Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പി. ഗോവിന്ദപ്പിള്ള
പി. ഗോവിന്ദപ്പിള്ള

പി. ഗോവിന്ദപ്പിള്ള

ലഘു ജീവചരിത്രം (Biography)

പി. ഗോവിന്ദപ്പിള്ളയുടെ സംഭാഷണങ്ങൾ പഠിപ്പിക്കാൻവേണ്ടി ആയിരുന്നില്ല. ഏതൊരാളിൽനിന്നും എന്തെങ്കിലും കൂടുതൽ പഠിക്കാനുള്ള പരിശ്രമങ്ങളായിരുന്നു. കൊച്ചുകുട്ടിയുടെ നിർമ്മലജിജ്ഞാസയോടെയാണ് പിജി ഒട്ടുമിക്ക ആളുകളോടും സംവദിച്ചിരുന്നത്. അതുപോലെതന്നെ വ്യത്യസ്തവീക്ഷണങ്ങളോടു പുലർത്തിയിരുന്ന സഹിഷ്ണുതയും ബഹുമാനവും എടുത്തുപറയേണ്ടതുണ്ട്. കാര്യങ്ങൾ ചോദിച്ചറിയും; പഴയകാര്യങ്ങൾ ചോദിച്ച് ഓർമ്മപുതുക്കും.

എന്നാൽ, ഏതു വിഷയവുമാകട്ടെ പ്രഭാഷണങ്ങൾ ആകുമ്പോൾ പിജിയുടെ വായനയുടെ പരപ്പ് നാം തിരിച്ചറിയും. നമ്മളെല്ലാം പഠിതാക്കളാകും. എന്തുകാര്യമാണാവോ പിജി പറഞ്ഞതുകേട്ട് ടികെയും ഇക്ബാലും ഞാനും ഒരു ജനകീയാസൂത്രണവേദിയിൽ പൊട്ടിച്ചിരിക്കുന്നത്! അത് എനിക്ക് ഇപ്പോൾ ഓർമ്മയില്ല. സി. വി. ശ്രീരാമൻ അടക്കമുള്ളവർ ജനകീയാസൂത്രണസദസ്സുകളിൽ പിജിയുടെ പ്രൗഢഗംഭീരമായ പ്രസംഗം എത്ര ജാഗ്രതയോടെയാണു ശ്രദ്ധിച്ചിരുന്നത്!

അധികാരവികേന്ദ്രീകരണവുമായുള്ള പിജിയുടെ ബന്ധം 1958-ൽ ആരംഭിക്കുന്നു. അധികാരവികേന്ദ്രീകരണനിയമത്തെക്കുറിച്ചുള്ള നിയമസഭാചർച്ചയിൽ പിജിയായിരുന്നു മുഖ്യപ്രസംഗകൻ. താഴേയ്ക്കു നല്കിയ അധികാരങ്ങൾ പോരായെന്നായിരുന്നു പിജിയുടെ വിമർശം. ഇഎംഎസ് അദ്ധ്യക്ഷനായുള്ള ഭരണപരിഷ്കാരക്കമ്മിഷൻ ജില്ലാഭരണകൂടം എന്ന ആശയമാണു മുന്നോട്ടുവച്ചത്. ആദ്യഘട്ടമെന്നനിലയിൽ നിയമസഭയിൽ അവതരിപ്പിച്ച കരടുനിയമത്തിൽ റെഗുലേറ്ററി ചുമതലകൾ പരിമിതമായേ താഴേയ്ക്കു നല്കിയുള്ളൂ. ഇതു പിജിക്കു തൃപ്തികരമായി തോന്നിയില്ല.

അധികാരവികേന്ദ്രീകരണം പാർലമെന്ററി ജനാധിപത്യത്തെ കീഴ്ത്തട്ടിലേക്കുകൂടി വ്യാപിപ്പിക്കുന്ന ഒരു പരിഷ്കാരമാണ്. ജനാധിപത്യത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നതാണ്. സോവിയറ്റ് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിസോഷ്യലിസത്തിൽ കേന്ദ്രീകൃതജനാധിപത്യം അനിവാര്യമാണ് എന്നായിരുന്നു പിജിയുടെ അഭിപ്രായം. സാധാരണപൗരർക്കു ഭരണത്തിൽ നേരിട്ട് ഇടപെടാൻ കഴിയണം. അതിനുതകുന്ന രീതിയിൽ ജനാധിപത്യയിടം (Democratic Space) വിപുലപ്പെടുത്തണം. ഇന്നു സർവ്വസാധാരണമായ ഈ പ്രയോഗം പിജിയിൽനിന്നാണു ഞാൻ പഠിച്ചത്.

ജനകീയാസൂത്രണത്തിലെ പൊതുപരിപാടികളിൽ ഒരു പ്രധാന പ്രസംഗകൻ ആയിരുന്നു പിജി. പ്രത്യേകിച്ച്, വിഷയം സാംസ്കാരികമേഖലയുമായി ബന്ധപ്പെട്ടതാണെങ്കിൽ. സാംസ്കാരികപ്രൊജക്ടുകൾക്കും‌മറ്റും രൂപംനല്കാൻ പിജിയുടെ ഉപദേശങ്ങൾ പ്രധാനമായിരുന്നു. ജനകീയാസൂത്രണ പ്രവർത്തനങ്ങൾ തുടക്കം മുതൽ ഡോക്യുമെന്റ് ചെയ്യണമെന്നു തീരുമാനിച്ചെങ്കിലും തുടക്കത്തിൽ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ഡോക്യുമെന്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പിജിയുടെ മാർഗ്ഗനിർദ്ദേശത്തിലും ഇടപെടലിലൂടെയും സി-ഡിറ്റിന്റെ നേതൃത്വത്തിൽ ഏറെക്കുറേ കൃത്യമായി വിഷ്വൽ ഡോക്യുമെന്റേഷൻ കഴിഞ്ഞിട്ടുണ്ട്.

എം. എ. ബേബി മാനവീയംപരിപാടി ആരംഭിച്ചപ്പോൾ അതിലൊരു സജീവവക്താവായി പിജി ഇടപെട്ടു പ്രവർത്തിച്ചിരുന്നു. മാനവീയംവേദിയിൽ എം. എ. ബേബിയും പിജിയും ഒരുമിച്ചു പങ്കെടുത്തത് നല്ല ഓർമ്മകളിൽ ഒന്നാണ്.