Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പി. കെ. വിജയൻ
പി. കെ. വിജയൻ

പി. കെ. വിജയൻ

ലഘു ജീവചരിത്രം (Biography)

1995 നവംബറിൽ മയ്യിൽ പബ്ലിക് ലൈബറി & സിആർസി-യിൽ ജനകീയാസൂത്രണത്തെക്കുറിച്ചു വിശദീകരിക്കാൻ ഒരു യോഗം വിളിച്ചിരുന്നു. അതെങ്ങനെ!? ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിച്ചത് 1996 ആഗസ്റ്റിൽ അല്ലേ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. 1992-ൽ പരിഷത്തും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും ചേർന്ന് 24 പഞ്ചായത്തുകളിൽ വിഭവഭൂപടനിർമ്മാണപ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പഞ്ചായത്തുകളിൽ താഴേത്തട്ടിൽനിന്നു സമഗ്രവികസനപദ്ധതി ആവിഷ്കരിക്കണം എന്നായിരുന്നു ലക്ഷ്യം. ഞങ്ങൾ ഇതിനെ ‘ജനകീയാസൂത്രണപരിപാടി’ എന്നാണു നാമകരണം ചെയ്തത്. എന്നാൽ അതിലേക്കു നീങ്ങുംമുമ്പ് ഔദ്യോഗിക ‘ജനകീയാസൂത്രണപ്രസ്ഥാനം’ ആരംഭിച്ചു. അതുകൊണ്ട് സമഗ്രവികസനപരിപാടിരൂപവത്ക്കരണം അഞ്ചു പഞ്ചായത്തിലേക്കു ചുരുക്കി. ജനകീയാസൂത്രണപ്രസ്ഥാനത്തിനു സമാന്തരമായി നൂതനമായ രീതികളും ആശയങ്ങളും പരീക്ഷിക്കാനുള്ള വേദികളായി ഈ പഞ്ചായത്തുകൾ മാറി. ഈ അഞ്ചു പഞ്ചായത്തുകളിൽ ഒന്നായിരുന്നു മയ്യിൽ.

അങ്ങനെയാണ് 1995 നവംബറിൽ മയ്യിൽ പബ്ലിക് ലൈബറി & സിആർസിയിലെ യോഗത്തിൽ പങ്കെടുക്കാൻ ഞാൻ എത്തിയത്. അദ്ധ്യക്ഷൻ കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർ. ഈ ലൈബ്രറിയുടെ ഇന്നത്തെ പേര് കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സിആർസി എന്നാണ്. ഇന്ന് ലൈബ്രറിയുടെ പ്രസിഡന്റ് അദ്ദേഹത്തിന്റെ മകൻ പി. കെ. വിജയനാണ്. അദ്ദേഹമായിരുന്നു പിഎൽഡിപി പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ അന്നത്തെ കോർഡിനേറ്റർ.

പഞ്ചായത്തുതലവികസനസമിതി (പിഡിഎസ്) 1995 ഡിസംബറിൽ ചാരിറ്റബിൾ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങി. അന്നത്തെ പഞ്ചായത്തുപ്രസിഡന്റ് രുഗ്മിണിട്ടീച്ചർ പ്രസിഡന്റും പിന്നീട് പ്രസിഡന്റായ പി. ബാലൻ കൺവീനറും പി. കെ. വിജയൻ കോർഡിനേറ്ററുമായ പഞ്ചായത്തുതലവികസനസമിതി അങ്ങനെ നിലവിൽവന്നു. ഒട്ടനവധി സന്നദ്ധപ്രവർത്തകർ, ലൈബ്രറി പ്രവർത്തകർ, പരിഷത്ത് പ്രവർത്തകർ, ധിഷണാശാലികളായ സാമൂഹികപ്രവർത്തകർ എല്ലാമുള്ള ഒരു ഗ്രാമം. അന്ന് 11 വാർഡുകളിലായി 25 ലൈബ്രറികൾ. (ഇന്ന് 18 വാർഡുകളിലായി 35 ലൈബ്രറികളുണ്ട്). അതിലുപരി നല്ലൊരു കാർഷികഗ്രാമം. ഈ സവിശേഷതകളാണ് പിഎൽഡിപി പഞ്ചായത്തായി മയ്യിലിനെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. രുഗ്മിണിട്ടീച്ചറുടെ നേതൃത്വത്തിൽ അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട സമിതിയും കെ. കെ. കുുഞ്ഞനന്തൻ നമ്പ്യാരെപ്പോലുള്ളവരുടെ നേതൃത്വവും ഇവിടുത്തെ പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ടാക്കാമെന്ന പ്രതീക്ഷയിലുമാണ് മയ്യിലിനെ തെരഞ്ഞെടുത്തത്.

ഇവിടുത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാനതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാനും മുൻകൈയെടുക്കലായിരുന്നു കോർഡിനേറ്ററുടെ ചുമതല. ഈ ചുമതല പരിഷത്ത് പ്രവർത്തകൻ കൂടിയായിരുന്നു പി. കെ. വിജയൻ സ്തുത്യർഹമായരീതിയിൽ നിർവ്വഹിച്ചു.

ഇതിനകം 1992-ൽ നടന്ന വിഭവഭൂപടനിർമ്മണവും സാമൂഹികസാമ്പത്തികസർവ്വേയും പഞ്ചായത്തിന്റെ വികസനപ്രശ്നങ്ങൾ നിർണ്ണയിക്കുന്നതിന് ഏറെ സഹായകമായി. പിഡിഎസിനു പിന്നാലെ വാർഡുവികസനസമിതികളും അയൽക്കൂട്ടങ്ങളും രൂപവത്ക്കരിക്കപ്പെട്ടു. വികസനാവശ്യങ്ങൾ കണ്ടെത്താനും നിലവിലുള്ള അവസ്ഥ അറിയാനും ഈ രീതി ഫലപ്രദമായി. വികസനസമിതിയോഗങ്ങൾ എല്ലാ മാസവും ചേർന്നു പ്രവർത്തനം വിലയിരുത്തി തീരുമാനങ്ങൾ കൈക്കൊള്ളുമായിരുന്നു. ഇതിന്റെ തുടർച്ചയായി ചേരുന്ന പഞ്ചായത്തുഭരണസമിതി ഈ തീരുമാനങ്ങൾകൂടി പരിഗണിച്ചാണു വികസനത്തിൽ പഞ്ചായത്ത് ഇടപെട്ടിരുന്നത്.

വികേന്ദ്രീകൃതാസൂത്രണപ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനരേഖകൾ പലതും ഇതുവഴി സമാഹരിക്കാൻ കഴിഞ്ഞു. സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ നടത്തിയ നീർത്തട ഭൂപടനിർമ്മാണം, വിദ്യാഭ്യാസ സ്റ്റാറ്റസ് റിപ്പോർട്ട്, അങ്കണവാടി സ്ഥിതിവിവരക്കണക്ക് എല്ലാം ഇങ്ങനെ സമാഹരിച്ചതാണ്. ജനകീയാസൂത്രണഘട്ടത്തിൽ വികസനറിപ്പോർട്ട് തയ്യാറാക്കൽ, പ്രൊജക്ട് തയ്യാറാക്കൽ, കർമ്മസമിതികൾ, നിർവ്വഹണസമിതികൾ എന്നിവ സജീവമാക്കൽ, അവയുടെയെല്ലാം പ്രവർത്തനങ്ങൾ കുറ്റമറ്റതും വേഗത്തിലുമാക്കൽ - ഇതിലെല്ലാം പിഡിഎസ് വലിയ പങ്കാണു വഹിച്ചത്.

ഏറ്റവും സവിശേഷമായ കാര്യം ഈ ജനകീയപ്രവർത്തനങ്ങളിൽ പങ്കാളികളായതിന്റെ ഫലമായി ഇന്നു ജീവിച്ചിരിക്കുന്ന നൂറിലധികം പേർക്ക് പഞ്ചായത്തിലെ ഓരോ പ്രദേശത്തെയും ഭൂമിയുടെ കിടപ്പു സംബന്ധിച്ചു കാണാതെ പറയാൻ കഴിയുംവിധം തിട്ടമാണെന്നതാണ്. ഈ കാലഘട്ടത്തിൽ നടന്നത്, 25 കൊല്ലത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള കാർഷികാടിത്തറ ഉണ്ടാക്കാൻ കഴിയുന്ന വലിയ പ്രവർത്തനങ്ങളാണ്.

ഈ പ്രവർത്തനങ്ങളെല്ലാം ചിട്ടയായി കോർഡിനേറ്റു ചെയ്തത് പി. കെ. വിജയനായിരുന്നു. ഒപ്പം ഒ. എം. ദിവാകരനും യു. ജനാർദ്ദനനും അടങ്ങുന്ന സംഘവും. സംസ്ഥാനതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പഞ്ചായത്തുതലത്തിൽ നടപ്പിലാക്കാൻ ഭരണസമിതിയെ സഹായിക്കുക. പരിശീലനങ്ങളിൽ അനുയോജ്യമായവരെ പങ്കെടുപ്പിക്കുക. നിർവ്വഹണകാര്യങ്ങളിൽ സഹായിക്കുക തുടങ്ങി വലിയ പ്രവർത്തനമികവായിരുന്നു വിജയന്റേത്. ഒരു പക്ഷെ കെ. കെ. കുഞ്ഞനന്തൻ നമ്പ്യാരുടെ മകനെന്നതും സി. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരുമകനെന്നതും കൂടുതൽ സ്വീകാര്യത ലഭിച്ചതിനു കാരണമാകാം.

മയ്യിൽ സർവ്വീസ് സഹകരണബാങ്കിന്റെ ചീഫ് അക്കൗണ്ടന്റായി റിട്ടയർ ചെയ്ത വിജയൻ മൂന്നതവണ സിപി‌ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഇതെഴുതിയ 2021-22 കാലത്ത് ലോക്കൽ കമ്മിറ്റയംഗം, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.