിരുന്നു. എല്ലാറ്റിലും എംപിയോടൊപ്പം ഞാനും ഉണ്ടായിരുന്നു.

അവസാനം പറഞ്ഞ മൂന്നെണ്ണത്തിന്റെ ഓഫീസ് സിഡിഎസിലെ എന്റെ ക്വാർട്ടേഴ്സ് ആയിരുന്നു. ഒരുമുറി റ്റിജിക്കും മനമോഹനും എല്ലാമായി മാറ്റിവച്ചിട്ടുള്ളതായിരുന്നു. വിഭവഭൂപടനിർമ്മാണത്തിനു സെസ് ഡയറക്റ്റർ സുബ്രതോ സിൻഹയും കൂട്ടരും ഉണ്ടായിരുന്നു. പഞ്ചായത്തുതല ആസൂത്രണം സിഡിഎസും പരിഷത്തും ചേർന്ന പ്രൊജക്ടായിരുന്നു. കല്യാശ്ശേരി റിപ്പോർട്ട് തയ്യാറാക്കിയത് ഐആർറ്റിസിയായിരുന്നു. ഇവിടെനിന്നു ജനകീയാസൂത്രണത്തിലേക്ക് അധികദൂരം ഉണ്ടായിരുന്നില്ല.

ആ പാലം പണിതത് സിപിഐഎമ്മിന്റെ രാഷ്ട്രീയതീരുമാനം ആയിരുന്നു. 1957-ലെ അധികാരവികേന്ദ്രീകരണനിയമം മുതൽ യാഥാർത്ഥ്യമാക്കാൻ കഴിയാതെപോയ ഒരു അജൻഡ നടപ്പിലാക്കാൻ വലിയൊരു രാഷ്ട്രീയതീരുമാനം എടുക്കുകയായിരുന്നു. പരിഷത്തു മാത്രമല്ല, കേരളത്തിലെ ഒട്ടനവധി സംഘടനകളും സംഘടനകളിൽ ഇല്ലാത്തവരും നടത്തിയ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ആ തീരുമാനം യാഥാർത്ഥ്യമാക്കാൻ ആവശ്യമായ കരുക്കൾ സ്വരുക്കൂട്ടിക്കഴിഞ്ഞിരുന്നു. രാഷ്ട്രീയമണ്ഡലവും കേരളത്തിലെ പൗരസമൂഹവും തമ്മിലുള്ള ഈ ബന്ധത്തിന്റെ വൈരുധ്യാത്മകതയെക്കുറിച്ച് എംപിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു.

ജനകീയാസൂത്രണത്തിന്റെ തീരുമാനം എടുത്തശേഷം ഒത്തിരി രാവും പകലും അത് എങ്ങനെ വേണമെന്ന് എംപിയെപ്പോലുള്ളവരോടൊക്കെ ചർച്ചചെയ്താണു കരടുപരിപാടി തയ്യാറാക്കി ഇഎംഎസിനു സമർപ്പിച്ചത്. പിന്നീട് അങ്ങോട്ട് ഇടതടവില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. സംസ്ഥാനതല റിസോഴ്സ്പേഴ്സണുകളിൽ മൂന്നിലൊന്നെങ്കിലുംപേർ പരിഷത്തിന്റെ പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു. പരിഷത്തിനെയാകെ സജീവമായി ജനകീയാസൂത്രത്തിലേക്ക് ഇറക്കുന്നതിൽ നിർണ്ണായകപങ്ക് എംപി വഹിക്കുകയുണ്ടായി.

എംപിക്കു സ്വപ്നത്തിൽനിന്നു പ്രയോഗത്തിലേക്കുവരാൻ അധികസമയം വേണ്ടിവന്നിരുന്നില്ല. അതിനൊക്കെ കണക്കുകളുടെ ചട്ടക്കൂട് ഉണ്ടാക്കാൻ എംപിക്ക് അനായാസം കഴിഞ്ഞിരുന്നു. നാളികേരത്തെക്കുറിച്ച് ഞങ്ങൾ എഴുതിയ ഒരു ലഘുപുസ്തകമുണ്ട്. എംപിയുടെ ചിന്ത പോയത് ഇങ്ങനെ: എത്രകോടി തെങ്ങുണ്ട്? അതിന്റെ ഓല, മടൽ, കോഞ്ഞാട്ട, തടി, വേര്, നാളികേരം, നാളികേരോൽപ്പന്നങ്ങൾ ഇതിനെല്ലാംകൂടി എന്തു മൂല്യമുണ്ട്? എന്നാൽ, ഇപ്പോൾ എന്തു കിട്ടുന്നുണ്ട്? നമ്മൾ ഉത്പാദിപ്പിക്കുന്ന മൂല്യം പരമാവധിയാക്കാൻ എന്തു വേണം? രോഗബാധിതതെങ്ങുകൾ വ്യാപകമായി മുറിച്ചുമാറ്റി വേറെ നടണം. ആ തടികൾകൊണ്ട് എന്തെല്ലാം വ്യവസായങ്ങൾ ഉണ്ടാക്കാം? പൂങ്കുലകൾകൊണ്ട് എത്ര ലിറ്റർ രസായനം ഉണ്ടാക്കാം? അങ്ങനെ കണക്കുകൾ നീണ്ടു.

ഇത് എഴുതുന്നതിന് ഏതാനും ആഴ്ചമുമ്പു കണ്ടപ്പോഴും എംപി സംസാരിച്ചത് ജനകീയാസൂത്രണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെക്കുറിച്ച് ആയിരുന്നു. കല്യാശ്ശേരി റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 25 വർഷംകൊണ്ട് കല്യാശേരിയിൽ വന്ന മാറ്റങ്ങൾകൂടി അവലോകനം ചെയ്ത് ഒരു പുസ്തകത്തിനു പരിപാടിയുണ്ട്. അതിനു മുഖവുര എഴുതാമെന്ന് എംപി ഏറ്റിട്ടുണ്ട്.