Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. സുബ്രതോ സിൻഹ
ഡോ. സുബ്രതോ സിൻഹ

ഡോ. സുബ്രതോ സിൻഹ

ലഘു ജീവചരിത്രം (Biography)

ഡോ. സുബ്രതോ സിൻഹ രണ്ടുവർഷമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. 1990 ആദ്യം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ (സെസ്) ഡയറക്റ്ററായി ചുമതലയേറ്റു. 1991 അവസാനിക്കും‌മുമ്പ് സ്വമേധയാ തിരിച്ചു ബംഗാളിലേക്കു പോവുകയും ചെയ്തു. ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്റ്റർ ജനറലായിരുന്നു. പശ്ചിമബംഗാൾ പ്ലാനിങ് ബോർഡിൽ കുറച്ചുകാലം അംഗവും ആയിരുന്നു. എം. പി. പരമേശ്വരനുമായുള്ള പരിചയമാണു കേരളത്തിലേക്കു വഴിയൊരുക്കിയത്. 1989 അവസാനം കേരളം സന്ദർശിച്ചു. സെസിൽ പോയി ഗവേഷകരെ പരിചയപ്പെട്ടു. എംപിയും ഞാനുമായി സുദീർഘം ചർച്ചചെയ്യുകയും ചെയ്തു. വിഭവഭൂപടനിർമ്മാണത്തിനുള്ള ചർച്ചകളിലായിരുന്നു പരിഷത്തിലെ ഞങ്ങൾ.

സുബ്രതോ സിൻഹ ഇത്തരമൊരു ജനകീയപ്രൊജക്ടിനു നേതൃത്വം നല്കാൻ കഴിയുന്നതിൽ ആവേശഭരിതനായി. അങ്ങനെയാണു സെസിൽ ചുമതലയേൽക്കുന്നത്. പ്രൊജക്റ്റ് സുഗമമായി കൊണ്ടുപോകാൻ എന്നെ സെസിന്റെ എക്സിക്യുട്ടീവിൽ നോമിനേറ്റ് ചെയ്യുകയും ചെയ്തു. കേരളത്തിന്റെ പല ഭാഗത്തുനിന്നും 22 പഞ്ചായത്തുകളാണ് പൈലറ്റ് അടിസ്ഥാനത്തിൽ വിഭവഭൂപടം തയ്യാറാക്കാൻ തെരഞ്ഞെടുത്തത്. അതിൽ കല്യാശ്ശേരി പഞ്ചായത്തിൽ സുബ്രതോ സിൻഹ പര്യടനം നടത്തിയിരുന്നു. അജയവർമ്മയും ടി. ഗംഗാധരനും കെ. കെ. രാമചന്ദ്രനും ഞാനുമൊക്കെ ഉണ്ടായിരുന്നു.

അന്ന് 22 പഞ്ചായത്തുകളുടെ ഭൂപടങ്ങൾ തയ്യാറാക്കി. ഭൂപടങ്ങളിലെ വിവരങ്ങൾ ഉപയോഗിച്ചു പ്രാദേശികപദ്ധതി എങ്ങനെ തയ്യാറാക്കും? സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസും പരിഷത്തുംകൂടി ഇതിനുള്ള പ്രൊജക്റ്റ് മുന്നോട്ടു കൊണ്ടുപോകണം എന്നായിരുന്നു ധാരണ. ഇതാണു പഞ്ചായത്തുതല വികസനപദ്ധതി (പിഎൽഡിപി പ്രൊജക്റ്റ്).

രീതിസമ്പ്രദായത്തെക്കുറിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പ്രശ്നം ഇതായിരുന്നു: ഒരു കൂട്ടർ വിമാനത്തിൽനിന്നും സാറ്റ്ലൈറ്റിൽനിന്നുമുള്ള ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയാൽ മതിയെന്ന പക്ഷക്കാരായിരുന്നു. അത് ഉപയോഗപ്പെടുത്താം. പക്ഷെ, റവന്യു മാപ്പുകളിൽ ജനകീയമായി വിവരങ്ങൾ ശേഖരിക്കുകതന്നെ വേണമെന്ന പക്ഷക്കാരനായിരുന്നു സുബ്രതോ സിൻഹ. അദ്ദേഹത്തിന്റെ വാദമാണ് അംഗീകരിക്കപ്പെട്ടത്. രണ്ടാമത്തെ പ്രശ്നം തികച്ചും സാങ്കേതികമാണ്. വിവരങ്ങൾ ശേഖരിക്കുന്നതു റവന്യു മാപ്പിലാണല്ലോ. പക്ഷെ, അതു ശാസ്ത്രീയവിശകലനത്തിന് ഉപയോഗിക്കണമെങ്കിൽ സർവ്വേ ഓഫ് ഇന്ത്യയുടെ കോണ്ടൂർ മാപ്പുകളിലേക്കു പകർത്തണം. ഇതും ഒരുപാടു തർക്കങ്ങൾക്ക് ഇടയാക്കി. രാമചന്ദ്രൻ സർ, റവന്യു മാപ്പ് ഉപയോഗിക്കേണ്ടതില്ലെന്ന പക്ഷക്കാരനായിരുന്നു. ഇവിടെയും സുബ്രതോ സിൻഹയുടെ നിലപാടാണ് അവസാനം അംഗീകരിച്ചത്.

കേരളത്തിലെ എല്ലാ പഞ്ചായത്തിലും വിഭവഭൂപടങ്ങൾ തയ്യാറാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്നു. എന്നാൽ രാജീവ് ഗാന്ധിയുടെ വധത്തെത്തുടർന്ന് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടു. ജനകീയവിഭവഭൂപടപദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്നു പുതിയ സർക്കാർ തീരുമാനിച്ചു. ഈ പശ്ചാത്തലത്തിൽ സുബ്രതോ സിൻഹ സ്വമേധയാ ഡയറക്റ്റർ സ്ഥാനത്തുനിന്നു പിരിയുകയാണുണ്ടായത്.

ജനകീയാസൂത്രണത്തിലേക്കുള്ള പാതയിൽ സുപ്രധാനവഴിത്തിരിവായിരുന്നു വിഭവഭൂപടനിർമ്മാണപരീക്ഷണം. അതുകൊണ്ട് അന്താരാഷ്ട്രകോൺഗ്രസ് 2001-ൽ നടന്നപ്പോൾ സുബ്രതോ സിൻഹയെ പ്രത്യേകം ക്ഷണിച്ചു. അദ്ദേഹം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. ബാക്കി സമയങ്ങളിൽ സദസ്സിൽ ഇരുന്ന് അവതരണങ്ങൾ സശ്രദ്ധം കേൾക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തു.