ഡോ. അശോക് മിത്ര
ലഘു ജീവചരിത്രം (Biography)
“കേരളം, പ്രത്യേകിച്ചു നാട്ടിൻപുറങ്ങൾ, ഒരു പുതിയ യുഗത്തിന്റെ പടിവാതില്ക്കലാണ്. ജനങ്ങൾക്ക് അധികാരം കൈമാറി പഞ്ചായത്തുസമിതികളെ ഊർജ്ജിതമാക്കി താഴേത്തട്ടിൽനിന്നുള്ള ഒരു ആസൂത്രണത്തിനു തുടക്കം കുറിക്കുകയാണ്. ഇതിനു രാഷ്ട്രീയഭേദങ്ങൾക്ക് അതീതമായ പിന്തുണ ലഭിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ജനകീയപ്രസ്ഥാനങ്ങളിൽ ഒന്നാണ്.”
ഇങ്ങനെയാണ് ഡോ. അശോക് മിത്ര വിദ്യാഭ്യാസക്കമ്മിഷൻ അധികാരവികേന്ദ്രീകരണവും വിദ്യാഭ്യാസവും സംബന്ധിച്ച അദ്ധ്യായം തുടങ്ങുന്നത്. ജനകീയാസൂത്രണം വിദ്യാഭ്യാസം അടക്കമുള്ള കേരളത്തിന്റെ വികസനമേഖലകളെ ഗാഢഡമായി സ്വാധീനിക്കുമെന്ന ഉറച്ചവിശ്വാസക്കാരനായിരുന്നു ഡോ. അശോക് മിത്ര. കേരള ശാസ്ത്രസാഹിത്യപരിഷത്ത് 1995 അവസാനം വളരെ പ്രസിദ്ധരായ വിദ്യാഭ്യാസവിചക്ഷണരുടെ ഒരു കമ്മിഷനെ നിയോഗിക്കുകയുണ്ടായി. അതിന്റെ അദ്ധ്യക്ഷൻ ഡോ. അശോക് മിത്ര ആയിരുന്നു. കമ്മിഷന്റെ യോഗങ്ങൾക്ക് അശോക് മിത്ര പലവട്ടം കേരളത്തിൽ വന്നിരുന്നു. പലപ്പോഴും പഞ്ചായത്തുകൾ സന്ദർശിക്കുകയും ജനകീയാസൂത്രണത്തെക്കുറിച്ചു നേരിട്ട് അറിയാൻ ശ്രമിക്കുകയും ചെയ്തു.
അദ്ദേഹം പള്ളിച്ചൽ പഞ്ചായത്ത് സന്ദർശിച്ചു. അധികാരവികേന്ദ്രീകരണം ചർച്ചയായ ഒന്നാം കേരളപഠന കോൺഗ്രസ്സിൽ പ്രഭാത് പട്‌നായിക്, വി. കെ. രാമചന്ദ്രന് എന്നിവർക്കൊപ്പം അശോക് മിത്രയും പങ്കെടുത്തിരുന്നു. മറ്റൊരു സന്ദർഭത്തിൽ ഇന്ത്യൻ സ്കൂളിന്റെ ഒരു സെമിനാറിൽ അദ്ദേഹം പ്രസംഗിച്ചപ്പോൾ കേൾവിക്കാരുടെ മുൻനിരയിൽ ഡോ. കെ. എൻ. രാജ്, സിപിഐ നേതാവ് ഉണ്ണിക്കൃഷ്ണൻ എന്നിവരൊക്കെ ഉണ്ടായിരുന്നു.
കേരളത്തിനോട് അശോക് മിത്രയ്ക്കു വലിയൊരു വൈകാരികബന്ധമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റതിനെത്തുടർന്ന് ഏതാനും സാമ്പത്തികവിദഗ്ദ്ധർ സർക്കാരിനെ സഹായിക്കാൻ കേരളത്തിലേക്കു വരികയുണ്ടായി. ഇഎംഎസിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഡോ. കെ. എൻ. രാജാണ് ഇതിനു മുൻകൈയെടുത്തത്. ഇതിൽ ഒരാളായിരുന്നു റോട്ടർഡാമിലെ വിദ്യാഭ്യാസം കഴിഞ്ഞു തിരിച്ചെത്തിയ ചെറുപ്പക്കാരനായ ഡോ. അശോക് മിത്ര. മറ്റൊരാളായിരുന്നു പ്രൊഫ. ഐ. എസ് ഗുലാത്തി. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിനെ സഹായിക്കാൻ ഡോ. അശോക് രുദ്രയും വന്നിരുന്നു. സെൻ കമ്മിറ്റിയുടെ സത്യബ്രതോ സെന്നും ഈ ടീമിന്റെ ഭാഗമായി കേരളത്തിൽ ഉണ്ടായിരുന്നു.
ഞാൻ അശോക് മിത്രയെ പരിചയപ്പെടുന്നത് 1978-ലാണ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായിരുന്ന “ടേംസ് ഓഫ് ട്രേഡ് ആൻഡ് ക്ലാസ് റിലേഷൻസ്” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ഒരു സെമിനാർ നല്കുന്നതിനാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ഞങ്ങൾക്ക് അദ്ദേഹം ഏതാനും ക്ലാസുകളും എടുത്തു. ഈ ഗ്രന്ഥത്തിലെ ചില നിഗമനങ്ങളെ ബി. ടി. രണദിവെ നിശിതമായി വിമർശിച്ചിരുന്നു. പക്ഷെ, ഇതൊന്നും അശോക് മിത്രയെ കുലുക്കിയിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. സ്വന്തം ആശയനിലപാടുകൾ ഏതു സന്ദർഭത്തിലും തുറന്നുപറയാനും വാദപ്രതിവാദത്തിൽ ഏർപ്പെടാനും അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.
ഒരു പതിറ്റാണ്ടുകാലം ജ്യോതി ബസുസർക്കാരിൽ അദ്ദേഹം ധനമന്ത്രി ആയിരുന്നു. കേന്ദ്രനയങ്ങളുടെ അതിശക്തനായ വിമർശകനായി. പതിവുപോലെ അദ്ദേഹത്തിന്റെ നിശിതമായ ഭാഷ പലരെയും അലോസരപ്പെടുത്തി. അവരോട് അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസിദ്ധമാണ്. “I am not a gentleman, but a communist”. ധനമന്ത്രിയെന്നനിലയിൽ കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ ദേശീയതലചർച്ചകളിലേക്കു കൊണ്ടുവരുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിക്കുകയുണ്ടായി. സംസ്ഥാനാവകാശങ്ങൾക്കുവേണ്ടി ഉറച്ചനിലപാട് എടുത്തു. വാറ്റിനും ജിഎസ്‌റ്റിക്കും എതിരായിരുന്നു. ധനമന്ത്രിപദത്തിൽനിന്ന് അദ്ദേഹം രാജിവയ്ക്കുകയാണ് ഉണ്ടായത്. സിപിഐ(എം) സംസ്ഥാനകമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ദീർഘനാൾ നിന്നില്ല. പിന്നീട് പാർട്ടിയുമായി ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്.
ഇടതുപക്ഷബുദ്ധിജീവികളുടെ വലിയൊരു ആരാധകവൃന്ദം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രഭാത് പട്നായിക്, ജയതി ഘോഷ്, സുശീൽഖന്ന തുടങ്ങിയവരോടുള്ള പിതൃനിർവിശേഷമായ ബന്ധത്തിന് എത്രയോ തവണ സാക്ഷിയായിട്ടുണ്ട്. ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി’യുടെ തുടക്കം മുതൽ അണിയറയിൽ അശോക് മിത്ര ഉണ്ടായിരുന്നു. സമീക്ഷ ട്രസ്റ്റിൽ ഏതാനും വർഷം മുമ്പുവരെ അംഗവും ആയിരുന്നു. ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി’യിലെ കൽക്കട്ട ഡയറി വളരെ പ്രസിദ്ധമായിരുന്നു. ബംഗാളിഭാഷയിലെ മികച്ച ഗദ്യയെഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രായത്തിൽ സമശീർഷരാണെങ്കിലും ബംഗാളിലെ ഇടതുപക്ഷബൗദ്ധികരായ പ്രൊഫ. അമിയ കുമാർ ബാഗ്ചി, നിർമ്മൽ ചന്ദ്ര, കൃഷ്ണാജി തുടങ്ങിയവരാരും അശോക് മിത്രയുടെ നേതൃത്വം ചോദ്യംചെയ്തിരുന്നില്ല. എന്റെ തിസീസ് സമർപ്പിക്കാൻ മുമ്പ് കോൽക്കത്ത കോളെജ് സ്ട്രീറ്റിലെ പ്രസിദ്ധമായ ഇന്ത്യൻ കോഫി ഹൗസിൽ സെമിനാർ നല്കാൻ പ്രേരിപ്പിച്ചതും അതിലേക്ക് മേൽപ്പറഞ്ഞ പലരെയും ക്ഷണിച്ചു കൊണ്ടുവന്നതും ഡോ. അശോക് മിത്ര ആയിരുന്നു.
അവസാനമായി കാണുമ്പോൾ അദ്ദേഹം വളരെ വികാരഭരിതനായി പറഞ്ഞു, “കേരളത്തിന്റെ ചുമതലകൾ വളരെ വലുതാണ്. നമുക്കൊക്കെ അഭിമാനിക്കാനുള്ള ഒരു ഇടമാകണം അത്. ഇന്ത്യ മാറും. അതുവരെ കേരളം പന്തം ഉയർത്തിപ്പിടിക്കണം.”